Movie prime

പാറുൾ ഖക്കർ എന്ന ഗുജറാത്തി കവിയും സംഘപരിവാർ വേട്ടയും

പാറുൾ ഖക്കർ [ Parul Khakhar ] എന്ന കവിയെപ്പറ്റി കേട്ടിട്ടുണ്ടോ?അല്പകാലം മുമ്പുവരെ ഗുജറാത്തിലെ വലതുപക്ഷ ആശയക്കാർ “ദി നെക്സ്റ്റ് ബിഗ് ഐക്കൺ ഓഫ് ഗുജറാത്തി പോയട്രി” എന്ന് പാടി നടന്നിരുന്ന ഗുജറാത്തി കവി… അതൊക്കെ ഒരു കാലം.പ്രധാനമന്ത്രിയായപ്പോൾ നരേന്ദ്ര മോദിയെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും… എഴുത്തിലെമ്പാടും തീവ്ര വലതുപക്ഷ ചായ് വ് പ്രകടിപ്പിക്കുകയും…സ്വയമൊരു സനാതന ഹിന്ദുവായി കരുതുകയും… അതുവഴി സംഘപരിവാർ ആശയ ലോകത്തിൻ്റെ സ്നേഹഭാജനമായി മാറുകയും ചെയ്ത…പാറുൾ ഖക്കർ എന്ന എഴുത്തുകാരി. അതെ, അതേ പാറുൾ ഖക്കർ ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു ആൾക്കൂട്ട ആക്രമണത്തിന് വിധേയയാക്കപ്പെടുകയാണ്. അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചവരെല്ലാം അവഹേളനങ്ങളുടെ ചെളി വാരിയെറിയുകയും… പൂമൊട്ടുകൾക്കു പകരം More
 
പാറുൾ ഖക്കർ എന്ന ഗുജറാത്തി കവിയും സംഘപരിവാർ വേട്ടയും

പാറുൾ ഖക്കർ [ Parul Khakhar ] എന്ന കവിയെപ്പറ്റി കേട്ടിട്ടുണ്ടോ?
അല്പകാലം മുമ്പുവരെ ഗുജറാത്തിലെ വലതുപക്ഷ ആശയക്കാർ “ദി നെക്സ്റ്റ് ബിഗ് ഐക്കൺ ഓഫ് ഗുജറാത്തി പോയട്രി” എന്ന് പാടി നടന്നിരുന്ന ഗുജറാത്തി കവി…

അതൊക്കെ ഒരു കാലം.
പ്രധാനമന്ത്രിയായപ്പോൾ നരേന്ദ്ര മോദിയെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും… 
എഴുത്തിലെമ്പാടും തീവ്ര വലതുപക്ഷ ചായ് വ് പ്രകടിപ്പിക്കുകയും…
സ്വയമൊരു സനാതന ഹിന്ദുവായി കരുതുകയും… 
അതുവഴി സംഘപരിവാർ ആശയ ലോകത്തിൻ്റെ സ്നേഹഭാജനമായി മാറുകയും ചെയ്ത…
പാറുൾ ഖക്കർ എന്ന എഴുത്തുകാരി. 

അതെ, അതേ പാറുൾ ഖക്കർ ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു ആൾക്കൂട്ട ആക്രമണത്തിന്  വിധേയയാക്കപ്പെടുകയാണ്. അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചവരെല്ലാം അവഹേളനങ്ങളുടെ ചെളി വാരിയെറിയുകയും… 
പൂമൊട്ടുകൾക്കു പകരം ചീമുട്ടയേറ് നടത്തുകയും ചെയ്യുന്നു.
ഒരേയൊരു തെറ്റേ പാറുൾ ഖക്കർ ചെയ്തിട്ടുള്ളൂ.
ഒരു കവിതയെഴുതി.

കേവലം 14 വരികളുള്ള ഒരു ഗുജറാത്തി കവിത… അതിൻ്റെ മലയാള ഭാഷാന്തരം ഏതാണ്ടിങ്ങനെയാണ്…

“ഒരേ സ്വരത്തിൽ ശവങ്ങൾ വിളിച്ചു പറഞ്ഞു: 
എല്ലാം ശുഭമാകും.

പ്രഭോ, നിങ്ങളുടെ രാമരാജ്യത്തിൽ ​ഗം​ഗ ശവവാഹിനിയാകുന്നു.
പ്രഭോ, നിങ്ങളുടെ ശ്മശാനങ്ങൾ നിറഞ്ഞു കഴിഞ്ഞു.

വിറകുപുരകൾ ശൂന്യമായി.
ഞങ്ങളുടെ ചുമലുകൾ തളർന്നു.
കണ്ണുകളിൽ ശൂന്യത മാത്രം.
വീടുകൾ തോറും യമദൂതന്റെ വിളയാട്ടം.
പ്രഭോ, നിങ്ങളുടെ രാമരാജ്യത്തിൽ ​
ഗം​ഗ ശവവാഹിനിയാകുന്നു.
നിർത്താതെ എരിയുന്ന ചിതകൾഒരല്പം വിശ്രമം ആവശ്യപ്പെടുന്നു.

നിരന്തരം പൊട്ടിയുടയുന്ന വളകൾഞങ്ങളുടെ ഹൃദയം തകർക്കുന്നു.
​ന​ഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുന്നു, വാഹ് രേ ബില്ല-രം​ഗ!
പ്രഭോ, നിങ്ങളുടെ രാമരാജ്യത്തിൽ ​
ഗം​ഗ ശവവാഹിനിയാകുന്നു.
പ്രഭോ,നിങ്ങളുടെ വസ്ത്രങ്ങൾ ദിവ്യമാണ്.
നിങ്ങളുടെ ദൈവീക ജ്യോതിയും.
ന​ഗരം നിങ്ങളുടെ ശരിരൂപം കാണുകയാണ്.
ധൈര്യമുള്ളവർ വിളിച്ചു പറയുക;എന്റെ രാജാവ് ന​ഗ്നനാണ്.
പ്രഭോ, നിങ്ങളുടെ രാമരാജ്യത്തിൽ ​ഗം​ഗ ശവവാഹിനിയാകുന്നു.”

അതെ, ഈയൊരു കവിതയെഴുതി എന്ന തെറ്റേ പാറുൾ ഖക്കർ എന്ന കവി ചെയ്തിട്ടുള്ളൂ. രാജാവ് നഗ്നനാണ് എന്ന സത്യം ലോകത്തോട് വിളിച്ചു പറഞ്ഞു.
ഒപ്പം, രാജാവ് നഗ്നനാണ് എന്ന ആ സത്യം ലോകത്തോട് വിളിച്ചു പറയുവാൻ അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

14 വരികളേ പാറുൾ ഖക്കറുടെ കവിതയിലുള്ളൂ..
തരിമ്പും പതിരില്ലാത്ത പതിനാല് വരികൾ.
പതിനായിരങ്ങളുടെ ഹൃദയങ്ങളിലേക്കാണ് അവ ചാട്ടുളിപോലെ ചെന്നുപതിച്ചത്. 

‘ശവവാഹിനി’ എന്ന ആ ഗുജറാത്തി കവിത നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ബംഗാളിയിലും ഹിന്ദിയിലും ബോജ്പൂരിയിലും ആസാമീസിലും ഇംഗ്ലിഷിലും തമിഴിലും മലയാളത്തിലുമെല്ലാം ഒരേ സമയം ആ ഗുജറാത്തി കവിത തരംഗമാവുകയാണ്.  മറ്റ് നിരവധി ഭാഷകളിലേക്ക് അത് മൊഴിമാറ്റം ചെയ്യപ്പെടുകയാണ്.

