Movie prime

പുതിയ ഭാഷകൾ പഠിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായി പഠനം

പുതിയ ഭാഷകൾ പഠിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തനത്തിൽ കാര്യമായ മാറ്റങ്ങൾക്ക് ഇടവരുന്നതായി പഠനം. ടോക്കിയോ സർവകലാശാലയിലാണ് പഠനം നടന്നത്. ഭാഷാ വൈദഗ്ധ്യം മെച്ചപ്പെടുന്നതോടെ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ ആത്യന്തികമായി കുറവു വരുന്നതായും ഗവേഷകർ കണ്ടെത്തി. ഫ്രോണ്ടിയേഴ്സ് ഇൻ ബിഹേവിയറൽ ന്യൂറോ സയൻസിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. ഒരു പുതിയ ഭാഷ പഠിക്കുന്നതിൻ്റെ ആദ്യ ഘട്ടത്തിൽ മസ്തിഷ്കത്തിൻ്റെ പ്രവർത്തനങ്ങൾ വലിയ തോതിൽ വർധിക്കുന്നു. എന്നാൽ ഭാഷയിൽ കഴിവു മെച്ചപ്പെടുമ്പോൾ പ്രവർത്തനങ്ങളിലും കുറവ് സംഭവിക്കുന്നു. ജാപ്പനീസ് ഭാഷ ആദ്യമായി പഠിക്കുന്ന യൂറോപ്യൻ വിദ്യാർഥികളെയാണ് പഠനത്തിന് വിധേയമാക്കിയത്. More
 
പുതിയ ഭാഷകൾ പഠിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായി പഠനം

പുതിയ ഭാഷകൾ പഠിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തനത്തിൽ കാര്യമായ മാറ്റങ്ങൾക്ക് ഇടവരുന്നതായി പഠനം. ടോക്കിയോ സർവകലാശാലയിലാണ് പഠനം നടന്നത്. ഭാഷാ വൈദഗ്ധ്യം മെച്ചപ്പെടുന്നതോടെ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ ആത്യന്തികമായി കുറവു വരുന്നതായും ഗവേഷകർ കണ്ടെത്തി. ഫ്രോണ്ടിയേഴ്‌സ് ഇൻ ബിഹേവിയറൽ ന്യൂറോ സയൻസിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.

ഒരു പുതിയ ഭാഷ പഠിക്കുന്നതിൻ്റെ ആദ്യ ഘട്ടത്തിൽ മസ്തിഷ്കത്തിൻ്റെ പ്രവർത്തനങ്ങൾ വലിയ തോതിൽ വർധിക്കുന്നു. എന്നാൽ ഭാഷയിൽ കഴിവു മെച്ചപ്പെടുമ്പോൾ പ്രവർത്തനങ്ങളിലും കുറവ് സംഭവിക്കുന്നു. ജാപ്പനീസ് ഭാഷ ആദ്യമായി പഠിക്കുന്ന യൂറോപ്യൻ വിദ്യാർഥികളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഭാഷ പഠിച്ച് ഏതാനും മാസങ്ങൾക്കുശേഷം മസ്തിഷ്കത്തിൻ്റെ പ്രവർത്തനങ്ങളിൽ വന്ന മാറ്റങ്ങളും ഗവേഷകർ വിശകലനം ചെയ്തു.

ആദ്യത്തെ കുറച്ച് മാസങ്ങളിൽ, മസ്തിഷ്കത്തിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചപ്പോൾ ഭാഷ-നൈപുണ്യ ശേഷിയിലെ മാറ്റങ്ങൾ ഗണ്യമായിരുന്നു എന്ന് ടോക്കിയോ സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റും ഗവേഷണത്തിന് നേതൃത്വം നൽകിയ വ്യക്തിയുമായ പ്രൊഫസർ കുനിയോഷി എൽ സകായ് പറഞ്ഞു.

