Movie prime

പ്ലാസ്റ്റിക്ക് വിപത്തിനെപ്പറ്റി കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യം: കാനായി കുഞ്ഞിരാമൻ

തിരുവനന്തപുരം: പാഠപുസ്തകം പഠിപ്പിക്കുന്ന അതേ പ്രാധാന്യത്തോടു കൂടി പ്ലാസ്റ്റിക്കിന്റെ വിപത്തിനെക്കുറിച്ച് കുട്ടികളെ വീടുകളിൽ നിന്നു പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടു. ഏകോപയോഗ പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കി, ഗാന്ധിജി വിഭാവനം ചെയ്ത ഒരു സുസ്ഥിരഗ്രാമം എന്ന ആശയം പ്രാവർത്തികമാക്കാൻ ഒരു ഗ്രാമത്തെയെങ്കിലും മാതൃകയായി കൊണ്ട് വരാൻ ശ്രമിക്കണമെന്നും, അതിനായി തന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്ക് മുക്ത ഭാരതത്തിനായുള്ള ബഹുമുഖ പ്രചരണ കാമ്പയിൻ തലസ്ഥാന നഗരിയിലെ പ്രശസ്തമായ മാനവീയം വീഥിയിൽ ചിത്രം More
 
പ്ലാസ്റ്റിക്ക് വിപത്തിനെപ്പറ്റി കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യം: കാനായി കുഞ്ഞിരാമൻ

തിരുവനന്തപുരം: പാഠപുസ്തകം പഠിപ്പിക്കുന്ന അതേ പ്രാധാന്യത്തോടു കൂടി പ്ലാസ്റ്റിക്കിന്റെ വിപത്തിനെക്കുറിച്ച് കുട്ടികളെ വീടുകളിൽ നിന്നു പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടു. ഏകോപയോഗ പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കി, ഗാന്ധിജി വിഭാവനം ചെയ്ത ഒരു സുസ്ഥിരഗ്രാമം എന്ന ആശയം പ്രാവർത്തികമാക്കാൻ ഒരു ഗ്രാമത്തെയെങ്കിലും മാതൃകയായി കൊണ്ട് വരാൻ ശ്രമിക്കണമെന്നും, അതിനായി തന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്ക് മുക്ത ഭാരതത്തിനായുള്ള ബഹുമുഖ പ്രചരണ കാമ്പയിൻ തലസ്ഥാന നഗരിയിലെ പ്രശസ്തമായ മാനവീയം വീഥിയിൽ ചിത്രം രചിച്ച് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകായായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ആസ്ഥനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സമാനലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന മറ്റു നിരവധി സംഘടനകളുമായിച്ചേർന്നാണ് ബഹുമുഖ പ്രചാരണ യജ്ഞം സംഘടിപ്പിച്ചത്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികദിനത്തോടനുബന്ധിച്ചാണ് ബഹുമുഖ ബോധവത്കരണ പരിപാടി നടന്നത്.പ്ലാസ്റ്റിക്ക് ഉത്പാദകർ തന്നെ ഒരു കാലപരിധിക്കുശേഷം ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കണമെന്ന പൊതു വികാരം ഉയർന്നു വന്ന ബഹുമുഖ ക്യാമ്പയിന്റെ ഉദ്‌ഘാടന വേദിയിൽ എത്തിയത് വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി വിശിഷ്ട വ്യക്തിത്വങ്ങളാണ്.

