Movie prime

സൂക്ഷിക്കുക, ലൈംഗിക കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നതും കുറ്റമാണ്

ഞായറാഴ്ച ട്വിറ്ററിലൂടെ ഒരാൾ ഞെട്ടിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചു. പ്രായപൂർത്തിയാവാത്ത ഒരു കുട്ടിയെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. കുട്ടിയുടെ വ്യക്തിത്വം മറച്ചുവെയ്ക്കാതെയാണ് ആ ദൃശ്യങ്ങൾ ഷെയർ ചെയ്തത്. ഒന്നര ലക്ഷത്തോളം അനുയായികളുള്ള മറ്റൊരാൾ ഉടനടി അത് റീട്വീറ്റ് ചെയ്തു. ഒറ്റ ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് പേരാണ് ആ വീഡിയോ കണ്ടതും ആക്രമണത്തിന് ഇരയായ കുട്ടിയെ വ്യക്തതയോടെ തിരിച്ചറിഞ്ഞതും. ഇത്തരം ഒരു കൊടും കുറ്റകൃത്യത്തെ സമൂഹത്തിന്റെ സത്വര ശ്രദ്ധയിൽ കൊണ്ടുവരാനും കുറ്റവാളിയെ എത്രയും പെട്ടന്ന് More
 
സൂക്ഷിക്കുക, ലൈംഗിക കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നതും കുറ്റമാണ്

ഞായറാഴ്ച ട്വിറ്ററിലൂടെ ഒരാൾ ഞെട്ടിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചു. പ്രായപൂർത്തിയാവാത്ത ഒരു കുട്ടിയെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. കുട്ടിയുടെ വ്യക്തിത്വം മറച്ചുവെയ്ക്കാതെയാണ് ആ ദൃശ്യങ്ങൾ ഷെയർ ചെയ്തത്. ഒന്നര ലക്ഷത്തോളം അനുയായികളുള്ള മറ്റൊരാൾ ഉടനടി അത് റീട്വീറ്റ് ചെയ്തു. ഒറ്റ ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് പേരാണ് ആ വീഡിയോ കണ്ടതും ആക്രമണത്തിന് ഇരയായ കുട്ടിയെ വ്യക്തതയോടെ തിരിച്ചറിഞ്ഞതും.

ഇത്തരം ഒരു കൊടും കുറ്റകൃത്യത്തെ സമൂഹത്തിന്റെ സത്വര ശ്രദ്ധയിൽ കൊണ്ടുവരാനും കുറ്റവാളിയെ എത്രയും പെട്ടന്ന് പിടികൂടാനുമുള്ള നല്ല ഉദ്ദേശ്യത്തോടെയാകും ആ വ്യക്തി അത് പങ്കുവെച്ചിരിക്കുക എന്ന് തന്നെ കരുതാം. പിന്നീട് അത് ഷെയർ ചെയ്തവർക്കും അതേ ലക്ഷ്യമായിരിക്കും ഉണ്ടായിരുന്നിരിക്കുക. എന്നാൽ പ്രായപൂർത്തിയാവാത്ത ഒരു കുഞ്ഞിനോടുള്ള ലൈംഗിക പരാക്രമം ലോകം മുഴുവൻ കാണിച്ചതിനുള്ള ന്യായീകരണമാകുന്നുണ്ടോ അത് ? തീർച്ചയായും ഇല്ല.

ഒരു നിയമവിരുദ്ധ പ്രവൃത്തിയാണ് അയാൾ ചെയ്തത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമത്തിലെ ഇരുപത്തിമൂന്നാം വകുപ്പ് പ്രകാരവും ബാലനീതി നിയമത്തിന്റെ എഴുപത്തിനാലാം വകുപ്പ് പ്രകാരവും ഇരയുടെ / അതിജീവിച്ചയാളിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് കുറ്റമാണ്. ഐ ടി ആക്റ്റ് 67 b യും സാമൂഹ്യമാധ്യമങ്ങൾ വഴി ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് കർശനമായി തടയുന്നു. അത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകൾ ബ്രൗസ് ചെയ്യുന്നതും ഫോട്ടോകളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യുന്നതും കൈമാറുന്നതും പ്രചരിപ്പിക്കുന്നതുമെല്ലാം നിയമവിരുദ്ധമാണ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് ഇന്ത്യൻ പീനൽ കോഡ് 228 a വകുപ്പ് പ്രകാരവും ശിക്ഷാർഹമായ കുറ്റകൃത്യമാണ്. 2018 ഡിസംബറിൽ ഉണ്ടായ സുപ്രീംകോടതി വിധിയും ഇക്കാര്യത്തിലുണ്ട്. കുടുംബത്തിന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും സമ്മതമുണ്ടെങ്കിൽ കൂടി ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതിവിധി അടിവരയിട്ട് പറയുന്നു.

