Movie prime

സത്യപ്രതിജ്ഞാ ചടങ്ങ്: സോഷ്യൽ മീഡിയാ പ്രതിഷേധം ശക്തം

അഞ്ഞൂറ് പേർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് [ swearing in ] സംഘടിപ്പിക്കുന്നതിൽ നിന്ന് ഒട്ടും പിറകോട്ടു പോവില്ല എന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം നീറിപ്പുകയുകയാണ്. സോഷ്യൽ മീഡിയയിൽ എമ്പാടും അതിൻ്റെ അലയൊലികളും പുകപടലങ്ങളും കാണാം. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ, പ്രത്യേകിച്ച് ഇടതുപക്ഷത്തോടൊപ്പം നില്ക്കുന്നവർ, ഇടത് അനുഭാവികളായവർ, സർക്കാർ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിമർശനത്തിൽ കടുത്ത വാക്കുകൾ ഉപയോഗിക്കാതെ തന്നെ വിവേകവും നേർബുദ്ധിയും ഉപദേശിക്കുന്നവരുണ്ട്. ഒടുവിൽ സർക്കാർ ആ തീരുമാനത്തിൽ നിന്ന് പിന്മാറും എന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവരുണ്ട്. എന്തായാലും സെൻട്രൽ സ്റ്റേഡിയത്തിലെ More
 
സത്യപ്രതിജ്ഞാ ചടങ്ങ്:  സോഷ്യൽ മീഡിയാ പ്രതിഷേധം ശക്തം

അഞ്ഞൂറ് പേർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് [ swearing in ] സംഘടിപ്പിക്കുന്നതിൽ നിന്ന് ഒട്ടും പിറകോട്ടു പോവില്ല എന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം നീറിപ്പുകയുകയാണ്. സോഷ്യൽ മീഡിയയിൽ എമ്പാടും അതിൻ്റെ അലയൊലികളും പുകപടലങ്ങളും കാണാം. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ, പ്രത്യേകിച്ച് ഇടതുപക്ഷത്തോടൊപ്പം നില്ക്കുന്നവർ, ഇടത് അനുഭാവികളായവർ,
സർക്കാർ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വിമർശനത്തിൽ കടുത്ത വാക്കുകൾ ഉപയോഗിക്കാതെ തന്നെ വിവേകവും നേർബുദ്ധിയും ഉപദേശിക്കുന്നവരുണ്ട്. ഒടുവിൽ സർക്കാർ ആ തീരുമാനത്തിൽ നിന്ന് പിന്മാറും എന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവരുണ്ട്.

എന്തായാലും സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പിൻമാറുക എന്ന ആവശ്യത്തിന് മുൻപത്തേക്കാളേറെ ശക്തി കൂടിയിട്ടുണ്ട്.
സർക്കാരിൻ്റെ ഏതു തീരുമാനത്തെയും എതിർത്ത് ആദ്യം തന്നെ രംഗത്തുവരാറുള്ള പ്രതിപക്ഷം ഈ വിഷയത്തിൽ ഏറെക്കുറെ നിശ്ശബ്ദമാണെന്ന് കാണാം.

എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സർക്കാരിനുവേണ്ടി ശബ്ദിച്ചവരും തുടർഭരണമെന്ന ആവശ്യം ഉയർത്തിയവരുമാണ് ഇക്കാര്യത്തിൽ തങ്ങൾക്കുള്ള അഭിപ്രായ ഭിന്നത വ്യക്തമാക്കി കൂടുതൽ കൂടുതൽ മുന്നോട്ടു വരുന്നത്.

സർക്കാരിൻ്റെ തീരുമാനം തെറ്റാണെന്നും അത് തന്നെ ഞെട്ടിച്ചുവെന്നും പ്രശസ്ത അഭിനേത്രി പാർവതി തിരുവോത്ത് അഭിപ്രായപ്പെട്ടു.
സർക്കാർ ഇതേവരെ ചെയ്ത നല്ല കാര്യങ്ങളിലൊന്നും തനിക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാൽ 500 പേരെക്കൂട്ടി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കാനുള്ള തീരുമാനം തെറ്റാണ്. സത്യപ്രതിജ്ഞ വെർച്വലായി നടത്താമെന്നിരിക്കെ അതിന് സർക്കാർ തയ്യാറാവണമെന്ന് പാർവതി ട്വീറ്റ് ചെയ്തു.

