Movie prime

ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കായി ആരോഗ്യ സഹായ പദ്ധതി 

 

മില്‍മ മലബാര്‍ മേഖല യൂണിയനിലെ അംഗസംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകരുടെ മക്കള്‍ക്ക് ക്ഷീര കാരുണ്യ ഹസ്തം ആരോഗ്യ സഹായ പദ്ധതി മില്‍മ പ്രഖ്യാപിച്ചു. കര്‍ഷകരുടെ 18 വയസില്‍ താഴെ പ്രായമുള്ള ടൈപ്പ് ഒന്ന് പ്രമേഹം ബാധിച്ച കുട്ടികള്‍ക്കാണ് സഹായം നല്‍കുന്നത്.

ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് ജൂലൈ ഒന്നിന് രണ്ട് മണിക്ക് ഓണ്‍ലൈനിലൂടെ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തും.
മലബാര്‍ മേഖല യൂണിയനിലെ അംഗസംഘങ്ങളിലെ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്കാണ് ക്ഷീര കാരുണ്യ ഹസ്തത്തിന്‍റെ സഹായം ലഭിക്കുന്നത്. പ്രമേഹ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന ഇന്‍സുലിന്‍ മരുന്നിന്‍റെ മുഴുവന്‍ ചെലവും ഡോക്ടറുടെ ഫീസുമടക്കം നല്‍കുന്നതാണ് പദ്ധതി. രാജ്യത്ത് ക്ഷീരകര്‍ഷകരുടെ മക്കള്‍ക്ക് ആരോഗ്യപരിരക്ഷാ സഹായം നല്‍കുന്ന ഇത്തരത്തിലെ ആദ്യ പദ്ധതികളിലൊന്നാകും ഇത്.  

18 വയസ്സില്‍ താഴെയുള്ളവരുടെ പ്രമേഹം സമൂഹത്തില്‍ വര്‍ധിച്ചു വരികയാണെങ്കിലും അതെക്കുറിച്ച് പലരും പുറത്ത് പറയാന്‍ മടിക്കുകയാണ്. രോഗബാധിതരില്‍ കൂടുതലും പെണ്‍കുട്ടികളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. മക്കള്‍ക്ക് രോഗം വന്നാല്‍ ക്ഷീരകര്‍ഷകര്‍ക്ക് വലിയൊരു തുക ഇവരുടെ ചികിത്സാചെലവിലേക്കായി മാറ്റി വയ്ക്കേണ്ടി വരികയാണ്. ക്ഷീര കാരുണ്യഹസ്ത പദ്ധതി അതു കൊണ്ടു തന്നെ കര്‍ഷകര്‍ക്ക് വലിയ പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

നിലവില്‍ മലബാര്‍ മേഖലാ യൂണിയനിലെ അംഗസംഘങ്ങളില്‍ പാല്‍നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ട്. അവരുടെ പേരില്‍ എസ്ബിഐ വഴി നിശ്ചിത തുക നിക്ഷേപിക്കുകയും പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ആ തുക പെണ്‍കുട്ടികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി.