Movie prime

ഐഷയ്ക്ക് ഐക്യദാർഢ്യം 

 

ലക്ഷദ്വീപ് നിവാസിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി എഫ് ഐ ആർ ഇട്ടതിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയ. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചയ്ക്കിടെ സംസാരിക്കുമ്പോൾ ഐഷ സുൽത്താന ഉപയോഗിച്ച 'ബയോ വെപ്പൺ' എന്ന പ്രയോഗമാണ് അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിലേക്ക് നയിച്ചത്.

ലക്ഷദ്വീപിലെ കോവിഡ് വ്യാപനത്തെ പരാമർശിച്ചപ്പോഴായിരുന്നു ആ പ്രയോഗം നടത്തിയത്. ചർച്ചയിൽ പങ്കെടുത്ത ബി ജെ പി പ്രതിനിധി ബി ജി വിഷ്ണു അപ്പോൾ തന്നെ ആ പദപ്രയോഗം തെറ്റാണെന്നും അത് പിൻവലിക്കണമെന്നും ഐഷയോട് ആവശ്യപ്പെട്ടു. എന്നാൽ അവർ അതിൽ ഉറച്ചു നില്ക്കുകയായിരുന്നു.

രാജ്യദ്രോഹ കുറ്റം ചുമത്തി എഫ് ഐ ആർ ഇട്ടിട്ടുണ്ടെന്ന് ഐഷ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണെന്നും  അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ, താൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ഐഷ പറയുന്നു. ഒറ്റുകാരും നാടിനു വേണ്ടി പൊരുതുന്ന പോരാളികളും എന്ന ദ്വന്ദമാണ് ഐഷ മുന്നോട്ടു വെയ്ക്കുന്നത്.

കേസിനെ താൻ ഭയക്കുന്നില്ല. ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാർതന്നെ ആയിരിക്കും നാളെ ഒറ്റപ്പെടാൻ പോകുന്നത്.  ലക്ഷദ്വീപുകാരോടുള്ള ഐഷയുടെ ഓർമപ്പെടുത്തലും ശ്രദ്ധേയമാണ്. കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്...  ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതുമായ ഒന്നാണ് ഭയം... തളർത്തിയാൽ തളരാൻ വേണ്ടിയല്ല, താൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്.  തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത് എന്ന വാക്കുകളോടെയാണ് ഐഷയുടെ പോസ്റ്റ് അവസാനിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഒട്ടേറെ അനുയായികളുളള ആർട്ടിസ്റ്റാണ് ഐഷ സുൽത്താന. 1. 1 മില്യൺ ഫോളോവേഴ്സാണ് അവർക്ക് ഫേസ് ബുക്കിൽ ഉള്ളത്. പതിനായിരക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് ഷെയറുകളും ഐഷയുടെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 

ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം അടക്കം നിരവധി സംഘടനകൾ അവർക്ക് പിന്തുണ നൽകി രംഗത്ത് വന്നിട്ടുണ്ട്. ഐഷയുടെ ശബ്ദം ഒരുപാട് പേരുടെ ഉറക്കം കെടുത്തുന്നതുകൊണ്ടാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കാൻ ഒരുങ്ങുന്നതെന്ന് നിരവധി പേർ പ്രതികരിക്കുന്നുണ്ട്. സവർക്കറുടെ പിൻഗാമികൾക്ക് മാപ്പെഴുതിക്കൊടുത്ത ശീലമാണ്. അതുകൊണ്ടാണ് അവർ ആ പ്രയോഗം പിൻവലിക്കാനും മാപ്പു പറയാനും മുറവിളി ഉയർത്തുന്നത്. മാപ്പു പറയാൻ മാത്രം ഒരു തെറ്റും ഐഷ ചെയ്തിട്ടില്ല. നിലപാടിൽ ഉറച്ചു നില്ക്കുക. 

ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം നശിപ്പിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ഉറച്ച ശബ്ദത്തോടെ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി തുറുങ്കിലടയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണകൂടമാണ് ഇതിൽ കുറ്റക്കാരെന്നും വിമർശനങ്ങളുണ്ട്. നീതിക്കുവേണ്ടിയുള്ള ശബ്ദമാണ് ഐഷ ഉയർത്തിയതെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും പിന്തുണയ്ക്കുന്നവർ പറയുന്നു.

അതേസമയം, ഐഷയുടെ 'ബയോ വെപ്പൺ' പ്രയോഗം അല്പം കടന്നുപോയെന്നും സ്വന്തം ജനതയ്ക്കെതിരെ ഒരു ജനാധിപത്യ സർക്കാരും അത്തരം നീക്കങ്ങൾ നടത്തില്ലെന്നും വാക്കുകളുടെ പ്രയോഗത്തിൽ പുലർത്തേണ്ട സൂക്ഷ്മതയെപ്പറ്റി ഓർമപ്പെടുത്തുന്നവരും ഉണ്ട്. എന്തായാലും ലക്ഷദ്വീപ് വിഷയം കെട്ടടങ്ങാതെ പുകയുന്നതിനിടയിൽ ദ്വീപ് നിവാസികളുടെ ജീവിത ദുരിതങ്ങളെ സജീവ ചർച്ചയാക്കുന്നതിൽ ഇത്തരം വിവാദങ്ങളും പങ്കുവഹിക്കുന്നുണ്ട്.

Watch Video