നാം സംസാരിക്കുന്നത് ജനാധിപത്യത്തിലെ ശരികളെപ്പറ്റിയാണെന്നും കൂടുതൽ ശരികൾ ഉണ്ടാക്കുന്നതിനെക്കുറിച്ചാണെന്നും ഇതു സംബന്ധിച്ചുള്ള തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ അഡ്വ. ഹരീഷ് വാസുദേവൻ വ്യക്തമാക്കി.
ഭരണഘടനയെ കൂട്ടുപിടിച്ച് ആളുകൂടിയുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെ ന്യായീകരിക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ളതാണ് ഹരീഷിൻ്റെ കുറിപ്പ്.

കഴിഞ്ഞ ദിവസം എഴുത്തുകാരി എസ് ശാരദക്കുട്ടിയും സർക്കാർ തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു. നേരത്തേ ബുക്ക് ചെയ്ത് പോയതും 1500 പേർക്ക് ഇരിക്കാവുന്നതുമായ ഓഡിറ്റോറിയത്തിൽ വിരലിലെണ്ണാവുന്ന ആളുകളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയതിനെപ്പറ്റിയാണ് ശാരദക്കുട്ടി എഴുതുന്നത്.
സർക്കാരിൻ്റെ ആരോഗ്യ- നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യ ബോധം കൊണ്ടു മാത്രമാണ് ചടങ്ങ് ചുരുക്കിയതെന്നും…
അല്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാത്തതുകൊണ്ടോ ആർഭാടങ്ങൾ ഇഷ്ടമില്ലാത്തതുകൊണ്ടോ അല്ലെന്നും… വാക്കുകൾ കടുപ്പിച്ചു കൊണ്ടാണ് ശാരദക്കുട്ടിയുടെ സോഷ്യൽ മീഡിയാ കുറിപ്പ്. അറിയപ്പെടുന്ന ഇടതുപക്ഷ സഹയാത്രികയാണ് ശാരദക്കുട്ടി. ഉറപ്പാണ് LDF എന്ന പ്രചാരണ പോസ്റ്ററാണ് അടുത്ത ദിവസം വരെ അവരുടെ പ്രൊഫൈൽ പിക്ചർ ആയിരുന്നത്.
ശാരദക്കുട്ടിയെപ്പോലെ ഇടതുപക്ഷ സഹയാത്രികരായ നിരവധി എഴുത്തുകാരും കലാ സാംസ്കാരിക പ്രവർത്തകരും സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.

സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് പ്രമുഖ മാധ്യമ പ്രവർത്തകയും ഇടതുപക്ഷ സഹയാത്രികയുമായ ഷാഹിന നഫീസ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഒഴിവു കഴിവുകൾ എത്ര വേണമെങ്കിലും കണ്ടു പിടിക്കാമെന്നും… അതിനൊന്നും ഒരു പ്രയാസവുമില്ലെന്നും…
പക്ഷേ നാട്ടിലെ എല്ലാ നിയമങ്ങളിൽ നിന്നും ഒഴിവു വാങ്ങി ഒരു മന്ത്രിസഭ അധികാരമേല്ക്കുന്നതിൻ്റെ അഭംഗി, ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും ഇടതു സഹയാത്രികനും മാധ്യമ പ്രവർത്തകനുമായ കെ ജെ ജേക്കബ് ഫേസ് ബുക്കിൽ കുറിച്ചു.

എത്ര മുൻകരുതലുകൾ എടുക്കുന്നുവെന്ന് അവകാശപ്പെട്ടാലും…
ട്രിപ്പ്ൾ ലോക്ഡൗൺ കാലത്തെ അഞ്ഞൂറ് പേരുള്ള ആൾക്കൂട്ടത്തെ ന്യായീകരിക്കാൻ ആവില്ല എന്ന്… ഒട്ടേറെ ഇടത് പ്രൊഫൈലുകൾ തങ്ങളുടെ വിയോജിപ്പുകൾ ഉയർന്ന ശബ്ദത്തിൽ വിളിച്ചു പറയുന്നുണ്ട്.
ഇനിയുള്ള കല്യാണങ്ങൾ സ്റ്റേഡിയത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും…
50000 പേർക്ക് ഇരിക്കാവുന്ന ഇടത്ത് 500 പേർ ഒത്തുചേരുന്നത് തെറ്റല്ല എന്ന് സർക്കാർ തന്നെ പറയുന്നുണ്ടല്ലോ… എന്ന് രോഷം കൊള്ളുന്നവരുണ്ട്.

