Movie prime

ബ്രിട്ടീഷ് ഏജൻ്റ്, രാജ്യദ്രോഹി, നികൃഷ്ടൻ; പെരിയാറിനെ കടന്നാക്രമിച്ച് മാർക്കണ്ഡേയ കഠ്ജു

Markandey Katju സർവാദരണീയനായ സാമൂഹ്യ പരിഷ്കർത്താവും ജാതിവിരുദ്ധ പ്രസ്ഥാനത്തിൻ്റെ അമരക്കാരനും ബ്രാഹ്മണിസത്തിൻ്റെ കടുത്ത ശത്രുവുമായിരുന്ന പെരിയാറിനെ രൂക്ഷമായി വിമർശിച്ചും അധിക്ഷേപവാക്കുകൾ ചൊരിഞ്ഞും സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കഠ്ജു. ദി വീക്കിൽ എഴുതിയ കഠ്ജുവിൻ്റെ ലേഖനമാണ് വലിയ തോതിൽ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. ലേഖനത്തിലും പിന്നീട് അതേപ്പറ്റി സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി നടത്തുന്ന പ്രതികരണങ്ങളിലുമാണ് കഠ്ജുവിൻ്റെ ബ്രാഹ്മണാഭിമുഖ്യവും ദളിത് വിരുദ്ധതയും മറനീക്കി പുറത്തുവരുന്നത്. Markandey Katju ജാതി വ്യവസ്ഥയ്ക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പൊരുതിയ മഹാനായാണ് പെരിയാറിനെ More
 
ബ്രിട്ടീഷ് ഏജൻ്റ്, രാജ്യദ്രോഹി, നികൃഷ്ടൻ; പെരിയാറിനെ കടന്നാക്രമിച്ച് മാർക്കണ്ഡേയ കഠ്ജു

Markandey Katju

സർവാദരണീയനായ സാമൂഹ്യ പരിഷ്കർത്താവും ജാതിവിരുദ്ധ പ്രസ്ഥാനത്തിൻ്റെ അമരക്കാരനും ബ്രാഹ്മണിസത്തിൻ്റെ കടുത്ത ശത്രുവുമായിരുന്ന പെരിയാറിനെ രൂക്ഷമായി വിമർശിച്ചും അധിക്ഷേപവാക്കുകൾ ചൊരിഞ്ഞും സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കഠ്ജു. ദി വീക്കിൽ എഴുതിയ കഠ്ജുവിൻ്റെ ലേഖനമാണ് വലിയ തോതിൽ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. ലേഖനത്തിലും പിന്നീട് അതേപ്പറ്റി സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി നടത്തുന്ന പ്രതികരണങ്ങളിലുമാണ് കഠ്ജുവിൻ്റെ ബ്രാഹ്മണാഭിമുഖ്യവും ദളിത് വിരുദ്ധതയും മറനീക്കി പുറത്തുവരുന്നത്. Markandey Katju

ജാതി വ്യവസ്ഥയ്ക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പൊരുതിയ മഹാനായാണ് പെരിയാറിനെ എല്ലാവരും കണക്കാക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കഠ്ജു തൻ്റെ ലേഖനം ആരംഭിക്കുന്നത്. യുക്തിവാദ ആശയങ്ങളുടെയും സ്ത്രീ വിമോചനത്തിൻ്റെയും പ്രചാരകനായും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കു വേണ്ടി നിലകൊണ്ടവനായും അദ്ദേഹത്തെ പലരും കണക്കാക്കുന്നു. തമിഴ്നാട്ടിലെ രണ്ട് ദ്രാവിഡ പാർട്ടികളും ഒരേപോലെ അദ്ദേഹത്തിൻ്റെ പാരമ്പര്യം അവകാശപ്പെടുന്നവരാണ്. അദ്ദേഹത്തെ വിമർശിക്കാനുളള ധൈര്യം തമിഴ്നാട്ടിലെ ഒരു രാഷ്ട്രീയക്കാരനും ഇല്ല. അദ്ദേഹം ആത്മാഭിമാന പ്രസ്ഥാനത്തിന് രൂപം കൊടുത്തു. ജസ്റ്റിസ് പാർട്ടിക്ക് തുടക്കം കുറിച്ചു. ജസ്റ്റിസ് പാർട്ടിയാണ് പിന്നീട് ദ്രാവിഡ കഴകവും ദ്രാവിഡ മുന്നേറ്റ കഴകവുമായി മാറുന്നത്. ഇങ്ങനെ ചരിത്രം പറഞ്ഞു കൊണ്ടാണ് കഠ്ജു തുടങ്ങുന്നതെങ്കിലും തുടർന്നങ്ങോട്ട് അവഹേളനം മാത്രം ലക്ഷ്യമാക്കിയാണ് അദ്ദേഹം വാക്കുകൾ പ്രയോഗിക്കുന്നത്.