സുനാമി പോലെ ആഞ്ഞടിച്ച കോവിഡിൻ്റെ രണ്ടാം വരവിൽ രാജ്യമാകെ നടുങ്ങി വിറയ്ക്കുമ്പോൾ, പ്രാണവായുവിനായി മനുഷ്യർ നാടൊട്ടുക്കും പരക്കം പായുമ്പോൾ, പുണ്യനദിയായ ഗംഗയിൽ ആയിരക്കണക്കിന് മൃതദേഹങ്ങൾ പൊന്തി നടക്കുമ്പോൾ, വായും ചെവിയും കണ്ണും മൂടിക്കെട്ടി ആലസ്യത്തിൽ ആണ്ടിരിക്കുന്ന കഴിവുകെട്ട ഒരു ഭരണകൂടത്തിൻ്റെ നെറികേടിലേക്കും കൊള്ളരുതായ്മയിലേക്കുമാണ് ആറ്റികുറുക്കിയ ആ പതിനാലമ്പുകളും അവർ ആഞ്ഞെയ്തത്.

നഗ്നനായ ആ രാജാവ് ആരാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? നഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുന്ന കൊള്ളക്കാരായ ബില്ല- രംഗമാർ ആരാണെന്ന് അറിഞ്ഞു കൂടാത്ത നിഷ്കളങ്കർ ഈ ഇന്ത്യാ മഹാരാജ്യത്തുണ്ടോ? 
അധികാരത്തിൻ്റെ ആന്ധ്യം അടിമുടി ബാധിച്ച ബധിര കർണങ്ങൾക്ക് ആ കവിത വല്ലാത്ത ചൊരുക്കുണ്ടാക്കും… 

ആധിയും അമ്പരപ്പുംഅസ്വസ്ഥതയുമുണ്ടാക്കും… വെളിവാക്കപ്പെട്ട, തുറന്നു കാട്ടപ്പെട്ട അശ്ലീല കാഴ്ചകൾ അതിന് ഉത്തരവാദികളായവരെ തെല്ലൊന്നുമല്ല പരിഭ്രമത്തിലാഴ്ത്തുക. 

ആ വരികൾ നോക്കൂ, “പ്രഭോ,  നിങ്ങളുടെ രാമരാജ്യത്തിൽ ​ഗം​ഗ ശവവാഹിനിയാകുന്നു.” ആ വരികളിലെ സത്യത്തിൻ്റെ ആ ദർശനം, വല്ലാത്തൊരു പിടച്ചിലുണ്ടാക്കുന്ന ആ ദംശനം ആരെയാണ് ഭയപ്പെടുത്താത്തത്?

സംഘ പരിവാരം ഒന്നടങ്കമാണ് അവർക്കെതിരെ ഉറഞ്ഞു തുള്ളിയത്.
ബി ജെ പി യുടെ ഐ ടി സെല്ലുകൾ ഒറ്റയടിക്കാണ്  അവർക്കെതിരെ തിരിഞ്ഞതും ആഞ്ഞടിച്ചതും.

അതെ, രാജാവ് നഗ്നനാണ് എന്ന പരുഷമായ യാഥാർഥ്യത്തിൻ്റെ ശംഖൊലിയാണ് ശവവാഹിനി എന്ന കവിത.
പാറുൾ ഖക്കർ എന്ന കവിയെപ്പറ്റി അല്പം കൂടി അറിയണം.
51 വയസ്സുള്ള ഒരു വീട്ടമ്മയാണ് പാറുൾ. 
അവരുടെ ഭർത്താവ് ഒരു ബാങ്കുദ്യോഗസ്ഥനാണ്.
ഒരു പാർട് ടൈം എഴുത്തുകാരിയായാണ് അവർ സ്വയം കരുതുന്നത്.
അല്പമൊക്കെ എഴുതുന്ന കുടുംബിനി, 
അഥവാ ഗുജറാത്തി സംസ്കൃതിയിലെ കുലസ്ത്രീയായ ഒരു വീട്ടമ്മ…
വിവാഹത്തോടെ പഠനം നിലച്ച അവർ കുടുംബ ജീവിതത്തിൽ തീർത്തും സംതൃപ്തയാണ് എന്ന് അടുത്തറിയാവുന്നവർ പറയുന്നു.
1984-ൽ പത്താം തരത്തിൽ പഠിക്കുമ്പോഴാണ് പാറുൾ  ആദ്യമായി ഒരു കവിത കുത്തിക്കുറിക്കുന്നത്.