സിക്കിം പോലെയുള്ള ഒരു സംസ്‌ഥാനത്തിന് 2002 മുതൽ പ്ലാസ്റ്റിക്കിനെതിരെ ശക്തമായ നിലപാടെടുക്കാൻ സാധിച്ചു. എന്നാൽ കേരളം ഇത്രത്തോളം വൈകിയത് തെറ്റായി പോയി, എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൽ രാധാകൃഷ്ണൻ ഐ എ എസ്‌ പറഞ്ഞു. ബോധവത്ക്കരണത്തോടൊപ്പം നിയമങ്ങൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാട്ടേണ്ടതുണ്ട്. ഏകോപയോഗ പ്ലാസ്റ്റിക് ഉൽപ്പാദനം പാടില്ല എന്ന നിയമം സർക്കാർ കൊണ്ട് വരണം. ഒപ്പം, ഇറക്കുമതി, വിൽപ്പന തുടങ്ങിയവയും നിരോധിക്കണമെന്നും, എല്ലാവരും ബോധവത്ക്കരണത്തിൽ ഒരു പോലെ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഏകോപയോഗ പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവത്ക്കരണവും ബദൽ വസ്തുക്കളുടെ പ്രചരണവും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് യുവാക്കളെ ഉൾക്കൊള്ളിച്ച് കൊണ്ട് സിസ്സ നടപ്പാക്കുമെന്ന് ചടങ്ങിൽ സംസാരിച്ച കേരള സർവകലാശാല അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ ബിജു കുമാർ പറഞ്ഞു. അതോടൊപ്പം തന്നെ ഉത്പാദകന്റെ അധികരിച്ച ഉത്തരവാദിത്തം നടപ്പിലാക്കാനുള്ള സമ്മർദ ശക്തിയായി സിസ്സ നിലകൊള്ളും, അദ്ദേഹം പറഞ്ഞു.

ഉത്ഘാടന വേദിയിൽ സംസാരിച്ച ചലച്ചിത്ര നിർമാതാവ് ജി സുരേഷ്‌കുമാർ സ്വച്ഛ് ഭാരത് എന്ന ആശയം പ്രചരിപ്പിക്കുവാൻ മുൻകൈ എടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ഒരു സിനിമാപ്രവർത്തകർ എന്ന നിലയിൽ നടീനടന്മാരോട് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കരുത് എന്ന് പറയും, അദ്ദേഹം ഉറപ്പു നൽകി.നമ്മൾ വിലകുറവിന്റെയും നിരത്തിന്റെയും സൗന്ദര്യത്തിന്റെയും പിന്നാലെ പോയി എന്നതാണ് പ്ലാസ്റ്റിക്ക് ഉപയോഗം വ്യാപകമായത്, എന്ന് തിരുവനന്തപുരം വിമൻസ് കോളേജ് പ്രിൻസിപ്പലും ശാസ്ത്രപ്രചാരകനുമായ പ്രൊഫ സി പി അരവിന്ദാക്ഷന്റെ അഭിപ്രായപ്പെട്ടു. അത് ഉപേക്ഷിക്കുക തന്നെ വേണം, അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യ സംഘാടകരായ സിസ്സയുടെ ജനറൽ സെക്രട്ടറി ഡോ സി സുരേഷ് കുമാറിന്റെ അഭിപ്രായത്തിൽ, പ്ലാസ്റ്റിക്കിനെതിരെ പോരാടുവാൻ മുൻപ് നാം ഉപഭോക്താവിനോട് പറഞ്ഞെങ്കിലും നിയമങ്ങൾ കാറ്റിൽ പറത്തപ്പെട്ടു. എന്നാലിപ്പോൾ ഉത്പാദകരെ ലക്‌ഷ്യം വച്ച് കൊണ്ട് പ്ലാസ്റ്റിക്കിനെതിരെ പോരാടുവാൻ സർക്കാർ മുന്നിട്ടിറങ്ങുന്നു എന്നത് സ്വാഗതാർഹമാണ്. അത്തരത്തിൽ ഒരു പ്രയത്നത്തിന് പൊതുജന പിന്തുണയോടെ സിസ്സയും മുന്നിട്ടിറങ്ങുകയാണ്, അദ്ദേഹം പറഞ്ഞു. അർജുന അവാർഡ് ജേതാവ് പത്മിനി തോമസ് പ്ലാസ്റ്റിക്കിനെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽനെത്തിയ വിശിഷ്ടാതിഥികൾ സിഗ്നേച്ചർ വാളിൽ ഒപ്പു രേഖപ്പെടുത്തി പ്ലാസ്റ്റിക്ക് ബോധവത്കരണത്തിനായി പിന്തുണ പ്രഖ്യാപിച്ചു.

യു വി ജോസ് ഐ എ എസ്, പി ആർ ഡി ഡയറക്ടർ, എൻ പി രാജീവ്, വൈസ് ചെയർമാൻ, നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷൻ; സി ജയകുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ, തണൽ, അജിത് വെണ്ണിയൂർ, സിസ്സ തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു. ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകയും പ്രമുഖ കവയിത്രിയുമായ സുഗതകുമാരിയുടെ പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം വായിച്ചു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ചലച്ചിത്ര സംവിധായകൻ വേണു നായർ തുടങ്ങി നിരവധിപ്പേർ ബഹുമുഖ പ്രചാരണ പരിപാടികൾ സന്ദർശിച്ചു.

