Movie prime

ദളിതൻ ദേവസ്വം മന്ത്രിയായാൽ നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കുമോ?

കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയതുമായി ബന്ധപ്പെട്ട അവകാശ വാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും കോലാഹലങ്ങൾക്കും അറുതിയായിട്ടില്ല. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ അത് ചരിത്രപരവും വിപ്ലവാത്മകവുമാണെന്ന വലിയ തോതിലുള്ള അവകാശ വാദങ്ങൾ സൈബർ സഖാക്കൾ ഉയർത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ അതു സംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്. ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ, സമർഥമായ ഒരു കരുനീക്കമാണ് അത്തരം ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചവർ നടത്തിയത് എന്ന് നിസ്സംശയം പറയാനാവും. കാരണം അതേവരെ സോഷ്യൽ മീഡിയയിൽ More
 
ദളിതൻ ദേവസ്വം മന്ത്രിയായാൽ  നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കുമോ?

കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയതുമായി ബന്ധപ്പെട്ട അവകാശ വാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും കോലാഹലങ്ങൾക്കും അറുതിയായിട്ടില്ല. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ അത് ചരിത്രപരവും വിപ്ലവാത്മകവുമാണെന്ന വലിയ തോതിലുള്ള അവകാശ വാദങ്ങൾ സൈബർ സഖാക്കൾ ഉയർത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ അതു സംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്.

ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ, സമർഥമായ ഒരു കരുനീക്കമാണ് അത്തരം ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചവർ നടത്തിയത് എന്ന് നിസ്സംശയം പറയാനാവും. കാരണം അതേവരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ചർച്ചകൾ എന്തായിരുന്നു? ആർക്കു വേണ്ടിയുള്ള മുറവിളികളാണ് അവിടെ മുഴങ്ങിക്കൊണ്ടിരുന്നത്? ആരോഗ്യ വകുപ്പും മന്ത്രി ശൈലജയും എന്ന ഒറ്റ അജണ്ടയിലാണ് സോഷ്യൽ മീഡിയാ ചർച്ചകൾ വട്ടം കറങ്ങിയിരുന്നത് എന്ന് നമുക്കറിയാം.

സി പി എമ്മിലെ പുരുഷ മേധാവിത്വം, ഗൗരിയമ്മയെയും സുശീല ഗോപാലനെയും പോലുള്ള ഇടതുപക്ഷ വനിതകളുടെ രാഷ്ട്രീയ ജീവിതം, അവരെ ഒരു പരിധിയിലപ്പുറം വളരാൻ അനുവദിക്കാത്ത പാട്രിയാർക്കിയുടെ കടുംപിടുത്തം, ലോകം അംഗീകരിച്ച ആരോഗ്യ മന്ത്രി തുടർഭരണ സാധ്യതകളിൽ വഹിച്ച അനിഷേധ്യമായ പങ്ക്, ക്യാപ്റ്റൻ്റെ ഏകാധിപത്യം തുടങ്ങി സാമൂഹ്യ മാധ്യമങ്ങളെല്ലാം ഒരേ വിഷയത്തിൽ കേന്ദ്രീകരിച്ചു.  

ഒരേയൊരു ആളിൻ്റെ വ്യക്തിപ്രഭാവത്തിൽ മുഴുവനായി മുങ്ങി അവർക്ക് അവസരം നിഷേധിച്ചതിലെ നീതികേടിൽ വിലപിച്ചു. വിമർശിച്ചു. വിയോജിച്ചു. അന്നേരമാണ് ദളിതന് ദേവസ്വം എന്ന അസാമാന്യ കോമ്പിനേഷൻ ചർച്ചയ്ക്കായി വീണു കിട്ടുന്നത്. അതോടെ ശൈലജ ടീച്ചറെ വിട്ട് സോഷ്യൽ മീഡിയയാകെ രാധാകൃഷ്ണൻ എന്ന ദളിത് നേതൃരൂപത്തിനു ചുറ്റും വിശ്വാസപൂർവം വലം വെയ്ക്കാൻ തുടങ്ങി. “ശൈലജ ടീച്ചറെ തിരിച്ചുവിളിക്കൂ” എന്ന മുറവിളികൾക്കാണ് അതോടെ ശമനമായത്.

