Movie prime

മോദി സർക്കാർ എന്നെ നിശബ്ദനാക്കാൻ ശ്രമിച്ചു, രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കും എന്നെഴുതിയ ബോണ്ടിൽ ഒപ്പിടാൻ നിർബന്ധിച്ചു: ഒമർ അബ്ദുള്ള

omar abdullah ജമ്മു കശ്മീരിലെ സംഭവ വികാസങ്ങളിൽ പ്രതികരിക്കാതെ നിശബ്ദനായിരിക്കുമെന്ന് വാക്കു നല്കിയിരുന്നെങ്കിൽ ഉടനടി ജയിൽമോചനം വാഗ്ദാനം ചെയ്തിരുന്നതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇതിനായി ഒരു ബോണ്ടിൽ ഒപ്പിട്ടു നല്കാൻ നിർബന്ധിച്ചു. തൻ്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു അവർ ശ്രമിച്ചത്. ഇംഗ്ലീഷ് ഓൺലൈൻ ദിനപത്രമായ ദി വയറിന് നല്കിയ പ്രത്യേക വീഡിയോ അഭിമുഖത്തിലാണ് ജമ്മു കശ്മീർ വിഷയത്തിൽ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികളെപ്പറ്റി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ More
 
മോദി സർക്കാർ എന്നെ നിശബ്ദനാക്കാൻ ശ്രമിച്ചു, രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കും എന്നെഴുതിയ ബോണ്ടിൽ ഒപ്പിടാൻ നിർബന്ധിച്ചു: ഒമർ അബ്ദുള്ള

omar abdullah

ജമ്മു കശ്മീരിലെ സംഭവ വികാസങ്ങളിൽ പ്രതികരിക്കാതെ നിശബ്ദനായിരിക്കുമെന്ന് വാക്കു നല്കിയിരുന്നെങ്കിൽ ഉടനടി ജയിൽമോചനം വാഗ്ദാനം ചെയ്തിരുന്നതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇതിനായി ഒരു ബോണ്ടിൽ ഒപ്പിട്ടു നല്കാൻ നിർബന്ധിച്ചു. തൻ്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു അവർ ശ്രമിച്ചത്. ഇംഗ്ലീഷ് ഓൺലൈൻ ദിനപത്രമായ ദി വയറിന് നല്കിയ പ്രത്യേക വീഡിയോ അഭിമുഖത്തിലാണ് ജമ്മു കശ്മീർ വിഷയത്തിൽ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികളെപ്പറ്റി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയുടെ വെളിപ്പെടുത്തൽ. omar abdullah

“റബ്ബർ സ്റ്റാമ്പും പേനയുമായാണ് മജിസ്‌ട്രേറ്റ് വന്നത്. അതിൽ സന്തോഷത്തോടെ ഒപ്പിട്ട് ഞാൻ ഓടിപ്പോകുമെന്നാണ് അദ്ദേഹം കരുതിയത്. അദ്ദേഹം എനിക്ക് ബോണ്ട് കൈമാറി. ഇതിൽ ഒപ്പിട്ടാൽ താങ്കൾക്ക് പോകാം എന്നു പറഞ്ഞു. ബോണ്ടിൽ പറയുന്നത്, 2019 ഓഗസ്റ്റ് 5-നു ശേഷമുള്ള ജമ്മു കശ്മീരിലെ എല്ലാ സംഭവവികാസങ്ങളിലും ഞാൻ നിശബ്ദത പാലിക്കുമെന്നാണ്. അത്, അടിസ്ഥാനപരമായി മേലിൽ ഞാനൊരു രാഷ്ട്രീയക്കാരനായിരിക്കില്ല എന്നു പറയുന്നതിന് തുല്യമാണ്. ഒപ്പിടാനാവില്ല എന്ന് ഞാൻ തുറന്നു പറഞ്ഞു. ഞാൻ ഈ ബോണ്ടിൽ ഒപ്പിടാൻ പോകുന്നില്ല, കാരണം അതിൽ ഒപ്പിടുന്നതോടെ ഭാവിയിൽ നിശബ്ദനായിരിക്കും എന്ന ഉറപ്പാണ് ഞാൻ അവർക്ക് നല്കുന്നത് ” – ശ്രീനഗറിൽ നിന്ന് വീഡിയോ കോളിലൂടെ നൽകിയ അഭിമുഖത്തിൽ ഒമർ അബ്ദുള്ള പറഞ്ഞു.

