Movie prime

ഏതെങ്കിലും ഒരു വ്യക്തിയുടെ ‘മൻ കീ ബാത്ത്’ അല്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ കൂട്ടായ ശബ്ദമാണ് പ്രകടനപത്രികയെന്ന് രാഹുൽ ഗാന്ധി

കഴിഞ്ഞ 5 വർഷങ്ങൾ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് ദുരിതപൂർണമായിരുന്നു. യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. കർഷകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. വ്യാപാരികൾക്ക് കച്ചവടമില്ലാതായി. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ആത്മവിശ്വാസമില്ലാതായി. സ്ത്രീകൾക്ക് സുരക്ഷിതത്വബോധം ഇല്ലാതായി. ചൂഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങൾക്ക് അവർ പരമ്പരാഗതമായി അനുഭവിച്ചിരുന്ന അവകാശങ്ങൾ പോലും നഷ്ടപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതായി…പ്രകടനപത്രികയുടെ മുഖവുരവുരയിൽ കോൺഗ്രസ് അധ്യക്ഷൻ പറയുന്നു. ‘ഞങ്ങൾ നടപ്പാക്കും’ എന്ന പേരിലാണ് കോൺഗ്രസ്സ് ഇത്തവണ പ്രകടന പത്രിക പുറത്തിറക്കിയിട്ടുള്ളത്. അഞ്ചു കോടി നിർധന കുടുംബങ്ങൾക്ക് പ്രതിവർഷം More
 
ഏതെങ്കിലും ഒരു വ്യക്തിയുടെ ‘മൻ കീ ബാത്ത്’ അല്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ കൂട്ടായ ശബ്ദമാണ് പ്രകടനപത്രികയെന്ന് രാഹുൽ ഗാന്ധി

കഴിഞ്ഞ 5 വർഷങ്ങൾ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് ദുരിതപൂർണമായിരുന്നു. യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. കർഷകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. വ്യാപാരികൾക്ക് കച്ചവടമില്ലാതായി. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ആത്മവിശ്വാസമില്ലാതായി. സ്ത്രീകൾക്ക് സുരക്ഷിതത്വബോധം ഇല്ലാതായി. ചൂഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങൾക്ക് അവർ പരമ്പരാഗതമായി അനുഭവിച്ചിരുന്ന അവകാശങ്ങൾ പോലും നഷ്ടപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതായി…പ്രകടനപത്രികയുടെ മുഖവുരവുരയിൽ കോൺഗ്രസ് അധ്യക്ഷൻ പറയുന്നു.

‘ഞങ്ങൾ നടപ്പാക്കും’ എന്ന പേരിലാണ് കോൺഗ്രസ്സ് ഇത്തവണ പ്രകടന പത്രിക പുറത്തിറക്കിയിട്ടുള്ളത്. അഞ്ചു കോടി നിർധന കുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ നൽകുന്ന ന്യായ് ; 33 ശതമാനം വനിതാസംവരണം ഉടൻ; 34 ലക്ഷം യുവാക്കൾക്ക് തൊഴിൽ; കാർഷിക കടത്തിന്റെ പേരിൽ ക്രിമിനൽ കേസ് ചുമത്തില്ല തുടങ്ങി ജനങ്ങളെ കൈയിലെടുക്കുന്ന ഒട്ടേറെ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടു വെച്ചിട്ടുള്ളത്.

മുഖവുര പരിഭാഷപ്പെടുത്തി ഫേസ് ബുക്കിൽ പങ്കുവെച്ച് വി ടി ബൽറാം

ഇന്ത്യ സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു രാജ്യമായി നിലനിൽക്കുമോ? ഇന്ത്യയിലെ ജനങ്ങൾക്ക്, ഭയത്തിൽ നിന്ന് മോചിതരായ, ഓരോരുത്തരുടേയും ഇഷ്ടാനുസരണം ജീവിക്കാനും തൊഴിലെടുക്കാനും പ്രാർത്ഥിക്കാനും ഭക്ഷണം കഴിക്കാനും സ്നേഹിക്കാനും വിവാഹം കഴിക്കാനുമൊക്കെ സ്വാതന്ത്ര്യമുളള, ദാരിദ്യത്തിൽ നിന്ന് മോചനം നേടിയ, സ്വന്തം ജീവിതപ്രതീക്ഷകളെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ഒരന്തരീക്ഷമുണ്ടാകുമോ? അതോ, ജനങ്ങളുടെ അവകാശങ്ങളേയും ജനാധിപത്യ സ്ഥാപനങ്ങളേയും കീഴ് വഴക്കങ്ങളേയും ചവിട്ടിമെതിക്കുന്ന, ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ അന്തസ്സത്തയായ അഭിപ്രായ വ്യത്യാസങ്ങൾക്കുമേൽ ആക്രമണം നടത്തുന്ന ഒരു നശീകരണാത്മക പ്രത്യയശാസ്ത്രത്താൽത്തന്നെ ഈ നാട് ഇനിയും ഭരിക്കപ്പെടണമോ?

ഇന്ത്യക്ക് അതിലെ എല്ലാ ജനങ്ങളേയും വികസനത്തിന്റെ വേലിയേറ്റത്തിനൊപ്പം ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുമോ അഥവാ ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ കഴിയുമോ? അതോ വരുമാനത്തിന്റെയും സ്വത്തിന്റേയും അധികാരത്തിന്റേയും കാര്യത്തിലെ വലിയ അസമത്വങ്ങൾ ഈ രാജ്യത്തിന്റെ മുഖമുദ്രയായി മാറണോ?

കഴിഞ്ഞ 5 വർഷങ്ങൾ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് ദുരിതപൂർണമായിരുന്നു. യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. കർഷകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. വ്യാപാരികൾക്ക് കച്ചവടമില്ലാതായി. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ആത്മവിശ്വാസമില്ലാതായി. സ്ത്രീകൾക്ക് സുരക്ഷിതത്ത്വബോധം ഇല്ലാതായി. ചൂഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങൾക്ക് അവർ പരമ്പരാഗതമായി അനുഭവിച്ചിരുന്ന അവകാശങ്ങൾ പോലും നഷ്ടപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതായി.

ഇതിനേക്കാളൊക്കെ കനത്ത പ്രഹരമായി മാറിയത് ഇന്നാട്ടിലെ പൗരന്മാർക്ക് അവരുടെ പ്രധാനമന്ത്രിയിലും സർക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതാണ്. അദ്ദേഹം നമുക്ക് നൽകിയത് വമ്പൻ വാഗ്ദാനങ്ങളും പൊള്ളയായ മുദ്രാവാക്യങ്ങളും പരാജയപ്പെട്ട പദ്ധതികളും തെറ്റായ സ്ഥിതിവിവരക്കണക്കുകളും ഭയത്തിന്റേയും ഭയപ്പെടുത്തലിന്റേയും വെറുപ്പിന്റേയും മൊത്തത്തിലുള്ള അന്തരീക്ഷവുമാണ്.

ആഴത്തിലുള്ള ഈ പ്രതിസന്ധി ഘട്ടത്തിൽ, കഴിഞ്ഞ 5 വർഷത്തിൽ നിന്ന് കൃത്യമായ ഒരു ഗതിമാറ്റമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തിന് മുമ്പിലുള്ള ഏക ദേശീയ ബദലാണ് ഈ പ്രകടന പത്രികയിലൂടെ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്: സത്യം, സ്വാതന്ത്ര്യം, അന്തസ്സ്, ആത്മാഭിമാനം, ജനങ്ങളുടെ സമ്പൽ സമൃദ്ധി എന്നിവയോട് അചഞ്ചലമായ പ്രതിബദ്ധത പുലർത്തുന്ന ഒരു വേറിട്ട ബദൽ. ഇന്ത്യയെ ശക്തവും ഒറ്റക്കെട്ടായതും നീതിപൂർവ്വകവും സമൃദ്ധവുമായ ഒരു സമൂഹമാക്കി മാറ്റുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഞങ്ങളുടെ ഈ പ്രകടനപത്രികയുടെ രൂപീകരണ പ്രക്രിയ തന്നെ ഉന്നതമായ ഒരു കാഴ്ച്ചപ്പാടിന്റെ പ്രതിഫലനമാണ്; ജനങ്ങളുടെ ശബ്ദം കേൾക്കുക എന്നതിന്റെ. ഏതെങ്കിലും ഒരു വ്യക്തിയുടെ ‘മൻ കീ ബാത്ത്’ അല്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ കൂട്ടായ ശബ്ദമാണ് ഈ പ്രകടനപത്രിക.