സുപ്രധാനം എന്ന് നിസ്സംശയം പറയാവുന്ന ആരോഗ്യ മേഖലയുടെ ഭാവിയെപ്പറ്റിയുള്ള ചർച്ചകൾ അങ്ങനെ താരതമ്യേന അപ്രധാനവും എന്നാൽ തീപിടിച്ചാൽ ഏറെ നേരം കത്തി നില്ക്കുന്നതുമായ ദേവസ്വം ഭരണം ദളിതന് എന്ന മറ്റൊരു വിവാദ വിഷയത്തിലേക്ക് വഴിമാറി. അഥവാ വഴി മാറ്റി. നീണ്ടു നിന്നാൽ, അപകടകരമായി തീരാനിടയുള്ള ഒരു ചർച്ചയെ, വളർന്നു വരുന്ന ഒരു സന്നാഹത്തെ, മുന്നേറുന്ന ഒരു ക്യാമ്പയ്നെ ബോധപൂർവം വഴി തിരിച്ച് വിടാനുള്ള നീക്കമാണോ,  അണിയറയിൽ നടന്നത് എന്ന വിഷയം തത്ക്കാലം വിടാം.
ദളിതന് ദേവസ്വം എന്ന ബ്രാൻഡ് ന്യൂ ചർച്ചാ വിഷയത്തിലേക്ക് തന്നെ വരാം. ദേവസ്വം വകുപ്പ് കയ്യാളുന്ന ആദ്യത്തെ ദളിതൻ കെ രാധാകൃഷ്ണനല്ലെന്നും മുമ്പ് കെ കെ ബാലകൃഷ്ണനും വെള്ള ഈച്ചരനും ദാമോദരൻ കാളാശ്ശേരിയും അടക്കം ദളിത് വിഭാഗത്തിൽ നിന്നുള്ള പലരും ദേവസ്വം വകുപ്പ് ഭരിച്ചിട്ടുണ്ട് എന്നുമുള്ള എതിർവാദമാണ് പിന്നീട് വലിയ രീതിയിൽ ഉയർന്നു വന്നത്.

എന്നാൽ വിക്കിപീഡിയ തിരുത്തിയാണ് വിവരങ്ങൾ കെട്ടിച്ചമയ്ക്കുന്നതെന്നും ദളിത് വിപ്ലവത്തിൻ്റെ പതാക മറ്റാർക്കും കൈമാറാനാവില്ലെന്നും ഇടത് പ്രൊഫൈലുകൾ ഇടന്തടിച്ച് നിന്നു. അതോടെ വിക്കിപീഡിയ അടക്കമുള്ള ഇൻ്റർനെറ്റ് വിവരങ്ങളുടെയും നിയമസഭാ രേഖകളുടെയും സ്ക്രീൻ ഷോട്ടുകൾ ഫേസ്ബുക്ക് പ്രൊഫൈലുകളിലും വാട്സപ്പ് ചാറ്റുകളിലുമെല്ലാം തലങ്ങും വിലങ്ങും പായാൻ തുടങ്ങി. എന്തായാലും ചൂടേറിയ ചർച്ചകൾക്കൊടുവിൽ  ഏറെക്കുറെ എല്ലാവരും അംഗീകരിച്ച വസ്തുത ഇതാണ്.

1996-2001 കാലത്തെ നായനാർ സർക്കാരിൻ്റെ കാലത്താണ് ദേവസ്വം ഒരു സ്വതന്ത്ര വകുപ്പാകുന്നത്. അതിനു മുൻപേ അത് ഹരിജനക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഉപവകുപ്പായിരുന്നു. ഉപവകുപ്പ് എന്ന നിലയിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർ പലരും ദേവസ്വം വകുപ്പ് മുൻപും കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ സ്വതന്ത്ര വകുപ്പായി മാറിയതിനു ശേഷം ആ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ ദളിതനാണ് കെ രാധാകൃഷ്ണൻ. വസ്തുതകൾ വസ്തുതകളായി ഇങ്ങനെ നില നില്ക്കേ സുപ്രധാനമായ, ഉത്തരം കിട്ടേണ്ട മറ്റു ചില ചോദ്യങ്ങൾ ചോദ്യങ്ങളായി അവശേഷിക്കുകയാണ്.

