in ,

നിഷ് സംസ്ഥാന വാഴ്സിറ്റിയാകും

ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന സര്‍വകലാശാലയായി നിഷിനെ മാറ്റാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും ഇതിനുള്ള കരട് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും സാമൂഹ്യനീതി, വനിത-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

നിഷ്-ന്‍റെ ഇരുപത്തിരണ്ടാമത് വാര്‍ഷികാഘോഷ വേളയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളെ ഈ സര്‍വകലാശാലയ്ക്കു കീഴില്‍ കൊണ്ടുവരും നിഷില്‍ പുതിയ കോഴ്സുകളാരംഭിക്കുകയും ഇപ്പോഴുള്ള കോഴ്സുകള്‍ പുതിയ പദവിയിലേയ്ക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. 

നിഷ്-നെ കേന്ദ്ര സര്‍വകലാശാലയാക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു.  കേന്ദ്രമന്ത്രിയെ കണ്ട് ഈ ആവശ്യം ഉന്നയിക്കുക വരെ ചെയ്തെങ്കിലും ആവശ്യം അംഗീകരിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് സംസ്ഥാന സര്‍വകലാശാല എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി അറിയിച്ചു.

ആരോഗ്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ എംകെസി നായര്‍, സാമൂഹികനീതി, വനിത-ശിശു വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ചൈല്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് എന്നിവരെ  റിപ്പോര്‍ട്ട് തയാറാക്കാനായി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ കരടു റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്‍റെ കാലത്തുതന്നെ സംസ്ഥാന സര്‍വകലാശാല എന്ന തീരുമാനമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. 

കേരളത്തെ ഒരു ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി  മാറ്റുകയെന്ന ലക്ഷ്യത്തോടെ നിരവധി ഭിന്നശേഷി സൗഹാര്‍ദ്ദ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.  ശ്രുതിതരംഗം,  കാതോരം,  ധ്വനി,  അനുയാത്ര എന്നീ പദ്ധതികള്‍ ഇതിന്‍റെ ഭാഗമാണ്. സഹായ ഉപകരണങ്ങളുടെ വികസനം, മുന്‍കൂട്ടി ഭിന്നശേഷി നിര്‍ണയിക്കല്‍, ചികിത്സ എന്നീ രംഗങ്ങളില്‍ ഇനിയും മുന്നോട്ടുപോകാനുണ്ടെന്ന് മന്ത്രി  ശൈലജ ടീച്ചര്‍ ചൂണ്ടിക്കാട്ടി. 

ആശയവിനിമയത്തിന്‍റെ കാര്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പൊതുസമൂഹത്തിനുമിടയിലുണ്ടായിരുന്ന മതില്‍ക്കെട്ടാണ് നിഷിന്‍റെ വരവോടുകൂടി ഇല്ലാതായതെന്നും സര്‍ക്കാരിന്‍റെ ഭിന്നശേഷി സൗഹൃദ പദ്ധതികള്‍ ഇതിനെല്ലാം ആക്കം കൂട്ടുകയാണെന്നും  അദ്ധ്യക്ഷ പ്രസംഗത്തില്‍ സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ആക്കുളം നിഷ് ക്യാമ്പസിലെ മാരിഗോള്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികളില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറും നിഷ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഷീബ ജോര്‍ജ് ഐഎഎസ് സ്വാഗതവും, നിഷ് സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി ആന്‍ഡ് ഇന്നോവേഷന്‍ ഡയറക്ടര്‍ ഡോ. കെ.ജി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ശിവദത്ത് പ്രസംഗിച്ചു, സ്റ്റുഡന്‍റസ് യൂണിയന്‍ ചെയര്‍മാന്‍  ദീപക് കെ.സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വാളയാർ സംഭവത്തിൽ മഹിളകളുടെ പ്രതികരണങ്ങളിലെ അന്തരം ചൂണ്ടിക്കാട്ടി ഡോ. ആസാദ്

അനന്തപുരി ദര്‍ശന്‍ സിറ്റി ടൂര്‍ പാക്കേജുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