Movie prime

അനീതിയുടെ പെരുമഴക്കാലത്ത് ആരുടെ നീതിക്കുവേണ്ടിയാണ് മെട്രോമാൻ ശ്രീധരൻ ബിജെപി യിൽ പോകുന്നത്?: എ കെ അശോകൻ

A K Ashokan കേരളത്തിൽ വലിയ നീതി നിഷേധങ്ങൾ നടക്കുന്നുവെന്നും അതുകൊണ്ടാണ് ബിജെപി യിൽ ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതെന്നുമാണ് തൻ്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് മെട്രോമാൻ ശ്രീധരൻ പറഞ്ഞത്. A K Ashokan തീർച്ചയായും അദ്ദേഹത്തിന് ഇഷ്ടമുള്ള രാഷ്ട്രീയ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള സ്വാതന്ത്യവും ജനാധിപത്യ അവകാശവുമുണ്ട്. അത് ആരും ചോദ്യം ചെയ്യുന്നില്ല.കേരളത്തിൽ ഒരു തരത്തിലുള്ള നീതി നിഷേധവും നടക്കുന്നില്ല എന്ന അഭിപ്രായവുമില്ല. അപ്പോഴും ചില സംശയങ്ങൾ ബാക്കിനിൽക്കുന്നു. കേരളത്തിന് പുറത്ത് ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തന More
 
അനീതിയുടെ പെരുമഴക്കാലത്ത് ആരുടെ  നീതിക്കുവേണ്ടിയാണ് മെട്രോമാൻ ശ്രീധരൻ ബിജെപി യിൽ പോകുന്നത്?: എ കെ അശോകൻ

A K Ashokan

കേരളത്തിൽ വലിയ നീതി നിഷേധങ്ങൾ നടക്കുന്നുവെന്നും
അതുകൊണ്ടാണ് ബിജെപി യിൽ ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതെന്നുമാണ് തൻ്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് മെട്രോമാൻ ശ്രീധരൻ പറഞ്ഞത്. A K Ashokan

തീർച്ചയായും അദ്ദേഹത്തിന് ഇഷ്ടമുള്ള രാഷ്ട്രീയ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള സ്വാതന്ത്യവും ജനാധിപത്യ അവകാശവുമുണ്ട്. അത് ആരും ചോദ്യം ചെയ്യുന്നില്ല.കേരളത്തിൽ ഒരു തരത്തിലുള്ള നീതി നിഷേധവും നടക്കുന്നില്ല എന്ന അഭിപ്രായവുമില്ല.

അപ്പോഴും ചില സംശയങ്ങൾ ബാക്കിനിൽക്കുന്നു. കേരളത്തിന് പുറത്ത് ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയിലെ നേട്ടങ്ങളെ അങ്ങേയറ്റം വിലമതിക്കുമ്പോഴും, അദ്ദേഹത്തിൻ്റെ നീതിയെ കുറിച്ചുള്ള ആലോചനകൾ എത്രമാത്രം നീതിപൂർവ്വമായ രാഷ്ട്രീയ ഉള്ളടക്കമുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നവലിബറൽ നയങ്ങളെയും ക്രോണിക്യാപിറ്റൽ മൂലധന താല്പര്യങ്ങളെയും സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാടിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തിന്, അതിന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനങ്ങൾക്ക്, ഇത്തരം ആളുകളുടെ സാന്നിധ്യം അവരുടെ ജനവിരുദ്ധത മറച്ചു വെയ്ക്കാനും ജനപ്രിയ മുഖമൂടി എടുത്തണിയാനും ഏറെ സഹായിക്കും. എന്നാൽ പോലും, ആ വികസന കാഴ്ചയിലെ ചില പ്രശ്നങ്ങൾ പറയാതിരിക്കാനാവില്ല.

വികസനമെന്നത് മെട്രൊ ട്രെയിനും പാലങ്ങളും ബിഒടി ഹൈവേകളും മാത്രമല്ല. അത് രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റാനുള്ള കാർഷിക രംഗമടക്കം നിരവധിയായ ഉത്പാദന മേഖലകൾ കൂടി ഉൾച്ചേർന്നതാണ്.

ബിജെപി യിലേക്ക് ചേക്കേറുവാനുള്ള നീക്കത്തിന് അദ്ദേഹം കണ്ടു പിടിച്ചകാരണവും സംഘപരിവാർ സംഘടനകൾ മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയവും പ്രായോഗിക നയങ്ങളും എത്രമാത്രം മനുഷ്യാവകാശ, പൗരാവകാശ ഉള്ളടക്കമുള്ളതും ജനാധിപത്യപരവും മനുഷ്യത്വപരവുമാണെന്ന് ചിന്തിക്കുവാനുള്ള നീതിബോധം അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.

നാളിതുവരെ ഇന്ത്യാ മഹാരാജ്യത്ത് ബിജെപി യുടെ ഭാഗത്ത് നിന്നുള്ള യാതൊരു നീതിനിഷേധവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നത് വലിയൊരു തമാശയാണ്.