സാധാരണ പൗരന്മാരുമായും വിദഗ്ധരുമായും സ്റ്റേക്ക് ഹോൾഡർമാരുമായും താഴെത്തട്ടിലെ പ്രവർത്തകരുമായുമൊക്കെയുള്ള നേരിട്ടുള്ള സമ്പർക്കങ്ങൾക്ക് പുറമേ, വെബ്സൈറ്റ്, വാട്ട്സ്ആപ്പ്, ഇമെയിൽ, ഓൺലൈൻ പരാതികൾ എന്നിങ്ങനെയുള്ള എല്ലാ സാധ്യതകളും ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 2018 ഒക്ടോബറിനും 2019 ഫെബ്രുവരിക്കുമിടയിൽ ഏതാണ്ട് 16 ഭാഷകളിൽ, പറ്റാവുന്ന മാധ്യമങ്ങളിലൂടെയെല്ലാം നിങ്ങളിൽ പലരും കോൺഗ്രസ്സുമായി ആശയവിനിമയത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളുമായി 121 ആശയ വിനിമയങ്ങളും കർഷകർ, സംരംഭകർ, സാമ്പത്തിക ശാസ്ത്രജ്ഞന്മാർ, വിദ്യാർത്ഥികൾ, അധ്യാപകർ, സ്ത്രീസംഘടനകൾ, ഡോക്ടർമാർ, അഭിഭാഷകർ എന്നിങ്ങനെ വിവിധ മേഖലകളിലെ വിദഗ്ധരുമായി 53 കൂടിക്കാഴ്ചകളും ഞങ്ങളുടെ പ്രകടനപത്രികാ കമ്മിറ്റി നടത്തുകയുണ്ടായി. 24 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 60തിലേറെ സ്ഥലങ്ങളിലാണ് ഇത്തരം യോഗങ്ങൾ നടത്തിയത്. 12 ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിദേശ ഇന്ത്യക്കാരുടെ പ്രതിനിധികളുമായും ഞങ്ങൾ ചർച്ച നടത്തി.

ഞാൻ വ്യക്തിപരമായിത്തന്നെ നമ്മുടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ജനങ്ങളുടെ ശബ്ദങ്ങൾ നേരിട്ട് കേൾക്കുന്നുണ്ടായിരുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആ ശബ്ദങ്ങളും സ്വപ്നങ്ങളുമാണ് ഈ പ്രകടനപത്രികയിലെ ഓരോ വാക്കും പ്രതിഫലിപ്പിക്കുന്നത്. ഭാവി ഇന്ത്യക്ക് വേണ്ടിയുള്ള ഒരു കർമ്മപദ്ധതിയാണിത്. ഈ പ്രകടനപത്രികയെ സ്വാധീനിച്ചത് നിങ്ങൾ ഓരോരുത്തരുമാണ്. ജീവസ്സുറ്റ ഒരു പ്രകടനപത്രികയാണിത്. ഇനി ഞങ്ങൾക്ക് വേണ്ടത് നിങ്ങളുടെ പിന്തുണയും വോട്ടുമാണ്.

ഈ പ്രകടനപത്രികയുടെ നടത്തിപ്പിന്റെ വിവരങ്ങൾ രാജ്യത്തിലെ ജനങ്ങൾക്ക് മുമ്പിൽ വർഷം തോറും റിപ്പോർട്ട് രൂപത്തിൽ ഞങ്ങൾ അവതരിപ്പിക്കും. ഇതിലെ വാഗ്ദാനങ്ങൾ എങ്ങനെ, എത്രത്തോളം നടപ്പിലാക്കി എന്നത് വിലയിരുത്തുന്നതിനായി ഒരു സ്വതന്ത്ര സോഷ്യൽ ഓഡിറ്റ് സംവിധാനവും ഞങ്ങൾ ഒരുക്കും.

ഇത് ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ്. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ അത് എന്നും പാലിച്ചിട്ടുണ്ട്.