Movie prime

സ്പീക്കർക്ക് രാഷ്ട്രീയം പറയാമോ?  

 

ആദ്യമേ പറയട്ടെ. സ്പീക്കർക്ക് രാഷ്ട്രീയം പറയാമോ എന്ന ചോദ്യം തന്നെ അരാഷ്ട്രീയമാണ്. അരാഷ്ട്രീയത പോലെ അപകടകരവും അശ്ലീലവുമായ മറ്റൊരു നിലപാടില്ല ആധുനിക സമൂഹത്തിൽ. 

സ്പീക്കറായാലും തൻ്റേതായ രാഷ്ട്രീയ നിലപാടുകൾ മറച്ചു വെയ്ക്കില്ലെന്നും തുടർന്നും തുറന്നു പറയുമെന്നുമുള്ള പുതിയ സ്പീക്കർ എം ബി രാജേഷിൻ്റെ അഭിപ്രായ പ്രകടനം അതുകൊണ്ടുതന്നെ ധീരവും അഭിനന്ദനാർഹവുമാണ്. 

രാഷ്ട്രീയ നിലപാടുകൾ തുടർന്നും പ്രകടിപ്പിക്കും എന്ന രാജേഷിൻ്റെ തുറന്ന പ്രതികരണം നിരവധി വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾ പോലും അരാഷ്ട്രീയതയിൽ അഭിരമിക്കുന്ന കാലഘട്ടത്തിൽ അത്തരം  വിമർശനങ്ങൾ സ്വാഭാവികവുമാണ്. അതിൽ ഒട്ടും അദ്ഭുതപ്പെടേണ്ടതില്ല.

സ്പീക്കറായി  ചുമതലയേറ്റയുടനെ ആശംസകൾ നേർന്നുകൊണ്ടുള്ള സംഭാഷണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇക്കാര്യം വിമർശനാത്മകമായി ഉന്നയിക്കുന്നുണ്ട്. സഭയ്ക്കു വെളിയിൽ സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിനും മറുപടി പറയേണ്ടി വരും എന്നായിരുന്നു അദ്ദേഹം നൽകിയ മുന്നറിയിപ്പ്.

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെ നേതാക്കളിൽ പലരും സ്പീക്കറുടെ അഭിപ്രായ പ്രകടനത്തെ ചൊല്ലി ആശങ്കകൾ പ്രകടിപ്പിക്കുന്നതും കണ്ടു.

സത്യത്തിൽ രാഷ്ട്രീയം എന്ന വാക്കും അതുൾക്കൊള്ളുന്ന വിശാലമായ ആശയ ലോകവും ദർശനവുമെല്ലാം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിൻ്റെ സൃഷ്ടികളാണ് ഇത്തരം അപക്വമായ ആശങ്കകൾ എന്നു കാണാം.

എന്താണ് രാഷ്ട്രീയം? 

ലളിതമായി പറഞ്ഞാൽ രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്തും രാഷ്ട്രീയമാണെന്ന് പറയാം. രാഷ്ട്രത്തെ മുന്നോട്ടോ പിന്നോട്ടോ നയിക്കുന്ന, അതിൻ്റെ നിലനില്പിനെ അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കുന്ന എന്തും രാഷ്ട്രീയമാണ്. 

ജനസമൂഹത്തെ, അവരുടെ ജീവിതത്തെ, അതിൻ്റെ പുരോഗതിയെ, അധോഗതിയെ, വികാസ പരിണാമങ്ങളെ, ഉയർച്ച താഴ്ചകളെ നിശ്ചയിക്കുന്നത് രാഷ്ട്രീയമാണ്. ജനജീവിതത്തെ നിശ്ചയിക്കുന്നതും നിർണയിക്കുന്നതും നിയന്ത്രിക്കുന്നതുമായ എന്തിലും രാഷ്ട്രീയമുണ്ടെന്ന് കാണാം.

അത് മനസ്സിലാകാത്തവരാണ് "രാഷ്ട്രീയം മറന്ന് " ഒന്നിക്കാനും "വികസന കാര്യത്തിൽ രാഷ്ട്രീയം മാറ്റിവെക്കാനും" ആഹ്വാനം ചെയ്യുന്നത്. വികസനത്തിൻ്റെ രാഷ്ട്രീയത്തെ എഴുതിത്തള്ളുന്നവർ ആരായാലും അപകടകരമായ സന്ദേശമാണ് നല്കുന്നത് എന്ന് സാന്ദർഭികമായി പറയട്ടെ. 

ഒരു സാമൂഹ്യ ജീവിയും രാഷ്ട്രീയ ജീവിയുമാണ് മനുഷ്യൻ എന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്. അത് മറക്കുന്നവരും മറച്ചുവെയ്ക്കാൻ ആഗ്രഹിക്കുന്നവരുമാണ്  അരാഷ്ട്രീയമായ ആശയങ്ങളിൽ  അഭിരമിക്കുന്നത്. 

സാമൂഹ്യ ജീവി എന്ന നിലയിൽ രാഷ്ട്രീയമായ ഏതൊരു തീരുമാനവും നമ്മെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെട്ടാലും ഇല്ലെങ്കിലും രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ നിരന്തരം ഇടപെടുന്നുണ്ട് എന്ന് കൂടെക്കൂടെ ഓർമപ്പെടുത്തേണ്ടി വരുന്നത്.

രാഷ്ട്രീയം നമ്മുടെ ജീവിതത്തിൽ എന്തെല്ലാം തരത്തിലുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് ? എന്തിലാണ് അത് ഇടപെടാത്തത് എന്ന ചോദ്യമാവും കൂടുതൽ എളുപ്പമായത്. വിദ്യാഭ്യാസത്തിൽ, തൊഴിലിൽ, ആരോഗ്യത്തിൽ,

കഴിക്കുന്ന ഭക്ഷണത്തിൽ, ഉടുക്കുന്ന വസ്ത്രങ്ങളിൽ, ഉപജീവനോപാധികളിൽ... അങ്ങനെ ജീവിതം മുഴുക്കെ രാഷ്ട്രീയമാണെന്ന് പറയാം.  ജീവിതത്തിൽ ഉടനീളം അത് നിരന്തരമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നു.

Man is a political animal എന്ന അരിസ്റ്റോട്ടിലിൻ്റെ വിഖ്യാതമായ വാക്കുകൾ ഓർമിക്കുക. അതിനുള്ളിൽ എല്ലാമുണ്ട്. അദ്ദേഹം അന്നതിന് കല്പിച്ച അർഥത്തേക്കാളേറെ ഒട്ടേറെ  നാനാർഥങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥയിലാണ് മനുഷ്യ ജീവിതം ഇന്ന് ചലിച്ചുകൊണ്ടിരിക്കുന്നത്. 

നിർഭാഗ്യകരമെന്ന് പറയട്ടെ, രാഷ്ട്രീയം എന്ന വാക്കിന് കക്ഷി രാഷ്ട്രീയം എന്ന അർഥമാണ് പൊതുവെ കല്പിക്കപ്പെടുന്നത് എന്ന് കാണാം. അതുകൊണ്ടാണ്, തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിൽ താൻ പറഞ്ഞത് തിരുത്തിപ്പറയാൻ രാജേഷ് നിർബന്ധിതനാവുന്നത്.

കക്ഷി രാഷ്ട്രീയത്തിൻ്റെ ഭാഗമായി താൻ പ്രവർത്തിക്കില്ലെന്നും അതേ സമയം പൊതു സമൂഹത്തിൽ ഉയർന്നു വരുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളിൽ താൻ തൻ്റെ അഭിപ്രായങ്ങൾ തുടർന്നും പ്രകടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ജീർണതയുടെ ചെളിക്കുണ്ടിലാണ് പലപ്പോഴും കക്ഷിരാഷ്ട്രീയം ചെന്നു പതിക്കുന്നത് എന്ന് അറിയാത്തവരില്ല. നിരന്തരമായ ഏറ്റുമുട്ടലുകളുടെയും നിതാന്തമായ സംഘർഷത്തിൻ്റെയും ഭൂമികയാണ് അത് തീർക്കുന്നത്. പരസ്പരമുള്ള ഏറ്റുമുട്ടലുകളും വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ചെളിവാരിയേറുമാണ് അവിടെ നിരന്തരമായി അരങ്ങേറുന്നത്.

സമവായത്തിൻ്റെയും സമന്വയത്തിൻ്റെയും ഇടങ്ങളെക്കാൾ  സംഘർഷങ്ങളുടെ പോർമുഖങ്ങളാണ് അവിടെ കൂടുതലും തുറക്കപ്പെടുന്നത്. രാഷ്ട്രീയമെന്ന ഉന്നതമായ  ആശയലോകത്തെ കക്ഷിരാഷ്ട്രീയത്തിലെ അധ:പതിച്ചതും അപചയിച്ചതുമായ അന്തരീക്ഷവുമായി ചേർത്തുമാത്രമേ നമുക്ക് കാണാനാവുന്നുള്ളൂ എന്നത്  നിർഭാഗ്യകരമാണ്. 

സാമൂഹ്യ ജീവിയായ ഏതു മനുഷ്യനും രാഷ്ട്രീയത്തിൽ ഇടപെടാനും അഭിപ്രായം പറയാനും അവകാശമുണ്ട്. ഒരു ജനപ്രതിനിധി കൂടിയായ സ്പീക്കർക്ക് അതിനുള്ള അവകാശം ഉണ്ടെന്ന് മാത്രമല്ല, കടമ കൂടിയുണ്ട് എന്ന് നിസ്സംശയം പറയാം. ജനജീവിതത്ത പ്രതികൂലമായി ബാധിക്കുന്ന ഏതു ഭരണകൂട നിലപാടിനേയും നയപരമായ തീരുമാനത്തേയും ചോദ്യം ചെയ്യാനും വിമർശിക്കാനും അവ്വിധം തൻ്റേതായ നിലപാടുകൾ എടുക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. ആ അവകാശത്തെ ചോദ്യം ചെയ്യാൻ ആർക്കുമാവില്ല. 

സ്പീക്കർ പദവി വഹിക്കുമ്പോൾ പാലിക്കേണ്ട ഉന്നതമായ അന്തസ്സും ഔചിത്യബോധവും ഉൾക്കൊണ്ടുകൊണ്ട് ആ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റുമെന്ന് കരുതാം.