Movie prime

'ഒന്നാണ് നമ്മൾ' ഉദ്ഘാടനം ചെയ്തു

 

പാർശ്വ വൽകൃത സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ള സമഗ്ര ശിക്ഷ കേരളയുടെ പദ്ധതി 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ അഥിതി തൊഴിലാളി വിഭാഗത്തിന്റെ മക്കളുടെയും, ആദിവാസി - ഗോത്ര മേഖലകളിലെ കുട്ടികളുടെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിടുന്ന 'ഒന്നാണ് നമ്മൾ' പരിപാടി പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 

ഒരുകുട്ടിക്കും പഠനം നഷ്ടമാകരുത് എന്ന സർക്കാർ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പാർശ്വവൽകൃത  സമൂഹത്തിന്റെ ഉന്നമനത്തിനായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. കോവിഡ്  രണ്ടാം തരംഗം പിടിമുറുക്കിയ പശ്ചാത്തലത്തിൽ ഈ അധ്യയന കാലവും വീടുകളിൽ തന്നെ പഠനം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇന്റർനെറ്റ് ,ഇലക്ട്രോണിക് പഠനോപകരണങ്ങൾ മുതലായവ ഇവർക്ക് കൃത്യതയോടെയും, ഫലപ്രദമായും ലഭ്യമാക്കുക വഴി ഓൺലൈൻ  ക്ലാസുകൾ മുടക്കമില്ലാതെ ലഭിക്കുന്നതിനും  പിന്തുണയ്ക്കായി നവമാധ്യമ കൂട്ടായ്മയ്ക്കു രൂപം നൽകി അധിക പഠന  സാഹചര്യമൊരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം. 

പാഠഭാഗങ്ങൾക്കപ്പുറം ഇവരുടെ തനത് കലകൾ ,കഥകൾ , പാട്ട് , നാടകം , സാഹിത്യം , സാങ്കേതിക വിദ്യ എന്നിവ ഉൾപ്പെടുത്തിയ പരിപാടികളും, വിദഗ്ദ്ധരുമായുള്ള ആശയവിനിമയവും ഒന്നാണ് നമ്മളുടെ പ്രത്യേകതകളാണ്. ആദിവാസി ഗോത്ര സമൂഹം അധിവസിക്കുന്ന ജില്ലകളിലും അഥിതി തൊഴിലാളികൾ അധിവസിക്കുന്ന ജില്ലകളിലുമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് സമഗ്ര ശിക്ഷ കേരളം പ്രൊജക്ട്  ഡയറക്ടർ  ഡോ.എ പി കുട്ടികൃഷ്ണൻ ആമുഖ അവതരണത്തിൽ പറഞ്ഞു.  

ഓൺലൈനായി നടന്ന യോഗത്തിൽ സംസ്ഥാന പ്രോഗ്രാം ഓഫീസറായ സിന്ധു എസ് എസ്  സ്വാഗതം പറഞ്ഞു . ജില്ലാ പ്രൊജക്ട്  കോ-ഓർഡിനേറ്റർമാർ, പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.