Movie prime

ശ്രീനാരായണ ഗുരു ഹൈന്ദവ മതത്തിന്റെയോ, വൈദിക പാരമ്പര്യത്തിന്റെയോ പ്രതിനിധിയല്ല

Sree Narayana Guru ശങ്കരനിൽ ജാതി കേറി മൂത്തുപോയെന്ന് നിശിതമായി വിമർശിക്കുകയും അപശൂദ്രാദികരണത്തെപ്പറ്റിയുള്ള ശങ്കരഭാഷ്യം തെറ്റാണെന്നും പറഞ്ഞ ആളാണ് ശ്രീനാരായണ ഗുരു. സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലേ ഹൈന്ദവർ എന്ന് ഗുരു പരിഹസിച്ചതും നാം കണ്ടതാണല്ലോ. ഇങ്ങിനെ നോക്കുമ്പോൾ ഗുരുവിന്റെ ദാർശനിക നിലപാടിന്റെ അടിവേര് ശങ്കരാചാര്യരിൽ നിന്ന് വ്യത്യസ്തമാണെന്ന് കാണാം.Sree Narayana Guru ശ്രീനാരായണഗുരു സമാധി ദിനത്തിൽ ഗുരുദർശനത്തെപ്പറ്റി എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ ടി ആർ രമേഷ് എഴുതുന്നു. …………………………….. ശ്രീനാരായണ ഗുരു ഹൈന്ദവ മതത്തിന്റെയോ, വൈദിക പാരമ്പര്യത്തിന്റെയോ More
 
ശ്രീനാരായണ ഗുരു ഹൈന്ദവ മതത്തിന്റെയോ, വൈദിക പാരമ്പര്യത്തിന്റെയോ പ്രതിനിധിയല്ല

Sree Narayana Guru

ശങ്കരനിൽ ജാതി കേറി മൂത്തുപോയെന്ന് നിശിതമായി വിമർശിക്കുകയും അപശൂദ്രാദികരണത്തെപ്പറ്റിയുള്ള ശങ്കരഭാഷ്യം തെറ്റാണെന്നും പറഞ്ഞ ആളാണ് ശ്രീനാരായണ ഗുരു. സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലേ ഹൈന്ദവർ എന്ന് ഗുരു പരിഹസിച്ചതും നാം കണ്ടതാണല്ലോ. ഇങ്ങിനെ നോക്കുമ്പോൾ ഗുരുവിന്റെ ദാർശനിക നിലപാടിന്റെ അടിവേര് ശങ്കരാചാര്യരിൽ നിന്ന് വ്യത്യസ്തമാണെന്ന് കാണാം.Sree Narayana Guru

ശ്രീനാരായണഗുരു സമാധി ദിനത്തിൽ
ഗുരുദർശനത്തെപ്പറ്റി എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ ടി ആർ രമേഷ് എഴുതുന്നു.