ആറുമാസത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ച ഒമർ അബ്ദുള്ളയെ 2020 ഫെബ്രുവരിയിൽ കിരാതമായ പൊതുസുരക്ഷാ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ഒമർ അതിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. അതേത്തുടർന്ന്, 2020 മാർച്ച് 24-ന് അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഒന്നാം വാർഷികം അടുക്കുകയാണ്. 2019 ആഗസ്റ്റ് 5-നാണ് ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുന്നതും. താഴ് വരയുടെ രാഷ്ട്രീയത്തിൽ മുഖ്യധാരാ പാർട്ടികൾക്ക് എന്ത് ഇടമാണ് അവശേഷിക്കുന്നതെന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്ന് ഒമർ പറഞ്ഞു. ഭരണഘടനയുടെ 370, 35 എ അനുച്ഛേദങ്ങൾ റദ്ദാക്കുന്നതിനെതിരെയും സംസ്ഥാന പദവി എടുത്തു കളഞ്ഞതിന് എതിരെയും നാഷണൽ കോൺഫറൻസ് സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

കേന്ദ്രവുമായി ഒരു ഒത്തുതീർപ്പിനുമില്ലെന്നും,ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുന:സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഒമർ പറഞ്ഞു.ചിലർ ആരോപിക്കുന്നതു പോലെ കേന്ദ്ര സർക്കാരുമായി ഒത്തുതീർപ്പിനുള്ള ഒരു നിർദേശവും താൻ മുന്നോട്ടുവെച്ചിട്ടില്ല. ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ല.

ജമ്മു കശ്മീരിൻ്റെ വികസനത്തിനും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദ ആക്രമണങ്ങൾ തടയുന്നതിനുമാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത് എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. പോയ വർഷം കശ്മീരിൽ ഒറ്റ ഫാക്ടറി പോലും പുതുതായി വന്നില്ല. പുതിയ നിക്ഷേപങ്ങൾ ഉണ്ടായില്ല. ഒരു വർഷത്തോളം നീണ്ടുനിന്ന 4 ജി ഇന്റർനെറ്റ് വിലക്ക് സംസ്ഥാനത്തിന് എന്താണ് നേടിത്തന്നതെന്ന് അദ്ദേഹം ചോദിച്ചു.

പുതിയ ഡോമിസൈൽ(വാസസ്ഥലം) നിയമം ദുരുദ്ദേശ്യപരമാണെന്നും ജനസംഖ്യാപരമായ മാറ്റമാണ് അത് ലക്ഷ്യമിടുന്നതെന്നും ഒമർ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകിടം മറിക്കലാണ് ലക്ഷ്യം. ഈ പുതിയ നിയമം നിലവിൽ വന്നതിനുശേഷം നൽകിയിട്ടുള്ള എല്ലാ ഡോമിസൈൽ സർട്ടിഫിക്കറ്റുകളുടെയും കണക്കെടുപ്പ് നടത്തിയാൽ അത് വ്യക്തമാകും. മുസ്ലിം, അമുസ്ലിം കണക്കെടുപ്പാണ് നടക്കുന്നത്. ജമ്മു കശ്മീരിനെ മുസ്ലീം ഭൂരിപക്ഷ സ്റ്റേറ്റിൽനിന്ന് മുസ്ലീം ന്യൂനപക്ഷ സ്റ്റേറ്റാക്കി മാറ്റാനാണ് അവർ ശ്രമിക്കുന്നത്. പക്ഷേ അതിന് ഒരു പാട് സമയമെടുക്കും. അവരുടെ ഉദ്ദേശ്യം എല്ലാവർക്കും അറിയാം. ജനങ്ങളെല്ലാം ആശങ്കയിലാണ്.ഡോമിസൈൽ നിയമത്തിന്റെ കാര്യത്തിൽ ജമ്മു കശ്മീരിനും ലഡാക്കിനും രണ്ട് തരം സമീപനമാണ് ഉള്ളത്. അത് സർക്കാരിൻ്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നുണ്ട്.

