Movie prime

വിൽപ്പത്ര വിവാദവും ചില നിയമവശങ്ങളും

മരണശേഷം തൻ്റെ പേരിലുള്ള സ്വത്ത് വകകളിൽ ആർക്കെല്ലാം എന്തെല്ലാം അവകാശങ്ങളുണ്ട് എന്നതു സംബന്ധിച്ച് ജീവിച്ചിരിക്കുമ്പോൾ തന്നെ തീർപ്പിലെത്തി ഒരാൾ എഴുതി വെയ്ക്കുന്ന നിയമപരമായി സാധുതയുള്ള വിലപ്പെട്ട രേഖയാണല്ലോ വിൽപ്പത്രം [Will ] വിൽപ്പത്രങ്ങൾ പലപ്പോഴും വിവാദ വിഷയങ്ങളാവാറുണ്ട് എന്നത് ശരിതന്നെ… എന്നാൽ പ്രഗത്ഭനും പ്രതാപിയുമായ ഒരു രാഷ്ട്രീയ നേതാവിന് തൻ്റെ മന്ത്രിസ്ഥാനം തന്നെ നഷ്ടമാകുന്ന നിലയിലേക്ക് ഒരു വിൽപ്പത്രം വിവാദങ്ങളുടെ കേന്ദ്രമാവുന്നതും അത് കേരള രാഷ്ട്രീയത്തിൽ ഇടപെടുന്നതും ഇതാദ്യമായാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള കോൺഗ്രസ് ബി More
 
വിൽപ്പത്ര വിവാദവും ചില നിയമവശങ്ങളും

മരണശേഷം തൻ്റെ പേരിലുള്ള സ്വത്ത് വകകളിൽ ആർക്കെല്ലാം എന്തെല്ലാം അവകാശങ്ങളുണ്ട് എന്നതു സംബന്ധിച്ച് ജീവിച്ചിരിക്കുമ്പോൾ തന്നെ തീർപ്പിലെത്തി ഒരാൾ എഴുതി വെയ്ക്കുന്ന നിയമപരമായി സാധുതയുള്ള വിലപ്പെട്ട രേഖയാണല്ലോ വിൽപ്പത്രം [Will ]

വിൽപ്പത്രങ്ങൾ പലപ്പോഴും വിവാദ വിഷയങ്ങളാവാറുണ്ട് എന്നത് ശരിതന്നെ…

എന്നാൽ പ്രഗത്ഭനും പ്രതാപിയുമായ ഒരു രാഷ്ട്രീയ നേതാവിന് തൻ്റെ മന്ത്രിസ്ഥാനം തന്നെ നഷ്ടമാകുന്ന നിലയിലേക്ക് ഒരു വിൽപ്പത്രം വിവാദങ്ങളുടെ കേന്ദ്രമാവുന്നതും അത് കേരള രാഷ്ട്രീയത്തിൽ ഇടപെടുന്നതും ഇതാദ്യമായാണ്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള കോൺഗ്രസ് ബി സ്ഥാപകൻ ആർ ബാലകൃഷ്ണപ്പിള്ള തൻ്റെ ജീവിതകാലത്ത് രണ്ട് വിൽപ്പത്രങ്ങളാണ് തയ്യാറാക്കിയത്.

ഒന്ന് മകൻ ഗണേഷുമായി അടിച്ചു പിരിഞ്ഞു നില്ക്കുന്ന സമയത്ത്,

രണ്ടാമത്തേത് രോഗബാധിതനും ശയ്യാവലംബിയുമായി അദ്ദേഹം അവസാന നാളുകൾ ചിലവഴിച്ച കാലത്ത്.

വിൽപ്പത്ര വിവാദം ഗണേഷിൻ്റെ മന്ത്രി പദവി നഷ്ടമാക്കിയതിനെ തുടർന്ന് രണ്ട് വിൽപ്പത്രങ്ങളിലേയും വിശദാംശങ്ങൾ ഇന്ന് പൊതുസമൂഹത്തിൽ വലിയ തോതിൽ ചർച്ചാ വിഷയമായിരിക്കുന്നു.

2017- കാലത്ത് നല്ല ആരോഗ്യത്തോടെ, സർവ്വപ്രതാപിയായി കൊടിവെച്ച കാറിൽ സഞ്ചരിക്കുന്ന കാലത്താണ് ബാലകൃഷ്ണപ്പിള്ള തൻ്റെ ആദ്യ വിൽപ്പത്രം തയ്യാറാക്കിയത്.

