Movie prime

ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി അമേരിക്ക

ലോകാരോഗ്യ സംഘടനയുമായുള്ള മുഴുവൻ ബന്ധവും വിച്ഛേദിച്ചതായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിൻ്റെ പ്രഖ്യാപനം. കൊറോണ മഹാമാരിയെ നേരിടുന്നതിൽ സംഘടനയ്ക്ക് സംഭവിച്ച പാളിച്ചകളാണ് എഴുപത്തിരണ്ടു വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചകൾ ഉണ്ടെന്ന് ആരോപിച്ച് ഈ മാസം 19-ന് ഡബ്ല്യു എച്ച് ഒ ഡയറക്റ്റർ ജനറൽ തെദ് റോസ് അഥനം ഗബ്രിയേസസിന് നാലു പേജുള്ള കത്ത് ട്രമ്പ് നല്കിയിരുന്നു. നിരവധി ആരോപണങ്ങളാണ് കത്തിൽ ഉന്നയിച്ചിരുന്നത്. പിഴവുകൾ തിരുത്തി, പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ 30 More
 
ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി അമേരിക്ക

ലോകാരോഗ്യ സംഘടനയുമായുള്ള മുഴുവൻ ബന്ധവും വിച്ഛേദിച്ചതായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിൻ്റെ പ്രഖ്യാപനം. കൊറോണ മഹാമാരിയെ നേരിടുന്നതിൽ സംഘടനയ്ക്ക് സംഭവിച്ച പാളിച്ചകളാണ് എഴുപത്തിരണ്ടു വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്.

സംഘടനയുടെ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചകൾ ഉണ്ടെന്ന് ആരോപിച്ച് ഈ മാസം 19-ന് ഡബ്ല്യു എച്ച് ഒ ഡയറക്റ്റർ ജനറൽ തെദ് റോസ് അഥനം ഗബ്രിയേസസിന് നാലു പേജുള്ള കത്ത് ട്രമ്പ് നല്കിയിരുന്നു.

നിരവധി ആരോപണങ്ങളാണ് കത്തിൽ ഉന്നയിച്ചിരുന്നത്. പിഴവുകൾ തിരുത്തി, പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ 30 ദിവസത്തെ സമയമാണ് അമേരിക്ക മുന്നോട്ടുവെച്ചത്. എന്നാൽ 10 ദിവസം കഴിയുമ്പോഴേക്കും സംഘടനയുമായുള്ള മുഴുവൻ ബന്ധവും അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്.

ആവശ്യപ്പെട്ട പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ സംഘടന പരാജയപ്പെട്ടെന്നും ഡബ്ല്യു എച്ച് ഒ വിന് നാളിതുവരെ നല്കിവന്ന ധനസഹായം മറ്റ് അടിയന്തിര ആഗോള ആരോഗ്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്നും വൈറ്റ് ഹൗസിൽ നടന്ന പത്ര സമ്മേളനത്തിൽ ട്രമ്പ് പറഞ്ഞു.

പ്രസ് മീറ്റിൻ്റെ ഏതാണ്ട് മുഴുവൻ സമയവും ചൈനയെ കുറ്റപ്പെടുത്താനാണ് ട്രമ്പ് ചെലവഴിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ പിടിയിലാണ് ലോകാരോഗ്യ സംഘടന എന്ന ആരോപണം ട്രമ്പ് ആവർത്തിച്ചു.

1948 മുതൽ ലോകാരോഗ്യ സംഘടനയിൽ അമേരിക്ക അംഗരാജ്യമാണ്. 2020 ഏപ്രിൽ 14-നാണ് സംഘടനയ്ക്കുള്ള ധനസഹായം മരവിപ്പിക്കുന്നതായുള്ള ട്രമ്പിൻ്റെ പ്രഖ്യാപനം വരുന്നത്. 2020 മെയ് 19-ന് അന്ത്യശാസനം നല്കുന്ന നാലു പേജുള്ള കത്ത് ഡയറക്റ്റർ ജനറലിന് നല്കി.

വുഹാനിൽ 2019 ഡിസംബർ ആദ്യവാരം മുതൽ കണ്ടു തുടങ്ങിയ വൈറസിനെ തുടക്കം മുതലേ അവഗണിച്ചു, ചൈനയിലെ ചില ഡോക്ടർമാരും തായ് വാനും നല്കിയ വിവരങ്ങൾ മറച്ചുവെച്ചു, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല എന്ന ചൈനീസ് ഭാഷ്യം കണ്ണടച്ച് വിഴുങ്ങി, ചൈനയുടെ സമ്മർദത്തിന് കീഴ്‌പ്പെട്ട് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചു, നിർണായക വിവരങ്ങൾ ഒളിച്ചുവെച്ച ചൈനീസ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ സുതാര്യമാണെന്ന് പ്രശംസിച്ചു, ഡബ്ല്യു എച്ച് ഒ സംഘത്തിന് അനുമതി നിഷേധിച്ച ചൈനയോട് മൃദുസമീപനം പുലർത്തി, അമേരിക്കൻ അധികൃതർക്ക് പ്രവേശനം നിഷേധിച്ച ചൈനയുടെ നിഷേധാത്മക നിലപാടിന് നേരെ കണ്ണടയ്ക്കുകയും, ചൈനയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ അമേരിക്കൻ തീരുമാനത്തെ വിമർശിക്കുകയും ചെയ്തു, ചൈനയ്ക്കു പുറത്ത് രോഗ വ്യാപന സാധ്യത കുറവാണ് എന്ന തെറ്റായ സമീപനം സ്വീകരിച്ചു, മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 114 രാജ്യങ്ങളിൽ രോഗം പടർന്നു പിടിച്ചു, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരോട് വംശീയ വിവേചനം പുലർത്തിയ ചൈനയ്ക്കെതിരെ നടപടി എടുത്തില്ല, രോഗത്തിൻ്റെ പ്രഭവകേന്ദ്രമായ ചൈനയിൽ സ്വതന്ത്രമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനം സ്വീകരിച്ചില്ല തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് നാലു പേജുള്ള കത്തിൽ ഉന്നയിച്ചിരുന്നത്. സംഘടനയുടെ മുൻ ഡയറക്റ്റർമാരുടെ പ്രശംസനീയമായ പ്രവർത്തനങ്ങളെ ഓർമിപ്പിക്കുന്ന കത്ത് നിലവിലുള്ള മേധാവിക്കെതിരായ കുറ്റപത്രം കൂടിയായിരുന്നു.

കത്തിന് മറുപടി നല്‌കാൻ മൂന്നാഴ്ച കൂടി അവശേഷിക്കുമ്പോഴാണ് ബന്ധം വിച്ഛേദിക്കുന്ന ട്രമ്പിൻ്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.