കെ രാധാകൃഷ്ണൻ എന്ന ദളിതൻ ദേവസ്വം മന്ത്രിയായാൽ നവോത്ഥാന മൂല്യങ്ങൾക്ക് കേരളത്തിൽ ഉയർത്തെഴുന്നേല്പ് ഉണ്ടാകുമോ എന്ന ചോദ്യമാണ് അതിൽ ഏറ്റവും പ്രസക്തമായത്. ശൈലജ ടീച്ചറെ ആരോഗ്യ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്തുമ്പോൾ സി പി എം എന്ന പാർട്ടി ആവർത്തിച്ച് പറയുന്ന അതിൻ്റെ നിലപാടുണ്ടല്ലോ. വ്യക്തിക്ക് തങ്ങളുടെ പാർട്ടിയിൽ യാതൊരു പ്രാധാന്യവുമില്ല. നിലപാടുകളാണ്, പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളാണ് സർക്കാരിനെ മുന്നോട്ട് നയിക്കുന്നത്. വിശ്വാസത്തിൻ്റെ കാര്യത്തിൽ എന്താണ് പാർട്ടിയുടെ തിരുത്തപ്പെട്ട നയം എന്ന് എല്ലാവർക്കും അറിയാം.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി പുരോഗമനപരമാണെന്ന നിലപാട് ഉയർത്തിപ്പിടിച്ച് അത് നടപ്പാക്കുമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ കാര്യമാണ് “നാലോട്ടിനു വേണ്ടി നിലപാട് മാറ്റുന്നവരല്ല ഇടതുപക്ഷം” എന്നത്.  
അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും സഹോദരൻ അയ്യപ്പനെയുമെല്ലാം ഉദ്ധരിച്ചുള്ള ഉജ്വലമായ അന്നത്തെയാ പ്രസംഗം പിണറായിക്കു പോലും ഇപ്പോൾ ഓർമയുണ്ടാവാൻ ഇടയില്ല. കാരണം വിപ്ലവകരമെന്ന് വിശേഷിപ്പിക്കപ്പെട്ട  അന്നത്തെ ആ നിലപാട് പാർട്ടി പൂർണമായും കൈയൊഴിഞ്ഞിരിക്കുന്നു.

ദളിതൻ ദേവസ്വം മന്ത്രിയായാൽ  നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കുമോ?

തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടിയോടെ, വിശ്വാസികൾ പാർട്ടിയിൽ നിന്നും അകന്നു പോകുന്നു എന്ന ഉൾഭയത്തോടെ പിണറായിയുടെ പാർട്ടി അതിൻ്റെ നയം മാറ്റിയതിനും നിലപാട്  തിരുത്തിയതിനുമെല്ലാം നാം സാക്ഷികളാണ്. 
അത്തരത്തിൽ നവോത്ഥാന മൂല്യങ്ങളെ എതിർക്കുന്നവരുടെ പക്ഷത്തേക്ക് ചുവടുമാറ്റി, സവർണ ഹൈന്ദവതയ്ക്ക് അനുകൂലമായ നിലപാടെടുക്കുന്നവരുടെ  വിപ്ലവ പൊങ്ങച്ചങ്ങൾക്ക് എന്ത് പ്രസക്തിയാണ് ഈ കാലത്ത് ഉള്ളത്? സവർണ പക്ഷത്തെ വേദനിപ്പിക്കുന്ന നിലപാടുകൾക്കൊന്നും തങ്ങളില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിരിക്കെ,

വിശ്വാസികളെ വേദനിപ്പിച്ചു കൊണ്ടുള്ള ജനാധിപത്യത്തിനും പുരോഗമനത്തിനുമൊന്നും ഇനിയില്ലെന്ന് ഉറപ്പിച്ചിരിക്കെ, ആചാരങ്ങൾ സംരക്ഷിക്കാനുള്ളതാണ് എന്ന പുതിയ നിലപാടിലേക്ക് അവരാകെ എത്തിയിരിക്കെ അവർണനായ ഒരാൾക്ക് ദേവസ്വം വകുപ്പിൻ്റെ അധികാരം കൈമാറി എന്ന വീരവാദത്തിൽ പൊങ്ങച്ചത്തിൽ എത്രമാത്രം പുരോഗമനവും വിപ്ലവാത്മകതയുമുണ്ട് എന്ന ആത്മപരിശോധന ഇടത് സൈബർ പോരാളികൾ ഇനിയെങ്കിലും നടത്തുന്നത് നല്ലതാണ്.

ദളിത് പ്രാതിനിധ്യത്തെപ്പറ്റിയുള്ള ഗൗരവപൂർണമായ ചർച്ചകളെ കൂടിയാണ് ഇത്തരം വിപ്ലവ വീരവാദങ്ങളിലൂടെ മറച്ചു പിടിക്കാൻ ശ്രമിക്കുന്നതെന്ന് ഇടതുപക്ഷത്തെ ഓർമപ്പെടുത്തേണ്ടതുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ സവർണക്ക് മുൻതൂക്കം നല്കിയ കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തെപ്പറ്റി എന്തൊരാക്ഷേപമായിരുന്നു മാർക്സിസ്റ്റുകൾക്ക് ! അതേച്ചൊല്ലി എന്തെല്ലാം പഠനങ്ങളും ഗൗരവപൂർണമായ വിലയിരുത്തലുകളുമാണ് പാർടി സ്റ്റഡി ക്ലാസ്സുകളിൽ ഇടതു ബുദ്ധിജീവികൾ നടത്തിയത്.പിന്നാക്കക്കാർക്കും ദളിതുകൾക്കും ആദിവാസികൾക്കും മത ന്യൂനപക്ഷങ്ങൾക്കും പ്രാതിനിധ്യം തീരെ കുറഞ്ഞ, മുക്തർ അബ്ബാസ് നഖ് വി എന്ന ഒരേയൊരു മുസ്ലിം മന്ത്രി മാത്രമുള്ള

