Movie prime

വൃക്ഷതൈകളുടെ പരിപാലനം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തും

 
 ഇതു സംബന്ധിച്ച് കൃഷി- തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി കൂടിയാലോചിച്ച് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി

പരിസ്ഥിതിദിനത്തില്‍ നടുന്ന തൈകൾ പരിപാലിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.  ദിനാചരണത്തിന്റെ ഭാഗമായി നിരവധി തൈകള്‍ സംസ്ഥാനത്തുടനീളം വര്‍ഷംതോറും വെച്ചുപിടിപ്പിക്കാറുണ്ടെങ്കിലും അവയുടെ തുടര്‍ പരിപാലനം സാധ്യമാകാറില്ല.  വനം വകുപ്പിനു പുറമേ കൃഷി-തദ്ദേശ സ്വയംഭരണ-വിദ്യാഭ്യാസ വകുപ്പുകളും വിവിധ സര്‍ക്കാരിതര സംഘടനകളും പരിസ്ഥിതി ദിനത്തില്‍ തൈകൾ നടാറുണ്ട്.  ഇവയില്‍ വളരെ ചെറിയ ശതമാനം ചെടികള്‍ മാത്രമേ പരിപാലിക്കപ്പെടുന്നുള്ളൂ.  ഇവയുടെ പരിപാലനം തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 

 കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും.  ഇതു സംബന്ധിച്ച് കൃഷി- തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി കൂടിയാലോചിച്ച് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് സര്‍ക്കാര്‍ ത്വക്ക് രോഗ ആശുപത്രി പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായരുന്നു അദ്ദേഹം. 

വനം സംരക്ഷിക്കുന്നതിന് വനം വന്യജീവി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി 'വനം സംരക്ഷിക്കുന്ന ജനങ്ങള്‍, ജനങ്ങളെ സംരക്ഷിക്കുന്ന വനം' എന്ന ആശയം അടിസ്ഥാനമാക്കി പദ്ധതി ആവിഷ്‌കരിക്കുകയും ശുദ്ധമായ ജലം, വായു, മണ്ണ് എന്നിവ ഉറപ്പാക്കുകയും ചെയ്യും.  ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കു്‌ന 49-ാമത് ലോക പരിസ്ഥിതി ദിനാചരണമാണിത്.  ഇത്രയും വര്‍ഷങ്ങളായിട്ടും ത്യപ്തികരമായ ഒരു ഹരിതമേലാപ്പ് സൃഷ്ടിക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ  ജീവന്റെ നിലനില്‍പ്പിന് പ്രകൃതിസംരക്ഷണം കൂടിയേതീരൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഹരിതകേരളം
പദ്ധതിയുമായി സർക്കാർ മുന്നിട്ടിറങ്ങിയത്. പരിസ്ഥിതി സംരക്ഷണ ആശയങ്ങൾ സമൂഹത്തിലെത്തിക്കുന്നതിൽ സുഗതകുമാരി, സുന്ദര്‍ലാല്‍ ബഹുഗുണ തുടങ്ങിയവര്‍ ചെലുത്തിയ സ്വാധീനം വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

നഗരങ്ങളിൽ ചെറുവനമാതൃകകൾ സൃഷ്ടിക്കാനുതകുന്ന വനം വകുപ്പിന്റെ 'നഗരവനം' പദ്ധതി കൂടുതൽ  സജീവമാക്കുമെന്നുംകാവു സംരക്ഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും വനം മന്ത്രി അറിയിച്ചു. ചകിരി നാരില്‍ നിര്‍മിച്ച റൂട്ട് തൈകളുടെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിര്‍വ്വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.  എം.കെ.രാഘവൻ എംപി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ മുഖ്യ വനംമേധാവി പി.കെ.കേശവൻ പരിസ്ഥിതിദിന സന്ദേശം നൽകി.
കൗണ്‍സിലര്‍ ഡോ.പി.എന്‍.'അജിത, പി.സി.സിഎഫ് ജയപ്രകാശ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ.ദേവപ്രസാദ്, ജില്ലാ പോലീസ് മേധാവി എ.വി. ജോർജ്, ത്വക്ക് രോഗ ആശുപത്രി സൂപ്രണ്ട് ഡോ.സരള, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് അഡീ.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ്കുമാര്‍ സ്വാഗതവും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ആശുപത്രി പരിസരത്ത് മന്ത്രിയും വിശിഷ്ടാതിഥികളും വൃക്ഷത്തൈകൾ നട്ടു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.