Movie prime

ആശങ്കയുടെ നടുക്കടലിൽ ഒരു ജനത, അടിയുറച്ചു നിൽക്കാം അവർക്കൊപ്പം

 

ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നില്ക്കുകയാണ് ലക്ഷദ്വീപ്. ആശങ്കയേറ്റുന്ന വാർത്തകൾക്കു പിന്നാലെ ഇപ്പോഴിതാ അല്പമെങ്കിലും ആശ്വാസം പകർന്നു നല്കുന്ന ഒരു വാർത്ത വന്നിരിക്കുന്നു.

അസി. പബ്ലിക് പ്രോസിക്യൂട്ടർമാരെ കോടതി ചുമതലകളിൽ നിന്ന് ഒഴിവാക്കി സർക്കാർ ജോലിക്ക് നിയോഗിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദമായ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നു. ഇതോടെ, ലക്ഷദ്വീപിലെ സംഭവ വികാസങ്ങൾ പുതിയൊരു വഴിത്തിരിവിൽ എത്തി നില്ക്കുകയാണ്.

അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ നടപടി കോടതി നടപടികൾ സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതായി കുറ്റപ്പെടുത്തിയ കോടതി അദ്ദേഹത്തോട് നടപടിയിൽ മതിയായ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

ദ്വീപുകളിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെ പിരിച്ചുവിട്ട് ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർക്ക് പകരം ചുമതല നൽകിയ പ്രഫുൽ പട്ടേൽ എന്ന വിവാദ അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ ഒരു നടപടിയാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

ജില്ലാ പഞ്ചായത്തിൻ്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതും ടൂറിസം വകുപ്പിൽ നിന്ന് 200-ഓളം ജീവനക്കാരെ പിരിച്ചുവിട്ടതുമുൾപ്പെടെയുള്ള മറ്റ് നിരവധി വിവാദ നടപടികൾ കോടതി കേറാനിരിക്കുകയാണ്. 

"ദ്വീപിൽ നടക്കുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ അറിയുന്നുണ്ട് " എന്ന കോടതിയുടെ നിരീക്ഷണം അത്യന്തം ശ്രദ്ധേയമാണ്. അതിലൂടെ അഡ്മിനിസ്ട്രേറ്റർക്കെതിരെ പരോക്ഷമായ മുന്നറിയിപ്പ് കൂടിയാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

ഇതിനിടെ  പ്രതിഷേധക്കാരായ നാല് ദ്വീപ് നിവാസികളെ കസ്റ്റഡിയിലെടുത്തു കൊണ്ട്  വിവാദ നടപടികളിൽ നിന്ന് പിൻവാങ്ങില്ല എന്ന് സൂചന കൂടി അഡ്മിനിസ്ട്രേഷൻ നൽകിക്കഴിഞ്ഞു. കസ്റ്റഡിയിൽ എടുക്കപ്പെട്ടവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.ഗുണ്ടാ ആക്റ്റാണോ അവർക്കുമേൽ ചുമത്തുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.അത്രമാത്രം അനിശ്ചിതവും അരക്ഷിതവുമാണ് ദ്വീപിലെ സംഭവ വികാസങ്ങൾ.

അഡ്മിനിസ്ട്രേറ്ററുടെ വാട്സപ്പ് നമ്പറിലേക്ക് ഒരു "ഹായ് " സന്ദേശം അയയ്ക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

എന്തായാലും കാലങ്ങളായി വാർത്തകളിലേ ഇല്ലാതിരുന്ന ദ്വീപ് സമൂഹത്തിൽ നിന്ന് അമ്പരപ്പിക്കുന്ന വാർത്തകളാണ് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. കോവിഡിൻ്റെ ഒന്നാം തരംഗത്തിൽ ഒറ്റ രോഗി പോലും ഇല്ലാതിരുന്ന ലക്ഷദ്വീപിൽ രണ്ടാം തരംഗത്തിൽ ആയിരത്തിലേറെപ്പേർക്കാണ് രോഗം വന്നത്. പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേൽ ചാർജെടുത്തതോടെയാണ് സ്ഥിതിഗതികൾ വഷളായത്. അധികാരം പ്രയോഗിക്കാൻ അവസരം ലഭിച്ചിടത്തെല്ലാം നേരത്തേ തന്നെ വിവാദ പുരുഷനെന്ന് പേരെടുത്ത, കടുത്ത മുസ്ലിം വിരോധിയും വർഗീയ വാദിയുമായ, പട്ടേലിൻ്റെ കടന്നുവരവോടെ ലക്ഷദ്വീപും വിവാദങ്ങളുടെ കേന്ദ്രഭൂമിയായി മാറുകയായിരുന്നു.

