Movie prime

ജൂൺ അഞ്ചിന് മാത്രമുള്ള സർക്കാറിൻ്റെ പരിസ്ഥിതി സ്നേഹം കാപട്യമാണ്

സി ആർ നീലകണ്ഠൻ എഴുതുന്നു.. ദുരന്തഭീഷണി ഉയർത്തിക്കാട്ടി പമ്പയിലെ മണൽ വാരി വിൽക്കാനുള്ള ശ്രമം പകൽക്കൊള്ളയായിരുന്നു. വ്യവസായ മന്ത്രിയുടെ അടുത്തയാളാണ് പമ്പയിലെ ഖനനച്ചുമതലയുള്ള പൊതുമേഖലയുടെ തലവൻ. ഖനനം ചെയ്യുന്ന മണൽ വിൽക്കാൻ അനുവദിച്ചില്ലെങ്കിൽ കരാറിൽ താൽപര്യമില്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം വൈകീട്ട് മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ തകിടം മറിഞ്ഞു. രാഷ്ട്രീയ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊള്ളയാണിതെന്നു വ്യക്തമാണ്. ആലപ്പുഴ ജില്ലയിലെ തോട്ടപ്പിള്ളിയിൽ നടത്തുന്ന കരിമണൽക്കൊള്ള, ആറാട്ടുപുഴ തൃക്കുന്നപ്പുഴ പ്രദേശത്ത് നാട്ടുകാരിടപെട്ട് കരിമണൽക്കടത്ത് തടഞ്ഞപ്പോൾ, അതിന് വടക്കുഭാഗത്ത് പൊഴിയുടെ More
 
ജൂൺ അഞ്ചിന് മാത്രമുള്ള സർക്കാറിൻ്റെ പരിസ്ഥിതി സ്നേഹം കാപട്യമാണ്

സി ആർ നീലകണ്ഠൻ എഴുതുന്നു..

ദുരന്തഭീഷണി ഉയർത്തിക്കാട്ടി പമ്പയിലെ മണൽ വാരി വിൽക്കാനുള്ള ശ്രമം പകൽക്കൊള്ളയായിരുന്നു.

വ്യവസായ മന്ത്രിയുടെ അടുത്തയാളാണ് പമ്പയിലെ ഖനനച്ചുമതലയുള്ള പൊതുമേഖലയുടെ തലവൻ. ഖനനം ചെയ്യുന്ന മണൽ വിൽക്കാൻ അനുവദിച്ചില്ലെങ്കിൽ കരാറിൽ താൽപര്യമില്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം വൈകീട്ട് മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ തകിടം മറിഞ്ഞു. രാഷ്ട്രീയ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊള്ളയാണിതെന്നു വ്യക്തമാണ്.

ആലപ്പുഴ ജില്ലയിലെ തോട്ടപ്പിള്ളിയിൽ നടത്തുന്ന കരിമണൽക്കൊള്ള, ആറാട്ടുപുഴ തൃക്കുന്നപ്പുഴ പ്രദേശത്ത് നാട്ടുകാരിടപെട്ട് കരിമണൽക്കടത്ത് തടഞ്ഞപ്പോൾ, അതിന് വടക്കുഭാഗത്ത് പൊഴിയുടെ വീതി കൂട്ടാനെന്ന പേരിൽ നൂറുകണക്കിന് ലോറികളിലൂടെ നടത്തുന്ന കരിമണൽക്കടത്ത്, കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തെ തൊണ്ണൂറ് ശതമാനവും കടലെടുപ്പിച്ച ഖനന പ്രവർത്തനങ്ങൾ, കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുമലയിൽ വൻ പരിസ്ഥിതിക നാശത്തിന് കളമൊരുക്കി സ്വകാര്യ കമ്പനിക്ക് ക്വാറിക്കും ക്രഷറിനും അനുമതി നല്കിയ പരിസ്ഥിതിദ്രോഹ നടപടികൾ…ജൂൺ 5-ന് മാത്രമുയരുന്ന സർക്കാറിൻ്റെ പരിസ്ഥിതി പ്രേമം കപടമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ലേഖകൻ.

