Movie prime

മിശ്ര മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാവുമ്പോൾ

 
ഏതാണ്ട് പ്രവർത്തനം നിലച്ച ഒരു സ്ഥാപനത്തിൻ്റെ അന്ത്യമായി മിശ്രയുടെ നിയമനത്തെ കണക്കാക്കാം എന്നാണ് ഭൂഷൺ ട്വീറ്റ് ചെയ്തിട്ടുള്ളത്.

കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി സുപ്രീം കോടതി മുൻ ജഡ്ജ് അരുൺകുമാർ മിശ്രയെ നിയമിച്ചത് ദേശീയ തലത്തിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിവാദ പുരുഷന്മാരിൽ മുൻപന്തിയിലാണ് മുൻ ജസ്റ്റിസ് അരുൺ കുമാർ മിശ്രയുടെ സ്ഥാനം.

കേന്ദ്ര ഭരണ കക്ഷിക്ക് അനുകൂലമായ നിലപാടെടുക്കുന്നു എന്നതിൻ്റെ പേരിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിൻ്റെ പല വിധിന്യായങ്ങളും വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചു മാസക്കാലമായി മുഴുവൻ സമയ മേധാവിയില്ലാത്ത കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ്റെ തലപ്പത്തേക്കുള്ള മിശ്രയുടെ കടന്നുവരവ് ഏറെ കോലാഹലങ്ങൾക്ക് ഇടയാക്കും എന്നത് ഉറപ്പാണ്. നിയമനത്തെ വിമർശിച്ചു കൊണ്ടുള്ള മുതിർന്ന അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൻ്റെ ട്വീറ്റ് ഇതിനോടകം വൈറലായിട്ടുണ്ട്. 

ഏതാണ്ട് പ്രവർത്തനം നിലച്ച ഒരു സ്ഥാപനത്തിൻ്റെ അന്ത്യമായി മിശ്രയുടെ നിയമനത്തെ കണക്കാക്കാം എന്നാണ് ഭൂഷൺ ട്വീറ്റ് ചെയ്തിട്ടുള്ളത്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പരിഹാസ ട്വീറ്റും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി അരുൺകുമാർ മിശ്ര. ദേശീയ വനിതാ കമ്മിഷൻ്റെ അധ്യക്ഷനായി രഞ്ജൻ ഗൊഗോയ് വന്നാലും അദ്ഭുതപ്പെടേണ്ടതില്ല എന്നാണ് മഹുവയുടെ പരിഹാസം.

സുപ്രീം കോടതി മുൻ ചീഫ്  ജസ്റ്റിസുമാരാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ പദവി വഹിച്ചിരുന്നത്. ജസ്റ്റിസ് എച്ച് എൽ ദത്തുവാണ് ഈ പദവി ഒടുവിൽ വഹിച്ചത്. പുതിയ കമ്മിഷനിലെ മറ്റ് അംഗങ്ങളായി ജമ്മുകശ്മീർ മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽ കുമാർ, ഇൻ്റലിജൻസ് ബ്യൂറോ മുൻ ഡയറക്റ്റർ രാജീവ് ജെയ്ൻ എന്നിവരാണ് ഉള്ളത്. റിപ്പോർട്ടുകൾ പ്രകാരം 12 പേരുള്ള പട്ടികയിൽ നിന്നാണ് രണ്ടുപേരെ തിരഞ്ഞെടുത്തത്. 3 മുൻ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെയുള്ള പട്ടികയിൽ നിന്നാണ് ജസ്റ്റിസ് മിശ്രയുടെ പേര് തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.  ഈ മുൻ ചീഫ് ജസ്റ്റിസുമാർ ആരെല്ലാമാണെന്ന വിവരം പുറത്തു വന്നിട്ടില്ല.

പ്രായം കണക്കിലെടുത്താൽ അഞ്ച് മുൻ ചീഫ് ജസ്റ്റിസുമാർക്കാണ് ഈ പദവിയിൽ ഇരിക്കാനുള്ള യോഗ്യതയുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടി എസ് താക്കൂർ, ജെ എസ് ഖേഹർ, ദീപക് മിശ്ര, രഞ്ജൻ ഗൊഗോയ്, ശരദ്  ബോബ്ഡെ എന്നിവരാണ് ഈ അഞ്ചുപേർ. നാഷണൽ ഹ്യൂമൺ റൈറ്റ്സ് കമ്മിഷൻ്റെ 27 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവാത്ത ഒരാൾ മനുഷ്യാവകാശ കമ്മിഷൻ്റെ ചെയർമാൻ പദവിയിൽ എത്തുന്നത്.