ക്വാറൻ്റൈൻ ചട്ടങ്ങളിൽ വരുത്തിയ വല്ലാത്ത ഇളവുകളും പ്രതിരോധ പ്രവർത്തനങ്ങളിലെ പൊറുക്കാനാവാത്ത വീഴ്ചകളും മെയിൻ ലാൻ്റിൽ നിന്നും ദ്വീപുകളിലേക്ക് രോഗം വൻതോതിൽ വ്യാപിക്കാൻ ഇടയാക്കി. 

മറ്റ് നിരവധി ജനവിരുദ്ധ നടപടികളിലൂടെ ദ്വീപ് നിവാസികളുടെയാകെ അപ്രീതി പിടിച്ചുപറ്റിയ അഡ്മിനിസ്ട്രേഷൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാണിച്ച അലംഭാവവും അലസതയും കെടുകാര്യസ്ഥതയും കൂടിയായതോടെ ജനങ്ങളുടെ ഒന്നടങ്കം എതിർപ്പുകൾ ക്ഷണിച്ചു വരുത്തി.  

ദ്വീപ് നിവാസികളായ ഏതാനും ചില വ്യക്തികളുട സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ നിന്നാണ് ലക്ഷദ്വീപിൽ നടക്കുന്ന സംഭവ വികാസങ്ങൾ പുറം ലോകം അറിയുന്നത്. അതോടെ സോഷ്യൽ മീഡിയ മുഴുവൻ ഇതേപ്പറ്റിയായി ചർച്ചകൾ. ദ്വീപുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പേരെത്തി. 

പൃഥ്വിരാജും ഗീതു മോഹൻദാസും ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും മറ്റ് സെലിബ്രിറ്റികളും പ്രതിഷേധത്തിൽ അണിചേർന്നതോടെ ജനശ്രദ്ധ മുഴുവനായി ലക്ഷദ്വീപിലേക്ക് തിരിഞ്ഞു. "സേവ് ലക്ഷദ്വീപ് " എന്ന ഐക്യദാർഢ്യ ക്യാമ്പയ്നിൽ ഇന്ന് ദിനംപ്രതി ആയിരങ്ങളാണ് അണി ചേരുന്നത്.  കുറ്റകൃത്യങ്ങളുടെ നിരക്ക് നന്നേ കുറഞ്ഞ ദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കിയും ബീഫ് നിരോധനം എർപ്പെടുത്തിയും മദ്യ നിരോധനം എടുത്തു കളഞ്ഞും സംഘർഷത്തിൻ്റെ വിത്തുപാകാനാണ് അഡ്മിനിസ്ട്രേറ്റർ ശ്രമിച്ചത്. അത്തരം ജനദ്രോഹ നടപടികൾ ജനങ്ങളുടെ പ്രതിഷേധം വൻതോതിൽ ക്ഷണിച്ചു വരുത്തുന്നതിന് ഇടയാക്കി. 

തീരദേശ പരിപാലന നിയമത്തിൽ വരുത്തിയ ഭേദഗതികളാണ് മറ്റൊന്ന്.മീൻപിടുത്തം മുഖ്യ ഉപജീവനോപാധിയായ ഒരു പ്രദേശത്ത് തീരദേശ സംരക്ഷണത്തിൻ്റെ പേരു പറഞ്ഞ് മത്സ്യത്തൊഴിലാളികളുടെ ഷെഡുകളുൾപ്പെടെ നശിപ്പിച്ചതും വലകൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തിയതും വ്യാപകമായ ജനരോഷത്തിനിടയാക്കി. 

നഷ്ടക്കണക്കിൻ്റെ പേരു പറഞ്ഞ് ആകെയുള്ള ഡയറിഫാമുകൾ അടച്ചുപൂട്ടി കന്നുകാലികളെ ലേലം ചെയ്തു വിൽക്കാനും ഗുജറാത്തിൽ നിന്ന് പാൽ ഇറക്കുമതി ചെയ്യാനുമുള്ള ശ്രമങ്ങൾക്കെതിരെയും ജനങ്ങൾ വലിയ തോതിൽ പ്രതിഷേധത്തിലാണ്. 