ജൂൺ അഞ്ചിന് മാത്രമുള്ള സർക്കാറിൻ്റെ പരിസ്ഥിതി സ്നേഹം കാപട്യമാണ്

…………………

എക്കലും ചെളിയും കരടുകളും നീക്കം ചെയ്ത് നദികളിലെ നീരൊഴുക്ക് സുഗമമാക്കി പ്രളയം തടയുക എന്ന ലക്ഷ്യത്തോടെ ദുരന്ത നിവാരണ വകുപ്പ് നിർദേശം പാലിക്കാനാണ് പമ്പാ നദിയിലെ എക്കൽ, മണ്ണ് മുതലായവയുടെ ഖനനത്തിനായി പൊതുമേഖലാ സ്ഥാപനമായ കണ്ണൂരിലെ ക്ലെസെറാമിക്സിന് സർക്കാർ കരാറു നൽകിയതത്രേ. ആ കരാർ അവർ ഒരു സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകി. പക്ഷെ അവിടെ ഖനനം ചെയ്യാനോ ചെയ്ത എക്കലും മണ്ണുമടക്കമുള്ളവ വനത്തിന് പുറത്തു കൊണ്ടുപോകാനോ പാടില്ലെന്ന് വനം വകുപ്പ് സെക്രട്ടറി തടസവാദം ഉന്നയിച്ചതോടെ വലിയൊരു പകൽക്കൊള്ളയുടെ മുഖം പുറത്തുവന്നിരിക്കുന്നു.

വിഷയത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് സ്ഥാനമൊഴിയുന്നതും സ്ഥാനമേൽക്കുന്നതുമായ ചീഫ് സെക്രട്ടറിമാരും ഡിജിപിയും ദുരന്ത നിവാരണത്തിനുള്ള ഹെലികോപ്റ്ററിൽ കയറി പമ്പാ തീരത്തെ നിലക്കൽ എത്തി കാര്യങ്ങൾ നേരിട്ട് പരിശോധിച്ച് ഖനനം നടത്തുവാൻ അനുമതി നൽകുകയായിരുന്നു. ഇതു സംബന്ധിച്ച് ഒട്ടനവധി ചോദ്യങ്ങൾ ഉയർന്നു വന്നിരിക്കുന്നു. നിയമ ലംഘനങ്ങൾ നടന്നിരിക്കുന്നതായി വ്യക്തമായിരിക്കുന്നു. ചില പ്രാഥമിക ചോദ്യങ്ങൾ താഴെ പറയുന്നു.

1) ഈ മണ്ണും എക്കലും മറ്റും ഇക്കഴിഞ്ഞ ദിവസം ഉണ്ടായതല്ല.

2018 പ്രളയത്തിൽ അടിഞ്ഞതാണ്. ആ മണ്ണ് നീക്കാൻ 2020 മെയ് മാസത്തിൽ ഇവർ ഹെലികോപ്ടറിൽ പോയത് എന്തിന്?

ഇത്രയും കാലം മറന്നു പോയതോ? ചെളിയും എക്കലും നീക്കാൻ ഇത്ര താമസിപ്പിച്ചത് ഒരു പ്രതിസന്ധി സൃഷ്ടിച്ച് നിയമ ലംഘനം നടത്തുന്നതിനു വേണ്ടിയല്ലേ?

2) ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് ഖനനം എന്നതിനാൽ പരിസ്ഥിതി സംരക്ഷണ നിയമങ്ങളൊന്നും ബാധകമല്ലെന്നാണ് സർക്കാർ പറയുന്നത്.

ദുരന്ത നിവാരണനിയമം അനുസരിച്ച് ഒരു പരിസ്ഥിതി നിയമവും ബാധകമല്ല എന്ന് എവിടെയും പറയുന്നില്ല.

നദികളിൽ നിന്നും ചെളിയും മറ്റും നീക്കം ചെയ്യാൻ യന്ത്രങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വിധി പറയുന്നു. പക്ഷെ ദുരന്ത നിവാരണ നിയമമനുസരിച്ച് യന്ത്രം ഉപയോഗിക്കാം. അപ്പോഴും മണൽ ഖനനം പാടില്ല.