നെറ്റിലൂടെ ഒരിക്കൽ പങ്കുവെയ്ക്കുന്ന ഏതുവിവരവും അവിടെത്തന്നെയുണ്ടാകും എന്നതാണ് ഇതിന്റെ ഏറ്റവും അപകടകരമായ വശം. ഷെയർ ചെയ്ത ആൾ തന്നെ ഡിലീറ്റ് ചെയ്താലും ട്വിറ്ററോ ഫേസ് ബുക്കോ അവ നീക്കം ചെയ്താലും ഫലമില്ല. അതവിടെത്തന്നെ കാണും. ആവശ്യക്കാർക്ക് എളുപ്പത്തിൽ തിരിച്ചെടുക്കാവുന്നതേയുള്ളൂ.മാത്രവുമല്ല, മണിക്കൂറുകളോളം ട്വിറ്ററിൽ കിടന്ന വീഡിയോയുടെ ഡൗൺലോഡുകളും സ്ക്രീൻ ഷോട്ടുകളുമായി അവയെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ലൈംഗിക അതിക്രമത്തിനിരയായ കുട്ടിയെ സംബന്ധിച്ച് എത്ര ഭീകരമാണ് ഈ അനുഭവം എന്ന് ഓർത്തുനോക്കുക. ആക്രമണത്തേക്കാൾ എത്രയോ തീവ്രമായ അനുഭവമാണ് അത് നൽകുന്നത്. അപരിചിതരായ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് ആ ദൃശ്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. കുട്ടിയും അവളുടെ കുടുംബവും പിന്നീട് കടന്നുപോകാനിടയുള്ള ദുരനുഭവങ്ങളെപ്പറ്റി ചിന്തിക്കാൻ പോലുമാവില്ല. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വീഡിയോകൾക്കും ചിത്രങ്ങൾക്കുമെല്ലാം ഓൺലൈനിൽ വലിയ ഡിമാൻഡാണ്. നല്ല ഉദ്ദേശ്യത്തോടെ ഷെയർ ചെയ്യുന്ന പല വീഡിയോകളും എത്തിപ്പെടുന്നത് ചൈൽഡ് പോൺ സൈറ്റുകളിലാണ്.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുറ്റകൃത്യത്തെ ജനശ്രദ്ധയിൽ എത്തിച്ച് കുറ്റവാളിയെ എത്രയും വേഗം പിടികൂടാൻ അവസരം നൽകുകയുമായിരുന്നു എന്നാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ച ആൾ പറഞ്ഞത്. എന്നാൽ കുട്ടിയെ സഹായിക്കലായിരുന്നു ഉദ്ദേശ്യമെങ്കിൽ വീഡിയോ പങ്കുവെയ്ക്കുന്നതിനു പകരം മറ്റു മാർഗങ്ങൾ അവലംഭിക്കാമായിരുന്നു എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പ്രസ്തുത വീഡിയോയെപ്പറ്റി സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യലാണ് പ്രധാനം. പേര് വെളിപ്പെടുത്താതെ തന്നെ അത് ചെയ്യാം. മറ്റൊരു ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് വീഡിയോ കാണുന്നതെങ്കിൽ അത് വേറൊരിടത്തും അപ്‌ലോഡ് ചെയ്യാതെ അതേപ്പറ്റി അവിടെത്തന്നെ റിപ്പോർട്ട് ചെയ്യാനാണ് ശ്രമിക്കേണ്ടത്. നേരിട്ട് പൊലീസിനെ അറിയിക്കുകയും ചെയ്യാം. സ്വന്തം സോഷ്യൽ മീഡിയ എകൗണ്ട് വഴി തന്നെ ഇത് പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് കുട്ടിയുടെ ഐഡന്റിറ്റി മറച്ചുവെക്കാമായിരുന്നു. വീഡിയോ പങ്കുവെയ്ക്കാതെ തന്നെ അതിന് ശ്രമിക്കാമായിരുന്നു. ഓർത്തിരിക്കേണ്ട കാര്യം ഇതാണ്. സൈബർ നിയമങ്ങളെപ്പറ്റി വേണ്ടത്ര ധാരണയില്ലാതെ ചെയ്തുപോകുന്ന ഇത്തരം പ്രവൃത്തികൾക്ക് വലിയ വില നൽകേണ്ടി വരും. തടവും പിഴയുമെല്ലാം ഒന്നിച്ചനുഭവിക്കേണ്ടിവരും.

കടപ്പാട്: ന്യൂസ് മിനിറ്റ്