Movie prime

“ഒരു പുതുവത്സര കൗതുകം പങ്കുവെയ്ക്കട്ടെ” ശ്രദ്ധേയമായി ഡോ. ഹരികൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

NewYear തെക്കുപടിഞ്ഞാറേ എത്യോപ്യയിലെ ബോദി ഗോത്രവർഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള കാ’ഏൽ ആഘോഷത്തെ കുറിച്ചാണ് കൺസൾട്ടൻ്റ് യൂറോളജിസ്റ്റും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ യൂറോളജി വിഭാഗം തലവനുമായ ഡോ. ഹരികൃഷ്ണൻ എഴുതുന്നത്. എത്യോപ്യയിലെ ഓമോ താഴ് വരയിലാണ് ബോദികളുടെ താമസം. മെ’ഏനുകൾ അഥവാ ബോദികൾക്ക് ജൂൺ മാസത്തിലാണ് പുതുവർഷം. ആറുമാസം മുമ്പെങ്കിലും അതിനുള്ള തയ്യാറെടുപ്പ് തുടങ്ങും. വർഷാദ്യ ദിനത്തിൽ അവർക്കിടയിൽ കൗതുകകരമായ ഒരു മത്സരം അരങ്ങേറും. ഏറ്റവും തടിയനാവാനുള്ള മത്സരം! NewYear ഡോ. ഹരികൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ More
 
“ഒരു പുതുവത്സര കൗതുകം പങ്കുവെയ്ക്കട്ടെ” ശ്രദ്ധേയമായി ഡോ. ഹരികൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

NewYear
തെക്കുപടിഞ്ഞാറേ എത്യോപ്യയിലെ ബോദി ഗോത്രവർഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള കാ’ഏൽ ആഘോഷത്തെ കുറിച്ചാണ് കൺസൾട്ടൻ്റ് യൂറോളജിസ്റ്റും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ യൂറോളജി വിഭാഗം തലവനുമായ ഡോ. ഹരികൃഷ്ണൻ എഴുതുന്നത്. എത്യോപ്യയിലെ ഓമോ താഴ് വരയിലാണ് ബോദികളുടെ താമസം. മെ’ഏനുകൾ അഥവാ ബോദികൾക്ക് ജൂൺ മാസത്തിലാണ് പുതുവർഷം. ആറുമാസം മുമ്പെങ്കിലും അതിനുള്ള തയ്യാറെടുപ്പ് തുടങ്ങും. വർഷാദ്യ ദിനത്തിൽ അവർക്കിടയിൽ കൗതുകകരമായ ഒരു മത്സരം അരങ്ങേറും. ഏറ്റവും തടിയനാവാനുള്ള മത്സരം! NewYear

ഡോ. ഹരികൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം

ഒരു പുതുവത്സര കൗതുകം പങ്കുവെയ്ക്കട്ടെ.വർഷാദ്യദിനത്തിൽ ഏറ്റവും തടിയനായി പ്രഖ്യാപിക്കപ്പെടാൻ കാത്തിരിക്കുന്ന ഒരു കൂട്ടരുണ്ടത്രെ. അങ്ങു ദൂരെ തെക്കുപടിഞ്ഞാറേ എത്യോപ്യയിൽ. ബോദി ഗോത്രക്കാരാണവർ. മെ’ഏനുകൾ എന്നും വിളിക്കും ഇവരെ. പുതുവർഷമെന്നാൽ കാ’ഏൽ ആഘോഷമാണിവർക്ക്.

ജൂൺ മാസത്തിലാണ് ബോദികളുടെ പുതുവർഷം. അതിനു മുമ്പെ, ചെറുപ്പക്കാരെല്ലാ വരും ആറുമാസക്കാലമെങ്കിലുമായിട്ടുണ്ടാവും ഈ ദിവസത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ട്.

തയ്യാറെടുപ്പെന്നു പറഞ്ഞാൽ ബഹുവിശേഷമാണ്. ചോരയും പാലും ചേർത്ത മിശ്രിതമാണ് ഇക്കാലത്തെ പ്രധാന ആഹാരം. പശുക്കളുടെ രക്തമാണ് ഇതിന് ഉത്തമമത്രെ. അവയുടെ കഴുത്തിലെ ഞരമ്പുകളിൽ ഒരു മുറിവുണ്ടാക്കിയാണ് രക്തമൂറ്റുക. ആവശ്യത്തിന് ശേഖരിച്ചു കഴിഞ്ഞാൽ കളിമണ്ണ് പുതച്ചു രക്തവാർച്ച നിർത്തും. ഊറ്റിയെടുത്ത ചോരയിൽ സമാസമം പാലും ചേർക്കും. കടുത്ത വേനലിൽ രക്തവും പാലും ചേരുമ്പോൾ താമസിയാതെ കട്ടയായി മാറാനിടയുണ്ട്. അതിനാൽ ഈ മിശ്രിതം ഉണ്ടാക്കിക്കഴിഞ്ഞാൽ പെട്ടെന്നു തന്നെ കുടിച്ചു തീർക്കേണ്ടതുണ്ട്. അത് ഒട്ടും എളുപ്പമുള്ള പണിയല്ലതാനും. രണ്ടു ലിറ്ററോളം വരും ഒരിക്കൽ തയ്യാറാക്കിയെടുക്കുന്ന ഈ പോഷകമിശ്രിതം എന്നോർക്കണം. ഇക്കാലത്ത് ഒരു പണിയും ഇവർ ചെയ്യില്ലെന്നു മാത്രമല്ല, ഒന്നനങ്ങുക പോലുമില്ല. അങ്ങനെയങ്ങനെയവർ തടിവെച്ചുവീർത്തുവരുകയും ചെയ്യും.

