Movie prime

വാക്‌സിൻ ഇല്ല; എന്തുകൊണ്ടെന്ന് കോടതി 

 

പാക്കിസ്താൻ കുടിയേറ്റക്കാർക്ക് വാക്സിൻ നൽകുന്നില്ല, കാരണം ബോധിപ്പിക്കാൻ രാജസ്ഥാൻ സർക്കാരിനോട് ഹൈക്കോടതി

കോടതി വിധിയുണ്ടായിട്ടും പാക്കിസ്താനിൽ നിന്നുള്ള ന്യൂനപക്ഷ കുടിയേറ്റക്കാർക്ക് വാക്സിൻ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവാത്തതിൻ്റെ കാരണം  വിശദീകരിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. ആധാർ കാർഡില്ലാത്ത കുടിയേറ്റക്കാർക്കും വാക്സിൻ നൽകണം എന്ന് കഴിഞ്ഞ മെയ് 28-ന് ജസ്റ്റിസ് വിജയ് ബിഷ്ണോയ്, ജസ്റ്റിസ് രാമേശ്വർ വ്യാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

മെയ് 28-ലെ കോടതി വിധിക്കു ശേഷം സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഹെൽത്ത് മിഷൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് ഒരു കത്തെഴുതിയിരുന്നു. കോവിൻ പോർട്ടൽ വഴി നടത്തുന്ന വാക്സിനേഷൻ ഡ്രൈവിൽ പാകിസ്താനിൽ നിന്നുള്ള ഐഡൻ്റിറ്റി കാർഡില്ലാത്ത ന്യൂനപക്ഷ കുടിയേറ്റ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്ന വിധത്തിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തണം എന്ന ആവശ്യമാണ് കത്തിൽ ഉന്നയിച്ചത്. ഇത്തരം ഒരു കത്ത് നല്കേണ്ട ആവശ്യം എന്തായിരുന്നു എന്ന് കോടതി ചോദിച്ചു.

നേരത്തേ നിലവിലുള്ള എസ് ഒ പി യിൽ പാകിസ്താനി ന്യൂനപക്ഷ കുടിയേറ്റക്കാരെ വാക്സിനേഷൻ പ്രക്രിയയിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. മെയ് 28-ലെ വിധിയിൽ അക്കാര്യം പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ വ്യക്തത വീണ്ടും വരുത്തേണ്ട ആവശ്യം എന്തെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പാകിസ്താനിൽ നിന്നുള്ള ന്യൂനപക്ഷ കുടിയേറ്റ വിഭാഗങ്ങളെ ഇന്ത്യൻ പൗരൻമാരായി അംഗീകരിച്ചിട്ടുള്ളതാണെന്നും ആധാർ കാർഡ് ഇല്ല എന്ന ഒറ്റ കാരണം കൊണ്ടാണ് അവർ വാക്സിനേഷൻ പദ്ധതിയിൽ നിന്ന് പിന്തള്ളപ്പെടുന്നതെന്നും അമിക്കസ് ക്യൂറി കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി ചീഫ് സെക്രട്ടറിക്ക് നിർദേശം നല്കി. എസ് ഒ പി പ്രകാരം സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സ്ഥിതിഗതികൾ കോടതിയെ ധരിപ്പിക്കണം. പാകിസ്താനി കുടിയേറ്റക്കാർക്ക് റേഷൻ, ഭക്ഷ്യക്കിറ്റുകൾ എന്നിവ ലഭ്യമാക്കുന്നതിനെ പറ്റിയും സത്യവാങ്ങ്മൂലത്തിൽ വിവരങ്ങൾ നൽകണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

വിശദമായ വാദം കേൾക്കുന്നതിനായി കേസ് ജൂൺ 10-ാം തീയതിയിലേക്ക് മാറ്റി.