എത്രമാത്രം മണ്ണും ചെളിയും മാറ്റേണ്ടതുണ്ടെന്ന് ഒരു വിദഗ്‌ധ സമിതി പഠനം നടത്തണം. ഖനനം നടത്തുമ്പോൾ പുഴയുടെ അടിത്തട്ട് സ്വാഭാവിക തലത്തിനേക്കാൾ താഴെ പോകരുത്. അവിടെ ജലനിർഗമനത്തിനാവശ്യമായ മണൽ ഉണ്ടെന്ന് ഉറപ്പാക്കണം. പമ്പ വനത്തിനിടയിലൂടെ ഒഴുകുന്നു. പുഴയുടെ നിരപ്പ് താഴ്ന്നാൽ വനത്തിലെ ഭൂഗർഭജല നിരപ്പു കുറയും. കുളങ്ങൾ വറ്റും. കടുവാ സങ്കേതത്തിലെ മൃഗങ്ങൾക്ക് ജലം കിട്ടില്ല.

ഇപ്പോൾ ഖനനം ചെയ്യാൻ നൽകിയിരിക്കുന്ന അനുമതി ഏതു പഠനത്തിന്റെ, ആരുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ?

ജലവിഭവ വകുപ്പ്, റവന്യു വകുപ്പ് മുതലായവയുടെ ഉദ്യോഗസ്ഥർ തട്ടിക്കൂട്ടി ഉണ്ടാക്കിയ റിപ്പോർട്ട് എത്ര ആധികാരികമാണ്?

അവിടെനിന്നും എടുക്കുന്നത് മണൽ അല്ലായെന്ന് കമ്പനിയുടെ അധികാരികൾ പറയുന്നതു കേട്ടു. വെറും ചെളിക്കും മറ്റുമായി ഇത്ര പണം മുടക്കി ആരെങ്കിലും ഖനനം നടത്തുമോ? അതു വിറ്റാൽ തന്നെ എത്ര പണം കിട്ടും? അപ്പോൾ ഇവിടെ കച്ചവടം മണൽ ആണ്. തന്നെയുമല്ല ഖനനം ചെയ്തടുക്കുന്ന മണൽ എത്ര വീതം ആർക്കൊക്കെ നൽകണമെന്ന് മന്ത്രിസഭയുടെ തീരുമാനമുണ്ട്.

3) ദുരന്ത നിവാരണത്തിൽ മണലില്ല. മണ്ണും ചെളിയും നീക്കണമെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഈ ഉത്തരവ് നിയമവിരുദ്ധമാണ്.

നദികളിൽ നിന്ന് മണൽ വാരുന്നത് സംബന്ധിച്ചുള്ള സാന്റ് ആഡിറ്റ് ഇത്ര കാലമായിട്ടും പൂർത്തിയാകാത്തത് സ്ഥാപിത താൽപര്യങ്ങൾ മൂലമാണ്.

സെസ്, CWRDM തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഇവിടെ ഇല്ലേ? രണ്ടാഴ്ച

മുമ്പ് 70,000 ടൺ എന്നു പറഞ്ഞത് ഇപ്പോൾ 1,20,000 ആയതെങ്ങനെ? രണ്ടാഴ്ച കൊണ്ട് ഇത്രയധികം മണൽ ഒഴുകിവന്നുവോ?

4) ദുരന്ത നിവാരണനിയമം വച്ച് നദികളിലെ നീരൊഴുക്കിനുള്ള തടസ്സങ്ങൾ വാരിയെടുക്കാം. പക്ഷെ അത് കൊണ്ടു പോകുന്നതും വിൽക്കുന്നതുമെല്ലാം നിലവിലുള്ള നിയമങ്ങൾ പാലിച്ചാണ് ചെയ്യേണ്ടത്. വന സംരക്ഷണ നിയമമനുസരിച്ച് വനത്തിനകത്തു നിന്ന് എന്തെങ്കിലും പുറത്തു പോകണമെങ്കിൽ വനം വകുപ്പിന്റെ അനുമതി വേണം. അവർ അനുമതി നൽകണമെങ്കിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. അതായത് ഇവർ ഖനനം ചെയ്താലും അത് പുറത്തു കൊണ്ടുപോകാൻ കഴിയില്ല. കഴിഞ്ഞ വർഷങ്ങളിൽ ഇങ്ങനെ ഖനനം ചെയ്തെടുത്തവ വനം വകുപ്പിനു നൽകി. അവരുടെ ആവശ്യങ്ങൾക്ക് അതുപയോഗിച്ചു.

