Movie prime

രാഷ്ട്രീയത്തിലെ ചാണക്യ പദവി അമിത്ഷായ്ക്ക് കല്‍പിച്ചു നല്‍കിയവർ ഇപ്പോള്‍ ഇഞ്ചി കടിച്ച കുരങ്ങന്‍മാരെപ്പോലെ

ഡൽഹിയിൽ മൂന്നാം തവണയും അധികാരത്തിലേറാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞതെങ്ങനെ ? ഭരണവിരുദ്ധ വികാരം അല്പം പോലും ആം ആദ്മിയെ ബാധിക്കാഞ്ഞതെന്തുകൊണ്ട്? അമിത്ഷായുടെ കൊട്ടിഘോഷിക്കപ്പെട്ട ചാണക്യ തന്ത്രങ്ങൾ വിജയം കാണാതെ പോയത് എന്തുകൊണ്ട്? തീവ്ര ഹിന്ദുത്വ വികാരം പ്രകടമാക്കിയ ബി ജെ പി യുടെ പ്രചാരണ തന്ത്രങ്ങളെ മറികടക്കാൻ ആപ്പിന് കഴിഞ്ഞതെങ്ങനെ? ആപ്പിന്റെ വിജയത്തിൽ പ്രശാന്ത് കിഷോർ വഹിച്ച പങ്കെന്ത്? ഡല്ഹി ഇന്ത്യയ്ക്ക് വഴി കാട്ടിയാണോ? ആപ്പ് മാതൃകയെ തള്ളിപ്പറയുന്ന ഇടതുപക്ഷത്തിന് ബദൽ മാതൃകയുണ്ടോ? പത്രപ്രവർത്തക യൂണിയൻ More
 
രാഷ്ട്രീയത്തിലെ ചാണക്യ പദവി അമിത്ഷായ്ക്ക് കല്‍പിച്ചു നല്‍കിയവർ ഇപ്പോള്‍ ഇഞ്ചി കടിച്ച കുരങ്ങന്‍മാരെപ്പോലെ

ഡൽഹിയിൽ മൂന്നാം തവണയും അധികാരത്തിലേറാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞതെങ്ങനെ ? ഭരണവിരുദ്ധ വികാരം അല്പം പോലും ആം ആദ്മിയെ ബാധിക്കാഞ്ഞതെന്തുകൊണ്ട്? അമിത്ഷായുടെ കൊട്ടിഘോഷിക്കപ്പെട്ട ചാണക്യ തന്ത്രങ്ങൾ വിജയം കാണാതെ പോയത് എന്തുകൊണ്ട്? തീവ്ര ഹിന്ദുത്വ വികാരം പ്രകടമാക്കിയ ബി ജെ പി യുടെ പ്രചാരണ തന്ത്രങ്ങളെ മറികടക്കാൻ ആപ്പിന് കഴിഞ്ഞതെങ്ങനെ? ആപ്പിന്റെ വിജയത്തിൽ പ്രശാന്ത് കിഷോർ വഹിച്ച പങ്കെന്ത്? ഡല്‍ഹി ഇന്ത്യയ്ക്ക് വഴി കാട്ടിയാണോ? ആപ്പ് മാതൃകയെ തള്ളിപ്പറയുന്ന ഇടതുപക്ഷത്തിന് ബദൽ മാതൃകയുണ്ടോ?

പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി നാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്ന പദവി അമിത്ഷായ്ക്ക് കല്‍പിച്ചു നല്‍കിയവരൊക്കെ ഇപ്പോള്‍ ഇഞ്ചി കടിച്ച കുരങ്ങന്‍മാരെപ്പോലെ ഇരിക്കുകയാണെന്നാണ് വാര്‍ത്ത. അരവിന്ദ് കെജ്രിവാളിനപ്പുറത്തേക്കൊന്നും നമ്മുടെ അമിത് ഭായ് ഷാ വളര്‍ന്നിട്ടില്ല എന്ന് ഡെല്‍ഹിയിലെ തൂപ്പു ജോലിയിലൂടെ കെജ്രിവാള്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഡെല്‍ഹി ബി ജെ പി യുടെ പപ്പും പൂടയും വരെ പറിച്ചു കളഞ്ഞ രാഷ്ട്രീയപരാജയം കെജ്രിവാള്‍ എങ്ങിനെയാണ് സംവിധാനം ചെയ്തത് എന്നറിയേണ്ടേ.