ജസ്റ്റിസുമാരായ രംഗനാഥ് മിശ്ര, എം എൻ വെങ്കട ചെല്ലയ്യ, ജെ എസ് വർമ, എ എസ് ആനന്ദ്, ശിവ് രാജ് പാട്ടീൽ, രാജേന്ദ്ര ബാബു, ജി പി മാത്തുർ, കെ ജി ബാലകൃഷ്ണൻ, സിറിയക് ജോസഫ്, എച്ച് എൽ ദത്തു, പ്രഫുല്ല ചന്ദ്ര പന്ത് എന്നിവരാണ് മുൻപ് ഈ പദവി വഹിച്ചിട്ടുള്ളത്. ഇതിൽ ജസ്റ്റിസ് ശിവ് രാജ് പാട്ടീലിനും ജി പി മാത്തൂറിനും സിറിയക് ജോസഫിനും പ്രഫുല്ല ചന്ദ്ര പന്തിനും ആക്റ്റിങ്ങ് പദവിയായിരുന്നു. 2011 കാലത്ത് ചെയർമാൻ സ്ഥാനത്തു വന്ന മലയാളിയായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും വിവാദത്തിൽ അകപ്പെട്ടിരുന്നു.

അദ്ദേഹത്തിൻ്റെ മരുമകനും അക്കാലത്തെ കോൺഗ്രസ് നേതാവുമായിരുന്ന പി വി ശ്രീനിജൻ കൂടി ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസാണ് അദ്ദേഹത്തിൻ്റെ പ്രതിച്ഛായയിൽ കരിനിഴൽ വീഴ്ത്തിയത്.   2019-ലാണ് പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൺ റൈറ്റ്സ് ആക്റ്റ് ഭേദഗതി ചെയ്യുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയവർക്കു മാത്രമാണ് മുൻപ് ചെയർമാൻ പദവി വഹിക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ ഭേദഗതിയോടെ ചെയർമാൻ സ്ഥാനത്തെത്താൻ സുപ്രീം കോടതി ജഡ്ജുമാർക്കും കഴിയും. ജഡ്ജ് മാർക്കും ചെയർമാൻ ആവാം എന്ന ഭേദഗതി മോദി സർക്കാരിൻ്റെ നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാനായി മാത്രം കൊണ്ടുവന്നതാണ് എന്ന വിമർശനം അക്കാലത്തു തന്നെ ഉയർന്നിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, ലോക്സഭ സ്പീക്കർ ഓം ബിർള, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങുന്ന അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയാണ് കമ്മിഷനെ തിരഞ്ഞെടുത്തത്. കമ്മിറ്റിയിൽ നാലുപേരും അരുൺ മിശ്രയുടെ പേര് അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ മാത്രമാണ് കേന്ദ്ര നിർദേശത്തെ എതിർത്തത്. 

ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടയാളെ മനുഷ്യാവകാശ കമ്മിഷൻ്റെ തലപ്പത്തേക്ക് പരിഗണിക്കണം എന്നാണ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടത്. രാജ്യത്ത് ഏറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങേറുന്നത് ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് എതിരെയാണെന്ന് ഖാർഗെ പറഞ്ഞു. ഖാർഗെയുടെ നിർദേശം അംഗീകരിക്കപ്പെടാതെ വന്നതോടെയാണ് അരുൺ കുമാർ മിശ്ര അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഒട്ടേറെ വിവാദങ്ങളിലൂടെ സുപ്രീം കോടതി സേവന കാലയളവിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് അരുൺ മിശ്രയുടേത്.  2020 ഫെബ്രുവരിയിൽ ജസ്റ്റിസ് അരുൺകുമാർ മിശ്ര പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി നടത്തിയ ഒരു പരാമർശം ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

