Movie prime

എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ ഉറപ്പാക്കും

 

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 35,50,000 രൂപ വകയിരുത്തി പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സജ്ജമാക്കിയ സയൻസ് ലാബിന്റെയും സ്കൂൾ വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരും ഇതര ജീവനക്കാരും തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ തന്നെ ചേർത്ത് പഠിപ്പിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഹയർ സെക്കന്ററി വിഭാഗത്തിനാവശ്യമായ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

പദ്ധതി അടങ്കൽ തുകയിൽ ബാക്കി വന്ന 4 ലക്ഷം രൂപ വിനിയോഗിച്ച് കമ്പ്യൂട്ടർ ലാബിലേക്കാവശ്യമായ കമ്പ്യൂട്ടറുകൾ വാങ്ങും. എൽ.ഐ.സി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും എൽ.ഐ.സി ജീവനക്കാരും സമാഹരിച്ച സ്മാർട്ട് ഫോണുകൾ  സ്കൂളിന് കൈമാറി.  

നോ ഡിജിറ്റൽ ഡിവൈഡ് ക്യാമ്പസ് എന്ന ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണം മേയർ ആര്യാ രാജേന്ദ്രൻ നിർവ്വഹിച്ചു. അഡ്വ.വി.കെ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.കെ.എസ് റീന, സ്കൂൾ പ്രിൻസിപ്പാൾ അനിത കുമാരി, ഹെഡ്മിസ്ട്രസ് നസീമാ ബീവി, കോർപ്പറേഷൻ എഞ്ചിനീയർ റാണി.ജി.എം, പി.ടി.എ പ്രസിഡന്റ് അജിത് കുമാർ, ജനറൽ സ്റ്റാഫ് സെക്രട്ടറി രതി.എസ്.നായർ എന്നിവർ സംസാരിച്ചു. ഡിജിറ്റൽ ഈഡൻസ് സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് സ്കൂളിനു വേണ്ടി വെബ്സൈറ്റ് തയ്യാറാക്കി നൽകിയത്.