Movie prime

ട്രമ്പ് ആശുപത്രിയിൽ, കൂനിന്മേൽ കുരുപോലെ വന്ന കോവിഡ് ബാധ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ?

Donald Trump കോവിഡ് ബാധിതനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നേരിയ രോഗലക്ഷണങ്ങൾ ഉള്ളതായും “പരീക്ഷണാത്മക” കോവിഡ്-19 ചികിത്സ നൽകുന്നതായും റിപ്പോർട്ടുകൾ പറയുന്നു. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും പ്രസിഡൻ്റ് സുഖമായിരിക്കുന്നു എന്നുമാണ് വൈറ്റ് ഹൗസിൽ നിന്നുള്ള അറിയിപ്പുകൾ വ്യക്തമാക്കുന്നത്. Donald Trump ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിലൊരാളായ ഹോപ് ഹിക്സിൽ നിന്നാണ് ട്രമ്പിന് രോഗബാധയുണ്ടായത്. എന്തായാലും ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ യുഎസ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് ഏതാനും ദിവസത്തേക്ക് അദ്ദേഹത്തിന് വിട്ടു നില്ക്കേണ്ടിവരും എന്നത് More
 
ട്രമ്പ് ആശുപത്രിയിൽ, കൂനിന്മേൽ കുരുപോലെ വന്ന കോവിഡ് ബാധ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ?

Donald Trump

കോവിഡ് ബാധിതനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നേരിയ രോഗലക്ഷണങ്ങൾ ഉള്ളതായും “പരീക്ഷണാത്മക” കോവിഡ്-19 ചികിത്സ നൽകുന്നതായും റിപ്പോർട്ടുകൾ പറയുന്നു. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും പ്രസിഡൻ്റ് സുഖമായിരിക്കുന്നു എന്നുമാണ് വൈറ്റ് ഹൗസിൽ നിന്നുള്ള അറിയിപ്പുകൾ വ്യക്തമാക്കുന്നത്. Donald Trump

ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിലൊരാളായ ഹോപ് ഹിക്സിൽ നിന്നാണ് ട്രമ്പിന് രോഗബാധയുണ്ടായത്.
എന്തായാലും ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ യുഎസ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് ഏതാനും ദിവസത്തേക്ക് അദ്ദേഹത്തിന് വിട്ടു നില്ക്കേണ്ടിവരും എന്നത് ഉറപ്പാണ്.

പ്രസിഡൻ്റ് വൈറ്റ് ഹൗസിൽ നിന്ന് മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നതും ഹെലികോപ്റ്ററിൽ കയറി വാഷിങ്ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിലേക്ക് പോകുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാൾട്ടർ റീഡിലെ പ്രസിഡൻ്റിൻ്റെ ഓഫീസിൽ നിന്നാവും അദ്ദേഹം കുറച്ച് ദിവസത്തേക്ക് പ്രവർത്തിക്കുകയെന്ന് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റിന്റെ “നേരിയ” രോഗലക്ഷണങ്ങൾ വഷളാകുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പ്രസ്താവനയിൽ ഉണ്ട്.

നവംബർ മൂന്നിന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ചൂടുപിടിച്ച പ്രചരണത്തിന് ഇടയിലാണ് ട്രമ്പിന് കോവിഡ് ബാധിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉദാസീനത കാട്ടിയെന്ന ശക്തമായ ആരോപണം നേരിടുന്ന പ്രസിഡൻ്റിൻ്റെ രോഗബാധ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വലിയ ചർച്ചയാവും എന്നത് ഉറപ്പാണ്. അമേരിക്കയിൽ രോഗം റിപ്പോർട്ടു ചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ മുതൽ രോഗത്തെ കാര്യമാക്കാത്ത ട്രമ്പിൻ്റെ നിലപാടുകൾ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് ഒരു നിസ്സാര രോഗമാണ്, ചൂടു കൂടുതലുളള പ്രദേശങ്ങളിൽ കോവിഡിനെ കാര്യമാക്കേണ്ടതില്ല, കോവിഡ് ബാധിച്ച് മരിക്കുന്നതിനെക്കാൾ കൂടുതൽ ആളുകൾ അമേരിക്കയിൽ സാധാരണ പനി വന്ന് മരിക്കുന്നുണ്ട്, വൈറസിനെ ചെറുക്കാൻ കീടനാശിനി കുത്തിവെച്ചാൽ മതി, സാമൂഹിക അകലം പാലിക്കേണ്ട യാതൊരു കാര്യവുമില്ല, സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണം, മാസ്ക് ധരിക്കേണ്ട ആവശ്യമില്ല എന്നെല്ലാമുള്ള അമേരിക്കൻ പ്രസിഡൻ്റിൻ്റെ അബദ്ധജടിലമായ പ്രസ്താവനകൾക്കെതിരെ ലോക വ്യാപകമായിത്തന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

മാസ്ക് ധരിക്കില്ല എന്നുള്ള ട്രമ്പിൻ്റെ പിടിവാശി അമേരിക്കയിലെ വിദ്യാസമ്പന്നർക്കിടയിലും ആരോഗ്യ പ്രവർത്തകർക്കിടയിലും കുറച്ചൊന്നുമല്ല അവമതിപ്പുണ്ടാക്കിയത്. അശാസ്ത്രീയവും അബദ്ധജടിലവുമായ റിപ്പബ്ലിക്കൻ പ്രസിഡൻ്റിൻ്റെ നിലപാടുകളും പ്രസ്താവനകളും ഡെമോക്രാറ്റുകൾ തിരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കിയിട്ടുണ്ട്.

