Movie prime

ലക്ഷദ്വീപ്: കേരള നിയമസഭ പ്രമേയം പാസ്സാക്കി 

 

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കാനും ദ്വീപ് നിവാസികളുടെ ജീവിതവും സംസ്കാരവും ഉപജീവനോപാധികളും സംരക്ഷിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കേരള നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കി. ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് അവതരിപ്പിച്ചത്.  പ്രതിപക്ഷം കൊണ്ടുവന്ന ചില ഭേദഗതികളോടെയാണ് പ്രമേയം പാസ്സാക്കിയത്.

അഡ്മിനിസ്ട്രേറ്ററുടെ വികലമായ ഭരണ പരിഷ്കാരങ്ങളെ അതിരൂക്ഷമായി വിമർശിക്കുന്ന പ്രമേയം ദ്വീപിനെച്ചൊല്ലി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾ ഉയർത്തിയ ആശങ്കകളെ പങ്കുവെയ്ക്കുന്നതാണ്. ലക്ഷദ്വീപിൻ്റെ ആവാസ വ്യവസ്ഥയെ തകർക്കുന്നതും ജനജീവിതത്തെ അപകടകരമായ വിധത്തിൽ ബാധിക്കുന്നതും സ്വാഭാവിക ബന്ധങ്ങളെ ഇല്ലാതാക്കുന്നതുമാണ് അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങളെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

കോർപ്പറേറ്റ് താത്പര്യങ്ങൾക്കും ഹിന്ദുത്വ അജണ്ടകൾക്കും ദ്വീപ് നിവാസികളെ അടിമപ്പെടുത്താനുള്ള നീക്കം പിൻവലിക്കണം. ജനാധിപത്യ സംസ്കാരം ഇല്ലാതാക്കുന്ന നടപടികളാണ് ദ്വീപിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ജനങ്ങളെ അടിമപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കാവി അജണ്ടയാണ് ലക്ഷദ്വീപിനു മേൽ അടിച്ചേല്പിക്കുന്നത്. പിൻവാതിലിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമം.

ദ്വീപ് നിവാസികളുടെ സ്വാഭാവികമായ പ്രതിഷേധത്തെപ്പോലും അടിച്ചമർത്താനാണ് ഗുണ്ടാ നിയമം അടിച്ചേല്പിക്കുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെ റദ്ദാക്കുന്നതും നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ ഇല്ലാതാക്കുന്നതുമായ നടപടികൾക്കാണ് അഡ്മിനിസ്ട്രേറ്റർ തുടക്കം കുറിച്ചിരിക്കുന്നത്. ഉപജീവന മാർഗമായ മത്സ്യ ബന്ധനം തടസ്സപ്പെടുത്തുന്നതും ഗോമാംസം നിരോധിക്കുന്നതും ജനജീവിതത്തെ ദോഷകരമായി ബാധിക്കും. തെങ്ങിനു മേൽ പോലും കാവി നിറം പൂശണം എന്ന നിർദേശം ഞെട്ടിക്കുന്നതാണ്. രണ്ടു കുട്ടികളിൽ കൂടുതലുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല എന്ന നിബന്ധന രാജ്യത്തുതന്നെ മറ്റെവിടെയും കേട്ടുകേൾവിയില്ലാത്തതാണ്.