ഒക്ടോബർ 31- ന് നിലവിൽ വന്നത് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാണ് എന്നത് സർക്കാർ ഓർക്കണം. ഒന്ന്, ജമ്മു കശ്മീർ. രണ്ട്, ലഡാക്ക്. ജമ്മു കശ്മീരിൽ ഡോമിസൈൽ നിയമം പാസ്സാക്കാൻ തിടുക്കപ്പെടുന്നവർ, ലഡാക്കിൻ്റെ കാര്യത്തിൽ എന്താണ് ആ തിടുക്കം കാട്ടാതിരിക്കുന്നത് എന്ന് ഒമർ ചോദിച്ചു. ലഡാക്കിലും ഡോമിസൈൽ നിയമം കൊണ്ടുവരണം. അതുവഴി ഉദ്യോഗസ്ഥരുടെയും സൈനികരുടെയും അർധസൈനികരുടെയും കുട്ടികൾക്കും, ലഡാക്കിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സ് പരീക്ഷ എഴുതിയവർക്കും പാർപ്പിടത്തിന് അപേക്ഷിക്കാനും സ്ഥലം വാങ്ങാനും താമസിക്കാനും കഴിയണം. ലഡാക്കിലെ ബുദ്ധമത അനുയായികളുടെ പ്രതികരണത്തെ ഭയപ്പെടുന്നതിനാലാണ് സർക്കാർ അത് ചെയ്യാത്തത്. എന്നാൽ കശ്മീരിലെ ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് അവർക്ക് ഒട്ടും ആശങ്കയില്ല.

മുഖ്യമന്ത്രിയെന്ന നിലയിൽ സ്വന്തം ട്രാക്ക് റെക്കോഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒമർ അബ്ദുള്ള നല്കിയ മറുപടിയും ശ്രദ്ധേയമാണ്. കിരാതമായ പൊതു സുരക്ഷാ നിയമം(പിഎസ്എ) റദ്ദാക്കേണ്ടതായിരുന്നു. അതൊരു കിരാത നിയമമാണ് എന്നതിൽ സംശയമില്ല. തൻ്റെ അറസ്റ്റിനു ശേഷമല്ല ആ തിരിച്ചറിവ് വന്നത്. അതിനു മുമ്പുതന്നെ അക്കാര്യം തിരിച്ചറിഞ്ഞിരുന്നു. അധികാരത്തിലിരിക്കുമ്പോൾ, അവസരമുണ്ടായിട്ടും പിഎസ്എ റദ്ദാക്കാൻ കഴിഞ്ഞില്ല. അത് ചെയ്യണമായിരുന്നു. അതിൽ ഖേദമുണ്ട്.

അതേസമയം, താനും മറ്റു ജമ്മു കശ്മീർ സർക്കാരുകളും പി‌എസ്‌എ ഉപയോഗിച്ച രീതിയും ഇപ്പോൾ കേന്ദ്രം ഉപയോഗിക്കുന്ന രീതിയും വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും സംശയാസ്പദമായ ചില അറസ്റ്റുകൾ നടന്നിരിക്കാം. പക്ഷേ തങ്ങൾ കൈകാര്യം ചെയ്ത ആളുകൾ വ്യത്യസ്തരായിരുന്നു. അവർ രാജ്യത്തിനെതിരെ പ്രവർത്തിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് അതല്ല. രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവരെയോ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നവരേയോ അല്ല, മറിച്ച് മുഖ്യധാരാ രാഷ്ട്രീയക്കാരെയാണ് തടഞ്ഞുവയ്ക്കുന്നത്. തങ്ങളാരും സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ നടത്താനോ, ആയുധം എടുക്കാനോ ആവശ്യപ്പെട്ടിട്ടില്ല. ജമ്മു കശ്മീരിൽ വരുത്തുന്ന ഏതൊരു മാറ്റത്തെയും ജനാധിപത്യപരമായി എതിർക്കുമെന്നാണ് ഞങ്ങൾ പറഞ്ഞത്, അതിനാലാണ് ശിക്ഷിക്കപ്പെട്ടത്.