ശ്രീനാരായണ ഗുരു ഹൈന്ദവ മതത്തിന്റെയോ, വൈദിക പാരമ്പര്യത്തിന്റെയോ പ്രതിനിധിയല്ല
……………………………..
ശ്രീനാരായണ ഗുരു ഹൈന്ദവ മതത്തിന്റെയോ, വൈദിക പാരമ്പര്യത്തിന്റെയോ പ്രതിനിധിയല്ല. ശങ്കരൻ പറഞ്ഞത് തന്നെയാണ് നമുക്കും പറയാനുള്ളത് എന്ന് ഗുരു പറഞ്ഞതായി നടരാജഗുരു രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റിപ്പുഴ കൃഷ്ണപിള്ളയുമായി അദ്വൈതാശ്രമത്തിൽ വെച്ചു നടന്ന സംഭാഷണത്തിൽ ജഗത് മിഥ്യാ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് അടുത്തുള്ള കെട്ടിടത്തെ ചൂണ്ടി പ്രസ്തുത വാദത്തെ ഗുരു വിശദമാക്കി കൊടുത്തതായി കുറ്റിപ്പുഴയും രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ കുറ്റിപ്പുഴയോട് ജഗത് മിഥ്യവാദത്തെക്കുറിച്ച് ഗുരു വിശദീകരിക്കുന്നത് ഒരു നിലയ്ക്കും തന്റെ നിലപാടെന്ന നിലയ്ക്കല്ല. മറിച്ച്, ജഗത് മിഥ്യാ വാദം എന്താണെന്ന് വിശദീകരിച്ചുകൊടുക്കുക മാത്രമാണെന്ന് കരുതുന്നതാകും ശരി.
യഥാർഥത്തിൽ ഗുരുവിന്റെ രചനകളിലും കാഴ്ചപ്പാടുകളിലും ശങ്കരാചാര്യരുടെ അദ്വൈതമടക്കമുള്ള ദർശനങ്ങളുടെ സ്വാധീനം നിഴലിക്കുന്നുണ്ട്. ഗുരുവിന്റെ സ്ത്രോത്രകൃതികളിൽ അത് പ്രകടവുമാണ്. അതേസമയം ശ്രീശങ്കരന്റെ മാത്രമല്ല, അതിന് മുൻപുള്ള അദ്വൈതത്തിന്റേയും ശ്രീബുദ്ധൻ മുതൽ തിരുവള്ളുവർവരേയും, അതുപോലെ തന്നെ നിരവധിയായ മഹാസിദ്ധന്മാരുടെയും ദർശനിക സ്വാധീനങ്ങളും കണ്ടെത്താനാവും. ഇതിൽ ഏതെങ്കിലും ഒരു ദർശനത്തിന്റെ മാത്രം സ്വാധീനം ചൂണ്ടിക്കാട്ടി അതാണ് ഗുരുവിന്റെ ദർശനം എന്ന് പറയുന്നത് ഒരിക്കലും യുക്തിക്ക് നിരക്കുന്നതല്ല. ഒരർഥത്തിൽ ഗുരു തന്റെ സന്ദേശം ചരിത്രത്തിലേക്ക് വിന്യസിക്കാൻ മേൽ സൂചിപ്പിച്ച മുഴുവൻ ദർശനങ്ങളിലേയും പല അംശങ്ങളേയും ഉപയോഗപ്പെടുത്തിയെന്ന് പറയുന്നതാകും ഉചിതം.

ബ്രഹ്മം മാത്രമാണ് സത്യം എന്നും ജഗത് മിഥ്യയാണെന്നും ഉദ്ഘോഷിച്ച ആളാണല്ലോ ശ്രീ ശങ്കരൻ. ലോകവും അതിലെ ജീവിതവും മിഥ്യയാണെന്നാണല്ലോ അതിനർഥം. ശങ്കര ദർശനമനുസരിച്ച് നാമ രൂപാത്മകവും വ്യവഹാരികവുമായ ജഗത്തിന് ആത്യന്തികമായ സത്തയില്ലെന്നും അത് മിഥ്യയാണെന്നും ബ്രഹ്മം മാത്രമെ സത്യമായിട്ടുള്ളൂ എന്നുമാണല്ലോ. ഏകം എന്നതിനെ വേദ പ്രമാണത്തിന്റെ പിൻ ഫലത്തിൽ അദ്വൈതത്തെ വ്യാഖ്യാനിക്കാനാണ് ശങ്കരാചാര്യർ ശ്രമിച്ചത്. ഗുരുവാകട്ടെ, വേദ പ്രമാണത്തെ തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. ഗുരുവിന് വ്യവഹാരിക ജീവിതം ഒരിക്കലും മിഥ്യയോ അസത്യമോ ആയിരുന്നുമില്ല.
ശങ്കരാചാര്യർ മായവാദത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് വ്യവഹാരിക ലോകത്ത് ശൂദ്രന് ജ്ഞാനം നിഷേധിക്കുകയും ഉച്ചനീചത്വങ്ങളെ നിർലജ്ജം ന്യായീകരിക്കുകയും ചെയ്തു. ‘പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം’ എന്ന്
കാവ്യാത്മകമായി ഇതിനെ വെള്ളപൂശാനും ശ്രമിച്ചു. പാരമ്പര്യങ്ങളേയും
അതുപോലെ മനുസ്മൃതി അടക്കമുള്ള സ്മൃതി പാരമ്പര്യങ്ങളേയും ശങ്കരാചാര്യർ ഉയർത്തിപ്പിടിച്ചു. സ്മൃതിയിലും ശ്രുതിയിലും അതിന്റെ ഉത്പന്നമായ വർണ- ജാതി വ്യവസ്ഥയിലും അഭിരമിക്കുകയും ചെയ്തു. അങ്ങിനെയുള്ള ഒരാളുടെ പിൻതുടർച്ചക്കാരനാണ് ഗുരു എന്ന് പറയുന്നത് ഒരു തരത്തിലും നീതിക്ക് നിരക്കുന്നതല്ല.

