Movie prime

ബാങ്ക്സിയുടെ സൂപ്പർ ഹീറോ നഴ്സിനെ തട്ടിയെടുക്കാൻ ശ്രമം

അജ്ഞാത തെരുവ് ചിത്രകാരനായ ബാങ്ക്സി യുടെ നാല്പത്തിയാറ് കോടി രൂപ വിലവരുന്ന ‘ഗെയിം ചെയ്ഞ്ചർ’ എന്ന് പേരുള്ള പെയ്ൻ്റിങ്ങ് മോഷ്ടിക്കാൻ ശ്രമം. ബ്രിട്ടനിലെ സൗത്താംപ്റ്റൺ ജനറൽ ആശുപത്രിയിലാണ് മോഷണശ്രമം നടന്നത്. അവിടെയുള്ള എമർജൻസി വിഭാഗത്തിനടുത്താണ് ചിത്രം സ്ഥാപിച്ചിട്ടുള്ളത്. ആശുപത്രി ജീവനക്കാർ ധരിക്കുന്ന പ്രത്യേകതരം സുരക്ഷാകവചം അണിഞ്ഞാണ് മോഷ്ടാവ് സൂത്രത്തിൽ കയറിക്കൂടിയത്. കോർഡ് ലെസ് ഡ്രിൽ ഉപയോഗിച്ച് ചിത്രം ഇളക്കി മാറ്റാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണിൽ പെടുകയായിരുന്നെന്ന് ബ്രിട്ടീഷ് ദിനപത്രം ദി സൺ റിപ്പോർട്ടു ചെയ്യുന്നു. ഒരു More
 
ബാങ്ക്സിയുടെ സൂപ്പർ ഹീറോ നഴ്സിനെ തട്ടിയെടുക്കാൻ ശ്രമം

അജ്ഞാത തെരുവ് ചിത്രകാരനായ ബാങ്ക്സി യുടെ നാല്പത്തിയാറ് കോടി രൂപ വിലവരുന്ന ‘ഗെയിം ചെയ്ഞ്ചർ’ എന്ന് പേരുള്ള പെയ്ൻ്റിങ്ങ് മോഷ്ടിക്കാൻ ശ്രമം. ബ്രിട്ടനിലെ സൗത്താംപ്റ്റൺ ജനറൽ ആശുപത്രിയിലാണ് മോഷണശ്രമം നടന്നത്. അവിടെയുള്ള എമർജൻസി വിഭാഗത്തിനടുത്താണ് ചിത്രം സ്ഥാപിച്ചിട്ടുള്ളത്.

ആശുപത്രി ജീവനക്കാർ ധരിക്കുന്ന പ്രത്യേകതരം സുരക്ഷാകവചം അണിഞ്ഞാണ് മോഷ്ടാവ് സൂത്രത്തിൽ കയറിക്കൂടിയത്.

കോർഡ് ലെസ് ഡ്രിൽ ഉപയോഗിച്ച് ചിത്രം ഇളക്കി മാറ്റാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണിൽ പെടുകയായിരുന്നെന്ന് ബ്രിട്ടീഷ് ദിനപത്രം ദി സൺ റിപ്പോർട്ടു ചെയ്യുന്നു.

ഒരു ചതുരശ്ര മീറ്റർ വലിപ്പത്തിലുള്ള ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രം നഴ്സുമാർക്കുള്ള ആദരമായാണ് ബാങ്ക്സി വരച്ചിരിക്കുന്നത്. വേസ്റ്റ് ബാസ്ക്കറ്റിനരികിൽ മുട്ടുകുത്തിയിരിക്കുന്ന ഒരു ബാലൻ. അവൻ്റെ കൈകളിൽ സൂപ്പർ ഹീറോ പരിവേഷമുളള ഒരു നഴ്സിൻ്റെ രൂപം കാണാം.

സൂപ്പർമാൻ്റെയും ബാറ്റ്മാൻ്റെയും പാവകളെ തഴഞ്ഞാണ് കുട്ടി തൻ്റെ പുതിയ സൂപ്പർ ഹീറോ ആയ നഴ്സിനെ ഉയർത്തിപ്പിടിച്ചിട്ടുള്ളത് എന്നു കാണാം. ഫെയ്സ് മാസ്കും, തൊപ്പിയും ധരിച്ചിട്ടുള്ള നഴ്സ് റെഡ്ക്രോസിൻ്റെ ചിഹ്നമുള്ള ഏപ്രൺ അണിഞ്ഞിട്ടുണ്ട്. ഏപ്രണിലുള്ള റെഡ് ക്രോസ് മാത്രമാണ് ചിത്രത്തിലെ എക നിറം, ബാക്കിയെല്ലാം ബ്ലാക്ക് ആൻ്റ് വൈറ്റിൽ. ബാങ്ക്സി യുടെ ഒരു കുറിപ്പുകൂടി ചിത്രത്തോടൊപ്പമുണ്ട്. “നിങ്ങൾ ചെയ്യുന്ന മഹത്തായ കർമങ്ങൾക്ക് നന്ദി. കറുപ്പിലും വെളുപ്പിലുമാണെങ്കിലും ഇവിടം അല്പം കൂടി പ്രകാശമാനമാക്കാൻ ഇതിനു കഴിയുമെന്നാണ് പ്രതീക്ഷ.”

സൗത്താംപ്റ്റണിലെ ജനറൽ ആശുപത്രിയിൽ ശരത്കാലം കഴിയും വരെ ചിത്രം സൂക്ഷിക്കാനും പിന്നീട് ലേലം ചെയ്യാനുമാണ് പദ്ധതിയെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നാഷണൽ ഹെൽത്ത് സർവീസസ് (എൻ എച്ച് എസ്) ഫൗണ്ടേഷൻ സി ഇ ഒ പൗല ഹെഡ് വെളിപ്പെടുത്തി. എൻ എച്ച് എസിൻ്റെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ചിത്രം ലേലത്തിൽ വെയ്ക്കുന്നത്. ബാങ്ക്സിയെപ്പോലൊരു ഉന്നതനായ കലാകാരൻ എൻ എച്ച് എസിൻ്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചത് വലിയ ബഹുമതിയായാണ് കാണുന്നതെന്നും അവർ പറഞ്ഞു.