ആദ്യം ബി.ജെ.പി. വ്യാമോഹിച്ചത് എന്താണെന്ന് നോക്കാം. 2011-ലെ സെന്‍സസ് പ്രകാരം ഡെല്‍ഹിയിലെ ജനസംഖ്യയില്‍ 81.68 ശതമാനം ഹിന്ദുക്കളാണ്. ഇവര്‍ ആരെ പിന്തുണക്കും. ഇതായിരുന്നു ബി.ജെ.പിയുടെ ഉന്നം. അതിനവര്‍ കണ്ടെത്തിയ വലിയൊരു ആയുധം ഷഹീന്‍ബാഗിലെയും ജാമിയ മിലിയയിലെയും സമരങ്ങളായിരുന്നു. ഷഹീന്‍ ബാഗില്‍ കഴിഞ്ഞ 60 ദിവസമായി പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന വന്‍ ജനക്കൂട്ടം ഇന്ത്യയെ തകര്‍ക്കുന്ന രാജ്യദ്രോഹികളാണെന്ന് ബി.ജെ.പി. മുദ്രകുത്തി. ഷഹീന്‍ബാഗിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഹിന്ദുക്കള്‍ വോട്ടു ചെയ്യരുത്. തുക്കഡെ തുക്കഡെ ഗാങിനെ തകര്‍ക്കാന്‍ ബി.ജെ.പി. ക്ക് വോട്ടു ചെയ്യണമെന്ന് അമിത് ഷാ തെരുവുകളില്‍ നടന്നു പ്രസംഗിച്ചു. പാര്‍ടി പ്രസിഡണ്ട് ജെ.പി. നദ്ദ 70 മണ്ഡലങ്ങളിലും പോയി പ്രസംഗിച്ചു. ചരിത്രത്തില്‍ ഇന്നു വരെ ഒരു അഖിലേന്ത്യാപ്രസിഡണ്ടും ഒരു സംസ്ഥാനത്തെ സകല നിയമസഭാ മണ്ഡലങ്ങളിലും പോയി തിരഞ്ഞെടുപ്പു പ്രസംഗം നടത്തിയിട്ടുണ്ടാവില്ല. കെജ്രിവാള്‍ ആയിരുന്നു ഉന്നം. കെജ്രിവാളിന്റെ വോട്ട് ബാങ്ക് തകര്‍ക്കാന്‍ ഹിന്ദുത്വബോധം ഉണര്‍ത്തിയാല്‍ മതിയെന്ന് അമിത്ഷായുടെ സ്ഥിരംചാണക്യബുദ്ധി ചിന്തിച്ചു.

പക്ഷേ ആം ആദ്മിയുടെ വോട്ടുകള്‍ പിടിക്കാന്‍ ബി.ജെ.പി. ഒരുക്കിയ കെണിയില്‍ കെജ്രിവാള്‍ വീണില്ല. കാഞ്ഞ ബുദ്ധിയായിരുന്നു കെജ്രിവാളിന്റെത് എന്ന് ബി.ജെ.പിക്കാര്‍ അറിയുന്നത് വോട്ടെണ്ണിയപ്പോള്‍ മാത്രം. അമിത് ഷാ ഉപയോഗിക്കാന്‍ ശ്രമിച്ച ഹിന്ദുത്വത്തെ തന്നെയാണ് ഒന്നു ലളിതമാക്കി കെജ്രിവാള്‍ തിരിച്ചിട്ട് പ്രയോഗിച്ചത്. മോദി അനുകൂലികളുടെ വോട്ട് ആംആദ്മി അടിച്ചു മാറ്റിയ മാജിക്കാണ് ഡല്‍ഹിയില്‍ കണ്ടത്.