"ആഗോളതലത്തിൽ ചിന്തിക്കാനും പ്രാദേശികമായി പ്രവർത്തിക്കാനും കഴിയുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ ദാർശനികനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി" എന്ന അദ്ദേഹത്തിൻ്റെ മോദി സ്തുതി രൂക്ഷമായ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കക്ഷി രാഷ്ട്രീയത്തിൽ നിന്നും ഭരണ നേതൃത്വത്തിൽ നിന്നും നിർബന്ധമായും അകലം പാലിക്കാൻ ബാധ്യസ്ഥനായ ഉന്നത സ്ഥാനീയനായ ഒരു ന്യായാധിപൻ, സുപ്രീം കോടതിയിലെ സിറ്റിങ്ങ് ജഡ്ജായിരിക്കെത്തന്നെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നയാളെ പുകഴ്ത്തിക്കൊണ്ട് രംഗത്തു വരുന്നത് രാജ്യ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തതായിരുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം കളഞ്ഞു കുളിക്കുന്നതാണ് അരുൺ മിശ്രയുടെ പരാമർശങ്ങളെന്ന് പരക്കെ വിമർശനങ്ങൾ ഉയർന്നു. സുപ്രീം കോടതി ജഡ്ജായിരിക്കെ നിരവധി വിവാദങ്ങൾ ജസ്റ്റിസ് മിശ്രയുടെ പേരിൽ ഉയർന്നിരുന്നു.

രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയ നിരവധി കേസുകൾ അരുൺ മിശ്രയുടെ ബെഞ്ചിലാണ് പരിഗണിക്കപ്പെട്ടത്. ഇതിനു പിന്നിൽ നിക്ഷ്പിത താത്പര്യങ്ങൾ ഉള്ളതായി പരക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത വിധം നാല് സിറ്റിങ്ങ് ജഡ്ജിമാർ നടത്തിയ വിവാദമായ പത്രസമ്മേളനത്തിനു പിന്നിലും അരുൺ മിശ്രയുടെ പേര് ഉയർന്നു കേട്ടിരുന്നു. സുപ്രീം കോടതി ജഡ്ജാവുന്നതിനു മുമ്പ് കൽക്കട്ട, രാജസ്ഥാൻ ഹൈക്കോടതികളിൽ അരുൺ മിശ്ര ചീഫ് ജസ്റ്റിസായിരുന്നിട്ടുണ്ട്.

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജായിരുന്ന എച്ച് ജി മിശ്രയുടെ മകനാണ് അരുൺ കുമാർ മിശ്ര. സിവിൽ, ക്രിമിനൽ, കോൺസ്റ്റിറ്റ്യൂഷണൽ നിയമങ്ങളിൽ പ്രഗത്ഭനാണ് അദ്ദേഹം. 1998-1999 കാലത്ത് മധ്യപ്രദേശ് ബാർ കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ആ സ്ഥാനത്തെത്തുന്ന എറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ജസ്റ്റിസ് മിശ്ര. സുപ്രീം കോടതി ജഡ്ജ് ആയിരുന്നപ്പോൾ 132 വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 540-ലേറെ ബെഞ്ചുകളിൽ അംഗമായിരുന്നു.

സഞ്ജീവ് ഭട്ട് കേസ്, സഹാറ - ബിർള ഡയറി കേസ്, മെഡിക്കൽ കോളെജ് കോഴക്കേസ്, മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാതിക്രമണ കേസ് ഉൾപ്പെടെ ഒട്ടേറെ വിവാദ വിഷയങ്ങൾ അദ്ദേഹത്തിനു മുന്നിൽ വന്നിട്ടുണ്ട്. ട്വീറ്റുകളുടെ പേരിൽ പ്രശാന്ത് ഭൂഷണെതിരെ നടപടി സ്വീകരിച്ചതും വിവാദമായിരുന്നു. 2014 ജൂലൈയിലാണ് ജസ്റ്റിസ് മിശ്ര സുപ്രീം കോടതി ജഡ്ജായി നിയമിതനാവുന്നത്. 2020 സെപ്റ്റംബറിൽ വിരമിച്ചു. സേവന കാലയളവിൽ 7 ചീഫ് ജസ്റ്റിസുമാരുടെ കീഴിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.