സംഘപരിവാർ അജണ്ടകളുടെ പരീക്ഷണ ശാലയാക്കി ദ്വീപിനെ മാറ്റരുത്. അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചു വിളിക്കണം. ദ്വീപ് ജനതയുടെ സവിശേഷതകൾ നിലനിർത്താൻ കേന്ദ്രം ഇടപെടണം. ദ്വീപ് പഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുക്കാനും അധികാര കേന്ദ്രമായി അഡ്മിനിസ്ട്രേഷനെ മാറ്റാനുമുള്ള നീക്കം ദ്വീപിൻ്റെ ഭാവിയെത്തന്നെ ഇരുളടഞ്ഞ താക്കി മാറ്റും. ഭൂമിയുടെ മേൽ ദ്വീപു നിവാസികൾക്കുള്ള സ്വാഭാവികമായ അവകാശങ്ങൾ പോലും കവർന്നെടുക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ലക്ഷദ്വീപിനെ കോർപ്പറേറ്റുകൾക്ക് അടിയറ വെയ്ക്കാനുള്ള ശ്രമങ്ങളെ കേരള നിയമസഭ ഒറ്റക്കെട്ടായി എതിർക്കുന്നു. ജനതയെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിമപ്പെടുത്താനും ജനാധിപത്യ സംസ്കാരം തന്നെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളെ അതിശക്തമായി അപലപിക്കുന്നു. 

ലക്ഷദ്വീപിനു വേണ്ടി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പൂർണമായി പിന്തുണയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നമ്മുടെ രാജ്യത്ത് വേറെ എവിടെയും പോയാൽ കാണാത്തത്ര നിഷ്കളങ്കരായ മനുഷ്യരാണ് ലക്ഷദ്വീപിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നിഷ്കളങ്കരായ ആ മനുഷ്യരുടെ ജീവിതത്തിൻ്റെ സ്വസ്ഥതയും സമാധാനവും തകർക്കുന്ന ക്രൂരമായ നടപടികളാണ് കേന്ദ്ര സർക്കാർ അഡ്മിനിസ്ട്രേറ്ററിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയ്ക്ക് കാവലാൾ ആവേണ്ട ഭരണകൂടം തന്നെ അതിനെ അതിലംഘിക്കുന്ന കാഴ്ചകൾക്കാണ് നാളുകളായി നാം സാക്ഷ്യം വഹിക്കുന്നത്. ലക്ഷദ്വീപ് ജനതയുടെ ജീവിതവും ജീവനോപാധികളും സംസ്കാരവും സംരക്ഷിക്കപ്പെടണം.

പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിനെയും ദ്വീപു നിവാസികളെയും കൊല്ലാക്കൊല ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് കേരളത്തിനുള്ള വ്യക്തമായ സൂചന കൂടിയാണ്.  കേന്ദ്ര സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് കേരളത്തെ തന്നെയാണ്. സംഘ പരിവാറിൻ്റെ കണ്ണിലെ കരടാണ് കേരളം. ഇന്ന് ലക്ഷദ്വീപ് ആണെങ്കിൽ നാളെ കേരളമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ലക്ഷദ്വീപിനു വേണ്ടി കേരള നിയമസഭ പ്രമേയം പാസ്സാക്കിയത് തെറ്റായ നടപടിയാണെന്ന് ബി ജെ പി നേതാവും ലക്ഷദ്വീപ് പ്രഭാരിയുമായ എ പി അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് ഒരു കേന്ദ്ര ഭരണ പ്രദേശമാണ്. അവിടെ അഡ്മിനിസ്ട്രേറ്ററിലാണ് അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ആ അധികാരത്തിൽ കൈകടത്താൻ ആർക്കും അവകാശമില്ല. കള്ളപ്പണം നിരോധിക്കാനും രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ടു നിരോധനത്തെ എതിർത്ത് പ്രമേയം പാസ്സാക്കിയവരാണ് കേരളത്തിലെ എൽ ഡി എഫും യു ഡി എഫും. പൗരത്വ ഭേദഗതി നിയമത്തെയും ഇരുകൂട്ടരും അന്ധമായി എതിർത്തു. ലക്ഷദ്വീപിൻ്റെ പിന്നാക്കാവസ്ഥയെ മറികടക്കാനും വികസനം ഉറപ്പാക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിന് തുരങ്കം വെയ്ക്കാനാണ് മാർക്സിസ്റ്റുകളുടെയും കോൺഗ്രസ്സുകാരുടെയും ശ്രമമെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.