Movie prime

പട്ടികവര്‍ഗ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ പഠനം ഉറപ്പുവരുത്തണം: മന്ത്രി 

 
എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സമിതികള്‍ പുനസംഘടിപ്പിക്കുകയും  പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുകയും വേണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ നേരിടുന്ന പഠന പ്രതിസന്ധികള്‍ മറികടക്കാന്‍ അതാത് മേഖലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സമിതികള്‍ പുനസംഘടിപ്പിക്കുകയും  പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുകയും വേണം. പ്രാദേശികമായി ലഭ്യമാകുന്ന വിദഗ്ധരുടെയും എസ് ടി പ്രമോട്ടര്‍മാരുടെയും കുടുംബശ്രീ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളുടെയും സാക്ഷരതാ പ്രേരക്മാരുടെയും സേവനങ്ങള്‍ വിദ്യാഭ്യാസ സമിതികള്‍ ഉപയോഗപ്പെടുത്തണം.

നിലവിലുള്ള അവസ്ഥ വാര്‍ഡ് തലത്തില്‍ വിശകലനം ചെയ്തുകൊണ്ട് ജനകീയാസൂത്രണത്തിന്റെ ഭാഗമായി യാഥാര്‍ത്ഥ്യമാക്കിയ പഠന വീടുകള്‍, പഠനകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പോരായ്മകള്‍ മനസിലാക്കി അവ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ സ്‌കൂള്‍തല ആക്ഷന്‍ പ്ലാനുകള്‍ സമയബന്ധിതമായി തയ്യാറാക്കണം. ഇത്തരം തിട്ടപ്പെടുത്തലുകളും ഭാവി പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍ ഓണ്‍ലൈനായി പി ഇ സി യോഗം വിളിച്ചുകൂട്ടണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണ ലഭ്യതയും ഇന്റര്‍നെറ്റ് സൗകര്യവും സമയബന്ധിതമായി ലഭ്യമാക്കണം. പഠനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കോ ഇന്റര്‍നെറ്റ്, വൈദ്യുതി സേവനങ്ങള്‍ക്കോ തടസമുണ്ടാകാതിരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ സന്നദ്ധസേവകരെ ഒരുക്കണം. പട്ടികവര്‍ഗ ഉപപദ്ധതി വിഹിതം ഉപയോഗിച്ച് കുട്ടികളുടെ പോഷണ നിലവാരം മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കാനും അവരുടെ മാനസികോല്ലാസം ഉറപ്പുവരുത്താനും കലാ-കായിക ശേഷികള്‍ വര്‍ധിപ്പിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.