5) ഖനനം നടത്താൻ പൊതുമേഖലാ സ്ഥാപനത്തെയാണ് ഏൽപിച്ചിരിക്കുന്നതെന്ന വാദം നിലനിൽക്കില്ല. ഇന്ന് പൊതുമേഖല ഒരു വിശുദ്ധ പശുവൊന്നുമല്ല. മറ്റു പണിയില്ലാത്ത പാർട്ടിക്കാരെയും നേതാക്കളുടെ കുടുംബാംഗങ്ങളേയും കുടിയിരുത്താനുള്ള ലാവണം. ഈ സ്ഥാപനത്തിൽ ഒരു ബന്ധുവിനെ നിയമിച്ച വിവാദം മൂലം ഇപ്പോഴത്തെ ഒരു മന്ത്രിക്ക് സ്ഥാനം നഷ്ടപ്പെട്ടല്ലോ.

ഇത്തരം പൊതുമേഖലകളെ മുന്നിൽ നിർത്തി വൻ കമ്മീഷൻ തട്ടിപ്പുകൾ എല്ലാ ഭരണകാലത്തും നടന്നതിന്റെ നിരവധി തെളിവുകൾ ഉണ്ട്. ഈ സ്ഥാപനങ്ങൾ വെറും കമ്മീഷൻ ഏജന്റുമാർ മാത്രം. ആഭ്യന്തര വകുപ്പ് സംബന്ധിച്ച സി എ ജി റിപ്പോർട്ട് കെൽട്രോൺ തുടങ്ങിയ സ്ഥാപനങ്ങളെ തുറന്നു കാട്ടിയതാണ്.

ഇവിടെയും സ്വകാര്യ കമ്പനികൾക്ക് മണൽക്കൊള്ള നടത്തുന്നതിനുള്ള ഒരു മറ മാത്രമായി പ്രവർത്തിക്കുകയാണ് ഈ പൊതുമേഖലാ സ്ഥാപനം.

നൂറു കണക്കിന് കോടിയുടെ ഈ അഴിമതിയിലൂടെ പമ്പാ നദിയും അതിന്റെ വഴിയായ വനഭൂമിയും വൻ നാശം നേരിടുമെന്നു തീർച്ച.

വ്യവസായ മന്ത്രിയുടെ അടുത്തയാളാണ് പമ്പയിലെ ഖനനച്ചുമതലയുള്ള പൊതുമേഖലയുടെ തലവൻ. ഖനനം ചെയ്യുന്ന മണൽ വിൽക്കാൻ അനുവദിച്ചില്ലെങ്കിൽ കരാറിൽ താൽപര്യമില്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം വൈകീട്ട് മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ തകിടം മറിഞ്ഞു. രാഷ്ട്രീയ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊള്ളയാണിതെന്നു വ്യക്തമാണ്.

ഇതോടൊപ്പം തന്നെ ആലപ്പുഴ ജില്ലയിലെ തോട്ടപ്പിള്ളിയിൽ നടത്തുന്ന കരിമണൽക്കൊള്ളയും വലിയ പാരിസ്ഥിതിക ദുരന്തമാണ്. ധാതുസമ്പുഷ്ടമായ ആ കരിമണലിൽ ചില സ്വകാര്യക്കുത്തകകൾ കണ്ണു വച്ചിട്ട് പതിറ്റാണ്ടുകളായി. ആറാട്ടുപുഴ തൃക്കുന്നപ്പുഴ പ്രദേശത്തെ കരിമണൽ ഖനനം ചെയ്യാനുള്ള ശ്രമങ്ങളെ ജനങ്ങൾ മുന്നിട്ടിറങ്ങിയാണ് തടഞ്ഞത്.

ജൂൺ അഞ്ചിന് മാത്രമുള്ള സർക്കാറിൻ്റെ പരിസ്ഥിതി സ്നേഹം കാപട്യമാണ്

ഇപ്പോൾ അതിനു വടക്കു ഭാഗത്ത് പൊഴിയുടെ വീതി കൂട്ടാനെന്ന പേരിൽ നൂറു കണക്കിന് ലോറി കരിമണൽ ഇവിടെ നിന്നും കടത്തിക്കൊണ്ടിരിക്കുന്നു. നിയമപരമായ യാതൊരുവിധ അനുമതിയും ഈ ഖനനത്തിനില്ല. കൊല്ലം ചവറയിലെ പൊതുമേഖലാ സ്ഥാപനത്തിന്റെ പേരിൽ എടുക്കുന്ന ഈ കരിമണലിന്റെ യഥാർത്ഥ ഗുണഭോക്താവ് കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയാണ്. എല്ലാ യൂണിയൻ കക്ഷി ജാതി മത നേതൃത്വങ്ങളേയും തന്റെ കൈപ്പിടിയിലാക്കിയിട്ടുള്ള ഈ മുതലാളിയുടെ പാദസേവകരാണ് മാറി മാറി അധികാരത്തിലെത്തുന്നവർ.

