Movie prime

ജാതിക്കും പുരുഷ മേധാവിത്വത്തിനും മേൽക്കൈയുള്ള സാമൂഹ്യ വ്യവസ്ഥിതിയിൽ സമൂലമായ പരിവർത്തനം വരുത്താനാണ് ഭരണഘടനാ ശില്‍പികൾ പരിശ്രമിച്ചത്: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

D Y Chandrachud നമ്മുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കാലത്താണ് ഭരണഘടന രൂപപ്പെട്ടതെന്നും, നിയമങ്ങളെ വ്യാഖ്യാനിക്കുന്നതിൽ വഴിവിളക്കായി നില്ക്കുന്ന പരമോന്നത ആധികാരിക രേഖയായി അതിപ്പോഴും നിലകൊള്ളുകയാണെന്നും സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മാറിയ സാഹചര്യത്തിലും, പുതിയ വെല്ലുവിളികളുടെ ഘട്ടത്തിലും, ചിന്തയിലും മനോഭാവങ്ങളിലും പ്രതീക്ഷകളിലുമുള്ള മാറ്റങ്ങളുടെ കാലത്തും ഭരണഘടനയുടെ പ്രസക്തി അതേപടി നിലനില്ക്കുകയാണ്. ദശാബ്ദങ്ങൾ പലത് പിന്നിട്ടു കഴിഞ്ഞു. എന്നാൽ മാറി മാറി വന്ന സർക്കാരുകൾക്കും ജനങ്ങൾക്കും ജുഡീഷ്യറിക്കും ഇടയിലുള്ള More
 
ജാതിക്കും പുരുഷ മേധാവിത്വത്തിനും മേൽക്കൈയുള്ള സാമൂഹ്യ വ്യവസ്ഥിതിയിൽ സമൂലമായ പരിവർത്തനം വരുത്താനാണ് ഭരണഘടനാ ശില്‍പികൾ പരിശ്രമിച്ചത്: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

D Y Chandrachud

നമ്മുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കാലത്താണ് ഭരണഘടന രൂപപ്പെട്ടതെന്നും, നിയമങ്ങളെ വ്യാഖ്യാനിക്കുന്നതിൽ വഴിവിളക്കായി നില്ക്കുന്ന പരമോന്നത ആധികാരിക രേഖയായി അതിപ്പോഴും നിലകൊള്ളുകയാണെന്നും സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മാറിയ സാഹചര്യത്തിലും, പുതിയ വെല്ലുവിളികളുടെ ഘട്ടത്തിലും, ചിന്തയിലും മനോഭാവങ്ങളിലും പ്രതീക്ഷകളിലുമുള്ള മാറ്റങ്ങളുടെ കാലത്തും ഭരണഘടനയുടെ പ്രസക്തി അതേപടി നിലനില്ക്കുകയാണ്. ദശാബ്ദങ്ങൾ പലത് പിന്നിട്ടു കഴിഞ്ഞു. എന്നാൽ മാറി മാറി വന്ന സർക്കാരുകൾക്കും ജനങ്ങൾക്കും ജുഡീഷ്യറിക്കും ഇടയിലുള്ള നിരന്തരമായ സംവാദം മാറ്റമില്ലാതെ തുടരുകയാണ്. അവിടെയാണ് ഭരണഘടനയുടെ മഹത്വം നിലകൊള്ളുന്നത്. D Y Chandrachud

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിൻ്റെ നൂറാം ജന്മദിനത്തിൻ്റെ ഭാഗമായി ഇന്ത്യൻ ലോ സൊസൈറ്റിയും ഐഎൽഎസ് ലോ കോളെജും സംയുക്തമായി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാമൂഹ്യ മാറ്റവും ഭരണഘടനാ തുടർച്ചയും – നീതി തേടിയുള്ള യാത്രയിലെ അനുഭവങ്ങൾ’ എന്ന വിഷയത്തിലായിരുന്നു ചർച്ച.

പിതാവും താനും വ്യത്യസ്ത കാലഘട്ടങ്ങളിലാണ് പ്രവർത്തിച്ചതെന്നും, അതേസമയം ഭരണഘടനയുടെ അന്ത:സത്ത ഉയർത്തിപ്പിടിക്കുക എന്ന പ്രതിജ്ഞ നിറവേറ്റുന്നതിൽ ഇരുവരും തുല്യ നിലയിൽ ഒന്നിച്ചെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

സ്വാതന്ത്ര്യത്തിനും സ്വയം നിർണയത്തിനുമുള്ള നൂറ്റാണ്ടുകളുടെ പോരാട്ടം പ്രതിഫലിപ്പിക്കുന്നതാണ് ഇന്ത്യൻ ഭരണഘടന. ജനിച്ചു വീണപ്പോൾ മുതൽ അത് മാറ്റങ്ങൾക്കായുള്ള ഉൾക്കാഴ്ചകളും ദീർഘവീക്ഷണവും പ്രകടമാക്കി. ജാതിയിലും പുരുഷ മേധാവിത്തത്തിലും അധിഷ്ഠിതമായിരുന്നു നമ്മുടെ രാജ്യം. അതിൽ സമൂലമായ പരിവർത്തനങ്ങൾ വരുത്താനാണ് ഭരണഘടനാ ശില്പികൾ പരിശ്രമിച്ചത്.

