Movie prime

ഇരു സർക്കാരുകളും തീരുമാനിച്ചാൽ കശ്‍മീർ പ്രശ്‍നം പരിഹരിക്കാം: ഇമ്രാൻഖാൻ

ഇരു രാജ്യങ്ങളും സമാധാനത്തിൽ ശ്രദ്ധയൂന്നണമെന്നും അഭിപ്രായ ഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും രണ്ടുകൂട്ടരും തീരുമാനമെടുത്താൽ കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണാനാവുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ സ്പുട്നിക്കിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻഖാൻ മനസ്സ് തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പൊതുതെരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയം, ഇന്ത്യ-പാകിസ്താൻ ബന്ധം മെച്ചപ്പെടുത്താനും മേഖലയിൽ സമാധാനം സ്ഥാപിക്കാനും പ്രേരകമാവും എന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കശ്മീരിലെ പുൽവാമയിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ നടത്തിയ ചാവേർ More
 
ഇരു സർക്കാരുകളും തീരുമാനിച്ചാൽ കശ്‍മീർ പ്രശ്‍നം പരിഹരിക്കാം: ഇമ്രാൻഖാൻ

ഇരു രാജ്യങ്ങളും സമാധാനത്തിൽ ശ്രദ്ധയൂന്നണമെന്നും അഭിപ്രായ ഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും രണ്ടുകൂട്ടരും തീരുമാനമെടുത്താൽ കശ്‍മീർ അടക്കമുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണാനാവുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ സ്പുട്നിക്കിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻഖാൻ മനസ്സ് തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പൊതുതെരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയം, ഇന്ത്യ-പാകിസ്താൻ ബന്ധം മെച്ചപ്പെടുത്താനും മേഖലയിൽ സമാധാനം സ്ഥാപിക്കാനും പ്രേരകമാവും എന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

കശ്‍മീരിലെ പുൽവാമയിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായത്. ലോക് സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൽ മോദിയെ അഭിനന്ദിച്ച് ഇമ്രാൻഖാൻ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ രാജ്യങ്ങൾക്കിടയിലുള്ള സമ്പർക്കം പുനഃസ്ഥാപിക്കുവാനുള്ള നീക്കങ്ങളൊന്നും നിലവിൽ നടക്കുന്നില്ല.

സമാധാനം പുനഃസ്ഥാപിക്കുന്നതിലും അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിലും കശ്‍മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും ഇരു രാജ്യങ്ങളും ശ്രദ്ധയൂന്നണം എന്ന് പാക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
” നിർഭാഗ്യവശാൽ, ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ വലിയ നിലയിൽ പുരോഗതി ഉണ്ടായിട്ടില്ല. എന്നാൽ നരേന്ദ്രമോദിക്ക് അനുകൂലമായി ലഭിച്ച വലിയ ജനവിധിയിൽ പ്രതീക്ഷയുണ്ട്. ഉപഭൂഖണ്ഡത്തിൽ സമാധാനം ഉറപ്പാക്കാനും ബന്ധങ്ങൾ മെച്ചപ്പെടുത്താനും അത് പ്രേരകമാവുമെന്നാണ് പ്രതീക്ഷ” ഇമ്രാൻഖാൻ അഭിപ്രായപ്പെട്ടു.

ഏപ്രിൽ, മെയ് മാസങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന് മുൻപും ഈ ദിശയിൽ ചില നീക്കങ്ങൾ പാകിസ്താൻ നടത്തിയിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ അത് മുന്നോട്ടുപോയില്ല. ഇലക്ഷൻ കാലത്ത് മോദിയുടെ പാർട്ടി ജനങ്ങളിൽ പാക് വിരുദ്ധ ഹിസ്റ്റീരിയ വളർത്താനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ സമാധാനശ്രമങ്ങൾ വിജയം കാണാതെപോയി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ഥിതിഗതികൾ മാറിയിരിക്കുന്നു. വരും നാളുകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ആണവായുധങ്ങൾ കൈവശമുള്ള രണ്ടു രാജ്യങ്ങളെ സംബന്ധിച്ച് തർക്കങ്ങൾക്ക് സൈനികമായ പരിഹാരം കാണാൻ ശ്രമിക്കുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അത്തരം നീക്കം ഭ്രാന്തമായിരിക്കും.

ഇന്ത്യ, പാകിസ്താൻ തർക്കത്തിൽ റഷ്യയുടെ ഇടപെടൽ സ്വീകാര്യമാണോ എന്ന ചോദ്യത്തിന് സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഏതു തരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും തങ്ങൾ അനുകൂലമാണെന്നും അദ്ദേഹം മറുപടി പറഞ്ഞു. സമാധാനത്തിലൂടെ മാത്രമേ മേഖലയിൽ ഉന്നമനം കൈവരിക്കാനാവൂ. സംഘർഷങ്ങൾ നിലനിൽക്കുന്നതുകൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല. ആയുധങ്ങൾക്കായി അനാവശ്യമായി ചിലവാക്കുന്ന തുക ജനങ്ങൾക്കായി വിനിയോഗിക്കാം. മുഴുവൻ അയൽക്കാരുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്.
സിഖ് മത സ്ഥാപകൻ ഗുരുനാനാക് തന്റെ അവസാന നാളുകൾ ചെലവഴിച്ച ഗുരുദ്വാരയുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന കർത്താപ്പുർ ഇടനാഴിയെക്കുറിച്ചുള്ള നിർദേശം ഇക്കാര്യത്തിൽ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ക്രിയാത്മക ഇടപെടലായി പാക് പ്രധാനമന്ത്രി വിലയിരുത്തി. ജനങ്ങൾക്കിടയിലുള്ള പരസ്പര സമ്പർക്കം മെച്ചപ്പെടുത്താനുള്ള തന്റെ രാജ്യത്തിൻറെ നിർദേശത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുകൾ തമ്മിലുള്ള ബന്ധം ശക്തമായാലേ ജനങ്ങൾക്കിടയിലുള്ള വിനിമയങ്ങളും ശക്തിപ്പെടൂ. സർക്കാരുകൾ പരസ്പരം ശത്രുത പുലർത്തുമ്പോൾ ജനങ്ങൾക്കിടയിൽ പരസ്പര സൗഹാർദ്ദം പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല.