in

ഒരു യുദ്ധവും മനുഷ്യരാശിക്ക് വേണ്ടിയല്ല, അതിർത്തി തർക്കങ്ങൾ പ്രത്യേകിച്ചും

ഒരു ജനത എന്ന നിലയിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ, പ്രത്യേകിച്ചും മോദിയുടെ ഹിന്ദുത്വ, അതിദേശീയത സർക്കാരിന്റെ യുദ്ധനാടകങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കേണ്ട കാര്യം നമുക്കില്ല. സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച ഒരു ഭരണകൂടം ഏതോ ഒരു വിദൂരാതിർത്തിയിൽ ജനകീയപ്രശ്നങ്ങളെ തിരസ്കരിച്ചുകൊണ്ട് നടത്തുന്ന നാടകങ്ങൾക്ക് ജനങ്ങളുടെ ജീവിതവുമായി ഒരു ബന്ധവുമില്ല.

പ്രമോദ് പുഴങ്കര എഴുതുന്നു

ഒരു യുദ്ധവും മനുഷ്യരാശിക്ക് വേണ്ടിയല്ല, അതിർത്തി തർക്കങ്ങൾ പ്രത്യേകിച്ചും. ലക്ഷക്കണക്കിന് ആഭ്യന്തര കുടിയേറ്റത്തൊഴിലാളികൾ തെരുവുകളിലൂടെ നൂറുകണക്കിന് കിലോമീറ്റർ നടന്നുനീങ്ങുകയും പലരും മരിച്ചുവീഴുകയും പതിനായിരങ്ങൾ പട്ടിണിയിലാവുകയും ചെയ്ത ഇപ്പോഴത്തെ പ്രതിസന്ധിയേക്കാൾ കവിഞ്ഞൊന്നും അതിർത്തിയിൽ നടക്കാനില്ല. ഇതിൽ നിന്നൊക്കെ ശ്രദ്ധതിരിക്കാനുള്ള ഇത്തരം പരമ്പരാഗത തട്ടിപ്പുകളെ  നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലാണ് കഷ്ടം.

അയൽരാജ്യങ്ങളുമായി ഏറ്റവും മോശമായ ബന്ധം ഉണ്ടാക്കിയെടുത്ത രാജ്യമാണ് ഇന്ത്യ. ഒരു സാമന്തരാജ്യം പോലെയാണ് നേപ്പാളിനെ കണ്ടിരുന്നത്. രാജാവും ഇന്ത്യൻ എംബസിയുമായിരുന്നു കാഠ്മണ്ഡുവിൽ ഒരുകാലത്ത് ഭരണകേന്ദ്രങ്ങൾ. അവിടുത്തെ ജനാധിപത്യപ്രക്ഷോഭത്തെ അട്ടിമറിക്കാനും അത് വിജയിക്കാതെ വന്നപ്പോൾ രാജാവിന് കൂടി പങ്കുള്ള ഒരു സംവിധാനം ഉണ്ടാക്കാനുമൊക്കെ ഇന്ത്യ ശ്രമിക്കുകയും എന്നാൽ പരാജയപ്പെടുകയും ചെയ്തു. തുടർന്ന് മധേശി  പ്രക്ഷോഭത്തിന്‌ ഊർജം നൽകിയത് ഇന്ത്യയാണ്. ഇപ്പോൾ നേപ്പാൾ ഇന്ത്യയുമായി അതിർത്തിത്തർക്കം തുടങ്ങിയതിലേക്കെത്തിച്ചു കാര്യങ്ങൾ.

ശ്രീലങ്കയുമായുള്ള ബന്ധം പണ്ടേ കുഴപ്പത്തിലാണ്. ഒരേ സമയം തമിഴ് വിമോചന സമരത്തെയും ശ്രീലങ്കൻ സിംഹള സർക്കാരിനേയും ഉപയോഗിക്കാനുള്ള ഇരട്ടതന്ത്രം ഒടുവിൽ തമിഴരുടെ കൂട്ടക്കുരുതിയിലാണ് എത്തിനിന്നത്. ചൈനയാകട്ടെ അതിനുള്ള എല്ലാ സഹായങ്ങളും ചെയ്യുകയും സൈനിക, വാണിജ്യ ബന്ധങ്ങളും തുറമുഖ നിർമ്മാണവുമൊക്കെയായി ശ്രീലങ്കയെ പങ്കുചേർക്കുകയും ചെയ്തു. ബംഗ്ളാദേശുമായുള്ള ബന്ധത്തിലും ടീസ്റ്റ നദീജല കരാറുണ്ടാക്കുന്നതിലടക്കമുള്ള പരാജയം മോശം അയൽപക്ക ബന്ധമാണ് അവിടെയുമുണ്ടാക്കിയത്. ഇപ്പോൾ ഭൂട്ടാൻ മാത്രമാണ് ഒരു സൗഹൃദ ബന്ധമുള്ള രാജ്യം.

മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ചൈന ഭീഷണിയുടെ പേരിലും  യുദ്ധഭ്രാന്തുണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്. അതുകൊണ്ടാണ് 1967-നു ശേഷം ആദ്യത്തെ കാര്യമായ സംഘർഷം ഇപ്പോഴുണ്ടായത്. അത്തരത്തിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള നിരന്തര സംഭാഷണ സംവിധാനങ്ങൾ നിലനിൽക്കുമ്പോഴാണ് ഇത് നടന്നത് എന്നോർക്കണം. സാമ്പത്തികമായും സൈനികമായും ചൈനയേക്കാൾ വളരെ പിറകിലാണ് ഇന്ത്യ. അന്താരാഷ്ട്രതലത്തിൽ അമേരിക്കക്കൊപ്പം നിന്ന് ചൈനക്കെതിരായ സഖ്യമുണ്ടാക്കാൻ ഇന്ത്യ പങ്കാളിയാകുന്നുണ്ട്. ഒരാവശ്യവുമില്ലാതെ അമേരിക്കയുടെ ഭൗമ-രാഷ്ട്രീയ താത്പര്യങ്ങളിൽ ചാവേർ കളിക്കുകയാണ് ഇന്ത്യ.

തെക്കൻ ചൈന കടലിൽ ചൈനയുമായി അമേരിക്കക്കും മറ്റു ചില രാജ്യങ്ങൾക്കുമുള്ള തർക്കങ്ങളിലും ഇതാണ് സംഭവിച്ചത്. അവിടെയുള്ള വലിയ എണ്ണ -പ്രകൃതിവാതക നിക്ഷേപം ഊറ്റിയെടുക്കാനുള്ള സാമ്പത്തിക താത്പര്യമാണ് ചൈനക്കും മറ്റു രാഷ്ട്രങ്ങൾക്കും. ഇതിലും ഇന്ത്യൻ നിലപാട് അമേരിക്കക്കൊപ്പം നിൽക്കുന്നതായിരുന്നു വലിയ അളവോളം.
ഇത്തരത്തിൽ വേലിക്കിരിക്കുന്ന  പാമ്പിനെയെടുത്ത് തോളിൽ വെക്കുന്ന പണിയാണ്  ഇന്ത്യ ചെയ്തത്.

ഒരു ജനത എന്ന നിലയിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ, പ്രത്യേകിച്ചും മോദിയുടെ ഹിന്ദുത്വ, അതിദേശീയത സർക്കാരിന്റെ യുദ്ധനാടകങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കേണ്ട കാര്യം നമുക്കില്ല. സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച ഒരു ഭരണകൂടം ഏതോ ഒരു വിദൂരാതിർത്തിയിൽ ജനകീയപ്രശ്നങ്ങളെ തിരസ്കരിച്ചുകൊണ്ട് നടത്തുന്ന നാടകങ്ങൾക്ക് ജനങ്ങളുടെ ജീവിതവുമായി ഒരു ബന്ധവുമില്ല.

ചൈനയിലെ ഭരണകൂടത്തിനും ഇത്തരം കസർത്തുകളുടെ ആവശ്യമുണ്ടാകും. ഇതൊന്നും യഥാർത്ഥ ജനകീയ രാഷ്ട്രീയത്തെ ബാധിക്കേണ്ടതില്ല. അത് ഒരു സംശയവുമില്ലാതെ ഭരണകൂടങ്ങളുടെ യുദ്ധവെറിക്കെതിരാണ്, ആയുധവ്യവസായികൾക്കെതിരാണ്, അതിർത്തികളിലെ ക്ഷുദ്ര സംഘർഷങ്ങൾക്കും ദേശീയതയുടെ ഭ്രാന്തിനുമെതിരാണ്.

വിദ്യാലയങ്ങളും ആശുപത്രികളും റോഡുകളും പാലങ്ങളും മികച്ച ജീവിതോപാധികളുമായി മാറേണ്ട പണമാണ്  അതിർത്തിയിൽ കൊണ്ടുപോയി വെറുതെ പുകച്ചുതള്ളുന്നത്. അസംബന്ധത്തിനു കൈകൊട്ടിയാർക്കാൻ നമ്മളില്ല എന്നുതന്നെ പറയണം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സച്ചിയ്ക്ക് വിട 

ഇതാണ് നവകേരള പുനർനിർമാണം