ജാപ്പനീസ് ഭാഷാ പഠനത്തിന് ടോക്കിയോയിൽ എത്തിയ യൂറോപ്യൻ വിദ്യാർഥികളെയാണ് ഗവേഷണത്തിന് തെരഞ്ഞെടുത്തത്. ദിവസവും കുറഞ്ഞത് മൂന്ന് മണിക്കൂർ അവർക്ക് ജാപ്പനീസ് ക്ലാസുകൾ നൽകിയിരുന്നു. ഇരുപതുകളിൽ എത്തിയ മുഴുവൻ വിദ്യാർഥികളും യൂറോപ്യൻ ഭാഷകൾ നന്നായി സംസാരിക്കുന്നവരായിരുന്നു. ജാപ്പനീസ് ഭാഷാ പഠന ക്ലാസിൽ ആദ്യമായി ഇരിക്കുന്നവരായിരുന്നു പഠിതാക്കളെല്ലാവരും. ജപ്പാനിൽ മുൻ പരിചയവും ഉണ്ടായിരുന്നില്ല.എട്ടാഴ്ചയിലെ പഠനത്തിന് ശേഷം റീഡിങ്ങ്, ലിസണിങ്ങ് ടെസ്റ്റുകളും ആറ് മുതൽ പതിനാല് ആഴ്ചകൾക്ക് ശേഷം റൈറ്റിങ്ങ്, സ്പീക്കിങ്ങ് ടെസ്റ്റുകളും നടത്തി. മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എം ആർ ഐ) സ്കാനറിനുള്ളിൽ വെച്ചാണ് പഠിതാക്കൾക്കുള്ള ടെസ്റ്റുകൾ നടത്തിയത്. ബ്രെയ്ൻ ആക്റ്റിവേഷൻ ശാസ്ത്രീയമായി നിരീക്ഷിക്കാനാണ് അങ്ങനെ ചെയ്തത്.

ഭാഷയ്ക്കായി നാല് പ്രത്യേക മസ്തിഷ്ക മേഖലകളുണ്ടെന്ന് ഗവേഷകർ പറയുന്നു. മാതൃഭാഷയ്ക്കു പുറമേ ഒന്നോ, രണ്ടോ അതിലധികമോ വിദേശ ഭാഷകൾ അഭ്യസിക്കുമ്പോഴും ഇതേ മേഖലകളാണ് ഉത്തേജിക്കപ്പെടുന്നത്. ഇടത് ഫ്രന്റൽ ലോബിലെ വ്യാകരണ കേന്ദ്രവും കോംപ്രഹെൻഷൻ ഏരിയയും ടെമ്പോറോപാരിയറ്റൽ ലോബിലെ ഓഡിറ്ററി പ്രോസസ്സിങ്ങ്, പദാവലി മേഖലകളുമാണ് ഈ നാല് ഭാഗങ്ങൾ. ഇതുകൂടാതെ, ഹിപ്പോകാമ്പസിന്റെ മെമ്മറി ഏരിയകളും തലച്ചോറിലെ വിഷ്വൽ ഏരിയകളും ഓക്സിപിറ്റൽ ലോബുകളും ഭാഷാ പഠന വേളയിൽ കൂടുതൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി.

റീഡിങ്ങ്, ലിസണിങ്ങ് പരിശോധനകൾക്കിടയിൽ പഠിതാക്കളുടെ തലച്ചോറിലെ രക്തപ്രവാഹത്തിൽ ഗണ്യമായ വർധനവ് വന്നതായി വിലയിരുത്തി. പുതിയ ഭാഷയുടെ സ്വഭാവവും അതിലെ ശബ്ദങ്ങളും തിരിച്ചറിയാൻ കഠിനമായി ചിന്തിക്കേണ്ടി വരുന്നതാണ് രക്തപ്രവാഹത്തിലെ കൂടിയ വേഗതയ്ക്ക് കാരണം. റീഡിങ്ങ് ടെസ്റ്റിൽ 45 ശതമാനം കൃത്യത കാണിച്ചപ്പോൾ ലിസണിങ്ങ് ടെസ്റ്റിൽ 75 ശതമാനം കൃത്യതയാണ് രേഖപ്പെടുത്തിയത്.ലിസണിങ്ങ് ടെസ്റ്റിലൂടെ ഹിപ്പോകാമ്പസിന്റെ രണ്ട് ഉപപ്രദേശങ്ങൾ വേർതിരിച്ചറിയാൻ ഗവേഷകർക്ക് കഴിഞ്ഞു.