പ്ലാസ്റ്റിക്കിന്റെ ചരിത്രവും ദൂഷ്യങ്ങളും സംബന്ധിച്ച പോസ്റ്റർ പ്രദർശനം, ഫോട്ടോ പ്രദർശനം, ചിത്രരചനാ ക്യാമ്പ്, സ്‌കൂൾ കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്ക്കാരിക പരിപാടികൾ, പ്ലാസ്റ്റിക്കിനു ബദലായി ഉപയോഗിക്കാവുന്ന വസ്തുക്കളുടെ പ്രദർശനം, സന്നദ്ധ സംഘടനകൾ ഒരുക്കിയ സ്റ്റാളുകൾ തുടങ്ങി വിവിധ പരിപാടികൾ ബഹുമുഖ ക്യാമ്പയിനിന്റെ ഭാഗമായി. എൻ സി സി യുടെ ഓൾ ഗേൾസ് ബറ്റാലിയനിൽ നിന്നുള്ള 100 കാഡറ്റുകളും, സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു. ചിത്രകലാ സംഘം പ്രവർത്തകർ സംഘടിപ്പിച്ച ചിത്ര രചനയും പരിപാടിയുടെ ഭാഗമായിരുന്നു.

യു എൻ യൂണിവേഴ്സിറ്റി അംഗീകാരമുള്ള ആർ സി ഇ തിരുവനന്തപുരം; നെഹ്‌റു യുവകേന്ദ്ര; നാഷണൽ സർവീസ് സ്‌കീം, ഭാരതീയ വിചാര കേന്ദ്രം; സി 5; കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം; നാഷണൽ ഗ്രീൻ കോർ; എർത്ത് ഫൗണ്ടേഷൻ; വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്; തണൽ; ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്; ലഘു ഉദ്യോഗ് ഭാരതി; ശ്രീചിത്ര തിരുനാൾ കോളേജ്‌ ഓഫ് എൻജിനീയറിങ്; തപസ്യ; ശാന്തിഗ്രാം; തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളും പരിപാടിയിൽ സജീവ പങ്കാളിത്തം വഹിച്ചു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് പ്രശസ്ത സാഹിത്യകാരൻ ഡോ ജോർജ്ജ് ഓണക്കൂർ സമ്മാനങ്ങൾ വിതരണം ചെയ്തു. പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ ഗവ. ജിഎച്ച് എസ് എസ് കോട്ടൺ ഹിൽ സ്കൂളിലെ റുഷ്ദമോൾ ആർ.എസ് ഒന്നാം സ്ഥാനവും, ഗവ. വിമൻസ് കോളേജിലെ ചിത്ര ശിവകാമി രണ്ടാം സ്ഥാനവും നേടി. ചിത്ര രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാറശ്ശാല ബിവിപിസിഎസിലെ അശ്വിൻ. ബി ജയൻ ഒന്നാം സ്ഥാനവും, തൈക്കാട് ഗവ .മോഡൽ ബിഎച്ച്എസ്എസിലെ കാർത്തിക് എസ് രണ്ടാം സ്ഥാനവും നേടിയപ്പോൾ, തൈക്കാട് ഗവ .മോഡൽ ബിഎച്ച്എസ്എസിലെ മുകുന്ദൻ വി എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സാന്ദിപനി സ്കൂളിലെ വിഷ്ണു ജെ എസിന് പ്രോത്സാഹന സമ്മാനം ലഭിച്ചു. ഹയർ സെക്കന്ററി തലത്തിൽ കോട്ടൺ ഹിൽ സ്കൂളിലെ സി. ലക്ഷ്മി ഒന്നാം സ്ഥാനവും, ഏയ്ഞ്ചൽ ജി ഓസ്വിൻ രണ്ടാം സ്ഥാനവും, ലക്ഷ്മി എസ് മൂന്നാം സ്ഥാനവും നേടിയപ്പോൾ അതെ സ്‌കൂളിലെത്തന്നെ സാന്ദ്രയ്ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.