അതായത് ഓർമ്മയ്ക്കും ബുദ്ധിയ്ക്കുമൊന്നും തരിമ്പും കോട്ടം തട്ടാതെ നല്ല
വെളിവോടെ, വിവേചന ബുദ്ധിയോടെ സ്വന്തം നിലയിൽ കാര്യങ്ങൾ തീരുമാനിക്കാൻ സാധിച്ചിരുന്ന സമയത്ത്.

അന്നെഴുതിയ വിൽപ്പത്രം ഇപ്പോൾ ശ്രദ്ധേയമാവുന്നതിൻ്റെ കാരണവും മറ്റൊന്നുമല്ല.

മകനായ ഗണേഷിന് ഒരു തുണ്ട് ഭൂമിയോ മറ്റ് വസ്തുവകകളോ എഴുതി വെയ്ക്കാതെ പെൺമക്കൾക്കും കൊച്ചു മക്കൾക്കുമൊക്കെയായി അത് വീതം വെയ്ക്കാനുളള ആഗ്രഹമാണ് അന്ന് ശ്രീമാൻ പിള്ള പ്രകടിപ്പിച്ചത്.

പിള്ളയുടെ സന്തത സഹചാരിയും വിശ്വസ്തനും അനുയായിയും ആയിരുന്ന പ്രഭാകരൻ നായർ നടത്തിയ വെളിപ്പെടുത്തലുകളിൽ നിന്നാണ് ഇക്കാര്യവും പുറത്തു വന്നിരിക്കുന്നത്.

അതായത് സ്വന്തം മകനെ പൂർണമായും തള്ളിക്കളയുന്ന നിലയിലാണ് അദ്ദേഹം തൻ്റെ ആദ്യ വിൽപ്പത്രം തയ്യാറാക്കിയത്.

പുതിയ വിൽപ്പത്രം എഴുതുന്നത് 2020 ഓഗസ്റ്റ് 9-നാണ്.

പ്രഭാകരൻ പിളളയുടെ വെളിപ്പെടുത്തൽ പ്രകാരം അപ്പോഴേക്കും ശ്രീമാൻ ബാലകൃഷ്ണപ്പിള്ളയ്ക്ക് മാനസാന്തരം വരികയും ഗണേഷിനോടുള്ള പുത്ര വാത്സല്യം അദ്ദേഹത്തിൽ നിറയുകയും ചെയ്തു.

മനസ്സുമാറ്റിയ പിള്ള സ്വാഭാവികമായും രണ്ടാമത്തെ വിൽപ്പത്രത്തിൽ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തുകയായിരുന്നു.

പിള്ളയുടെ മാനസാന്തരത്തിലോ, വീണ്ടുവിചാരത്തിലോ, തനിക്കനുകൂലമായി മാറ്റിയെഴുതപ്പെട്ട വിൽപ്പത്ര രജിസ്ട്രേഷനിലോ
മനസാ വാചാ കർമണാ ഗണേഷിൻ്റേതായ ഇടപെടലുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് പ്രഭാകരൻ നായരുടെ വെളിപ്പെടുത്തൽ.

ജില്ലാ രജിസ്ട്രാർ ആപ്പീസിൽ സീൽ ചെയ്തു സൂക്ഷിച്ച് വെച്ചിരുന്ന അടച്ചുവെച്ച വിൽപ്പത്രം തിരിച്ചെടുത്ത് നശിപ്പിച്ചതിലോ, പുതിയതൊന്ന് എഴുതിപ്പിടിപ്പിച്ചതിലോ ഗണേഷിന് ഒരു റോളുമില്ല.

എന്തിന്, അവസാനകാലത്തെ പിതാവിൻ്റെ ഈ ‘കടുംകൈ’ പ്രയോഗത്തെപ്പറ്റി ഉഷയോ ഗണേശനോ ബിന്ദുവോ ഒന്നും അറിഞ്ഞിരുന്നില്ലെന്നും പ്രഭാകരൻ നായർ പറയുന്നു. ഗണേഷറിയാതെയാണ് ആധാരം എഴുത്തുകാരൻ മധുസൂദനൻ പിള്ള വീട്ടിലെത്തിയതത്രേ.

വിൽപ്പത്ര രഹസ്യങ്ങൾ ആരോടും വെളിപ്പെടുത്തരുതെന്നും തൻ്റെ മരണശേഷമേ മക്കൾ ഇക്കാര്യം അറിയാവൂ എന്നും മധുസൂദനൻ പിള്ളയേയും സാക്ഷി പ്രഭാകരൻ നായരേയും പിള്ള ശട്ടം കെട്ടിയിരുന്നത്രേ.

പിള്ളയ്ക്ക് കൊടുത്ത വാക്ക് പിളളയും നായരും ഒരേ പോലെ പാലിച്ചു.

പിള്ളയുടെ മരണവും മരണാനന്തര ചടങ്ങുമെല്ലാം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് വിൽപത്രത്തിൻ്റെ കോപ്പി മൂന്ന് മക്കൾക്കും കൈമാറിയത്.

അതായത്, വിൽപ്പത്രത്തിൻ്റെ കോപ്പി കിട്ടിയപ്പോഴാണ് മൂത്ത മകൾ ഉഷ മോഹൻ ദാസ് വിൽപ്പത്രത്തിൽ “ഫൗൾ പ്ലേ” നടന്നു എന്ന ആരോപണവുമായി രംഗത്തിറങ്ങുന്നത്.

ഒരു തുണ്ട് ഭൂമി പോലും ഗണേഷിന് കൊടുക്കില്ലെന്ന് ആദ്യ വിൽപ്പത്രം തയ്യാറാക്കിയ കാലത്ത് പിള്ള തന്നെ പറഞ്ഞു നടന്നതാണ്.

എന്നാൽ വിൽപ്പത്രം പുറത്തു വന്നപ്പോൾ ഗണേഷിനും സഹോദരി ബിന്ദുവിനും മാത്രം അച്ഛൻ്റെ ഭീമമായ സ്വത്തുവകകൾക്കവകാശം. മൂത്ത മകൾ ഉഷ പുറത്ത്. ചില്ലിക്കാശ് പോലും തനിക്കായി അച്ഛൻ മാറ്റി വെച്ചിട്ടില്ലെന്ന് ഉഷ പരാതിപ്പെടുന്നു.

ഇപ്പോഴത്തെ വിൽപ്പത്രത്തിൽ ഉഷയ്ക്കുള്ളതെന്ന് പറയുന്നത് അമ്മയുടെ വിൽപ്പത്ര പ്രകാരം നേരത്തേ തന്നെ ഉഷയ്ക്ക് കിട്ടിയിട്ടുള്ള എസ്റ്റേറ്റാണ്.

അച്ഛനെ സ്നേഹിക്കുകയും ആത്മാർഥമായി പരിചരിക്കുകയും ചെയ്ത തന്നോട് പിള്ള ഈ ക്രൂരത ചെയ്യുമെന്ന് മകൾ വിശ്വസിക്കുന്നില്ല.

പിന്നെ ആരാണ് ഉഷയോട് ആ ക്രൂരത കാട്ടിയത്…

അനിയൻ ഗണേശനും അനിയത്തി ബിന്ദുവും ചേർന്നുള്ള കള്ളക്കളിയാണ് രണ്ടാമത്തെ വിൽപ്പത്രം എന്ന ആരോപണത്തിലേക്ക് ഉഷ എത്തിയത് അങ്ങിനെയാണ്.

തൻ്റെ ആരോപണങ്ങളെല്ലാം തെളിവുകളുടെ പിൻബലത്തോടെ ആണെന്ന് ഉഷ മോഹൻദാസ് പറയുന്നുണ്ട്.

കുടുംബ പ്രശ്നം ആയതിനാൽ ഒത്തുതീർപ്പ് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്.

അത് നടന്നില്ലെങ്കിൽ മാത്രം നിയമപരമായ നടപടികളിലേക്ക് നീങ്ങും -അവർ പറയുന്നു.

എന്തായാലും ഒരു കുടുംബ കലഹം എന്നതിലുപരി കേരള രാഷ്ട്രീയത്തിൽ തന്നെ ഒരു വിൽപ്പത്രം ചലനങ്ങൾ സൃഷ്ടിക്കുമ്പോൾ

വിൽപ്പത്രം എന്ന നിയമാനുസൃത രേഖയെപ്പറ്റി പ്രേക്ഷകരുടെ അറിവിലേക്കായി ചില കാര്യങ്ങൾ കൂടി പറയാം.

1925-ലെ ഇന്ത്യൻ പിന്തുടർച്ചാ അവകാശ നിയമപ്രകാരം നിയമപരമായി പ്രാബല്യമുള്ള രേഖയാണ് വിൽപ്പത്രം എന്നത്.

സ്വന്തം പേരിൽ സ്വത്തുള്ള പ്രായപൂർത്തിയായ ആർക്കും തൻ്റെ കാലശേഷം ആ സ്വത്തിൻ്റെ അവകാശം ആർക്ക് എന്നത് സംബന്ധിച്ച് എഴുതിവെയ്ക്കാം.

സ്വന്തം ഇച്ഛ പ്രകാരം എഴുതുന്നതാണ് വിൽപ്പത്രം.

‘വിൽ’ എന്ന വാക്കിന് ‘വിഷ് ‘ അഥവാ ‘ഡിസയർ ‘ എന്ന അർഥമാണ് കല്പിക്കപ്പെടുന്നത്.

മാനസിക നിലയിൽ തകരാറുള്ളവരോ തീരുമാനങ്ങൾ സ്വന്തം നിലയിൽ എടുക്കാൻ
പ്രാപ്തരോ അല്ലാത്തവർ എഴുതുന്ന വിൽപ്പത്രത്തിന് നിയമപരമായ സാധുതയില്ല എന്നർഥം.

അതായത് ഒരാൾ ശയ്യാവലംബിയായി, ഓർമയുടെ കാര്യത്തിൽ അത്തും പൊത്തുമായി കിടക്കുമ്പോൾ, മക്കളാരെങ്കിലും ചതിപ്രയോഗത്തിലൂടെ എന്തെങ്കിലുമൊക്കെ എഴുതി വെച്ച് അതിനടിയിൽ ഒപ്പിടുവിച്ച് കാര്യം സാധിക്കുന്നതിനെ വിൽപ്പത്രത്തിൻ്റെ നിയമക്കണക്കിൽ ഉൾപ്പെടുത്താനാവില്ല എന്നു ചുരുക്കം.

അത്തരം കള്ളക്കളികളും തട്ടിപ്പുകളും ‘ഫൗൾ പ്ലേ’ കളും കോടതിയിൽ എന്തായാലും ചോദ്യം ചെയ്യപ്പെടും.

മുദ്രപ്പത്രത്തിലേ വിൽപ്പത്രം എഴുതാവൂ എന്ന തെറ്റിദ്ധരണയൊന്നും വേണ്ട.

വെള്ളപ്പേപ്പറിലും വിൽപ്പത്രം തയ്യാറാക്കാം.

മറ്റൊരു ചോദ്യം ഇവിടെ ബാലകൃഷ്ണപ്പിള്ള ചെയ്തതുപോലെ വിൽപ്പത്രം മാറ്റിയെഴുതാമോ എന്നതാണ്.

സംശയിക്കേണ്ട. എത്ര തവണ വേണമെങ്കിലും വിൽപ്പത്രം മാറ്റിയെഴുതാനുള്ള അവസരമുണ്ട്. മരണ ശേഷം മാത്രമേ വിൽപ്പത്രത്തിന് പ്രാബല്യം കൈവരുന്നുള്ളൂ എന്നതാണ് മറ്റൊരു കാര്യം.

സ്വന്തം നിലയിൽ വിൽപ്പത്രം തയ്യാറാക്കാൻ ശേഷിയുള്ളവർക്ക് അങ്ങിനെ ചെയ്യാം. അല്ലാത്തവർക്ക് അഭിഭാഷകരുടെ സഹായം തേടാം.

എഴുതിയതിനു ശേഷം സബ് രജിസ്ട്രാർ ഓഫിസിൽ പോയി ഫീസടച്ച് രജിസ്റ്റർ ചെയ്യാം.

മരണശേഷം മാത്രമേ വിൽപ്പത്രത്തിലെ കാര്യങ്ങൾ അതിൻ്റെ അവകാശികൾ അറിയാവൂ എന്ന് നിർബന്ധമുള്ളവർക്ക് ബാലകൃഷ്ണപ്പിള്ള ചെയ്തതു പോലെ ജില്ലാ രജിസ്ട്രാർ ഓഫിസിൽ കൊണ്ടുപോയി Deposition- ന് സമർപ്പിക്കാം

വിൽപ്പത്രം എഴുതിയ ആളിൻ്റെ മരണശേഷം അയാളുടെ ഡെത്ത് സർട്ടിഫിക്കറ്റും വിൽപ്പത്രത്തിൻ്റെ ഒറിജിനലും വില്ലേജ് ഓഫിസിൽ ഹാജരാക്കിയാണ് സ്വത്തുക്കൾ അവകാശികളുടെ പേരിലേക്ക് മാറ്റുന്നത്.

ചതിച്ചോ ബലം പ്രയോഗിച്ചോ വഞ്ചിച്ചോ എഴുതിച്ചതാണ് വിൽപ്പത്രം എന്ന് കോടതി മുമ്പാകെ തെളിയിക്കാൻ കഴിഞ്ഞാൽ ഏതൊരു വിൽപ്പത്രവും നിയമപരമായി റദ്ദാക്കപ്പെടും എന്ന് എല്ലാവരും, അതെ, ഗണേഷ് കുമാറടക്കം എല്ലാവരും ഓർത്തിരിക്കുന്നത് നല്ലതാണ്.