കഴിഞ്ഞ വര്‍ഷം സീവോട്ടര്‍ നടത്തിയ അഭിപ്രായ സര്‍വ്വെ ശ്രദ്ധിക്കേണ്ട ഒന്നായിരുന്നു. ഡെല്‍ഹിയിലെ വോട്ടര്‍മാര്‍ ഒരു പ്രത്യേക തരത്തില്‍ ചിന്തിക്കുന്നവരാണ്. ഇന്ത്യ മോദി ഭരിക്കുന്നത് 69 ശതമാനം പേര്‍ ഇഷ്ടപ്പെടുമ്പോള്‍ അവരിലെ 67 ശതമാനം പേരും ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്രിവാള്‍ തുടരണമെന്ന വികാരമാണ് സര്‍വ്വെയില്‍ പങ്കുവെച്ചത്. ഇത് കെജ്രിവാളിനുള്ള വിന്നിങ് പോയിന്റ് ആയിരുന്നു. ഒരര്‍ഥത്തില്‍ കേരളത്തിലെ ജനത്തിന്റെ മാനസികാവസ്ഥയുമായി സമാനമായ ഒന്നാണിത്. ഇവിടെ ലോക് സഭാ, നിയമസഭാ ഇലക്ഷനുകള്‍ കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസിനെയും തിരുവനന്തപുരത്തേക്ക് കമ്മ്യൂണിസ്റ്റുകാരെയും ജനം തിരഞ്ഞെടുക്കുന്ന സ്ഥിതിയുണ്ടല്ലോ.

ഡല്‍ഹി മൂന്നാം തവണയും ജയിക്കാന്‍ നോക്കുമ്പോള്‍ മുന്നിലുള്ള ചില കണക്കുകള്‍ കെജ്രിവാളിന് സത്യത്തില്‍ അത്ര സുഖമുള്ളതായിരുന്നില്ല.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഒറ്റ നിയമസഭാ മണ്ഡലത്തിലും ആം ആദ്മി മുന്നിലെത്തിയില്ല. ആകെ വോട്ടില്‍ 56.6 ശതമാനവും നേടിയത് ബി.ജെ.പി. കോണ്‍ഗ്രസിന് 22 ശതമാനം കിട്ടിയപ്പോള്‍ അതിനു പിറകില്‍ മൂന്നാം സ്ഥാനത്തായിരുന്നു ആംആദ്മി–വെറും 18 ശതമാനം വോട്ടുകള്‍.

ഇനി അതിനും പിറകിലോട്ട് പോയാല്‍ അതിലും രൂക്ഷമാണ്. 2015-ല്‍ 67 സീറ്റ് നേടിയതിനു പിന്നാലെ 2017-ല്‍ നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഉണ്ടാക്കിയ മുന്നേറ്റം വലിയതായിരുന്നു. നോര്‍ത്ത് ഡെല്‍ഹി കോര്‍പ്പറേഷനില്‍ 2012-ല്‍ 59 സീറ്റുണ്ടായിരുന്ന ബി.ജെ.പി.ക്ക് 2017-ല്‍ 64 ആയി. കോണ്‍ഗ്രസിന്റെ വോട്ടര്‍മാരെയായിരുന്നു ബി.ജെ.പിക്ക് കൂടുതല്‍ കിട്ടിയത്. സൗത്ത് ഡെല്‍ഹിയില്‍ 44 സീററില്‍ നിന്നും 70 ആയും ഈസ്റ്റ് ഡെല്‍ഹിയില്‍ 35 സീറ്റ് 47 ആയും ഉയര്‍ത്തി. എല്ലായിടത്തും കോണ്‍ഗ്രസിന്റെ വോട്ടര്‍മാരാണ് ബി.ജെ.പി.ക്ക് കൂടുതലുള്ള വോട്ട്ബാങ്കായി മാറിയത്. ആം ആദ്മിയുടെ പ്രകടനം ഒട്ടും മെച്ചമായിരുന്നില്ല.

