Movie prime

കോവിഡ് കുതിച്ചുയരുന്നു, ഡൽഹിയും മഹാരാഷ്ട്രയും ലോക്ഡൗണിലേക്ക്?

പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വൻ വർധന വന്നതോടെ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന നൽകി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ 15-20 ദിവസത്തിനുള്ളിൽ ആരോഗ്യ സംവിധാനം അപ്പാടെ അവതാളത്തിലാവുമെന്നും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 47827 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ചത്. മുംബൈയിൽ മാത്രം 8884 പേർക്ക് രോഗം ബാധിച്ചു. മുംബൈയിലെ 19 മരണങ്ങളടക്കം 202 മരണങ്ങളാണ് സംസ്ഥാനത്ത് More
 
കോവിഡ് കുതിച്ചുയരുന്നു, ഡൽഹിയും മഹാരാഷ്ട്രയും ലോക്ഡൗണിലേക്ക്?

പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വൻ വർധന വന്നതോടെ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന നൽകി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ 15-20 ദിവസത്തിനുള്ളിൽ ആരോഗ്യ സംവിധാനം അപ്പാടെ അവതാളത്തിലാവുമെന്നും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

47827 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ചത്. മുംബൈയിൽ മാത്രം 8884 പേർക്ക് രോഗം ബാധിച്ചു. മുംബൈയിലെ 19 മരണങ്ങളടക്കം 202 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 5-നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. സമ്പൂർണ ലോക്ഡൗൺ എന്നത് കടുത്ത തീരുമാനമാണെന്നും എന്നാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡിൻ്റെ നാലാം തരംഗമാണ് ഡൽഹിയിൽ വ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തലസ്ഥാനത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വലിയ വർധനവാണ് കണ്ടു വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3583 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിൽ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തര സാഹചര്യം നേരിടാൻ അനുയോജ്യയായ ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. രോഗബാധിതൻ്റെ 30 ക്ലോസ് കോൺടാക്റ്റുകൾ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. മരണാനന്തര ചടങ്ങിലും വിവാഹ സൽക്കാരത്തിലും പങ്കെടുപ്പിക്കാവുന്ന പരമാവധി പേരുടെ എണ്ണം യഥാക്രമം അമ്പതും നൂറുമായി നിജപ്പെടുത്താൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോക്ഡൗണിലേക്ക് നീങ്ങേണ്ടി വന്നാൽ ജനങ്ങളുമായി കൂടിയാലോചന നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്നും അതേ സമയം രാജ്യവ്യാപക ലോക്ഡൗണിലേക്ക് നീങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുമായി നടത്തിയ കൂടിയാലോചനയിലാണ് രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തില്ല എന്ന് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ നിയന്ത്രണങ്ങൾ കുറേക്കൂടി കടുപ്പിക്കേണ്ടിവരും. രാത്രി കാല കർഫ്യൂ, ഭാഗിക ലോക്ഡൗൺ എന്നീ മാർഗങ്ങൾ സ്വീകരിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾ തന്നെ മുൻകൈ എടുക്കണമെന്ന നിലപാടാണ് യോഗത്തിൽ കേന്ദ്രം മുന്നോട്ടുവെച്ചത്.