എന്തായാലുംവിമർശനങ്ങളെ അതിൻ്റെ വിശാലമായ അർഥത്തിൽ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യത്തിൻ്റെ അന്ത:സത്ത. താൻ പിടിച്ച മുയലിന് കൊമ്പ് മൂന്നെന്ന ശാഠ്യവും മർക്കട മുഷ്ടിയും ജനാധിപത്യ സർക്കാരുകൾക്കോ അതിനുള്ളിലെ വിവിധസംവിധാനങ്ങൾക്കോ
അതിൽ വിശ്വാസമർപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കോ ഭൂഷണമല്ല. പ്രത്യേകിച്ചും, ജനകീയമായ സ്പന്ദനങ്ങളെ അതിവേഗം തിരിച്ചറിയുകയും അതിശക്തമായ ജനകീയ അടിത്തറയുള്ളതായി അവകാശപ്പെടുകയും ചെയ്യുന്ന
രാഷ്ട്രീയ പാർട്ടികൾക്കും അവയുടെ നേതൃത്വത്തിനും.

ട്രിപ്പ്ൾ ലോക്ഡൗൺ സമയത്തെ അഞ്ഞൂറു പേരുടെ ആൾക്കൂട്ട സംഘാടനം സർക്കാരിൽ വിശ്വാസമർപ്പിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നിരാശപ്പെടുത്തുന്നതാണ്. സർക്കാർ അതിൽനിന്ന് പിൻമാറേണ്ടതുണ്ട്.
വാക്കിനും പ്രവൃത്തിക്കുമിടയിലെ അന്തരവും വിടവും രണ്ടു തരം നീതി നിർവഹണവും ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല,
സർക്കാരിൻ്റെ അഭ്യുദയം കാംക്ഷിക്കുന്നവരെപ്പോലും അകറ്റി നിർത്തുമെന്നും ഓർക്കേണ്ടതുണ്ട്.

സർക്കാരിൻ്റെ ഓരോ പ്രവൃത്തിയും ജനങ്ങളെ അടുപ്പിച്ച് നിർത്താൻ വേണ്ടിയാവണം.അകറ്റാനാവരുത്. അകന്ന് മാറി നില്ക്കുന്നവരെക്കൂടി അടുപ്പിക്കുന്ന രാഷ്ട്രീയത്തിലാണ് സത്യത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും അംശങ്ങളുള്ളത്. ഒരു ജനസമൂഹത്തിനാകെ നിഷിദ്ധമെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്യാനുള്ള പ്രത്യേകമായ അവകാശം സിദ്ധിച്ചവരാണ് തങ്ങളെന്ന അധികാര മനോഭാവമാണ് ആദ്യം ഇല്ലാതാവേണ്ടത്.
ജനാധിപത്യത്തിൻ്റെ എതിർ പക്ഷത്താണ് അത്തരം ചിന്തകൾക്കും മനോഭാവങ്ങൾക്കും വേരുകളുള്ളത്.

ആരു വിമർശിച്ചാലും വേണ്ടില്ല, വിമർശിക്കുന്നവരെല്ലാം ഈ സർക്കാരിൻ്റെ ശത്രുക്കളാണ് എന്ന വൈരാഗ്യ ചിന്തയും അപരവത്കരണവും നല്ലതല്ല.
500 അത്ര വലിയ സംഖ്യയല്ല എന്ന സന്ദേശം തന്നെ എത്രയോ ആപത്കരമാണ്.
വ്യാപകമായി ഉയർന്നു വരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റിയാൽ ഒരു ദോഷവും ഈ സർക്കാരിനുണ്ടാവില്ല.
മറിച്ച് അതിൻ്റെ പ്രതിച്ഛായ കൂടുതൽ ശക്തിപ്പെടുകയേ ഉള്ളൂ.

തുടക്കത്തിലേയുള്ള കല്ലുകടികൾ ഒഴിവാകുകയേ ഉള്ളൂ.
സമയം വൈകിയിട്ടില്ല. മറിച്ചൊരു തീരുമാനത്തിലെത്താൻഇനിയും സമയമുണ്ട്. വികാരം വിവേകത്തിന് വഴിമാറിക്കൊടുക്കും എന്ന് തന്നെ തത്കാലം കരുതാം.