Movie prime

ചെങ്കോട്ടയിൽ കൊടി ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദു കേന്ദ്ര സർക്കാരിൻ്റെ ഏജൻ്റെന്ന് കർഷക നേതാക്കൾ

Red Fort ചെങ്കോട്ടയിൽ കൊടി ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദുവിനെതിരെ കർഷക നേതാക്കൾ. ദീപ് സിദ്ദു കേന്ദ്ര സർക്കാരിൻ്റെ ഏജൻ്റാണെന്നും അയാളെ സൂക്ഷിക്കേണ്ടതുണ്ടെന്നും സമരനേതാക്കൾ മുന്നറിയിപ്പ് നൽകി.Red Fort കർഷക പ്രക്ഷോഭം ജനാധിപത്യപരവും സമാധാനപരവുമായാണ് നടക്കുന്നത്. അത് മതപരമല്ല. അതിന് മതത്തിൻ്റെ നിറം നൽകുന്നത് ശരിയല്ല. മതത്തിൻ്റെ നിറം നൽകാനുള്ള നീക്കങ്ങൾ സംശയാസ്പദമാണ്. ദീപ് സിദ്ദു ചെയ്ത കാര്യങ്ങളെ ശക്തമായി അപലപിക്കുന്നു. കർഷക സമരത്തെ അപകീർത്തിപ്പെടുത്താനും അട്ടിമറിക്കാനുമാണ് അയാൾ ശ്രമിച്ചത്. നിരവധി തവണ അയാൾ കർഷക More
 
ചെങ്കോട്ടയിൽ കൊടി ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദു കേന്ദ്ര സർക്കാരിൻ്റെ ഏജൻ്റെന്ന് കർഷക നേതാക്കൾ

Red Fort
ചെങ്കോട്ടയിൽ കൊടി ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദുവിനെതിരെ കർഷക നേതാക്കൾ. ദീപ് സിദ്ദു കേന്ദ്ര സർക്കാരിൻ്റെ ഏജൻ്റാണെന്നും അയാളെ സൂക്ഷിക്കേണ്ടതുണ്ടെന്നും സമരനേതാക്കൾ മുന്നറിയിപ്പ് നൽകി.Red Fort

കർഷക പ്രക്ഷോഭം ജനാധിപത്യപരവും സമാധാനപരവുമായാണ് നടക്കുന്നത്. അത് മതപരമല്ല. അതിന് മതത്തിൻ്റെ നിറം നൽകുന്നത് ശരിയല്ല. മതത്തിൻ്റെ നിറം നൽകാനുള്ള നീക്കങ്ങൾ സംശയാസ്പദമാണ്. ദീപ് സിദ്ദു ചെയ്ത കാര്യങ്ങളെ ശക്തമായി അപലപിക്കുന്നു. കർഷക സമരത്തെ അപകീർത്തിപ്പെടുത്താനും അട്ടിമറിക്കാനുമാണ് അയാൾ ശ്രമിച്ചത്.

നിരവധി തവണ അയാൾ കർഷക സമരത്തിൻ്റെ നേതൃത്വത്തിനെതിരെ സംസാരിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകൾ പരത്തി സമരത്തെ കരിവാരിത്തേക്കാനാണ് അയാളുടെ ശ്രമം. കേന്ദ്ര സർക്കാരിൻ്റെ ഒത്താശയോടെയാണ് നടൻ പ്രവർത്തിക്കുന്നത്- സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.

