in

പോഷകാഹാര ഗവേഷണ കേന്ദ്രത്തിന് 42 ലക്ഷം രൂപയുടെ ഭരണാനുമതി

സംസ്ഥാന വനിത ശിശുവികസന വകുപ്പ് പോഷണ്‍ അഭിയാന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന സമ്പുഷ്ട കേരളം പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍) പുതുതായി ആരംഭിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ ഗവേഷണ കേന്ദ്രത്തിനായി 41,99,520 രൂപയുടെ ഭരണാനുമതി നല്‍കിയിട്ടണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ തിരുവനന്തപുരത്താണ് പോഷകാഹാര ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്.

സംസ്ഥാനത്തെ കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യത്തിനായി ആരംഭിച്ച പുതിയ സംരംഭമായ സമ്പുഷ്ട കേരളം കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് സംസ്ഥാന വ്യാപകമാക്കിയത്. പോഷണ്‍ അഭിയാന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ഒരു അടിസ്ഥാന പഠനം നടത്തിയിരുന്നു.

ഇതിലൂടെ സമ്പുഷ്ട കേരളത്തിന് കീഴിലുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ ഭാരക്കുറവ്, വളര്‍ച്ച മുരടിക്കല്‍, വിളര്‍ച്ചയുടെ വ്യാപനം എന്നിവ കണ്ടെത്താനും ഫലപ്രദമായി ഇടപെടാനും സാധിച്ചിരുന്നു. പോഷകാഹാര കുറവ് കണ്ടെത്തുന്നതിന് ഇത്തരം ഗവേഷണങ്ങള്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് എല്ലാ ജില്ലകളിലും ഗവേഷണം വ്യാപിപ്പിക്കാന്‍ പോഷകാഹാര ഗവേഷണ കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച പോഷകാഹാരവും ആരോഗ്യ സംബന്ധിയായ പദ്ധതികളുടെ നടപ്പാക്കല്‍, മേല്‍നോട്ടം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ടവയുടെ സാങ്കേതിക സഹായം, പ്രചരണം, എന്നിവയ്ക്കായുള്ള ഒരു പരമോന്നത ഗവേഷണ സ്ഥാപനമായിരിക്കും ഇത്.

ഈ ഗവേഷണ കേന്ദ്രം ജീവിതചക്രത്തിലൂന്നി പോഷകാഹാരം വിലയിരുത്തി ലിംഗഭേദം കൂടാതെ ശിശു സംരക്ഷണം, നേരത്തെയുള്ള പഠനം, ആശയവിനിമയം, പോഷകാഹാര നിരീക്ഷണം എന്നിവ ഉറപ്പുവരുത്തും. പോഷകാഹാര മേഖലകളിലെ വിദഗ്ധരോടൊപ്പം വിവിധ പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ ഏജന്‍സികള്‍ എന്നിവര്‍ ഗവേഷണത്തില്‍ പങ്കാളികളാകും.

കേരളത്തിലുടനീളമുള്ള പോഷകാഹാര കുറവിനെപ്പറ്റി പഠിക്കുക, സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ഷീ പാഡുകള്‍ ഉപയോഗിക്കുന്നതിന്റെ കാര്യക്ഷമത, ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഫലപ്രാപ്തത, വിളര്‍ച്ചയെയും മറ്റ് സാംക്രമിക രോഗങ്ങളെയും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍, അമൃതം ന്യൂട്രിമിക്‌സിന്റെ ഗുണനിലവാര വിലയിരുത്തല്‍ എന്നിവയാണ് പ്രധാനമായി പഠനവിധേയമാക്കുക.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

5 ലക്ഷത്തിലധികം കുരുന്നുകള്‍ക്ക് ആശ്വാസമായി കാതോരം

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയുമായി ധാരണ