ഈ കണക്കുകള്‍ പറയുന്ന കഥകള്‍ കെജ്രിവാളിനെ രക്ഷപ്പെടുത്തുന്നതായിരുന്നില്ല. അതിനാല്‍ കളി മാറ്റിപ്പിടിച്ചേ മതിയാവൂ. അങ്ങനെ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായി കെജ്രിവാള്‍ തിരഞ്ഞെടുപ്പു തന്ത്രം മെനയാന്‍ പുറത്തു നിന്നുള്ള ഒരു ഏജന്‍സിയെ ഏല്‍പിച്ചു. ആ രക്ഷാപുരുഷനായിരുന്നു പ്രശാന്ത് കിഷോര്‍. അദ്ദേഹത്തിന്റെ സന്നദ്ധ ഗ്രൂപ്പായ ഐ-പാക് കാര്യങ്ങള്‍ ഏറ്റെടുത്തു. പ്രശാന്ത് കിഷോര്‍ കെജ്രിവാളിനു നല്‍കിയ പ്രധാന ഉപദേശങ്ങള്‍ ഇവയായിരുന്നു.

1. മോദിയുമായി നേരിട്ടുള്ള ഫൈറ്റിന് നില്‍ക്കരുത്. മോദിയെ ഇഷ്ടപ്പെടുന്നവര്‍ക്കു കെജ്രിവാളിനോട് ഇഷ്ടക്കേട് തോന്നിക്കരുത്.

2. ദേശസ്‌നേഹം എന്നത് ബി.ജെ.പി ഉറപ്പായും പ്രചാരണത്തിനുപയോഗിക്കും. അതിനെ എതിര്‍ക്കാന്‍ പോകണ്ട. പകരം വികസനം എന്ന കാര്യം ഫോക്കസ് ചെയ്യണം. ഡെല്‍ഹിയിലെ വോട്ട് ഒരു സംസ്ഥാനത്തിന്റെ വിഷയം മാത്രമാണെന്നു വരുത്തണം. കെജ്രിവാള്‍ വികസന പുരുഷന്‍ എന്ന ഇമേജ് ഉണ്ടാക്കിക്കൊണ്ടുവരണം. ഡല്‍ഹിയുടെ വികസനത്തിന് കെജ്രിവാള്‍ വേണം എന്ന് ജനം വിശ്വസിക്കണം. 10 വര്‍ഷം ഭരിച്ചു എന്ന നിലയില്‍ ഭരണവിരുദ്ധ വികാര സാധ്യത ഇല്ലാതാകണം.

3. ഷഹീന്‍ ബാഗിലോ ജാമിയയിലോ ജെ.എന്‍.യു.വിലോ തൊട്ടുപോകരുത്. അവിടങ്ങളില്‍ പോകരുത്. അത് പറഞ്ഞ് വാദിക്കാനും നില്‍ക്കരുത്. ധാര്‍മിക പിന്തുണ മതി. മുസ്ലീം അനുകൂലിയാണെന്ന് വരരുത്. വേണമെങ്കില്‍ അല്‍പം മൃദു ഹിന്ദുത്വവും ആവാം. ഇതായിരുന്നു ചേരുവ. കെജ്രിവാള്‍ അത് കൃത്യമായി അനുസരിച്ചു, നടപ്പാക്കി.