ഇനി പുതുവത്സരദിനം എത്തിച്ചേർന്നാൽ ദേഹം മുഴുവൻ ചാരവും വെള്ളക്കളിമണ്ണും പുതച്ചായിരിക്കും മത്സരാർഥികൾ നടക്കുക. കഴുത്തിലും തലയിലും കൈകളിലുമൊക്കെ ഏതാനും ആഭരണങ്ങളുമുണ്ടാവും.

കാ’ഏൽ ആഘോഷത്തിനിടെ ഒരു കന്നുകാലിയെ കൊല്ലും. അതിന് രണ്ടുണ്ട് കാര്യം. ഒന്ന് ഭക്ഷണമാക്കാൻ, രണ്ടാമത്തെ ഉദ്ദേശ്യമാണ് ഏറ്റവും കൗതുകകരം. പുതുവർഷ പ്രവചനമാണത്. ചത്ത പശുവിൻ്റെ കുടൽനിറം നോക്കി അടുത്ത വർഷം എങ്ങനെയുള്ളതായിരിക്കുമെന്ന് ഗോത്രത്തിലെ വയസ്സു മൂത്തവർ പ്രവചനം നടത്തുമത്രെ.

ഇതൊക്കെ വല്ലതും ശരിയാവുമോ ആവോ? എന്തായാലും, അതു കഴിഞ്ഞാൽപ്പിന്നെ നമ്മുടെ തടിയന്മാരുടെ വരവായി. മുതിർന്നവരങ്ങനെ നിരന്നിരിക്കും ഏറ്റവും വലിയ തടിയൻ്റെ തിരഞ്ഞെടുപ്പിനായി. കൊമോറോ എന്ന മുഖ്യനുമുണ്ടാവും കൂടെ.

ഈ വിധികർത്താക്കൾക്കൊപ്പം കാത്തിരിക്കുന്ന മറ്റൊരു കൂട്ടർ കൂടിയുണ്ട്. ബോദി ഗോത്രക്കാരായ യുവകാമിനികൾ. തങ്ങളുടെ ഭാവി ഇണയെ ബോദി പെണ്ണുങ്ങൾ തിരഞ്ഞെടുക്കുന്നതും ഇതേ ആലോഷവേളയിൽ വെച്ചുതന്നെ. അതായത് ഒരു ബോദി ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഈ ദിവസത്തിൽ ജീവിതം തന്നെ നിർണ്ണയിക്കപ്പെടുമെന്ന് ചുരുക്കം. കാ’ഏലിന്റെ സമയത്ത് ഏറ്റവും തടിയനായി തെരഞ്ഞെടുക്കപ്പെടുന്നവനെ കാത്തിരിക്കുന്നത് സമ്മാനങ്ങളേക്കാളേറെ, ഒരു ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന നായകപരിവേഷമാണ്. ഇവിടെ ഞാൻ ചുവടെ ചേർത്തിരിക്കുന്നത് ബോദികളുടെ കൂടെ താമസിച്ച് അക്കഥയെല്ലാം നമുക്ക് പറഞ്ഞു തന്ന, ലോകപ്രശസ്ത ഫോട്ടൊഗ്രഫർ എറിക്ക് ലഫോർഗിന്റെ ചിത്രങ്ങളാണ്.

കൃത്യമായി പറഞ്ഞാൽ എത്യോപ്യയിലെ ഓമോ താഴ് വരയിലാണ് ബോദികളുടെ താമസം. എത്രയോ കാലങ്ങളായി ബോദികളുടെ തട്ടകമാണത്. ഇപ്പോൾ ഇവരുടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നറിയാൻ കഴിഞ്ഞു. എത്യോപ്യൻ സർക്കാരിന് ഓമോ താഴ് വര കൈക്കലാക്കണം. അവിടത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് അത് വേണമെന്നാണ് വാദം. അതിനായി ബോദികളെ കുടിയിറക്കണം. പകരം സ്ഥലം കൊടുക്കാമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ബോദികൾ വല്ലാത്ത ഭയപ്പാടിലാണ്. ലോകമെമ്പാടുമുള്ള ആദിമഗോത്രങ്ങൾ അനുനിമിഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന അതേ ഭീതി തന്നെ. സ്വന്തമായ സംസ്കാരവും കിടപ്പാടവുമെല്ലാം നഷ്ടപ്പെടുന്നതിന്റെ ആകുലത പറഞ്ഞാലൊന്നും തീരുന്നതല്ലല്ലോ…

എല്ലാവർക്കും പുതുവത്സരാശംസകൾ!