Movie prime

സെൻട്രൽ വിസ്ത: ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴ  

 

സെൻട്രൽ വിസ്തയ്ക്കെതിരെ പരാതി, ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴ  

കേന്ദ്ര സർക്കാരിൻ്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതിയ്‌ക്കെതിരെയുള്ള ഹർജിയിൽ പരാതിക്കാർക്ക് ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. ദേശീയ പ്രാധാന്യമുള്ള സുപ്രധാന പദ്ധതിയാണ് സെൻട്രൽ വിസ്തയെന്നും അതിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കുന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ നിർമാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ജീവൻ അപകടത്തിലാണ് എന്ന ഹർജിക്കാരുടെ വാദം കോടതി പൂർണമായും തള്ളിക്കളഞ്ഞു. തൊഴിലാളികളെല്ലാം സൈറ്റിൽ തന്നെ താമസിക്കുന്നവരാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ല.

കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ സഹസ്ര കോടികൾ ചെലവാക്കി സെൻട്രൽ വിസ്ത നിർമാണം നടത്തുന്നതിലെ വൈരുധ്യമാണ് ഹർജിക്കാരായ അന്യ മൽഹോത്രയും സൊഹയ്ൽ ഹാഷ്മിയും ചോദ്യം ചെയ്തത്. രാജ്യത്ത് ദിവസം തോറും ലക്ഷക്കണക്കിന് പേർക്കാണ് കോവിഡ് ബാധിക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു.

ഈ സാഹചര്യത്തിൽ നൂറു കണക്കിന് തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കി കൊണ്ടുള്ള നിർമാണ പദ്ധതി പൂർണമായും നിർത്തിവെയ്ക്കണം. ഹർജിക്കാരുടെ വാദങ്ങളെല്ലാം തള്ളിയ കോടതി സെൻട്രൽ വിസ്ത നിർമാണം നവംബറിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട് എന്ന് നിരീക്ഷിച്ചു. ഷപൂർജി പല്ലോൻജി നിർമാണ കമ്പനിയുമായുള്ള കരാർ പ്രകാരം നിർമാണ പ്രവർത്തനങ്ങൾ മുടക്കം കൂടാതെ തുടരേണ്ടതും നവംബറിൽ പൂർത്തിയാക്കേണ്ടതുമാണ്. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതിസിങ്ങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

രാജ്യത്തെ നിയമ നടപടി ക്രമങ്ങളുടെ ദുരുപയോഗമാണ് ഹർജിയെന്നും സെൻട്രൽ വിസ്തയുടെ നിർമാണ പദ്ധതി  നിർത്തിവെപ്പിക്കാനുള്ള നിക്ഷിപ്ത താത്പര്യങ്ങളാണ് ഹർജിക്കു പിന്നിലുള്ളതെന്നും ഈ മാസം ആദ്യം കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടിരുന്നു.

പിഴ ഈടാക്കി പരാതി തള്ളാനുള്ള അഭ്യർഥനയും കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. നോർത്ത്, സൗത്ത് ബ്ലോക്കുകൾ ഉൾപ്പെടെ പാർലമെൻ്റ് മന്ദിരവും  പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ഔദ്യോഗിക വസതികളുമെല്ലാം അടങ്ങിയതാണ് സെൻട്രൽ വിസ്ത പദ്ധതി. പാർലമെൻ്റ് നിർമാണത്തിന് മാത്രം മാറ്റി വെച്ചിരിക്കുന്നത് 971 കോടി രൂപയാണ്. 

നിർമാണം പൂർത്തിയാവുമ്പോൾ പാർലമെൻ്റിന് മാത്രം ആയിരം കോടി രൂപയിലേറെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.  രാജ്യം കടുത്ത സാമ്പത്തിക തകർച്ച നേരിടുമ്പോഴും 20000 കോടി രൂപയിലേറെ ചെലവാക്കി കൊണ്ടുള്ള ആഡംബര നിർമാണ പദ്ധതി നിർത്തി വെയ്ക്കാത്തതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 

പദ്ധതിയെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രതിപക്ഷ വിമർശനത്തെ ഭരണപക്ഷം നേരിട്ടത്. കഴിഞ്ഞ ഒരു മാസക്കാലമായി ഡൽഹി ലോക് ഡൗണിലാണെങ്കിലും സെൻട്രൽ വിസ്തയുടെ നിർമാണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരുകയാണ്.