മോദിയെ നേരിട്ട് ആക്രമിച്ച് പ്രസംഗിച്ചില്ല. മോദി അനുകൂല വോട്ടര്‍മാരെ പ്രകോപിപ്പിച്ചില്ല. എന്തിന് പാക് മന്ത്രിയായ ഫവാദ് ഹസ്സന്‍ ട്വിറ്ററില്‍ മോദിയെ ആക്രമിച്ചപ്പോള്‍ അതിനോട് വിയോജിച്ച് ട്വീറ്റ് ചെയ്യുക പോലും ചെയ്തു. മോദി എന്റെ പ്രധാനമന്ത്രിയാണെന്നോര്‍ക്കണമെന്ന് പാക് മന്ത്രിക്ക് മുന്നറിയിപ്പും നല്‍കി.

നേരത്തെ തന്നെ പല ക്ഷേമപദ്ധതികളും നടപ്പാക്കി. ഒടുവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഡെല്‍ഹിയില്‍ ബസ്, മെട്രോ യാത്ര പോലും സൗജന്യമാക്കി. റേഷന്‍ വീട്ടിലെത്തിക്കുമെന്ന് വാഗ്ദാനം നല്‍കി. വീട്ടുപടിക്കല്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസം രാജ്യാന്തര നിലവാരമുള്ളതാക്കി. പ്രഖ്യാപിച്ചിട്ട് മിണ്ടാതിരിക്കുകയല്ല, എല്ലാ മാസവും കൃത്യമായി റിവ്യൂ മീറ്റിങ് നടത്തി. 80 ശതമാനം വോട്ടര്‍മാര്‍ക്ക് ഈ ക്ഷേമപ്രവര്‍ത്തനത്തിന്റെ ഗുണം കിട്ടിയെന്ന് വിലയിരുത്തപ്പെട്ടു.

വികസനപുരുഷനായ കെജ്രിവാളിനു വേണ്ടി പ്രശാന്ത് കിഷോര്‍ ഒരു പരസ്യവാക്യമൊരുക്കി….അച്ഛെ ബീത്തേ പാഞ്ച് സാല്‍, ലഗെ രഹോ കെജ്രിവാള്‍…അഞ്ചു വര്‍ഷം ഗംഭീരം, കെജ്രിവാള്‍ തുടരണം…

ഡെല്‍ഹിയിലെ ഉന്നതവിദ്യാകേന്ദ്രങ്ങള്‍ പ്രതിഷേധത്തിലും സംഘപരിവാറിന്റെയും പോലീസിന്റെയും നരനായാട്ടിലും ആളിക്കത്തിയപ്പോള്‍ മുഖ്യമന്ത്രിയായ കെജ്രിവാള്‍ തന്ത്രപൂര്‍വ്വം മാറിനിന്നു. ഒരിക്കല്‍പോലും ജെ.എന്‍.യു.വിലോ, ജാമിയയിലോ കെജ്രിയെ ആരും കണ്ടില്ല. പൗരത്വബില്‍ പ്രതിഷേധം കഴിഞ്ഞ 60 ദിവസമായി തുടരുന്ന ഷഹീന്‍ബാഗില്‍ കെജ്രിയോ ആം ആദ്മിയോ പരസ്യമായി പ്രത്യക്ഷപ്പെട്ടില്ല.

എന്നു മാത്രമല്ല, കോണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പോയി താന്‍ ഹനുമാന്‍ ഭക്തനാണെന്നു പ്രഖ്യാപിച്ചു. ഭക്തരെ സാക്ഷിയാക്കി ഹനുമാന്‍ ചാലിസ പാടി. അതിന്റെ വീഡിയോ പ്രചരിപ്പിച്ചു. തന്റെ മകന്‍ ഭഗവദ്ഗീതാ പഠിതാവാണെന്ന് പ്രഖ്യാപിച്ചു. ഗീതാപഠനം വ്യാപകമാക്കുമെന്നും അറിയിച്ചു. രണ്ടു ലക്ഷം പേരാണ് കെജ്രിയുടെ ഹനുമാന്‍ ചാലിസ സാമൂഹ്യമാധ്യമത്തിലൂടെ കണ്ടതെന്നും 35,000 പേരാണ് അത് ഷെയര്‍ ചെയ്തതെന്നും കണക്കുകള്‍ പ്രസിദ്ധീകരിച്ചു. ഇതിനെയാണ് നമ്മള്‍ മൃദു ഹിന്ദുത്വം എന്ന് പറയുന്നത്.