ഡൽഹിയുടെ അതിർത്തികളിൽ എല്ലാത്തരം അടിച്ചമർത്തലിനെയും അതിജീവിച്ച് രാജ്യത്തെ കർഷകർ രണ്ടു മാസത്തിലേറെക്കാലമായി സമരം ചെയ്യുകയാണ്.

ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെയാണ് പതിനായിരക്കണക്കിന് കർഷകർ രാജ്യത്ത് പ്രക്ഷോഭരംഗത്ത് അണിനിരന്നിരിക്കുന്നത്.

നൂറു കണക്കിന് പ്രക്ഷോഭകർക്ക് ഇതിനിടയിൽ ജീവൻ നഷ്ടമായി. കർഷകപ്രക്ഷോഭത്തെ പിൻതുണച്ചുവെന്നതിന്റെ പേരിൽ പാരിസ്ഥിതിക രംഗത്ത് പ്രവർത്തിക്കുന്ന പെൺകുട്ടികളെ രാജ്യദ്രോഹ കുറ്റം ചാർത്തി അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു.

ഇതിലൊന്നും ഒരു നീതി നിഷേധവും കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. രാജ്യത്തെ പൗരന്മാരിൽ ലക്ഷക്കണക്കിന് മനുഷ്യരെ ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ പൗരത്വ പട്ടികയ്ക്ക് പുറത്താക്കുകയും അതുവഴി തടങ്കൽ പാളയങ്ങളിലേക്കും നാടുകടത്താനുമുള്ള പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ബിജെപി സർക്കാർ നടപ്പിലാക്കുമ്പോൾ അതിൽ യാതൊരു നീതി നിഷേധവും അദ്ദേഹം കണ്ടില്ല.

അതിനെതിരെ തെരുവിലിറങ്ങിയ പതിനായിരക്കണക്കിന് മനുഷ്യരുടെ ശബ്ദത്തിൽ നീതിയുടെ ഒരംശം പോലുമുണ്ടായില്ലെന്നുണ്ടോ?

വടക്കു കിഴക്കൻ ഡൽഹിയിൽ മുസ്ലീങ്ങൾ തിങ്ങി പാർക്കുന്നയിടത്ത് കലാപം സൃഷ്ടിച്ച് അവിടെ നൂറ് കണക്കിന് മനുഷ്യർക്ക് അവരുടെ വീടും കച്ചവട സ്ഥാപനങ്ങളും ഉപേക്ഷിച്ച് വിദൂര ഗ്രാമങ്ങളിലേയ്ക്ക്
ഓടിപ്പോകേണ്ടി വന്നതിൽ ഒരു നീതിനിഷേധവും ദർശിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി.

യാതൊരു മുന്നറിയിപ്പുമില്ലാതെ രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഡൽഹിയിൽ നിന്നും ഇന്ത്യയുടെ മറ്റു മഹാനഗരങ്ങളിൽ നിന്നും തൊഴിൽരഹിതരായി ആയിരക്കണക്കിന് മനുഷ്യർ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് ചുട്ടുപൊള്ളുന്ന വെയിലിൽ, നടുറോഡിലൂടെ കിലോമീറ്ററുകളോളം നടന്നു പോയപ്പോഴും അവരിൽ പലരും മരിച്ചുവീണപ്പോഴും ഒരു നീതിനിഷേധവും അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല.

കള്ളപ്പണം നിരോധിക്കാൻ എന്ന പേരിൽ യാതൊരു മുന്നൊരുക്കവുമില്ലാതെ ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരുടെ കൈയ്യിലെ നോട്ടുകൾ നിരോധിച്ചപ്പോൾ, അവർ ബാങ്കുകൾക്കും എടിഎം കൗണ്ടറുകൾക്കും മുന്നിൽ മണിക്കൂറുകളോളം ക്യൂ നിന്നപ്പോഴും യാതൊരു നീതി നിഷേധവും ഇദ്ദേഹത്തിന് അനുഭവപ്പെട്ടില്ല!

ഇത്തരത്തിൽ എണ്ണമറ്റ നീതി നിഷേധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അരങ്ങേറുമ്പോഴും അതിലൊന്നും ഒരു അസ്വഭാവികതയും തോന്നാതിരിക്കുകയും ഒടുവിൽ രാഷ്ട്രീയ മോഹത്തോടെ ചെന്നുചേരാനുള്ള ഇടമായി അതേ കൂടാരം തിരഞ്ഞെടുക്കുകയും ചെയ്യുമ്പോൾ സന്ദേശം വ്യക്തമാണ്. അനീതി പെരുമഴപോലെ പെയ്യുന്ന കാലത്ത് അതൊന്നും കാണാതെ ആരുടെ നീതിക്ക് വേണ്ടിയാണ് അദ്ദേഹം
ബിജെപി കൂടാരത്തിലേക്ക് ചേക്കേറുന്നത്?

(ഇടതുപക്ഷ നിരീക്ഷകനും ആക്റ്റിവിസ്റ്റുമാണ് ലേഖകൻ)