ട്രാക്റ്റർ റാലിക്കിടെ ഒരു കൂട്ടം ആളുകൾ ചെങ്കോട്ടയിൽ കയറിയതും സിഖുകാർ ഗുരുദ്വാരകളിൽ ഉയർത്തുന്ന തരം കൊടി ഉയർത്തിയതും വിവാദങ്ങൾ ഉയർത്തിയിരുന്നു. പഞ്ചാബി ഗായകനും നടനുമായ ദീപ് സിദ്ദുവാണ് കൊടി ഉയർത്തിയതെന്ന് വാർത്തകൾ വന്നതോടെ വിമർശകർ അയാൾക്കു നേരെ തിരിഞ്ഞു. ചെങ്കോട്ടയിൽ ‘നിഷാൻ സാഹിബ് ‘ ഉയർത്തിയത് പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് എന്ന വിശദീകരണവുമായി പിന്നീട് നടൻ തന്നെ രംഗത്തുവന്നു.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സംഭവങ്ങൾ ആസൂത്രിതമായിരുന്നു എന്ന ആരോപണങ്ങളെ നടൻ തള്ളി. സംഭവത്തിന് മതപരമായ നിറം ചാർത്തരുത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതീകാത്മകമായ സമരമാണ് തങ്ങൾ നടത്തിയത്. യാതൊരു ആസൂത്രണവും അതിന് പിന്നിലില്ല. തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള മാർഗമായാണ് അതിനെ കണ്ടത്. കിസാൻ മസ്ദൂർ ഏക് ത എന്ന മുദ്യവാക്യവും ഉയർത്തിയിരുന്നു. ഫ്ലാഗ് പോസ്റ്റിൽ നിന്ന് ദേശീയ പതാക നീക്കം ചെയ്തു എന്ന ആരോപണത്തെയും നടൻ തളളിക്കളഞ്ഞു. ദേശീയ പതാക നീക്കം ചെയ്തിട്ടില്ല. താൻ രാജ്യത്തിൻ്റെ ഐക്യത്തിലും അഖണ്ഡതയിലും വിശ്വാസം അർപിക്കുന്ന വ്യക്തിയാണ്.

പ്രതിഷേധക്കാരിൽ ഒരു വിഭാഗത്തെ വഴിതെറ്റിച്ചതിലും സമരത്തിന് മതപരമായ നിറം നൽകിയതിലും നടനെ വിമർശിച്ച് ഭാരതീയ കിസാൻ യൂണിയൻ ഹരിയാന യൂണിറ്റ് നേതാവ് ഗുർണാം സിങ്ങ് ചൗധരി രംഗത്തെത്തി. ദീപ് സിദ്ദുവാണ് പ്രക്ഷോഭകാരികളെ ചെങ്കോട്ടയിലേക്ക് നയിച്ചതെന്നും ചെങ്കോട്ടയിൽ പോകാൻ കർഷകർ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി സ്ഥാനാർഥിയായി
ഗുരുദാസ്പൂരിൽ മത്സരിക്കുമ്പോൾ, പ്രശസ്ത ബോളിവുഡ് താരം സണ്ണി ഡിയോളിൻ്റെ സഹായിയായി ദീപ് സിദ്ദു പ്രവർത്തിച്ചിരുന്ന കാര്യം ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പവും നടൻ നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ
വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

തുടക്കം മുതലേ കർഷക സമരത്തിൻ്റെ നീക്കങ്ങളെ എതിർക്കുന്ന നിലപാടാണ് നടൻ സ്വീകരിച്ചു പോരുന്നതെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. അതിർത്തിയിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ നടനും കൂട്ടാളികളും ചെയ്ത കാര്യങ്ങൾ കണ്ടതോടെ അവരെ അകറ്റി നിർത്താൻ കർഷക സംഘടനകൾ തീരുമാനമെടുത്തതാണ്.

നാല്പതോളം കർഷക സംഘടനകൾ ചേർന്ന സംയുക്ത കിസാൻ മോർച്ചയും ട്രാക്റ്റർ റാലിക്കിടെ നടന്ന അക്രമങ്ങളെ തളളിപ്പറഞ്ഞ് രംഗത്തെത്തി. സമാധാനപരമായ സമര മാർഗത്തിൽ വിശ്വസിക്കുന്ന കർഷകർ അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. സാമൂഹ്യ വിരുദ്ധ ശക്തികളാണ് ട്രാക്റ്റർ റാലിക്കിടെ അക്രമം അഴിച്ചുവിട്ടതെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.