ഇതു തന്നെയാണ് മുമ്പ് രാഹുല്‍ഗാന്ധിയും ചെയ്തത്. താന്‍ പൂണൂലിട്ടയാള്‍ ആണെന്നു പറയുക, കാശിയില്‍ പോയി ആരാധന നടത്തുക, തുടങ്ങിയ അഭ്യാസങ്ങളെല്ലാം നടത്തിയിട്ടും കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ല. ദിഗ്വിജയ് സിങ് തിരഞ്ഞെടുപ്പു ജയിക്കാന്‍ ഒരു യാഗം തന്നെ നടത്തി. തോറ്റ് തുന്നംപാടിയതു മാത്രം മിച്ചം.

പക്ഷേ കെജ്രിവാളിന്റെ കളി അതുക്കും മീതെയായിരുന്നു. അതിനാല്‍ ഭൂരിപക്ഷങ്ങള്‍ മാത്രമല്ല, ന്യൂനപക്ഷവും അദ്ദേഹത്തെ വിട്ടുപോയില്ല. മുസ്ലീം വോട്ടര്‍മാര്‍ കൂടുതലുള്ള ഓഖ്‌ല, ബല്ലിമാരന്‍, മാത്ത്യമഹല്‍, മുസ്തഫാബാദ്, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിലെല്ലാം ജയിച്ചത് ആം ആദ്മി പാര്‍ടി തന്നെ. ഷഹിന്‍ബാഗ്, ജാമിയ മിലിയ സര്‍വ്വകലാശാല എന്നിവ ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ് ഓഖ്‌ല. കെജ്രിവാള്‍ മാറിനിന്നതു കൊണ്ടുമാത്രം ഓഖ്‌ലയില്‍ തിരിച്ചടി ഉണ്ടായില്ല. ബല്ലിമാരനില്‍ വോട്ടെണ്ണലിന്റെ ആദ്യഘടത്തില്‍ കോണ്‍ഗ്രസിന് നേരിയ മുന്നേറ്റം ഉണ്ടായെങ്കിലും അത് പിന്നീട് നഷ്ടമായി. ചാന്ദ്‌നി ചൗക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത് ആം ആദ്മിയോട് പിണങ്ങി പാര്‍ടി വിട്ട എം.എല്‍.എ., അല്‍ക്ക ലാംബ ആയിരുന്നു. വലിയ അവകാശവാദവുമായി വന്ന അവര്‍ പക്ഷേ നിലം തൊട്ടില്ല. ഇതാണ് കെജ്രിവാള്‍ മാജിക്.

ആം ആദ്മിക്കാര്‍ വലിയ പോസ്റ്ററും ബോര്‍ഡും ഹോര്‍ഡിങും കൊണ്ട് കോലാഹലമുണ്ടാക്കിയില്ല, നേട്ടങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് കാല്‍നടയായി എല്ലാ വീടുകളിലും എത്തിച്ചു. വീടു വീടാന്തരമുള്ള പ്രചാരണത്തില്‍ ശ്രദ്ധിച്ചു.

tina… എന്ന ലോക പ്രശസ്ത മുദ്രാവാക്യമുണ്ടല്ലോ…there is no alternative… അതു പോലെ ഡല്‍ഹിയില്‍ കെജ്രിവാളല്ലാതെ വേറെ പകരമാരുമില്ല എന്ന ആശയം പ്രചരിപ്പിച്ചു. ഇത് പ്രചരിപ്പിച്ചാണ് മോദി 2019-ല്‍ വന്നത് എന്ന് കെജ്രിക്കറിയാമായിരുന്നു. പരസ്യപ്രചാരണം തീരുന്നതിന് ഒരു ദിവസം മുമ്പ് കെജ്രി ബി.ജെ.പി.യെ വെല്ലുവിളിച്ചു–നിങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ പ്രഖ്യാപിക്കൂ…ഞാന്‍ അയാളോട് സംവാദത്തിന് തയ്യാര്‍….

