Movie prime

ജെ എൻ യു അക്രമത്തിൽ കേന്ദ്ര സർക്കാറിനെതിരെ പരക്കെ വിമർശനം

വിദ്യാർഥി യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷിന്റെയും അധ്യാപിക സുചരിത സെന്നിന്റെയും തല അടിച്ചു പൊട്ടിക്കുകയും കാമ്പസിലുടനീളം ഭീതിപരത്തി മുഖം മൂടി ആക്രമണം നടത്തുകയും ഒട്ടേറെ വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേൽക്കുകയും ചെയ്ത ജെ എൻ യു സംഭവത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളെല്ലാം കേന്ദ്രസർക്കാറിനെ നിശിതമായി വിമർശിച്ചു. വിദ്യാർഥികളേയും അധ്യാപകരേയും ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ പൊലീസ് നിഷ്ക്രിയരായി, കാഴ്ചക്കാരെപ്പോലെ നിന്നതായി നേതാക്കൾ ആരോപിച്ചു. എ ബി വി പി യാണ് അക്രമത്തിനു പിന്നിലെന്ന് ജെ എൻ More
 
ജെ എൻ യു അക്രമത്തിൽ കേന്ദ്ര സർക്കാറിനെതിരെ പരക്കെ വിമർശനം
വിദ്യാർഥി യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷിന്റെയും അധ്യാപിക സുചരിത സെന്നിന്റെയും തല അടിച്ചു പൊട്ടിക്കുകയും കാമ്പസിലുടനീളം ഭീതിപരത്തി മുഖം മൂടി ആക്രമണം നടത്തുകയും ഒട്ടേറെ വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേൽക്കുകയും ചെയ്ത ജെ എൻ യു സംഭവത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളെല്ലാം കേന്ദ്രസർക്കാറിനെ നിശിതമായി വിമർശിച്ചു. വിദ്യാർഥികളേയും അധ്യാപകരേയും ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ പൊലീസ് നിഷ്ക്രിയരായി, കാഴ്ചക്കാരെപ്പോലെ നിന്നതായി നേതാക്കൾ ആരോപിച്ചു.
എ ബി വി പി യാണ് അക്രമത്തിനു പിന്നിലെന്ന് ജെ എൻ യു വിദ്യാർഥി യൂണിയൻ കുറ്റപ്പെടുത്തി. അക്രമത്തിനു തൊട്ടു പിന്നാലെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ മുഖം മൂടി ധരിച്ച അക്രമികൾ വടിയും ദണ്ഡുകളും ഉൾപ്പെടെയുള്ള ആയുധങ്ങളോടെ കാമ്പസിനുള്ളിൽ പ്രവേശിക്കുന്നതും ഹോസ്റ്റലുകളിൽ കയറി അക്രമം അഴിച്ചുവിടുന്നതും കാണാം. ബി ജെ പി സർക്കാർ പിന്തുടരുന്ന ഭിന്നിപ്പിച്ച് ഭരിക്കൽ നയത്തിന്റെ ഫലമാണ് ജെ എൻ യു അക്രമം എന്ന് കോൺഗ്രസ് ആരോപിച്ചു. വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിൽ ഈ സർക്കാർ വൻപരാജയമാണ്. അക്രമികളുടെ പേരുവിവരം രാജ്യത്തോട് വെളിപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വിദ്യാർഥികളെയും അധ്യാപകരെയും മുഖം മറച്ച അക്രമികൾ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങൾ ഞെട്ടലുളവാക്കിയെന്ന് കോൺഗ്രസ് മുൻ പ്രസിഡണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം കൈപ്പിടിയിൽ ഒതുക്കിയ ഫാസിസ്റ്റുകൾക്ക് ധീരരായ വിദ്യാർഥികളെ ഇത്രയേറെ ഭയമാണോ എന്ന് അദ്ദേഹം ചോദിച്ചു.
ജെ എൻ യു വിദ്യാർഥികളുടെയും അധ്യാപകരുടെയും മേൽ അഴിച്ചുവിട്ട അക്രമപ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരും എ ബി വി പി ഗുണ്ടകളും ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു.
അക്രമത്തിൽ പരിക്കേറ്റ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിട്ടുള്ള വിദ്യാർഥികളെയും അധ്യാപകരെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. ഗുണ്ടകൾ കാമ്പസിൽ കടന്നുകയറി അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് വിദ്യാർഥികൾ തന്നോട് പറഞ്ഞതായി അവർ അറിയിച്ചു. പലതവണ തന്റെ തലയിൽ ബൂട്ടിട്ട് ചവിട്ടിയതായി ഒരു വിദ്യാർഥി തന്നോട് പറഞ്ഞു. സ്വന്തം കുട്ടികളുടെ മേൽ ഇത്രയേറെ ഹീനമായ അക്രമം അഴിച്ചുവിടുന്നത് അനുവദിക്കുകയും അതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഒരു സർക്കാർ അസഹനീയമാണെന്ന് അവർ പറഞ്ഞു.
ജെ എൻ യു വിനോട് കടുത്ത ശത്രുതാമനോഭാവം വെച്ചുപുലർത്തുന്ന മോദി സർക്കാർ സ്പോൺസർ ചെയ്ത തീവ്രവാദ പ്രവർത്തനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു. അക്രമം ആസൂത്രിതമായിരുന്നു. സർവകലാശാല ഭരണസമിതിയുടെ പിന്തുണയോടെയാണ് ഈ ഹീനകൃത്യം അരങ്ങേറിയിട്ടുള്ളത്. ഗുണ്ടകൾ ബി ജെ പിക്കാർ തന്നെ – സുർജേവാല കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൗനാനുമതി ഇല്ലാതെ ഇത്തരം ഒരു അക്രമം രാജ്യ തലസ്ഥാനത്ത് അരങ്ങേറുമെന്ന് കരുതുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
ആക്രമണത്തിന് ഇരയായവരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു. തൊണ്ണൂറു വർഷം മുൻപ് ജർമനിയിൽ ഉണ്ടായിരുന്ന ഭരണത്തെയാണ് ജെ എൻ യു അക്രമം ഓർമിപ്പിക്കുന്നത്. ഈ കാടത്തം നിന്ദ്യമാണെന്നും ജനാധിപത്യത്തിന് തീരാകളങ്കമാണെന്നും തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അഭിപ്രായപ്പെട്ടു. അസഹിഷ്ണുതയു ടെ ഇത്തരത്തിലുള്ള തേർവാഴ്ച ഭയാനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. അക്രമത്തിന്റെ തോത് ആസൂത്രണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. ചോരപ്പുഴയൊഴുക്കി സർവകലാശാലകളെ നിശബ്ദമാക്കാനുള്ള പൈശാചിക കൃത്യത്തിൽ നിന്ന് സംഘപരിവാർ പിൻവാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജെ എൻ യു അക്രമം അതീവ ലജ്ജാകരമാണെന്ന് അഭിപ്രായപ്പെട്ട ബി എസ് പി നേതാവ് മായാവതി സംഭവത്തെ ഗൗരവത്തോടെ കണക്കിലെടുക്കാൻ കേന്ദ്രത്തോട് ആഹ്വാനം ചെയ്തു. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യവും അവർ ഉന്നയിച്ചു.
നമ്മുടെ സർവകലാശാലകളെ കുരുതിക്കളങ്ങളാക്കി മാറ്റുന്നത് കേന്ദ്രസർക്കാർ പിന്തുണക്കുന്ന തെമ്മാടികളാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ശിക്ഷിക്കപ്പെടില്ല എന്ന ധൈര്യത്തോടെയാണ് അക്രമികൾ അഴിഞ്ഞാടിയതെന്നും ക്യാമറകൾക്ക് മുൻപിലെ അവരുടെ പ്രകടനം അത് തെളിയിക്കുന്നുണ്ടെന്നും കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി ചിദംബരം അഭിപ്രായപ്പെട്ടു.
1930 -കളിലെ ജർമനിയോട് താരതമ്യം ചെയ്താണ് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. ജനാധിപത്യത്തെയാണ് ഇവർ കൊലചെയ്യുന്നത്. ലോകത്തെ മുഴുവൻ ജനാധിപത്യ രാഷ്ട്രങ്ങളുടെയും മുൻപിൽ നമ്മുടെ രാജ്യം നാണംകെട്ടിരിക്കുന്നു- അദ്ദേഹം പറഞ്ഞു.