നിലവിൽ ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡന് പിന്നിലാണ് ട്രമ്പ്. കൂനിന്മേൽ കുരുപോലെ വന്ന കോവിഡ് മൂലം പ്രചാരണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും മരവിപ്പിക്കേണ്ടിവരുന്നത് ട്രമ്പിന് കനത്ത തിരിച്ചടിയാവുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

അതിനിടെ ട്രമ്പിൻ്റെ രോഗ തീവ്രതയെ കുറിച്ചും പരീക്ഷണാർഥം എടുക്കുന്ന മരുന്നിനെ പറ്റിയും ഊഹാപോഹങ്ങൾ കനക്കുന്നുണ്ട്. വെള്ളിയാഴ്ച, വൈറ്റ് ഹൗസ് ഫിസിഷ്യൻ സീൻ കോൺലി പുറത്തിറക്കിയ കത്തിലെ ചില പരാമർശങ്ങളാണ് കൂടുതൽ ഗുരുതരമായ ചില സൂചനകൾ നൽകുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായെങ്കിലും റെഗുലേറ്റർമാർ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത റെജെനെറോൺ എന്ന ആന്റിബോഡി മിശ്രിതമാണ് ട്രമ്പിന് കൊടുത്തതെന്ന് കോൺലിയുടെ പ്രസ്താവനയിൽ ഉണ്ട്. പ്രസിഡൻ്റിൻ്റെ ആരോഗ്യനില ഒരു വിദഗ്ധ സംഘം വിലയിരുത്തുന്നുണ്ടെന്നും അടുത്ത മികച്ച നടപടിയെ കുറിച്ച് അവർ പ്രസിഡൻ്റിനും പ്രഥമ വനിതയ്ക്കും ഉപദേശങ്ങൾ നൽകുമെന്നും കോൺലി എഴുതി.

എന്തായാലും,രണ്ടു ലക്ഷത്തിലധികം ആളുകൾ മരണമടഞ്ഞ അമേരിക്കയിലെ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയത് ട്രമ്പിൻ്റെ ഉദാസീനത മൂലമാണെന്നും പ്രതിസന്ധിയുടെ പൂർണമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണമെന്നും വാദിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ്റെ വാദം തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടുമെന്ന് ഉറപ്പായി കഴിഞ്ഞു.

സമ്പദ്‌വ്യവസ്ഥ തകർത്തു, ലക്ഷക്കണക്കിന് അമേരിക്കക്കാരെ കുരുതി കൊടുത്തു, ദുരന്തത്തിലേക്ക് സ്വയം വലിച്ചിഴച്ചു തുടങ്ങിയ ബൈഡൻ്റെ ആരോപണങ്ങൾ അമേരിക്കൻ വോട്ടർമാർക്കിടയിൽ സ്വീകാര്യത നേടാനും ഇടയുണ്ട്. ചൊവ്വാഴ്ച ക്ലീവ്‌ലാൻഡിൽ നടന്ന ആദ്യ ചർച്ചയ്ക്കിടെ 90 മിനിറ്റോളം ട്രമ്പുമായി അടുത്തിടപഴകിയ ബൈഡൻ താനും ഭാര്യ ജില്ലും കോവിഡ് പരിശോധനകൾ നടത്തിയെന്നും നെഗറ്റീവ് ആണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

മിഷിഗനിലെ ഗ്രാൻഡ് റാപ്പിഡ്സിൽ നേരത്തേ ഷെഡ്യൂൾ ചെയ്ത പ്രചാരണ പ്രവർത്തനങ്ങളുമായി ജോ ബൈഡൻ മുന്നോട്ട് പോവുകയാണ്. ട്രമ്പിനും കുടുംബത്തിനും വേണ്ടി താൻ പ്രാർഥിക്കുമെന്നും ബൈഡൻ പറഞ്ഞു. മാസ്ക് ഉപയോഗിക്കുന്നതിൽ കണിശത പുലർത്തുന്ന ബൈഡനെ അതിൻ്റെ പേരിൽ തന്നെ ട്രമ്പ് നിരവധി തവണ പരിഹസിച്ചിട്ടുണ്ട്. താൻ മാസ്ക് ധരിക്കുമെന്നും അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും തനിക്കു വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണ് അത് ചെയ്യുന്നതെന്നും ബൈഡൻ തിരിച്ചടിച്ചിട്ടുണ്ട്.

പ്രസിഡന്റ് ഉൾപ്പെടുന്ന എല്ലാ പ്രചരണ പ്രവർത്തനങ്ങളും മാറ്റിവെയ്ക്കുകയോ ഓൺ ലൈനിലേക്ക് മാറുകയോ ചെയ്യുമെന്ന് റിപ്പബ്ലിക്കൻ ക്യാമ്പ് പ്രസ്താവനയിൽ പറഞ്ഞു. ഫ്ലോറിഡ, വിസ്കോൺസിൻ, അരിസോണ സംസ്ഥാനങ്ങളിലെ റാലികൾ റദ്ദാക്കിയിട്ടുണ്ട്. റാലികളിലെ ശക്തി പ്രകടനങ്ങൾ വലിയ കാര്യമായി കരുതുന്ന റിപ്പബ്ലിക്കൻ ക്യാമ്പിന് ഇതൊരു തിരിച്ചടിയാണ്. ഒക്ടോബർ 15-ന് നടക്കാനിരിക്കുന്ന രണ്ടാമത്തെ ട്രമ്പ്-ബൈഡൻ ചർച്ച പോലും നടക്കുമെന്ന കാര്യം ഇതോടെ സംശയത്തിലാണ്.