Movie prime

പാസില്ലാതെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച് ഖാർഘർ കേരള സമാജം

ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനിൽ പാസില്ലാതെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച് ഫേസ് ബുക്ക് പോസ്റ്റ്. അയ്യായിരത്തിലേറെ അംഗങ്ങളുള്ള ‘മുംബൈ മലയാളി ഒഫീഷ്യൽ’ എന്ന ഫേസ്ബുക്ക് പേജിലാണ് പാസ് കിട്ടിയില്ലെങ്കിലും യാത്ര മുടക്കരുതെന്നും അത്തരം യാത്രയ്ക്കുള്ള മുഴുവൻ സഹായവും സൗകര്യവും ചെയ്തു കൊടുക്കാമെന്നും വാഗ്ദാനം ചെയ്തുള്ള ഖാർഘർ കേരള സമാജത്തിൻ്റെ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡൽഹി-തിരുവനന്തപുരം രാജധാനി ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിൻ്റെ മറവിലാണ് കേരളത്തിൽ സാമൂഹ്യ വ്യാപന ഭീതിക്ക് ആക്കം കൂട്ടുന്ന More
 
പാസില്ലാതെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച്  ഖാർഘർ കേരള സമാജം

ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനിൽ പാസില്ലാതെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച് ഫേസ് ബുക്ക് പോസ്റ്റ്. അയ്യായിരത്തിലേറെ അംഗങ്ങളുള്ള ‘മുംബൈ മലയാളി ഒഫീഷ്യൽ’ എന്ന ഫേസ്ബുക്ക് പേജിലാണ് പാസ് കിട്ടിയില്ലെങ്കിലും യാത്ര മുടക്കരുതെന്നും അത്തരം യാത്രയ്ക്കുള്ള മുഴുവൻ സഹായവും സൗകര്യവും ചെയ്തു കൊടുക്കാമെന്നും വാഗ്ദാനം ചെയ്തുള്ള ഖാർഘർ കേരള സമാജത്തിൻ്റെ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഡൽഹി-തിരുവനന്തപുരം രാജധാനി ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിൻ്റെ മറവിലാണ് കേരളത്തിൽ സാമൂഹ്യ വ്യാപന ഭീതിക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള അറിയിപ്പ് നല്‌കിയിരിക്കുന്നത്. സമാജത്തിൻ്റെ സെക്രട്ടറി എം വി രാമകൃഷ്ണൻ്റെ ഫോൺ നമ്പർ സഹിതമാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഖാർഘറിൽ നിന്നും ട്രെയിനിൽ യാത്ര ചെയ്യുന്ന മലയാളികൾക്ക് യാത്രാ സൗകര്യം ഒരുക്കാൻ സമാജം തയ്യാറാണെന്നും പാസില്ലാത്തതിൻ്റെ പേരിൽ യാത്ര മുടക്കരുതെന്നും നാട്ടിൽ എത്തുമ്പോഴേക്കും പാസ് കിട്ടിയില്ലെങ്കിൽ സർക്കാർ ഒരുക്കുന്ന കൊറോണ കെയർ സെൻ്ററിൽ കഴിയേണ്ടി വരുമെന്നേയുള്ളൂ എന്നും വിഷയത്തെ അത്യന്തം ലാഘവത്തോടെ കാണുന്ന വിധത്തിലാണ് അറിയിപ്പ്.

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നു ദിവസമുളള പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ചയുടൻ തന്നെ കേരള സർക്കാർ അതിനുള്ള പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ അതിനു മുൻപായി, പാസിന് വേണ്ടി കോവിഡ് ജാഗ്രത പോർട്ടലിൽ അപേക്ഷ നല്കണം എന്ന നിർദേശമാണ് അതിൽ ഏറ്റവും പ്രധാനം. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിൽ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച നിബന്ധനകൾ പത്ര-ദൃശ്യ മാധ്യമങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ പ്രചരിപ്പിച്ചിട്ടുമുണ്ട്. സാമൂഹ്യ വ്യാപനം തടയാനുള്ള സർക്കാരിൻ്റെ ജാഗ്രതാ നിർദേശങ്ങളുടെ ഭാഗമാണ് പ്രസ്തുത നടപടി. പാസ് ലഭിച്ചതിനു ശേഷമേ ട്രെയിൻ ടിക്കറ്റ് എടുക്കാവൂ എന്ന അത്തരം പ്രത്യേക ജാഗ്രതാ നിർദേശം നിലവിലുള്ളപ്പോഴാണ് അത് ലംഘിക്കാൻ പരസ്യമായി ആഹ്വാനം ചെയ്ത് ഒരു സംഘടന, അതും മലയാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ചതെന്ന് അവകാശപ്പെടുന്ന സംഘടന, മുന്നോട്ടു വരുന്നത് എന്നത് അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണ്.