Movie prime

ഓൺലൈൻ പഠനം പണമുള്ളവർക്ക് മാത്രമായി പരിമിതപ്പെടരുതെന്ന് ഡോ. ബിജു

വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താം ക്ലാസ് വിദ്യാർഥിനി ദേവിക തീകൊളുത്തി മരിച്ച ദാരുണ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ഡോ. ബിജു. സ്മാർട്ട് ഫോണോ ടെലിവിഷനോ വീട്ടിലില്ലാത്തതു കൊണ്ട് പഠനം മുടങ്ങുമോ എന്ന ആശങ്കയാണ് ദേവികയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വാർത്തകൾ പറയുന്നത്. കേരളത്തിലെ ആധുനിക, പുരോഗമന സമൂഹത്തിന് പുറത്തു നിർത്തപ്പെട്ട ജാതി കോളനികളിലെ പ്രിവിലേജ്ഡ് അല്ലാത്ത ജനവിഭാഗങ്ങൾക്കു കൂടി ഉറപ്പാക്കണം, ഓൺലൈൻ വിദ്യാഭ്യാസമെന്ന് അടിവരയിട്ടു പറയുന്ന ഈ ഫേസ്ബുക്ക് പോസ്റ്റിൽ ദളിത് ജനവിഭാഗങ്ങളുടെ നാനാതരം ജീവിതപ്രശ്നങ്ങളെക്കുറിച്ചുള്ള സൂചനകളുണ്ട്. More
 
ഓൺലൈൻ പഠനം പണമുള്ളവർക്ക് മാത്രമായി പരിമിതപ്പെടരുതെന്ന്  ഡോ. ബിജു

വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താം ക്ലാസ് വിദ്യാർഥിനി ദേവിക തീകൊളുത്തി മരിച്ച ദാരുണ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ഡോ. ബിജു. സ്മാർട്ട് ഫോണോ ടെലിവിഷനോ വീട്ടിലില്ലാത്തതു കൊണ്ട് പഠനം മുടങ്ങുമോ എന്ന ആശങ്കയാണ് ദേവികയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വാർത്തകൾ പറയുന്നത്. കേരളത്തിലെ ആധുനിക, പുരോഗമന സമൂഹത്തിന് പുറത്തു നിർത്തപ്പെട്ട ജാതി കോളനികളിലെ പ്രിവിലേജ്ഡ് അല്ലാത്ത ജനവിഭാഗങ്ങൾക്കു കൂടി ഉറപ്പാക്കണം, ഓൺലൈൻ വിദ്യാഭ്യാസമെന്ന് അടിവരയിട്ടു പറയുന്ന ഈ ഫേസ്ബുക്ക് പോസ്റ്റിൽ ദളിത് ജനവിഭാഗങ്ങളുടെ നാനാതരം ജീവിതപ്രശ്നങ്ങളെക്കുറിച്ചുള്ള സൂചനകളുണ്ട്.

ഡോ. ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ വായിക്കാം

…………..

വീട്ടിൽ സ്മാർട് ഫോണും ടെലിവിഷനും ഇല്ലാത്തതുകൊണ്ട് പഠനം മുടങ്ങുമോ എന്ന ആശങ്കയിൽ വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ദേവിക തീകൊളുത്തി മരിച്ചു

എന്ന് വാർത്തകളിൽ കാണുന്നു. ദളിത് ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന പലരും ഈ വിഭാഗങ്ങളിലെ ഭൂരിപക്ഷം കുട്ടികൾക്ക് ഓൺ ലൈൻ പഠന സൗകര്യങ്ങൾ ഉണ്ടാകില്ല എന്നത് മുൻകൂട്ടി തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. സ്വാഭാവികമായും മറ്റുള്ളവർ ഓൺലൈനിൽ പഠനം ആരംഭിക്കുകയും തങ്ങൾക്ക് അത് കിട്ടാതെ വരികയും ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷമം ആത്മഹത്യ പോലുള്ള അപകടങ്ങളിലേക്ക് വഴി തെളിക്കും.

ദളിത് ആദിവാസി വിഭാഗങ്ങളിൽ ഇറങ്ങി ചെന്നു പ്രവർത്തിക്കുന്നവർക്ക് അറിയാം, മൊബൈലോ ടി വി യോ ഇലക്ട്രിസിറ്റിയോ ഇല്ലാത്ത അനേകമനേകം വീടുകൾ ഇപ്പോഴും ഈ മേഖലയിൽ ഉണ്ട്. കാറ്റ് അടിച്ചാൽ പറന്നു പോകാത്ത, മഴ പെയ്താൽ ചോരാത്ത വീടുകൾ പോലും ഇല്ലാത്ത ആയിരക്കണക്കിന് ആളുകൾ ദളിത് ആദിവാസി മേഖലയിൽ ഉണ്ട്. ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത എത്രയോ കുടുംബങ്ങൾ. സ്വന്തം ഭൂമിയിൽ നിന്നും കുടിയിറക്കപെട്ട ജനവിഭാഗം…

ഭൂമിക്കു വേണ്ടി നിരന്തരമായി സമരം ചെയ്തു കൊണ്ടേ ഇരിക്കുന്ന ജനത, എന്തിനേറെ പറയുന്നു 50,000 ൽ അധികം ജാതി കോളനികൾ ഉള്ള ഒരു നാടാണ് കേരളം.

കേരളത്തിലെ പുരോഗമന സമൂഹത്തിനു പുറത്താണ് ഈ ജാതിക്കോളനികൾ ഇപ്പോഴും നിലനിൽക്കുന്നത്, അല്ലെങ്കിൽ നിലനിർത്തുന്നത്. ദളിത് ആദിവാസി വിഭാഗങ്ങൾ ഇപ്പോഴും കേരളത്തിലെ സോ കാൾഡ് മോഡലുകൾക്ക് പുറത്താണ്, എപ്പോഴും. മാറിമാറി വരുന്ന സർക്കാറുകൾക്കൊന്നും തന്നെ ഈ മേഖലയിൽ കാര്യമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞിട്ടുമില്ല. അല്ലെങ്കിൽ തന്നെ സംവരണ മണ്ഡലത്തിൽ അല്ലാതെ ജനറൽ സീറ്റിൽ ഒരു പട്ടിക ജാതിക്കാരനെ മത്സരിപ്പിക്കാൻ ഇവിടുത്തെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കും കഴിഞ്ഞ എത്രയോ ദശകങ്ങളായി സാധിച്ചിട്ടില്ല എന്നത് ഓർക്കുക.

ഓൺലൈൻ വിദ്യാഭ്യാസം കേരളത്തിന്റെ മികച്ച ഒരു ആശയം തന്നെ ആണ്. പക്ഷെ അത് പ്രിവിലേജ്ഡ് ആയ ആളുകൾക്ക് മാത്രം ലഭ്യമാകുന്ന ഒന്നായി മാറരുത്. സമൂഹത്തിന്റെ ഏറ്റവും താഴെതട്ടിൽ ഉള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കൂടി അതിന്റെ സേവനം ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്താത്തിടത്തോളം കാലം ഇത് ഒരു പ്രിവിലേജ്ഡ് വിഭാഗ സേവനം മാത്രമായി ഒതുങ്ങും. സമൂഹം എന്നത് പ്രിവിലേജ്ഡ് ആയ ആളുകൾക്ക് മാത്രം ജീവിക്കാൻ സാധിക്കുന്ന ഒരു ഇടം എന്നതല്ല, അങ്ങനെ ആകാനും പാടില്ല…

ഇനിയെങ്കിലും ദളിത് ആദിവാസി മേഖല ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രാഥമിക അവകാശങ്ങൾ എങ്കിലും ഉറപ്പ് വരുത്താനുള്ള കുറച്ചു കൂടി ആത്മാർത്ഥമായ ശ്രമങ്ങൾ മാറി മാറി വരുന്ന സർക്കാരുകൾ നടത്തേണ്ടതുണ്ട്…

എൻ.ബി. കേരളത്തിൽ എവിടെയാണ് ഇലക്ട്രിസിറ്റി ഇല്ലാത്തത്, ആർക്കാണ് അടച്ചുറപ്പില്ലാത്ത വീടില്ലാത്തത്, ആർക്കാണ് ഭൂമിയില്ലാത്തത്, ആർക്കാണ് ഫോണില്ലാത്തത് എന്നൊക്കെയുള്ള ചോദ്യങ്ങളുമായി വരുന്ന നിഷ്കളങ്കരോട് അഡ്വാൻസ് സോറി…