ഭാഷകൊണ്ടും സംസ്കാരികമായ മറ്റ് പ്രത്യേകതകൾ കൊണ്ടും ദശാബ്ധങ്ങളായി അടുത്ത ബന്ധം പുലർത്തുന്ന സമീപസ്ഥ പ്രദേശമെന്ന പ്രത്യേകത കൊണ്ടും കേരളവുമായി അഭേദ്യമായ ബന്ധമാണ് ലക്ഷദ്വീപിനുള്ളത്. ഉപരി പഠനത്തിനായി ലക്ഷദ്വീപിലെ കുട്ടികളെല്ലാം ചേക്കേറുന്നത് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമെല്ലാമാണല്ലോ...ബേപ്പൂരിനെ പൂർണമായും ഒഴിവാക്കി പകരം ചരക്കുനീക്കത്തിന്  മംഗലാപുരത്തെ ആശ്രയ കേന്ദ്രമാക്കാനുള്ള ഭരണകൂടത്തിൻ്റെ നിഗൂഢമായ നീക്കം സാമൂഹികവും സാംസ്കാരികവുമായ കണ്ണി കൂടി മുറിച്ചു മാറ്റാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു.

ബേപ്പൂർ തുറമുഖം വഴിയുള്ള കാലിക്കടത്തിന് നിരോധനം ഏർപ്പെടുത്തിയത് പിന്നിൽ  ഗൂഢോദ്ദേശ്യങ്ങൾ ധാരാളമുണ്ട്. നുണക്കഥകളും വ്യാജ പ്രചാരണങ്ങളും വിതണ്ഡ വാദങ്ങളും പടച്ചിറക്കി അഡ്മിനിസ്ട്രേഷൻ്റെ വിവാദ നടപടികളെ ലഘൂകരിക്കാനാണ് ഇപ്പോൾ കേന്ദ്ര ഭരണകക്ഷിയും അതിനെ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയും ശ്രമിക്കുന്നത്.

ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും  ദേശീയ വൈസ് പ്രസിഡൻ്റും ലക്ഷദ്വീപ് പ്രഭാരിയുമായ എ പി അബ്ദുള്ളക്കുട്ടിയുമടക്കം നിരവധിപേർ എതിർപ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ടൂറിസവും റിയൽ എസ്റ്റേറ്റും അടക്കമുള്ള മേഖലകളിൽർപ്പറേറ്റുകളുടെ സ്വൈര വിഹാര കേന്ദ്രമാക്കി ലക്ഷദ്വീപിനെ മാറ്റാനുള്ള ശ്രമങ്ങളാണ് മോദി സർക്കാരും അതിൻ്റെ കോർപ്പറേറ്റ് കൂട്ടാളികളും അണിയറയിൽ നടത്തുന്നത്.

നാളിതുവരെ സമാധാന ജീവിതം നയിച്ചുപോന്ന ഒരു ജനവിഭാഗത്തിനിടയിൽ സംഘർഷത്തിൻ്റെയും ആശങ്കയുടെയും വിത്തുകളെറിഞ്ഞ് അവിടത്തെ സ്വൈര ജീവിതം തകർക്കാനും സ്വസ്ഥത കെടുത്താനും ശ്രമിക്കുന്നവർ ഒരു ജനസമൂഹത്തോടാകെ കടുത്ത വഞ്ചനയും അനീതിയുമാണ് ചെയ്യുന്നത്. 

മുക്കാൽ ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള, അതിൽ  തൊണ്ണൂറ്റൊമ്പത് ശതമാനവും ഇസ്ലാം മത വിശ്വാസികളായ ലക്ഷദ്വീപ് സമൂഹത്തിൽ സംഘർഷത്തിൻ്റെയും അരക്ഷിതാവസ്ഥയുടെയും വിത്തുകൾ പാകാൻ ആരേയും അനുവദിച്ചുകൂടാ.  ജമ്മുകശ്മീരിന് പിന്നാലെ ഹിന്ദുത്വ വർഗീയ ശക്തികളുടെ നിഗൂഢ താത്പര്യങ്ങളും കോർപ്പറേറ്റ് വികസന അജണ്ടകളും അടിച്ചേല്പിക്കാനുള്ള മണ്ണായി ലക്ഷദ്വീപ് മാറിക്കൂടാ.

ആശങ്കയുടെ നടുക്കടലിലാണ് ഇപ്പോഴാ ജനസമൂഹം.അവർക്കൊപ്പം അടിയുറച്ചു നില്ക്കാനുള്ള, പിന്തുണയും ഐകൃദാർഢ്യവും പ്രഖ്യാപിക്കാനുള്ള, കടമയും ഉത്തരവാദിത്തവുമാണ് നാം, മെയ്ൻ ലാൻ്റിലുള്ളവർ ഒരു ജനതയെന്ന നിലയിൽ നിർവഹിക്കേണ്ടത്.