in

പാറശാല പൊന്നമ്മാളിനും ടിവി ഗോപാലകൃഷ്ണനും പ്രഥമ നിശാഗന്ധി സംഗീത പുരസ്കാരം

തിരുവനന്തപുരം:  സംഗീതത്തിന് സമഗ്രസംഭാവന നല്‍കിയിട്ടുള്ള പ്രഗത്ഭര്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നല്‍കുന്ന പ്രഥമ നിശാഗന്ധി സംഗീത പുരസ്കാരത്തിന്   പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പദ്മശ്രീ പാറശാല ബി. പൊന്നമ്മാളും ശാസ്ത്രീയ സംഗീതത്തിലെ ബഹുമുഖ പ്രതിഭ പദ്മഭൂഷണ്‍  ടിവി ഗോപാലകൃഷ്ണനും അര്‍ഹരായി. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ജൂലൈ 20 മുതല്‍ 24 വരെ സംഘടിപ്പിക്കുന്ന നിശാഗന്ധി മണ്‍സൂണ്‍ രാഗാസ് സംഗീതോത്സവത്തിന്‍റെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം- സഹകരണം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

അനന്തപുരിക്ക് രാഗമഴ പൊഴിയുന്ന ശ്രവണ സുന്ദരരാവുകള്‍ സമ്മാനിക്കുന്ന പഞ്ചദിന ‘നിശാഗന്ധി മണ്‍സൂണ്‍ രാഗാസ്’ സംഗീതോത്സവത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ ഉദ്ഘാടനം ജൂലൈ 20 ശനിയാഴ്ച വൈകിട്ട് 6.15 ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍  ബഹു. കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം നിര്‍വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ അഡ്വ. വികെ പ്രശാന്ത്, ഡോ. ശശി തരൂര്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  വികെ മധു, നഗരസഭാംഗം പാളയം രാജന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാല കിരണ്‍ എന്നിവര്‍ പങ്കെടുക്കും.

ഹിന്ദുസ്ഥാനി, കര്‍ണാട്ടിക്, ഗസല്‍ സംഗീതശാഖകളും പാശ്ചാത്യ പൗരസ്ത്യ സംഗീതോപകരണങ്ങളുടെ താളവും രാഗവും സമന്വയിക്കുന്ന മണ്‍സൂണ്‍ സംഗീതോത്സവത്തില്‍ പ്രശസ്ത സംഗീതജ്ഞരാണ് ഇത്തവണ അണിനിരക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ശനിയാഴ്ച ഉദ്ഘാടനത്തോടനുബന്ധിച്ച്  ഉണ്ണികൃഷ്ണ പാക്കനാരും സംഘവും അവതരിപ്പിക്കുന്ന ബാംബൂ സിംഫണിയും സംഗീത സാമ്രാട്ട് ചിത്രവീണ എന്‍. രവികിരണും പ്ലാനറ്റ് സിംഫണി എന്‍സെമ്പിളിലെ പ്രശസ്തരായ കലാകാരന്‍മാരും അണിനിരക്കുന്ന ചിത്രവീണ കച്ചേരിയും അരങ്ങേറും. ഞായറാഴ്ച ശ്രീ സ്വാതി തിരുനാള്‍ ഗവ. സംഗീത കോളേജിന്‍റെ സംഗീത സംഗമവും ഗസല്‍ മാസ്റ്റര്‍ ജസ്വീന്ദര്‍ സിങ്ങിന്‍റെ ഗസലും അവതരിപ്പിക്കും. 

സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
തിങ്കളാഴ്ച കൃഷ്ണ അജിത്തിന്‍റെ വയലിന്‍ കച്ചേരിയും വിദുഷി എസ് സൗമ്യയുടെ കര്‍ണാടക സംഗീത കച്ചേരിയും നടക്കും. ചൊവ്വാഴ്ച  അനന്ത സായ് എ.എസിന്‍റെ കര്‍ണാടക സംഗീത കച്ചേരിയും ഗ്രാമി അവാര്‍ഡ് ജേതാവ് പണ്ഡിറ്റ് വിശ്വ മോഹന്‍ ഭട്ടിന്‍റെ മോഹനവീണയും  സാമ്രാട്ട് പണ്ഡിറ്റ് സലില്‍ ഭട്ടിന്‍റെ സാത്വിക് വീണയും അരങ്ങേറും. സമാപന ദിവസം രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ ഫ്യൂഷന്‍ സംഗീതവും  ഉസ്താദ് റഫീഖ് ഖാന്‍ (സിത്താര്‍) നയിക്കുന്ന ക്ലാസിക്കല്‍ ഫ്യൂഷന്‍ ബാന്‍ഡിന്‍റെ ‘ശിവ’ ദ മ്യൂസിക്കല്‍ തണ്ടറും അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് 6.30 ന് ആരംഭിക്കുന്ന സംഗീതോത്സവത്തില്‍ പ്രവേശനം സൗജന്യമാണ്. ജൂലൈ 24 ന് വൈകിട്ട് 6.15 ന് നടക്കുന്ന സമാപന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുന്നത്.

ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ  നവരാത്രി സംഗീതോത്സവത്തിന്‍റെ  300 വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതി ആലാപനം നടത്തിയ പ്രഥമ വനിതയാണ് പദ്മശ്രീ പാറശാല ബി പൊന്നമ്മാള്‍.  തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ സംഗീതാധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച പൊന്നമ്മാള്‍ സ്വാതി തിരുനാള്‍ സംഗീത കോളേജിലെ ആദ്യ വനിതാധ്യാപികയായും തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്സ് കോളേജിലെ ആദ്യ വനിതാ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2009 ല്‍  ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം, സ്വാതി സംഗീത പുരസ്കാരം, എസ് ഗണേശ ശര്‍മ്മ അവാര്‍ഡ്, 2012ല്‍ സംഗീത പ്രഭാകര അവാര്‍ഡ്, 2015 ല്‍ ചെന്നൈ ഫൈന്‍ ആര്‍ട്സിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്, 2016ല്‍ എംജി രാധാകൃഷ്ണന്‍ അവാര്‍ഡ് എന്നിവയ്ക്കും  ഈ തൊണ്ണൂറ്റിയഞ്ചുകാരി അര്‍ഹയായിട്ടുണ്ട്.

ഉപകരണ സംഗീതത്തിലും വായ്പാട്ടിലും പ്രാവീണ്യം തെളിയിച്ച സംഗീതജ്ഞനാണ് തൃപ്പൂണിത്തുറ വിശ്വനാഥന്‍ ഗോപാലകൃഷ്ണന്‍ എന്ന പദ്മഭൂഷണ്‍ ടിവി ഗോപാലകൃഷ്ണന്‍. കര്‍ണാടക സംഗീതത്തിലെ മഹാരഥന്‍മാരായ ഗായകര്‍ക്ക് പക്കവാദ്യം വായിച്ചിട്ടുള്ള എണ്‍പത്തിയേഴുവയസ്സുകാരനായ ഇദ്ദേഹത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, സംഗീതകലാനിധി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, ഗാനരചയിതാവും റിട്ട. ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍, സംഗീത സംവിധായകന്‍ മാത്യു ടി ഇട്ടി, തിരുവനന്തപുരം  ശ്രീസ്വാതി തിരുനാള്‍ സംഗീത കോളേജ്  പ്രൊഫസര്‍ എസ് സുന്ദര രാജന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ബാല കിരണ്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് നിശാഗന്ധി സംഗീത പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.

കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം  സ്ത്രീ ശാക്തീകരണത്തില്‍ ടൂറിസം വകുപ്പു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ ഗോള്‍ഡന്‍ പുരസ്കാരം ഉത്തരവാദിത്ത ടൂറിസം മിഷനു ലഭിച്ചിരുന്നു.  ഉത്തരവാദിത്ത ടൂറിസം മിഷന്‍  കുമരകത്ത് ആരംഭിച്ച   സമൃദ്ധി എത്നിക് ഫുഡ്   റസ്റ്ററന്‍റിനായിരുന്നു ഈ പുരസ്കാരം.  ഇതിനുപുറമെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വെബ്സൈറ്റിനും  മികച്ച പരസ്യ പ്രചരണ പരിപാടിക്കുമുള്ള പാറ്റാ ഗോള്‍ഡന്‍ പുരസ്കാരങ്ങളും കേരള ടൂറിസത്തിനായിരുന്നു. 

ആഭ്യന്തര – രാജ്യാന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസം വകുപ്പ് പ്രചാരണ പരിപാടികള്‍ക്കു പുറമേ നിരവധി പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഓഗസ്റ്റ് 10 മുതല്‍ നവംബര്‍ 1 വരെ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഇതില്‍ സുപ്രധാന പങ്കുവഹിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗും നിശാഗന്ധി  മണ്‍സൂണ്‍ രാഗാസ് സംഗീതോത്സവവും  ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം സെക്രട്ടറി  റാണി ജോര്‍ജും ടൂറിസം ഡയറക്ടര്‍ ബാല കിരണും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഓണം വാരാഘോഷത്തിന് സെപ്റ്റംബര്‍ 10 ന് കൊടിയേറും

ആവാസ് സ്‌പെഷ്യല്‍: ആദ്യദിനം 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി