Movie prime

സമഗ്ര വികസനം ലക്ഷ്യം വച്ചുള്ള ബജറ്റ്: കേരള ബാങ്ക് സിഇഒ

 

കോവിഡ് മഹാമാരി മൂലമുണ്ടായ തിരിച്ചടികളെ ഒരു പരിധിവരെ മറികടക്കുന്നതിനും കാർഷിക രംഗത്ത് കാലാകാലങ്ങളിൽ നിലനിൽക്കുന്നതും കർഷകരെ അലട്ടുന്നതുമായ വിലത്തകർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കാർഷിക രംഗത്തേക്ക് പുതു സംരംഭകരെ ആകർഷിക്കുന്നതിനും മറ്റു ഉൽപ്പാദന രംഗങ്ങൾ, ടൂറിസം എന്നീ മേഖലയിലേക്ക് അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉതകുന്ന പദ്ധതികളാണ് ബജററ്റിൽ വിഭാവന ചെയ്തിട്ടുള്ളതെന്ന് കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പി.എസ്.രാജൻ പറഞ്ഞു.

ബജറ്റിൽ വിഭാവന ചെയ്തിട്ടുള്ള സാമ്പത്തിക പുനഃരുദ്ജ്ജീവന വായ്പ പദ്ധതി കേരള ബാങ്കിനെയും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനേയും കാർഷിക മേഖലയുടെ വികസന പ്രക്രിയയിലെ ഒരു പ്രധാന കണ്ണിയായി ഉൾച്ചേർത്തിരിക്കുന്നു. 2021 - 22 സാമ്പത്തിക വർഷത്തിൽ 2000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന വായ്പ നബാർഡിൽ നിന്നും കേരള ബാങ്കിലൂടെ പ്രാഥമിക സഹകരണ സംഘങ്ങളിലേക്കു നൽകുകയും ഈ പണവും സഹകരണ സംഘങ്ങളുടെ തനതു ഫണ്ടും ഉപയോഗിച്ച് കാർഷിക മേഖലയിലെ മൂലധന നിക്ഷേപം പതിന്മടങ്ങു വർധിപ്പിക്കുമെന്നത് വളരെ ആശാവഹമാണ്. പ്രാദേശിക വിപണികൾ, കോൾഡ് ചെയിൻ സൗകര്യങ്ങൾ, പഴവർഗ്ഗങ്ങളുടെ സംസ്കരണവും, ഇറച്ചി മൽസ്യ വ്യപണന സൗകര്യങ്ങൾ എന്നിങ്ങനെ കേരള ജനതയ്ക്കു ആവശ്യമായ കാർഷിക ഉൽപ്പന്നങ്ങളുടെ സ്വയംപര്യാപ്തതയ്ക്കു  വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് നേതൃത്വപരമായ പിന്തുണ നൽകാൻ കേരള ബാങ്കിനും അംഗ സംഘങ്ങൾക്കും സാധിക്കുമെന്നു സിഇഒ ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിലെ മൂലധനം വർധിപ്പിക്കുന്നതനുസരിച്ച് തൊഴിലവസരങ്ങളുടെ കാര്യത്തിലും കുതിച്ചു ചാട്ടം ഉണ്ടാകും.

കേരളത്തിൻറെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 85 ശതമാനം സംഭാവന ചെയ്യുന്നത്  സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളാണ് (MSME). ഈ മേഖലയെ പരിപോഷിപ്പിക്കുന്നതിന് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത സംരംഭങ്ങൾ പുനർജീവിപ്പിക്കുന്നതിനു സർക്കാർ വിപുലമായ പദ്ധതിയാണ് ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ളത്. മറ്റു ബാങ്കുകൾക്കൊപ്പം കേരള ബാങ്കും ഈ ഉദ്യമത്തിൽ പങ്കാളിയാകുമെന്ന് സിഇഒ അറിയിച്ചു .

വനിതകളുടെ തൊഴിൽ ശേഷി നാടിൻറെ വികസനത്തിനായി ഉപയോഗയുക്തമാക്കുന്നതിനുവേണ്ടി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി വിപുലമായ പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായ്പ ബന്ധിതമായ ഇത്തരം പദ്ധതികൾക്ക് കേരള ബാങ്കിന് പിന്തുണ നൽകാൻ കഴിയും.

കാർഷിക വായ്പകൾ ഗണ്യമായി വർധിപ്പിക്കുന്നതിന് നബാർഡിൻറെ കൂടെ പിന്തുണയോടെ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനു സാധിക്കും. വിഷരഹിത പച്ചക്കറികൾ അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് മൊബൈൽ സ്റ്റോറുകൾ ആരംഭിക്കുന്നതിന്‌ ആവശ്യമായ വാഹനങ്ങൾ, സ്റ്റോർ നവീകരണം എന്നിവയ്ക്ക് വായ്പ കേരള ബാങ്ക് അനുവദിക്കുന്നതാണ്. കൃത്യമായ വായ്പ തിരിച്ചടവിന് രണ്ടുമുതൽ മൂന്നുശതമാനം വരെ സബ്‌സിഡി അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കാര്യക്ഷമമായി നടപ്പിലാക്കുമെന്നു സിഇഒ പറഞ്ഞു.

കേരളത്തിൽ അനന്ത സാധ്യതകളുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബജറ്റ് നിർദ്ദേശങ്ങൾക്ക് അനുസൃതമായി വായ്പ ബന്ധിത പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പിലാക്കും. പ്രവാസി പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് നോർക്കയിലൂടെ നടപ്പിലാക്കുന്ന വായ്പ ബന്ധിത തൊഴിൽ പദ്ധതികളിൽ കേരള ബാങ്ക് പ്രധാന പങ്കുവഹിക്കും.

പരിസ്ഥിതി സൗഹൃദ ഇലട്രിക് വാഹനങ്ങളും ഇലക്ട്രിക്ക് ഓട്ടോറിക്ഷകളും വിവിധ തൊഴിലിൽ ഏർപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിന് പലിശയിളവോടെ സംസ്ഥാന സർക്കാർ താല്പര്യത്തിന് അനുസരിച്ച് വായ്പ പദ്ധതികൾ തയ്യാറാക്കുമെന്ന് സി.ഇ.ഒ. കൂട്ടിച്ചേർത്തു.