ഈ ഖനനം സൃഷ്ടിക്കുന്ന ദുരന്തം ചെറുതല്ല.

കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമം തൊണ്ണൂറു ശതമാനത്തിലധികം കടലെടുത്തു കഴിഞ്ഞിരിക്കുന്നു. കടലിനും ടി.എസ് കായലിനും ഇടയിലെ ചെറിയ മണൽ വരമ്പാണ് ഇവർ മാന്തിയെടുക്കുന്നത്. അവിടെ കടൽ കിഴക്കോട്ടു കയറിയാൽ പിന്നെ സമുദ്ര നിരപ്പിനു താഴെയുള്ള അപ്പർ കുട്ടനാട് പൂർണമായും കടലാകും.

തോട്ടപ്പിള്ളിയിലെ പൊഴിയിൽ നിന്ന് മണലെടുത്താൽ നമ്മുടെ നെല്ലറയായ കുട്ടനാടിന്റെ വടക്കു ഭാഗമായ ലോവർ കുട്ടനാടും സ്വാഹ.

ഇതു സൃഷ്ടിക്കുന്ന പാരിസ്ഥിതികദുരന്തം ഒരു കാലത്തും തിരുത്താനാകാത്തതാണ്.

ഈ രണ്ടു കൊള്ളകളുടേയും പിന്നിൽ വ്യവസായ വകുപ്പിലെ ഉന്നതരാണ് എന്നു വ്യക്തം.

ജൂൺ അഞ്ചിന് മാത്രമുള്ള സർക്കാറിൻ്റെ പരിസ്ഥിതി സ്നേഹം കാപട്യമാണ്

ലോകം മുഴുവൻ കൊറോണയുടെ ആഘാതത്തിൽ തളർന്നിരിക്കുമ്പോൾ, കാലാവസ്ഥാ മാറ്റം എന്ന യാഥാർത്ഥ്യം തുടർച്ചയായി മൂന്നാം വർഷവും കേരളത്തിൽ പ്രളയവും ഉരുൾ പൊട്ടലുകളും ഉണ്ടാക്കുമെന്ന മുന്നറിയിപ്പുകൾ മുന്നിലുള്ളപ്പോൾ ഇത്ര ഭീമമായ പാരിസ്ഥിതികനാശം സൃഷ്ടിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന സർക്കാർ ഈ പരിസ്ഥിതി ദിനത്തിൽ കുറെ വൃക്ഷത്തൈകൾ നട്ടും സന്ദേശങ്ങൾ നൽകിയും ജനങ്ങളെ വഞ്ചിക്കുകയാണ്.

ജനകീയ പ്രതിരോധത്തിനുള്ള എല്ലാ സാധ്യതകളും പരിമിതപ്പെടുത്തിയ ഈ കാലത്ത് ഇങ്ങനെ കൊള്ള നടത്തുന്ന കപട ഭരണകൂടങ്ങൾ ജനാധിപത്യവ്യവസ്ഥക്കു തന്നെ അപമാനമാണ്.

പമ്പയും വനഭൂമിയും മണൽക്കൊള്ള കൊണ്ട് നശിപ്പിക്കുന്നവർ,

തോട്ടപ്പിള്ളിയിലെ കരിമണൽ ഊറ്റി കുട്ടനാടിന്റെ നിലനിൽപ്പു പോലും അപകടത്തിലാക്കുന്നവർ,

ഒരു നിയമവും പാലിക്കാതെ

ചെങ്കോട്ടുമല തുരന്ന് സമ്പത്ത് ചോർത്താൻ ശ്രമിക്കുന്നവർ,

തോട്ട പൊട്ടി ഗർഭിണിയായ പിടിയാന കൊല്ലപ്പെടുന്നതിന് വഴിയൊരുക്കുന്നവർ…

ആദ്യ മഴക്ക് ഒലിച്ചു പോകാവുന്ന എവിടെയെങ്കിലും ഒരു തൈ നട്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ഗീർവ്വാണം മുഴക്കുന്ന മറ്റൊരു പരിസ്ഥിതി ദിനം കൂടി വന്നിരിക്കുന്നു.