Movie prime

നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന പത്തിൽ മൂന്നുപേരും കൊറോണ വാഹകർ, കേന്ദ്രം സുപ്രീം കോടതിയിൽ

നഗരങ്ങളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന പത്തുപേരിൽ മൂന്നു പേരെങ്കിലും കൊറോണ വൈറസ് വാഹകർ ആവാനിടയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഉത്തരേന്ത്യയിലെ കുടിയേറ്റ തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് നടത്തിയ പലായനം സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിൻ്റെ വിശദീകരണം തേടിയിരുന്നു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി നടപടികൾ നടന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എൽ നാഗേശ്വർ റാവു എന്നിവരുൾപ്പെട്ട രണ്ടംഗ ബഞ്ചാണ് വിഷയം പരിഗണിച്ചത്. കേന്ദ്ര More
 
നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന പത്തിൽ മൂന്നുപേരും കൊറോണ വാഹകർ, കേന്ദ്രം സുപ്രീം കോടതിയിൽ

നഗരങ്ങളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന പത്തുപേരിൽ മൂന്നു പേരെങ്കിലും കൊറോണ വൈറസ് വാഹകർ ആവാനിടയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഉത്തരേന്ത്യയിലെ കുടിയേറ്റ തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് നടത്തിയ പലായനം സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിൻ്റെ വിശദീകരണം തേടിയിരുന്നു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി നടപടികൾ നടന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എൽ നാഗേശ്വർ റാവു എന്നിവരുൾപ്പെട്ട രണ്ടംഗ ബഞ്ചാണ് വിഷയം പരിഗണിച്ചത്. കേന്ദ്ര സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹോം സെക്രട്ടറി അജയ് കുമാർ ബല്ലയും ഹാജരായി.

ഷെൽട്ടർ ഹോമുകൾ

വിവിധ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ ഒരുങ്ങിയ 22.88 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾക്ക് ഷെൽട്ടർ ഹോമുകളും ഭക്ഷണവും ഒരുക്കിയതായി സോളിസിറ്റർ ജനറൽ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ പലായനം പൂർണമായും തടയാൻ കഴിഞ്ഞതായി ഹോം സെക്രട്ടറി കോടതിയെ അറിയിച്ചു. പലായനത്തിന് ഒരുങ്ങി പുറപ്പെട്ട മുഴുവൻ പേരെയും അഭയ കേന്ദ്രങ്ങളിൽ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്.

സ്ക്രീനിങ്ങും നിരീക്ഷണവും

എയർപോർട്ടുകളിലും തുറമുഖങ്ങളിലുമായി 28 ലക്ഷം പേരെ സ്ക്രീനിങ്ങിന് വിധേയമാക്കി. മൂന്നര ലക്ഷം പേർ നിരീക്ഷണത്തിലാണ്.

വ്യാജ വാർത്തകൾ

കോവിഡ് – 19 ന് എതിരെയുള്ള പോരാട്ടത്തിൽ സർക്കാറിന് ഏറ്റവുമധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് വ്യാജ വാർത്തകളാണെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. വ്യാജ വാർത്തകൾ ചമയ്ക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരെ കടുത്ത ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

ചാറ്റ് ബോക്സ്

വ്യാജവാർത്തകളെ പ്രതിരോധിക്കാനും ആളുകളിൽ നിജസ്ഥിതി എത്തിക്കാനുമായി നൂതനമായ ഒരു ആശയ വിനിമയ സംവിധാനത്തിന് രൂപം നല്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. ഒരു ചാറ്റ് ബോക്സിനാണ് രൂപം കൊടുത്തിട്ടുള്ളത്. ആരോഗ്യ മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറിക്കാണ് ഇതിൻ്റെ ചുമതല. എ ഐ ഐ എം എസിലെ ഡോക്ടർമാരും മറ്റ് ആരോഗ്യ വിദഗ്ധരും അടങ്ങുന്ന സംഘവുമായി പൊതുജനങ്ങൾക്ക് സംവദിക്കാനാവും. ഇതിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനാവും.

വൈറോളജി ലാബുകൾ

കോവിഡ്- 19 ആദ്യമായി കണ്ടെത്തിയ ഘട്ടത്തിൽ രാജ്യത്ത് ഒരേയൊരു വൈറോളജി ലാബേ ഉണ്ടായിരുന്നുള്ളൂ എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. 2020 ജനുവരിയിൽ പൂണെയിലെ വൈറോളജി ലാബ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് രാജ്യത്തുടനീളം 118 ലാബുകളുണ്ട്. ദിനംപ്രതി 15,000 ടെസ്റ്റുകൾ നടത്താനുള്ള ശേഷി ഇവയ്ക്കുണ്ട്.

മന:ശാസ്ത്ര വിദഗ്ധരുടെ സേവനം

ജനങ്ങളിൽ ഉടലെടുക്കുന്ന പരിഭ്രാന്തി വൈറസിനേക്കാൾ ഭീകരമായ ഫലങ്ങൾ ഉളവാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ആശങ്കയും പരിഭ്രാന്തിയും കൊറോണയേക്കാൾ കൂടുതലായി ആളുകളെ കൊന്നൊടുക്കാൻ ഇടയുണ്ട്. ഷെൽട്ടർ ഹോമുകളിൽ ആവശ്യാനുസരണം മന:ശാസ്ത്ര വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്ന് കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റണം. എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ട വിശ്വാസികൾക്കായി വിവിധ മതസമുദായ നേതാക്കളെ ഇത്തരം ക്യാമ്പുകളിൽ എത്തിക്കണം. ജനങ്ങൾക്ക് ആശ്വാസം പകരണം.

സന്നദ്ധ പ്രവർത്തകർ

ഷെൽട്ടർ ഹോമുകളുടെ നടത്തിപ്പ് പൊലീസിൻ്റെ നിയന്ത്രണത്തിൽ ആവരുത്. സന്നദ്ധ പ്രവർത്തകരെ ഇതിനായി ചുമതലപ്പെടുത്തണം. ഷെൽട്ടർ ഹോമുകളിൽ ബലപ്രയോഗമോ ഭീഷണിയോ പാടില്ല.