മോദി മന്ത്രിസഭയുടെ രൂപവത്കരണത്തിൽ സാമൂഹ്യ നീതി നിഷേധത്തിൻ്റെ ആഴമളക്കാൻ കാണിച്ച അതേ ആവേശം എന്തുകൊണ്ടാണ് നായർ പ്രാമാണ്യമുള്ള ഒരു മന്ത്രിസഭ രൂപീകരിച്ച് പിന്നാക്ക ദളിത് വിരുദ്ധത കാണിക്കുന്ന ഇടത് പക്ഷത്തിനെതിരെ വിമർശനാത്മകമായി ഉയരാത്തത്. മോദിയുടെ 58 മന്ത്രിമാരിൽ 32 പേരും സവർണരായതിലെ വർഗീയതയെയും വംശീയതയെയും കുറിച്ച് ഉപന്യാസങ്ങൾ ചമച്ചവർക്ക് സ്വന്തം മന്ത്രിസഭയിലെ ശുഷ്കമായ ദളിത് പ്രാതിനിധ്യം കാണാനാവില്ലെന്നുണ്ടോ?

ദളിതൻ ദേവസ്വം മന്ത്രിയായാൽ  നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കുമോ?

മോദി മന്ത്രിസഭയിൽ പതിമൂന്ന് പിന്നാക്കക്കാരും ആറ് പട്ടിക ജാതിക്കാരും നാല് പട്ടിക വർഗക്കാരും മാത്രമാണെന്ന് വിലാപ കാവ്യം രചിച്ചവരാരും തന്നെ  സ്വന്തം സർക്കാരിലെ ദളിത് പ്രാതിനിധ്യത്തെച്ചൊല്ലി ഉത്കണ്ഠപ്പെടാത്തതെന്തുകൊണ്ടാവും?  സർക്കാരുകൾ രൂപീകരിക്കുമ്പോൾ അതിലുണ്ടാവേണ്ട ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി ഗവേഷണം നടത്തിയ
പ്രബന്ധകാരന്മാരും പിണറായി വിജയനോട് അതേ മട്ടിൽ സംസാരിക്കാത്തത് എന്തുകൊണ്ടാവും? മൊത്തം പന്ത്രണ്ട് മന്ത്രിമാരും ഒരു സ്പീക്കറുമുള്ള സി പി എമ്മിൽ അഞ്ചു മന്ത്രിമാരും സ്പീക്കറും നായരായത് നരേന്ദ്രമോദിയെടുത്ത തീരുമാനമാണോ?  

സി പി ഐ യുടെ നാലു മന്ത്രിമാരിൽ മൂന്നും നായരായത് അമിത് ഷായുടെ വിഷലിപ്തമായ സോഷ്യൽ എഞ്ചിനീയറിങ്ങിൻ്റെ ഫലമാണോ? കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആകെയുള്ള പതിനാറ് മന്ത്രിമാരിൽ എട്ടാളും അതായത് അമ്പത് ശതമാനവും നായരായത് സംഘപരിവാറിൻ്റെ സവർണ പ്രീണന നയം മൂലമാണോ? എന്തായാലും ദളിതന് കൈമാറുന്ന ദേവസ്വം വകുപ്പ്  മഹത്തായ വിപ്ലവമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല.

സ്ത്രീ തുല്യതയ്ക്കും ദളിത് മുന്നേറ്റങ്ങൾക്കും  ഭരണഘടനാ ധാർമികതയ്ക്കും സാമൂഹ്യ നീതി സങ്കല്പങ്ങൾക്കും എതിരുനില്ക്കുന്ന, ആചാര സംരക്ഷണത്തിൻ്റേതായ സവർണ മണ്ഡലത്തിൽ വിപ്ലവകരമായി നിർവഹിക്കാനായി അതിന് ദൗത്യങ്ങളൊന്നും അവശേഷിച്ചിട്ടില്ല.  ആയതിനാൽ ദളിത് പ്രാതിനിധ്യം പോലും കേവലം പേരിന് മാത്രമുള്ള ഒരു മന്ത്രിസഭയിൽ  
ദളിതന് തീർത്തും അപ്രധാനമായ ഒരു വകുപ്പ് നല്കിയതിലെ നീതി രാഹിത്യമാണ് ചർച്ച ചെയ്യപ്പെടേണ്ടത്.