കൊളോണിയൽ ഭരണാധികാരികളുടെ വിരൽത്തുമ്പിലായിരുന്നു രാജ്യം ചലിച്ചിരുന്നത്. ലോകപ്രശസ്ത ചരിത്രകാരൻ വില്യം ഡാൾറിംപിളിൻ്റെ അരാജകത്വം എന്ന കൃതിയിലെ ചില വിലയിരുത്തലുകൾ ജസ്റ്റിസ് ഉദ്ധരിച്ചു. ലോക ചരിത്രത്തിൽ തന്നെ കോർപ്പറേറ്റുകൾ നടത്തിയ ഏറ്റവും വലിയ അക്രമമായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേത്.

ലോകത്ത് വൻകിട കോർപ്പറേറ്റുകളെല്ലാം വലിയ അധികാരമാണ് ഇപ്പോഴും കൈയ്യാളുന്നത്. രാജ്യങ്ങൾ വെട്ടിപ്പിടിച്ചുള്ള കടന്നാക്രമണമായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേത്. അതുമായി താരതമ്യം ചെയ്യുമ്പോൾ മെരുക്കപ്പെട്ട കാട്ടുമൃഗങ്ങളാണ് ഇന്നുള്ളത്.

ഭരണഘടന നിലവിൽ വന്നിട്ട് 70 വർഷം പിന്നിട്ടു. അതിൽ നൂറിലേറെ ഭേദഗതികൾ കൊണ്ടുവന്നു. സ്വത്തവകാശം മൗലികാവകാശം അല്ലാതാക്കിയത് ഉൾപ്പെടെയുള്ള ഭേദഗതികൾ ഉണ്ടായി. സാമ്പത്തിക, രാഷ്ട്രീയ അധികാര വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്കാണ് അത് വഴിവെച്ചത്. കൊളോണിയൽ കാലത്തെ പല നിയമങ്ങളും റദ്ദാക്കി. സമൂഹത്തിൻ്റെ മാറിവന്ന യാഥാർഥ്യങ്ങൾക്കൊപ്പം മാറാൻ ജുഡീഷ്യറിയും പരിശ്രമിച്ചു.

വിവേചനം, തുല്യത എന്നീ ആശയങ്ങളെ മുൻനിർത്തിയും ജസ്റ്റിസ് ചന്ദ്രചൂഡ് സംസാരിച്ചു. സാർവത്രിക വോട്ടവകാശം വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നാൽ അസമത്വം ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയമായ തുല്യത കൊണ്ടുമാത്രം സാമൂഹ്യമായും സാംസ്കാരികമായും നേരിടുന്ന അസമത്വത്തെ ഇല്ലാതാക്കാനാവില്ലെന്ന് അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്.

ഇന്ത്യൻ സമൂഹം ഇപ്പോഴും ശ്രേണീബദ്ധമായി തുടരുകയാണ്. ജാതി, മതം, ലിംഗഭേദം, പ്രദേശം എന്നിവ വിവേചനത്തിൻ്റെയും അസമത്വത്തിൻ്റെയും അടിസ്ഥാനമായി നിലകൊള്ളുന്നു. ഇത് ഭരണഘടനയ്ക്കെതിരാണ്.

പ്രമുഖ ഫെമിനിസ്റ്റ് ചിന്തക മേരി വോൾസ്റ്റോൺ ക്രാഫ്റ്റിനെ ഉദ്ധരിച്ച് ലിംഗനീതിയിൽ അധിഷ്ഠിതമായി ഒരു സാമൂഹ്യക്രമം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം മുന്നറിയിപ്പ് നല്കി. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയക്രമം സ്ത്രീകളെ തുല്യനിലയിൽ പരിഗണിക്കാത്തിടത്തോളം തുല്യത എന്ന ആശയം യാഥാർഥ്യമാവില്ല.

വ്യത്യസ്ത കോടതി വിധികളും വിശകലനങ്ങളും ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ അവതരണം. അദ്ദേഹത്തിനു പുറമേ ജസ്റ്റിസ് റോഹിങ്ങ്ടൺ നരിമാനും ചർച്ചയിൽ പങ്കെടുത്തു. റിട്ടയേഡ് ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിൻ്റെ പൗത്രന്മാരും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ മക്കളുമായ അഡ്വ. അഭിനവ് ചന്ദ്രചൂഡ്, ഡോ. ചിന്തൻ ചന്ദ്രചൂഡ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.