ഇന്ദിരാഗാന്ധിയെ കുറിച്ചായിരുന്നു ആ കവിത.
അവരുടെ ഗംഭീരമായ വ്യക്തിത്വത്തേയും രക്തസാക്ഷിത്വത്തേയും കുറിച്ചായിരുന്നു ആ വരികളിൽ അവർ കുറിച്ചിട്ടത്.
ഗുജറാത്തിയിലും ഹിന്ദിയിലും ഉറുദുവിലും എഴുതുന്ന,
ഗസലുകൾ എഴുതാൻ ഏറെ ഇഷ്ടപ്പെടുന്ന, 
തൻ്റേത് ഒരു ആത്മീയ വ്യക്തിത്വമാണെന്ന് അവർ തൻ്റെ ബ്ലോഗിൻ്റെ ആമുഖക്കുറിപ്പിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.

കൃഷ്ണ ഭക്തയായ കവി രാധാ-കൃഷ്ണ പ്രണയ സങ്കല്പത്തെപ്പറ്റി ഭക്തി സാന്ദ്രമായ ഒട്ടേറെ കവിതകൾ രചിച്ചിട്ടുണ്ട്.  ആത്മീയത, പവിത്രമായ കുടുംബ സങ്കല്പനങ്ങൾ, കൃഷ്ണ ഭക്തി, കുലസ്ത്രീ മഹിമ തുടങ്ങി യാഥാസ്ഥിതിക ഗുജറാത്തി സംസ്കാരത്തിൻ്റെ പ്രതിരൂപമായി അറിയപ്പെട്ടിരുന്ന പാറുൾ ഖക്കറിന് വലതുപക്ഷ ചരിത്രകാരനും ചിന്തകനും പത്മശ്രീ ജേതാവുമായ വിഷ്ണു പാണ്ഡ്യയാണ്  “ദി നെക്സ്റ്റ് ബിഗ് ഐക്കൺ ഓഫ് ഗുജറാത്തി പോയട്രി” എന്ന വിശേഷണം ചാർത്തിക്കൊടുത്തത്. 

എന്തായാലും ശവവാഹിനിയോടെ എല്ലാ വിശേഷണങ്ങളും തിരിച്ചെടുക്കപ്പെട്ടു കഴിഞ്ഞു.
ആശീർവാദങ്ങൾ അധിക്ഷേപങ്ങളായി മാറിയിരിക്കുന്നു.
നല്ല വാക്കുകൾ കെട്ട വാക്കുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു.
മോദിയെ നഗ്നനായ രാജാവായും ഗംഗയെ  ശവവാഹിനിയായും താൻ തിരിച്ചറിഞ്ഞ ഇന്ത്യൻ യാഥാർഥ്യത്തെ കാവ്യ ഭാഷയിൽ വരച്ചിട്ടതോടെ സൈബർ ലോകത്തെ തെമ്മാടിക്കൂട്ടങ്ങൾ അരയും തലയും മുറുക്കിയാണ് അവർക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.

രാജ്യദ്രോഹിയെന്നുംനികൃഷ്ട ജീവിയെന്നും നന്ദികെട്ടവളെന്നും  പക്വതയില്ലാത്തവളെന്നും ഹിന്ദുമത വിരുദ്ധയെന്നും…
അങ്ങനെയങ്ങനെ പാറുൾ കേൾക്കാത്ത പഴികളില്ല.

കവിത ഭാഷാന്തരം: കെ സഹദേവൻ