Movie prime

കാലവർഷം: കെ എസ് ഇ ബി സുസജ്ജം 

 

കെ.എസ്. ഇ. ബി. ലിമിറ്റഡിന്റെ അധീനതയിലുള്ള അണക്കെട്ടുകളുടെ കാലവർഷ മുന്നൊരുക്ക നടപടികൾ പവർ സെക്രട്ടറി ഡോ. അശോകും കെ.സ്.ഇ.ബി.എൽ  ചെയർമാൻ എൻ.എസ്. പിള്ളയും ചേർന്ന് വിശദമായി ഓൺലൈനായി ചേർന്ന യോഗത്തിൽ വിലയിരുത്തി.  ബോർഡിന്റെ അണക്കെട്ട് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ എഞ്ചിനീയർമാരും യോഗത്തിൽ സംബന്ധിച്ചു.

പതിവിൽ കവിഞ്ഞ വേനൽ മഴ ലഭിച്ചതിനാൽ ജലസംഭരണികളിൽ സാധാരണയിൽ കൂടുതൽ ജലം ഉണ്ടെങ്കിലും, കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ച 104% ശതമാനം വരെയുള്ള മഴയാണ് ഇനി ഉണ്ടാകുകയെങ്കിൽ കെ എസ് ഇ ബി യുടെ ജലസംഭരണികൾ ഒന്നും തന്നെ തുറന്ന് വിടേണ്ടി വരികയില്ലെന്ന് യോഗം വിലയിരുത്തി.

എന്നാൽ 2018, 2019 വർഷങ്ങളിലെപ്പോലെ, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അതിതീവ്രമഴ ഉണ്ടാകുന്ന സവിശേഷ സാഹചര്യം ഉരുത്തിരിഞ്ഞാൽ റൂൾ കർവുകളുടെ അടിസ്ഥാനത്തിലും, സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ ചട്ടങ്ങൾക്ക് വിധേയമായും , ജില്ലാ ദുരന്ത നിവാരണ സമിതികളുടെ അനുവാദത്തോടുകൂടിയും, ജനങ്ങളെ മുൻകൂട്ടി അറിയിച്ചുകൊണ്ടും നിയന്ത്രിത അളവിൽ മാത്രം ജലം തുറന്ന് വിടുവാനും തീരുമാനം എടുത്തു. 

അണക്കെട്ടുകളിലെ ഷട്ടറുകളുടെ പ്രവർത്തനം, മഴക്കാലത്തിനു മുമ്പുള്ള വിശദമായ പരിശോധനകൾ, സൈറണുകൾ, സാറ്റലൈറ്റ് ഫോൺ ഉൾപ്പെടെയുള്ള വാർത്താ വിനിമയ  സംവിധാനങ്ങൾ, കൺട്രോൾ റൂമുകൾ,  മുതലായവയുടെ പ്രവർത്തനങ്ങൾ, കാലവർഷത്തിനെ നേരിടുവാൻ തക്കവണ്ണം ഡാം സുരക്ഷാ വിഭാഗം സുസജ്ജമാണ്.

അടിയന്തര ഘട്ട കർമ്മ പദ്ധതി, ഓപ്പറേഷൻ & മെയിൻറനൻസ് മാനുവൽ തുടങ്ങി അണക്കെട്ടു സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോകോളുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തുകയുണ്ടായി. ആയതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ല എന്നും കെ എസ് ഇ ബി അറിയിച്ചു.