പുതിയ മെമ്മറികൾ‌ എൻ‌കോഡുചെയ്യുന്നതിൽ‌ ആൻ്റീരിയർ‌ ഹിപ്പോകാമ്പസിനും സംഭരിച്ച വിവരങ്ങൾ‌ തിരിച്ചുവിളിക്കുന്നതിൽ‌ പോസ്റ്റീരിയർ ഹിപ്പോകാമ്പസിനും പ്രധാന പങ്കുള്ളതായി കണ്ടെത്തി.

ആഴ്ചകൾക്കുശേഷം നടന്ന രണ്ടാമത്തെ ടെസ്റ്റിൽ പഠിതാക്കളുടെ റീഡിങ്ങ് ടെസ്റ്റ് സ്കോറുകൾ ശരാശരി 55 ശതമാനമായി ഉയർന്നിരുന്നു. ലിസണിങ്ങ് ടെസ്റ്റിലെ സ്കോറിന് മാറ്റമുണ്ടായിരുന്നില്ല. മൾട്ടിപ്പിൾ ചോയ്സ് ഉത്തരങ്ങളിൽ നിന്ന് ശരിയുത്തരം തിരഞ്ഞെടുക്കുന്നതിൻ്റെ വേഗത രണ്ടാം ടെസ്റ്റോടെ വർധിച്ചിരുന്നു.

ആഴ്ചകൾക്കുശേഷം ടെസ്റ്റുകൾ ആവർത്തിച്ചപ്പോൾ ഗ്രാമർ, കോംപ്രഹൻഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിലും ഓക്സിപിറ്റൽ ലോബുകളിലെ വിഷ്വൽ ഏരിയകളുടെ പ്രവർത്തനത്തിലും കുറവ് വന്നതായി കണ്ടെത്തി.ഭാഷാ പഠനം വിജയകരമായി മാറുന്നതോടെ മസ്തിഷ്കത്തിൻ്റെ സജീവമായ പ്രവർത്തനങ്ങളിൽ വന്ന കുറവായാണ് ഗവേഷകർ ഇതിനെ വിശദീകരിക്കുന്നത്.

രണ്ടാമത്തെ ലിസണിങ്ങ് ടെസ്റ്റിൽ പഠിതാക്കളുടെ ടെമ്പൊറൽ ലോബുകളിലെ ഓഡിറ്ററി പ്രോസസിങ്ങ് മേഖലയിലെ പ്രവർത്തനം മെച്ചപ്പെട്ടതായി കണ്ടെത്തി.

പുതിയ ഭാഷകൾ പഠിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായി പഠനം

പുതിയ ഭാഷയുടെ സൗണ്ട് പാറ്റേണുകൾ തുടക്കക്കാർ‌ക്ക് പരിചിതമല്ല. അതിനാൽ ‌ മെമ്മറിയിൽ‌ പിടിച്ചുവെച്ച് അവയെ വേണ്ട രീതിയിൽ സങ്കൽപ്പിക്കാനുളള കഴിവ് അവർക്ക് തുടക്കത്തിൽ ലഭ്യമല്ല. അക്ഷരങ്ങൾ‌, വ്യാകരണ നിയമങ്ങൾ‌ എന്നിവ മനസ്സിലാക്കാൻ വേണ്ടതിലേറെ ഊർജം സൗണ്ട് പാറ്റേണുകൾ തിരിച്ചറിയാൻ‌ അവർക്ക് ചെലവഴിക്കേണ്ടി വരും.

മസ്തിഷ പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന ഈ ഉയർച്ച താഴ്ചകളെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ന്യൂറോബയോളജി മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇടവരുത്തുമെന്നാണ് ഗവേഷകരുടെ നിഗമനം. സ്ട്രോക്ക് ഉൾപ്പെടെയുള്ള അസുഖങ്ങൾ വന്നതിനെ തുടർന്നോ, തലച്ചോറിലേറ്റ ക്ഷതങ്ങൾ മൂലമോ ഭാഷാ ശേഷി നഷ്ടമായവരുടെ ചികിത്സയിലും ഗവേഷണ ഫലങ്ങൾ മുന്നേറ്റമുണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്.