പെരിയാറിനെപ്പറ്റി വസ്തുനിഷ്ഠവും വൈകാരികത ഇല്ലാത്തതുമായ വിലയിരുത്തലാണ് താൻ നടത്തുന്നതെന്ന് ലേഖനത്തിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് അക്കാലത്ത് നിലനിന്നിരുന്നത്. ബ്രാഹ്മണർക്കും ബ്രാഹ്മണിസത്തിനും എതിരെ നിരന്തരം വിഷം ചീറ്റുകയായിരുന്നു പെരിയാർ. ഒരു പാമ്പിനെയും ഒരു ബ്രാഹ്മണനെയും ഒന്നിച്ചു കണ്ടാൽ ആദ്യം തല്ലിക്കൊല്ലേണ്ടത് ബ്രാഹ്മണനെയാണെന്ന് പെരിയാർ പറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ ബ്രാഹ്മണർക്കെതിരെ ആക്രമണം അഴിച്ചുവിട്ടത് പെരിയാറിൻ്റെ സ്പർധ കലർന്ന ചിന്തയും വാക്കുകളുമാണ്. കുടുമയും പൂണൂലും ബലം പ്രയോഗിച്ച് മുറിച്ചു കളയുന്ന സംഭവങ്ങൾവരെ അരങ്ങേറി. ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച പെരിയാർ, യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു.

സമൂഹത്തിൽ അന്നും ഇന്നും ദളിതുകൾക്കെതിരെ ഹീനമായ ആക്രമണം നടക്കുന്നുണ്ട് എന്ന് സമ്മതിക്കുന്ന കഠ്ജു, അതിനുള്ള പരിഹാരം ബ്രാഹ്മണ വിരോധമല്ല എന്ന് എഴുതുന്നു. ഈ അവസ്ഥയ്ക്ക് അറുതി വരാൻ ബ്രാഹ്മണരെപ്പോലെ ഉദ്ബുദ്ധരായ ഉന്നത ജാതിക്കാരുമായി ദളിതർ ഇടകലർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെടുന്നു. ഉത്ഭവം എങ്ങിനെ ആയാലും ഫ്യൂഡലിസത്തിൽ ജാതി തൊഴിൽ വിഭജനമായാണ് പരിണമിച്ചത്. ഓരോ തൊഴിലും ഓരോ ജാതിയായി. ഒരു ചെറിയ ന്യൂനപക്ഷമാണ് ബൗദ്ധികമായ കാര്യങ്ങൾ കൈകാര്യം ചെയ്തത്. അവരാണ് ബ്രാഹ്മണർ. സംസ്കൃതമായിരുന്നു അവരുടെ ഭാഷ. സാർവത്രിക വിദ്യാഭ്യാസം അന്ന് നിലവിലില്ലായിരുന്നു. ലാറ്റിൻ ഭാഷ സംസാരിച്ച പുരോഹിത വർഗം യുറോപ്പിൽ ആധിപത്യം ചെലുത്തിയതുപോലെ വിദ്യാസമ്പന്നരായ ബ്രാഹ്മണർ ഇവിടെ ആധിപത്യം ചെലുത്തി. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം ചെലുത്തിയപ്പോൾ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ബ്രാഹ്മണർ ബ്യൂറോക്രസിയിലും ജുഡീഷ്യറിയിലും അക്കാദമിക് രംഗത്തും ആധിപത്യം സ്ഥാപിച്ചു. അതായത് ബ്രാഹ്മണേതര വിഭാഗങ്ങളെക്കാൾ ബുദ്ധിശക്തി കൂടുതൽ ഉണ്ടായതിനാലോ, ബ്രാഹ്മണർ ജന്മനാ അടിച്ചമർത്തൽ സ്വഭാവക്കാരോ ആയതിനാലല്ല, ചരിത്രപരമായ കാരണങ്ങൾ കൊണ്ടാണ് ദളിതുകൾ പിന്നാക്കം പോയത്. ബ്രാഹ്മണർ ദളിത് വിരുദ്ധരായിരുന്നില്ല എന്ന ചരിത്ര വിരുദ്ധമായ കാര്യമാണ് കഠ്ജു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.