ശങ്കരനിൽ ജാതി കേറി മൂത്തുപോയെന്ന് നിശിതമായി വിമർശിക്കുകയും അപശൂദ്രാദികരണത്തെപ്പറ്റിയുള്ള ശങ്കരഭാഷ്യം തെറ്റാണെന്നും പറഞ്ഞ ആളാണ് ശ്രീ നാരായണ ഗുരു. സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലേ ഹൈന്ദവർ എന്ന് ഗുരു പരിഹസിച്ചതും നാം കണ്ടതാണല്ലോ. ഇങ്ങിനെ നോക്കുമ്പോൾ ഗുരുവിന്റെ ദാർശനിക നിലപാടിന്റെ അടിവേര് ശങ്കരാചാര്യരിൽ നിന്ന് വ്യത്യസ്തമാണെന്ന് കാണാം. അഭേദത്തിൽ വിശ്വസിക്കുകയും ഭേദചിന്തകളെ ഇല്ലാതാക്കാൻ പ്രയോഗിക രംഗത്തിറങ്ങുകയും ചെയ്ത ഗുരുവിന് പൊതുവിൽ അദ്വൈതവാദം സ്വീകാര്യമാകുന്നത് യുക്തിപരം തന്നെ. എന്നാൽ ഗുരു തനിക്ക് നിഷേധാത്മകമായി തോന്നിയതും കാലഹരണം വന്നതുമായ ആശയങ്ങളെ അത് ശങ്കരാചാര്യരുടേത് മാത്രമല്ല, നിഷേധിക്കാനും വിമർശിക്കാനും ഒരു മടിയും കാണിച്ചിട്ടില്ല. ഇതിന് മറ്റൊരു ദൃഷ്ടാന്തം യോഗയെ സംബന്ധിച്ചുള്ളതാണ്. യോഗ പരിശീലിക്കുകയും തന്റെ കുണ്ഡലിനി പാട്ട് എന്ന കൃതിയിൽ അത് പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട് ഗുരു. എന്നാൽ പിന്നീടൊരിക്കൽ യോഗാഭ്യാസത്തെക്കുറിച്ച് സഹോദരൻ ഉൾപ്പെടെയുള്ളവരുടെ ചോദ്യത്തിന് മറുപടിയായി ഗുരു പറഞ്ഞത്, ആസനങ്ങൾ ശീലിച്ചാൽ നല്ല മലശോധന കിട്ടും എന്നാണ്. കൂട്ടത്തിൽ ചിരിച്ചുകൊണ്ട് ഇതു കൂടി പറഞ്ഞു: “അതിത്രയും ബുദ്ധിമുട്ടാതെ സ്വൽപം ആവണക്കെണ്ണ കഴിച്ചാലും മതി.”

ഒരർഥത്തിൽ സാമൂഹ്യ ചരിത്രത്തിലെ ആത്മീയ (ആദ്ധ്യാത്മികമല്ല) ജീവിതത്തിന്റെ ധനാത്മകമായ മുഴുവൻ പൈതൃകങ്ങളേയും അതിന്റെ മൂല്യങ്ങളേയും ഉൾക്കൊള്ളാൻ ശ്രമിച്ച ആളാണ് ഗുരു. ഓരോ ജനതയുടെയും ആത്മീയപൈതൃകത്തിൽ അന്തർഹിതമായിട്ടുള്ള മനുഷ്യസ്നേഹപരവും മതേതരവും ഭൗതികവുമായ സത്തയുടെ ആകെ തുകയായിരിക്കുമല്ലോ പ്രസ്തുത മൂല്യം. ചരിത്രത്തിലുടനീളം എല്ലാതരം അധീശത്വങ്ങളേയും ചെറുത്ത് നിന്ന ആ ആത്മീയ മൂല്യത്തെയാണല്ലോ ഗുരു സ്പർശിച്ചതും ഉയർത്തിപ്പിടിച്ചതും.