Movie prime

കോവിഡ് അനാഥരാക്കിയത് 1,700 കുട്ടികളെ

 
കോവിഡ് അനാഥരാക്കിയത് 1,700 കുട്ടികളെ, 7,400 പേർക്ക് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായി- ദേശീയ ബാലാവകാശ കമ്മിഷൻ സുപ്രീം കോടതിയിൽ

കോവിഡ് ബാധിച്ച് ഉറ്റവരും ഉടയവരും നഷ്ടമായ 1,700-ഓളം കുട്ടികൾ രാജ്യത്തുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. 7,400 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെ, ഒന്നുകിൽ പിതാവിനെ അല്ലെങ്കിൽ മാതാവിനെ നഷ്ടമായെന്നും ദേശീയ ബാലാവകാശ കമ്മിഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

രാജ്യമൊട്ടാകെ ദുരന്തങ്ങൾ വാരിവിതച്ച കോവിഡ് മഹാമാരി കുട്ടികളുടെ ലോകത്തെ എങ്ങിനെ ദുരിതപൂർണമാക്കി എന്നതിൻ്റെ ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവര കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പലപ്പോഴും യഥാർഥത്തിൽ ഉള്ളതിനേക്കാൾ എത്രയോ ചെറുതാണ് എന്ന ആശങ്കയും ഇതാടൊപ്പം വർധിക്കുകയാണ്.
  
കോവിഡ് -19 മഹാമാരിയിൽ രാജ്യത്താകെ അനാഥരായത് 1,700 കുട്ടികളാണ്. 140 കുട്ടികൾ തെരുവിൽ അലയാൻ നിർബന്ധിതരായി. നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ‌സി‌പി‌സി‌ആർ) ഇന്നലെയാണ് ഇതു സംബന്ധിച്ച സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികളെ കോവിഡ് വൈറസ് ബാധയിൽനിന്ന് സംരക്ഷിക്കുന്നതിനായി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്നതിനിടെ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി ആവശ്യപ്പെട്ടതു പ്രകാരമാണ് ഇത്തരമൊരു സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിക്കാൻ ദേശീയ ബാലാവകാശ കമ്മിഷൻ നിർബന്ധിതരായത്.  

നേരത്തേ അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ കോടതിയിൽ ഹാജരാക്കിയ ഒരു നോട്ടിൽ കോവിഡ് മഹാമാരി അനാഥരാക്കിയ കുട്ടികളുടെ ജീവൽ പ്രശ്നങ്ങളിലേക്ക് കോടതിയുടെ അടിയന്തര ശ്രദ്ധ ക്ഷണിച്ചിരുന്നു. അത്തരം കുട്ടികൾക്ക് ഭക്ഷണം, റേഷൻ, പാർപ്പിടം, വസ്ത്രം എന്നിവ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് ബാലാവകാശ കമ്മിഷനു വേണ്ടി ഹാജരായ അഭിഭാഷക സ്വരുപമ ചതുർ‌വേദി ഇക്കാര്യങ്ങൾ അറിയിച്ചത്.

കോവിഡ് പ്രതിസന്ധി മൂലം ഉപേക്ഷിക്കപ്പെട്ടതോ അനാഥരാക്കപ്പെട്ടതോ രക്ഷകർത്താക്കളിൽ ഒരാളെങ്കിലും നഷ്ടപ്പെട്ടതോ ആയ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനായി രാജ്യത്തെ ജില്ലാ ഭരണാധികാരികളെ ചുമതലപ്പെടുത്തുന്ന 'ബാൽ സ്വരാജ് ' എന്ന വെബ് പോർട്ടലിന് തുടക്കം കുറിച്ചിരുന്നു.  

2020 മാർച്ച് മുതലുള്ള ഡാറ്റ അപ്‌ലോഡ് ചെയ്യാൻ എല്ലാ സംസ്ഥാനങ്ങൾക്കും കോടതി നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച സത്യവാങ്മൂലമാണ് കമ്മിഷൻ കോടതിയിൽ സമർപ്പിച്ചത്. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

എൻ‌ സി‌ പി‌ സി‌ ആർ ശേഖരിച്ച കണക്കനുസരിച്ച് 2020 മാർച്ച് മുതൽ 1,742 കുട്ടികൾ രാജ്യത്ത് കോവിഡ് മൂലം അനാഥരായിട്ടുണ്ട്. 140 കുട്ടികളെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളിൽ ഒരാളെയെങ്കിലും നഷ്ടമായ കുട്ടികളുടെ എണ്ണം 7,464 ആണ്. 25 സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത സ്ഥിതി വിവര കണക്കാണിത്.  

ഒദ്യോഗിക കണക്ക് മാത്രം കണക്കിലെടുത്താൽ 9,346 കുട്ടികളാണ് ഇത്തരത്തിൽ കോവിഡ് മൂലം അതീവ ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. ദുരിതബാധിതരായ കുട്ടികളുടെ എണ്ണത്തിൽ  മധ്യപ്രദേശാണ് ഏറ്റവും മുന്നിലുള്ളത്. 

318 കുട്ടികൾ. ബിഹാറിൽ 292 പേരും ഉത്തർപ്രദേശിൽ 270 പേരും അനാഥരാക്കപ്പെട്ടു. 2020 മാർച്ച് മുതൽ 2021 മെയ് 29 വരെയുള്ള കാലയളവിൽ തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ നൂറിലധികം കുട്ടികൾ അനാഥരായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഉദ്ദേശ്യത്തെപ്പറ്റി കമ്മിഷൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെയാണ്. കോവിഡ്-19 ഗുരുതരമായി ബാധിച്ച കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ മുഴുവൻ അതത് ജില്ലകളിലെ ചൈൽഡ് വെൽ‌ഫെയർ കമ്മിറ്റികളുടെ ശ്രദ്ധയിൽ കൊണ്ടുവരിക, കുട്ടികളുടെ പുനരധിവാസവും തുടർജീവിതവും ക്ഷേമവുമെല്ലാം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. 

ബന്ധപ്പെട്ട ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥർ മുഖേന ഡാറ്റ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, കുട്ടികൾക്ക് അർഹമായ ആനുകൂല്യങ്ങളും ധനസഹായവും ലഭിച്ചിട്ടുണ്ടോ എന്ന് കമ്മിഷൻ കണ്ടെത്തുന്നു. എൻ‌ സി‌ പി‌ സി‌ ആർ രേഖകൾ പ്രകാരം അനാഥരായവരും ഒരു രക്ഷിതാവിനെയെങ്കിലും നഷ്ടപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളുടെ എണ്ണം ഉത്തർപ്രദേശിൽ 2,110 ആണ്. 

ബിഹാറിൽ ഇത്തരത്തിൽ 1,327 കുട്ടികളുണ്ട്.  കേരളത്തിലും ഇത്തരം കുട്ടികളുടെ എണ്ണം വളരെ വലുതാണ്. ഏതാണ്ട് ആയിരത്തിനടുത്ത്, കൃത്യമായിപ്പറഞ്ഞാൽ 952. അനാഥരാക്കപ്പെട്ട രണ്ടു പേരും രക്ഷിതാക്കളിൽ ഒരാൾ നഷ്ടമായ മൂന്നു പേരും ഉൾപ്പെടെ ഡൽഹിയിൽ  അഞ്ച് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  

മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ കുട്ടികൾക്കും സാമ്പത്തിക സഹായം നൽകണമെന്ന് കമ്മിഷൻ കോടതിയോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് കുടുംബാംഗങ്ങളിൽ ആരെങ്കിലും മരണമടഞ്ഞതിനാൽ വരുമാനം നിലച്ച കുടുംബങ്ങളിലെ കുട്ടികളെയും ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്താനും മറ്റു ധനസഹായ പദ്ധതികളിൽ അവരെ ചേർക്കാനും അമിക്കസ് ക്യൂറി ഗൗരവ് അഗർവാളും ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക സഹായം ലഭ്യമാക്കി കുട്ടികളെ നിലവിലെ കുടുംബ പരിതസ്ഥിതിയിൽ തുടരാൻ അനുവദിക്കണം. കുട്ടികൾ അവരുടെ പഠനം തുടരുന്നുവെന്ന് ഉറപ്പാക്കണം. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ് - കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമ്മിഷൻ ആവശ്യപ്പെടുന്നു.