Movie prime

നിയമസഭാ സമ്മേളനം ഒക്‌ടോബർ 28 മുതൽ

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒക്ടോബർ 28ന് ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂർണമായും നിയമനിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 28ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലുള്ള പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും തുടർന്ന് പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും. 2019ലെ കേരള വെറ്ററിനറിയും ജന്തു ശാസ്ത്രങ്ങൾ More
 
നിയമസഭാ സമ്മേളനം ഒക്‌ടോബർ 28 മുതൽ

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒക്‌ടോബർ 28ന് ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂർണമായും നിയമനിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 28ന് സത്യപ്രതിജ്ഞ ചെയ്യും.

നിലവിലുള്ള പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും തുടർന്ന് പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.

2019ലെ കേരള വെറ്ററിനറിയും ജന്തു ശാസ്ത്രങ്ങൾ സർവകലാശാല (ഭേദഗതി) ബിൽ. 2019ലെ കേരള അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവ 28ന് പരിഗണിക്കും. 2019ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കൽ സയൻസസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബിൽ, 2019ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ എന്നിവ 29ന് പരിഗണിക്കും.
2019-20ലെ ബഡ്ജറ്റിലെ ഉപധനാഭ്യർഥനകളുടെ സമർപ്പണം 29നും അതിലുള്ള ചർച്ചയും വോട്ടെടുപ്പും നവംബർ അഞ്ചിനും നടക്കും. നിയമനിർമാണത്തിനായി നീക്കിവച്ചിട്ടുള്ള മറ്റ് ദിവസങ്ങളിൽ ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകൾ സഭ പരിഗണിക്കും.

മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിയമസഭയുടെ ഒരു പ്രത്യേക അനുസ്മരണ സമ്മേളനം നവംബർ ഒന്നിന് നടത്തും. കാര്യോപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാവും ഇത് നടത്തുക.

ബഹുമുഖമായ മാധ്യമ ഇടപെടലുകൾ നടത്തുന്നതിന് കേരള നിയമസഭയെ സജ്ജമാക്കുന്നതിനും നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് പൊതുജനങ്ങളുടേയും വിദ്യാർഥികളുടേയും ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഉതകുന്ന വിവിധ പരിപാടികൾ നിർമിച്ച് അവ ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നതിനും ഓൺലൈൻ സ്ട്രീമിങ്ങ് നടത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. സഭാ ടി.വി. നവംബർ പകുതിയോടെ പ്രവർത്തനം തുടങ്ങും.

സമ്പൂർണ കടലാസ്‌രഹിത നിയമസഭ അഥവാ ‘ഇ’ നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്നു. സഭയുടെ അടുത്ത ബജറ്റ് സമ്മേളനം പുതിയ സംവിധാനത്തിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.

ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി രണ്ട്, മൂന്ന് തിയതികളിൽ നിയമസഭാ സമുച്ചയത്തിൽ നടക്കും. പതിനാറാം സമ്മേളനം നവംബർ 21ന് അവസാനിക്കുമെന്ന് സ്പീക്കർ പറഞ്ഞു.