Movie prime

ജനവിരുദ്ധമായ ഇന്‍റര്‍നെറ്റ് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കണം: ഡി എ കെ എഫ്

ജനകീയ പ്രതിഷേധങ്ങളെ തടയുക മാത്രം ലക്ഷ്യമാക്കി രാജ്യത്തകമാനം നടപ്പാക്കുന്ന ഇന്റർനെറ്റ് അടച്ചുപൂട്ടലിനെ, ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളഡ്ജ് ഫ്രീഡം (ഡി എ കെ എഫ്) സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിച്ചു. ജനങ്ങളുടെ മൗലികാവകാശമായ ഇന്റര്നെറ്റ് ഉപയോഗം തടയുന്ന കേന്ദ്രസര്ക്കാര് നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഡി എ കെ എഫ് പ്രസിഡന്റ് ഡോ. എ സാബുവും ജനറല് സെക്രട്ടറി ടി. ഗോപകുമാറും പ്രസ്താവനയില് ആവശ്യപ്പെട്ടു. ഇന്റര്നെറ്റ് നിഷേധം പൗരന്റെ അറിയാനുള്ള അവകാശത്തിന്റെ കൂടി നിഷേധമാണ്. 2014 മുതൽ 357 More
 
ജനവിരുദ്ധമായ ഇന്‍റര്‍നെറ്റ് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കണം: ഡി എ കെ എഫ്

ജനകീയ പ്രതിഷേധങ്ങളെ തടയുക മാത്രം ലക്ഷ്യമാക്കി രാജ്യത്തകമാനം നടപ്പാക്കുന്ന ഇന്റർനെറ്റ് അടച്ചുപൂട്ടലിനെ, ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളഡ്ജ് ഫ്രീഡം (ഡി എ കെ എഫ്) സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിച്ചു. ജനങ്ങളുടെ മൗലികാവകാശമായ ഇന്‍റര്‍നെറ്റ് ഉപയോഗം തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഡി എ കെ എഫ് പ്രസിഡന്‍റ് ഡോ. എ സാബുവും ജനറല്‍ സെക്രട്ടറി ടി. ഗോപകുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്‍റര്‍നെറ്റ് നിഷേധം പൗരന്‍റെ അറിയാനുള്ള അവകാശത്തിന്‍റെ കൂടി നിഷേധമാണ്. 2014 മുതൽ 357 തവണയും 2019 ൽ മാത്രം 93 പ്രാവശ്യവും ഇന്ത്യയില്‍ ഇന്റർനെറ്റ് സേവനം മുടക്കിയിട്ടുണ്ട്. 2019 ഓഗസ്റ്റ് 4 മുതൽ, ജമ്മു കശ്മീരിൽ നിർത്തിവച്ച ഇന്റർനെറ്റ് സേവനങ്ങൾ, ഇതുവരെയായും പൂർണ്ണമായി പുനഃസ്ഥാപിച്ചിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ 2018 ലുണ്ടായ 196 ഇന്റർനെറ്റ് വിശ്ചേദനങ്ങളില്‍ 134 ഉം നടന്നിട്ടുള്ളത് ഇന്ത്യയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്, അതായത്, രേഖപ്പെടുത്തിയതിന്റെ 67%, ഇന്റർനെറ്റ് മുടക്കവും നമ്മുടെ രാജ്യത്താണ് സംഭവിക്കുന്നത്. ഫേസ്‍ബുക്കിന്‍റെ സുതാര്യത റിപ്പോർട്ടിലും, 2019 ന്റെ ആദ്യ പകുതിയിൽ 15 രാജ്യങ്ങളിൽ ഉണ്ടായ, ഫേസ്‍ബുക്ക് സേവനങ്ങളുടെ 70 തടസ്സങ്ങളിൽ, 40 ഉം നടന്നിരുക്കുന്നത് ഇന്ത്യയിലാണ്.

ഇക്കഴിഞ്ഞ ജനുവരി 10ന്‍റെ ഉത്തരവിൽ, ഇൻറർനെറ്റ് ഉപയോഗിച്ച് അഭിപ്രായപ്രകടനത്തിനും ബിസിനസ്സ് നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ ആർട്ടിക്കിൾ 19 ന്റെ ഭാഗമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. മനുഷ്യന്റെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നത്, മൗലികാവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്നും വിധിയില്‍ പറയുന്നു.

അത്യാവശ്യവും അനിവാര്യവുമായ ചരക്കുകളും സേവനങ്ങളും ലഭിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഇന്‍റര്‍നെറ്റ് മുടക്കം വലിയ തോതിൽ തടസ്സമുണ്ടാക്കുന്നുണ്ട്. അത് ജീവിത നിലവാരത്തെ തരംതാഴ്ത്തുന്നു, സാമ്പത്തിക പ്രവർത്തനങ്ങൾ പാളം തെറ്റുന്നതിലേക്ക് നയിക്കുന്നു. ക്രെഡിറ്റ് / ഡെബിറ്റ് കാർഡും മറ്റ് ഇന്റർനെറ്റ് അധിഷ്‌ഠിത പേയ്‌മെന്റ് രീതികളും നടക്കില്ല. ഡിജിറ്റൽ ഇന്ത്യയെന്ന് കൊട്ടിഘോഷിച്ച നമ്മുടെ രാജ്യത്തെ ജനജീവിതം ഇതുമൂലം ഏറെ ദുഷ്കരമാകുന്നു. അവശ്യസാധനങ്ങളും മരുന്നുകളും ആശുപത്രി സേവനങ്ങളും ഗതാഗതവും വിദ്യാഭ്യാസവും എല്ലാം തകരാറിലാക്കുന്ന തരത്തിലേക്കാണ് ഇന്‍റര്‍നെറ്റ് തടസപ്പെടുത്തല്‍ പോകുന്നത്. 2019 ൽ ഇന്റർനെറ്റ് നിർത്തലാക്കിയതിനാൽ ഇന്ത്യക്ക് 1.3 ബില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടമുണ്ടായതായി ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നുണ്ട്.

കേരള സർക്കാർ, ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണ് ഇന്റർനെറ്റ് എന്ന തിരിച്ചറിവോടെ, എല്ലാ കുടുംബങ്ങളിലും പൊതുസ്ഥലങ്ങളിലും സൗജന്യ നിരക്കിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹത്പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴാണ്, കേന്ദ്ര സർക്കാർ അത് ജനങ്ങൾക്ക് നിഷേധിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുസമൂഹം കേന്ദ്രസർക്കാരിന്റെ ഈ നയത്തിനെതിരേ പ്രതിഷേധിക്കണമെന്നും, ഇന്റർനെറ്റ് മുടക്കുന്നതുമായി ബന്ധപ്പെട്ട്, കേന്ദ്രസർക്കാർ അതിന്റെ നയം പുനഃപരിശോധിക്കണമെന്നും കാശ്മീരരിലടക്കം മുടങ്ങിയിരിക്കുന്ന ഇന്റർനെറ്റ് സേവനം പുനസഃസ്ഥാപിക്കണമെന്നും ഡി എ കെ എഫ് ആവശ്യപ്പെടുന്നു.