പെരിയാർ ഒരു യുക്തിചിന്തകനായാണ് അറിയപ്പെട്ടതെന്നും അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള അദ്ദേഹത്തിൻ്റെ നിലപാടിലും മറ്റും ഇത് പ്രതിഫലിക്കുന്നുണ്ടെങ്കിലും രാമനെപ്പോലുള്ള ഹിന്ദു ദൈവങ്ങളെ ആക്രമിച്ചതിൽ ശാസ്ത്രീയ ചിന്തയല്ല അദ്ദേഹം പിന്തുടർന്നതെന്ന് കഠ്ജു കുറ്റപ്പെടുത്തുന്നു.

ഇന്ത്യ സ്വതന്ത്രയാവണമെന്നും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവണമെന്നും പെരിയാർ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് കഠ്ജുവിൻ്റെ മറ്റൊരു തെറ്റായ ആരോപണം. 1947 ആഗസ്റ്റ് 15-ന്‌ ദു:ഖാചരണം നടത്തുമെന്ന പ്രഖ്യാപനമാണ് പെരിയാർ നടത്തിയത്. ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നതോടെ ഉത്തരേന്ത്യൻ ആര്യന്മാർക്ക് മേൽക്കൈയുള്ള കോൺഗ്രസ് പാർട്ടി ദ്രാവിഡന്മാരെ ഭരിക്കുമെന്നതാണ് അതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത്- കഠ്ജു ആരോപിക്കുന്നു.

തുടർന്ന് ആര്യസ്താൻ എന്ന് പേരിട്ട് വിളിച്ച ഉത്തരേന്ത്യയിൽ നിന്ന് സ്വതന്ത്രമായ ഒരു ദ്രാവിഡിസ്താനാണ് പെരിയാർ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പെരിയാറിൻ്റെ ആഗ്രഹം പോലെ അത് യാഥാർത്ഥ്യമായിരുന്നെങ്കിൽ തമിഴ്നാടിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് ആ ദുരന്തം താങ്ങാൻ കഴിയുമായിരുന്നില്ല എന്നും അദ്ദേഹം ലേഖനത്തിൽ എടുത്തുപറയുന്നുണ്ട്. ഇന്ന് കോയമ്പത്തൂരും ഈറോഡും കരൂരും ഉള്ള വ്യവസായ ശാലകൾ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത് പഞ്ചാബിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബീഹാറിലുമെല്ലാമാണ്.

ദി വീക്കിൽ എഴുതിയ ലേഖനം കഠ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതിൽ തമിഴ്നാട്ടിൽ നിന്നുള്ള ആരാധകർ ഒഴിഞ്ഞു പോകും എന്ന ഒരു കമൻ്റിന് മറുപടിയായി ഇട്ട മറ്റൊരു പോസ്റ്റിൽ തനിക്ക് ഉത്തരേന്ത്യൻ എന്നോ ദക്ഷിണേന്ത്യൻ എന്നോ വേർതിരിക്കാവുന്ന ആരാധക വൃന്ദം ഇല്ലെന്നും തൻ്റെ
8,75,000-ത്തോളം വരുന്ന അനുയായികളിൽ എല്ലാവരും അകന്നു പോയാലും താൻ സത്യം മാത്രമേ പറയൂ എന്നും കഠ്ജു അവകാശപ്പെടുന്നു. രാജ്യദ്രോഹി, ബ്രിട്ടീഷ് ഏജൻ്റ്, റാസ്കൽ തുടങ്ങി അത്യധികം ഹീനമായ പദങ്ങളാണ് പെരിയാറിനെ വിശേഷിപ്പിക്കാൻ കഠ്ജു തൻ്റെ പോസ്റ്റിൽ ഉപയോഗിക്കുന്നത്.