ഭാവിയിൽ, ഭാഷാ അധ്യാപനത്തിലും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്ന് ഗവേഷണ മേധാവി സകായ് അഭിപ്രായപ്പെട്ടു. ഭാഷാ പഠനത്തിനുള്ള ഫലപ്രദമായ ടെക്നിക്കുകൾ വികസിപ്പിക്കുന്നതിലും വ്യത്യസ്ത ടെക്നിക്കുകളെ വസ്തുനിഷ്ഠമായി താരതമ്യം ചെയ്ത് ഏറ്റവും കാര്യക്ഷമമായത് നടപ്പിലാക്കുന്നതിലും മസ്തിഷ്ക പ്രവർത്തനങ്ങളെ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.

ഏതൊരു ഭാഷയും അതിൻ്റെ സ്വാഭാവികമായ അന്തരീക്ഷത്തിൽ നിമജ്ജന ശൈലിയിൽ (ഇമ്മേർഷൻ സ്റ്റൈൽ) അഭ്യസിക്കണം എന്നാണ് ഗവേഷകരുടെ അഭിപ്രായം. അല്ലെങ്കിൽ തലച്ചോറിന്റെ നാല് ഭാഷാ മേഖലകളെയും ഒരേസമയം സജീവമാക്കുന്ന ഏതെങ്കിലും രീതിയാണ് ഭാഷാ പഠനത്തിൽ അവർ ശുപാർശ ചെയ്യുന്നത്.

നേരത്തേ ഇതേ ഗവേഷകർ തന്നെ ജാപ്പനീസ് മാതൃഭാഷയായ കുട്ടികളുടെ ഇംഗ്ലിഷ് ഭാഷാ പഠന രീതിയെപ്പറ്റി വിവിധ പഠനങ്ങൾ നടത്തിയിരുന്നു. അന്നത്തെ കണ്ടെത്തലുകളെ സ്ഥിരീകരിക്കുന്നതാണ് പുതിയ ഗവേഷണ ഫലങ്ങളെന്നും സകായ് അഭിപ്രായപ്പെട്ടു. ടോക്കിയോ പബ്ലിക് സ്കൂൾ വിദ്യാർഥികളെയാണ് അന്ന് ഗവേഷണത്തിന് തിരഞ്ഞെടുത്തത്. പതിമൂന്ന് മുതൽ പത്തൊമ്പത് വയസ്സുവരെ പ്രായമുളള ജാപ്പനീസ് വിദ്യാർഥികളുടെ ഇംഗ്ലിഷ് ഭാഷാ പഠന സമയത്തെ തലച്ചോറിൻ്റെ പ്രവർത്തനങ്ങളെയാണ് അന്ന് വിലയിരുത്തിയത്. മസ്തിഷ്കത്തിൻ്റെ പ്രവർത്തനം പ്രാരംഭ ഘട്ടത്തിൽ ഉയർന്നതായും പിന്നീട് ഭാഷ നന്നായി സ്വായത്തമാക്കിയതോടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചതായും കണ്ടെത്തി. ആറു വർത്തെ പഠന ഫലങ്ങൾ ഫ്രോണ്ടിയേഴ്സ് ഇൻ ബിഹേവിയറൽ ന്യൂറോ സയൻസിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

മനുഷ്യർക്കെല്ലാവർക്കും ഒരേ തരത്തിലുള്ള മസ്തിഷ്കമാണ് ഉള്ളതെന്നും അവയ്ക്ക് ഒരേതരം ശേഷികളാണ് ഉള്ളതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. അതിനാൽ ആർക്കും ഏതു ഭാഷയും പഠിക്കാനാവും. ആശയവിനിമയ കഴിവുകൾ വികസിപ്പിക്കാൻ ഒന്നിലധികം ഭാഷകൾ അഭ്യസിക്കണം. ഒന്നിലധികം ഭാഷകളിൽ ആശയങ്ങൾ കൈമാറാനുള്ള കഴിവ് വളർത്തിയെടുക്കണം. അത് ലോകത്തെ നന്നായി മനസിലാക്കാൻ മാത്രമല്ല മറ്റുള്ളവരെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വിപുലീകരിക്കാനും സാമൂഹ്യ മായ ഭാവിയെപ്പറ്റി ധാരണകൾ വികസിപ്പിക്കാനും ഉപകരിക്കും – സകായ് അഭിപ്രായപ്പെട്ടു.