Movie prime

ചൈനയെ ലക്ഷ്യമിട്ട് ഡബ്ല്യു എച്ച് ഒ യിൽ പ്രമേയം; ഇന്ത്യ പിന്തുണയ്ക്കും

യുറോപ്യൻ യൂണിയൻ്റെയും ആസ്ത്രേലിയയുടെയും നേതൃത്വത്തിൽ അറുപത്തി രണ്ടോളം രാജ്യങ്ങൾ ഒന്നിച്ചവതരിപ്പിക്കുന്ന പ്രമേയത്തെ, ലോകാരോഗ്യ സംഘടനയുടെ വാർഷിക സമ്മേളനത്തിൽ ഇന്ത്യ പിന്തുണയ്ക്കും. ലോകമാകെ കൂട്ടമരണത്തിനും സാമ്പത്തിക തകർച്ചയ്ക്കും വഴിയൊരുക്കിയ കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയെ പ്രതിസ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യമാണ് പ്രമേയത്തിനുള്ളതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ പ്രമേയത്തിൽ ചൈനയെ പേരെടുത്ത് പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. സാർസ്-കോവ്- 2 വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എങ്ങനെ പകർന്നു എന്നതിൽ അന്വേഷണം ആവശ്യപ്പെട്ടും വൈറസിനെ നേരിടുന്നതിൽ ലോകാരോഗ്യ സംഘടന എത്രത്തോളം കാര്യക്ഷമമാണ് എന്നതിൽ നിഷ്പക്ഷമായ More
 
ചൈനയെ ലക്ഷ്യമിട്ട് ഡബ്ല്യു എച്ച് ഒ യിൽ പ്രമേയം; ഇന്ത്യ പിന്തുണയ്ക്കും

യുറോപ്യൻ യൂണിയൻ്റെയും ആസ്ത്രേലിയയുടെയും നേതൃത്വത്തിൽ അറുപത്തി രണ്ടോളം രാജ്യങ്ങൾ ഒന്നിച്ചവതരിപ്പിക്കുന്ന പ്രമേയത്തെ, ലോകാരോഗ്യ സംഘടനയുടെ വാർഷിക സമ്മേളനത്തിൽ ഇന്ത്യ പിന്തുണയ്ക്കും. ലോകമാകെ കൂട്ടമരണത്തിനും സാമ്പത്തിക തകർച്ചയ്ക്കും വഴിയൊരുക്കിയ കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയെ പ്രതിസ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യമാണ് പ്രമേയത്തിനുള്ളതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ പ്രമേയത്തിൽ ചൈനയെ പേരെടുത്ത് പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.

സാർസ്-കോവ്- 2 വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എങ്ങനെ പകർന്നു എന്നതിൽ അന്വേഷണം ആവശ്യപ്പെട്ടും വൈറസിനെ നേരിടുന്നതിൽ ലോകാരോഗ്യ സംഘടന എത്രത്തോളം കാര്യക്ഷമമാണ് എന്നതിൽ നിഷ്പക്ഷമായ വിലയിരുത്തൽ ആവശ്യപ്പെട്ടുമാണ് പ്രമേയം അവതരിപ്പിക്കുന്നത്.

വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആദ്യ പക്ഷം ചേരലായാണ് പ്രമേയത്തിനുള്ള പിന്തുണ വിലയിരുത്തപ്പെടുന്നത്.

മധ്യ ചൈനയിലെ വുഹാൻ നഗരത്തിൽ കഴിഞ്ഞ വർഷം ഒടുവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസ് ലോകത്ത് ഇതേ വരെ മൂന്നു ലക്ഷത്തോളം പേരുടെ മരണത്തിന് ഇടയാക്കി. ആഗോള സമ്പദ് വ്യവസ്ഥ അപ്പാടെ തകർത്തെറിഞ്ഞു കൊണ്ടാണ് വൈറസ് ലോകത്ത് ആകമാനം വ്യാപിക്കുന്നത്.

വുഹാനിലെ വൈറോളജി ലാബിൽ നിന്ന് പുറത്തെത്തിയതാണ് വൈറസ് എന്ന് അമേരിക്ക ആരോപിക്കുമ്പോൾ ചൈന വിരൽ ചൂണ്ടുന്നത് അമേരിക്കൻ സൈനികർക്കു നേരെയാണ്.

വൈറസിനെ നേരിടുന്നതിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം ഫലപ്രദമല്ല എന്ന ആരോപണവും അമേരിക്ക ഉന്നയിക്കുന്നുണ്ട്. ചൈന പക്ഷപാതിയാണ് സംഘടനയുടെ ഡയറക്റ്റർ ജനറൽ തെദ്റോസ് അഥനം ഗബ്രിയേസസ് എന്നതാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിൻ്റെ ആരോപണം. എത്യോപ്യയിലെ മുൻമന്ത്രിയായ ഗബ്രിയേസസ് 2017-ൽ ചൈനയുടെ പിന്തുണയോടെയാണ് ഡബ്ല്യു എച്ച് ഒ വിൻ്റെ തലപ്പത്തെത്തുന്നത്.