ബി.ജെ.പി. മിണ്ടിയില്ല. അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞില്ല. 2015-ല്‍ അവരത് ചെയ്തിരുന്നു. മറ്റൊരു മുന്‍ സിവില്‍സര്‍വ്വീസ് താരമായിരുന്ന കിരണ്‍ബേദിയെ. ഇത്തവണ ആരുമില്ല.

അങ്ങനെ കെജ്രിവാളിനു പകരം ആരുമില്ല എന്ന ആശയത്തിലേക്ക് പ്രശാന്ത് കിഷോറിന്റെ ടീം ഡല്‍ഹി നിവാസികളെ എത്തിച്ചു.
ഒപ്പം കോണ്‍ഗ്രസ് പങ്കായവും പായയും ഇല്ലാത്ത തോണി പോലെ നേതാക്കളില്ലാതെ പ്രചാരണക്കടലില്‍ എങ്ങോട്ടോ ഒലിച്ചു പോയി. വോട്ടര്‍മാര്‍ മുഴുവനും ആംആദ്മിക്ക് അമര്‍ത്തി വോട്ടു ചെയ്തു. കെജ്രിയോട് കഠിന വിരോധമുള്ള ഷീല ദീക്ഷിത് അനുകൂലി കോണ്‍ഗ്രസുകാര്‍ ബി.ജെ.പി.ക്ക് വേണ്ടി ബട്ടന്‍ അമര്‍ത്തിയെങ്കിലും അതെല്ലാം കെജ്രി തരംഗത്തില്‍ അപ്രസക്തമായി.

ഭരണവിരുദ്ധവികാരമില്ലാതെ തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ കെജ്രിവാളിന് സാധിച്ചതാണ് പ്രധാന നേട്ടം. ഏറ്റവും ശ്രദ്ധേയമായ കാര്യം രാഷ്ട്രീയമല്ല ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്, പ്രദേശത്തിന്റെ വികസനം മാത്രം. ഡല്‍ഹിയെ കത്തിച്ച ജാമിയയും ജെ.എന്‍.യു.വും പൗരത്വവും സാമ്പത്തികമാന്ദ്യവും എന്തിന് ഒരാഴ്ച മുമ്പവതരിപ്പിച്ച കേന്ദ്രബജറ്റ് പോലും ചര്‍ച്ചയായില്ല. അവിടെയാണ് കെജ്രിവാള്‍ ടീം വിജയിച്ചത്. തങ്ങള്‍ നിശ്ചയിച്ച വികസന അജണ്ടയിലേക്ക് ജനമനസ്സിനെ മൊത്തം തൂത്തുവാരിക്കൊണ്ടുവരാന്‍ കെജ്രിവാളിന്റെ ചൂലിന് സാധിച്ചു.

അതിനാല്‍ ഒരു ചോദ്യം വീണ്ടും ചര്‍ച്ച ചെയ്യാം. ഡല്‍ഹി ഇന്ത്യയ്ക്ക് വഴി കാട്ടിയാണോ? വഴി കാട്ടുമോ? ബി.ജെ.പി.യുടെ തേരോട്ടം തടയാന്‍ കെജ്രിവാള്‍ ഫോര്‍മുലയാണോ മാതൃക? പ്രകാശ് കാരാട്ട് ഈ മാതൃകയെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. പക്ഷേ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ബദല്‍ പദ്ധതി എന്താണ്? അതിന്റെ ഫലസിദ്ധി എന്താണ്?