Movie prime

നോട്ട് സൊ ഫൈൻ, ജോസഫൈൻ !!

 
ധാർഷ്ട്യം കാട്ടാനുള്ള പദവിയിലല്ല നിങ്ങളിരിക്കുന്നത് !!
 
അഭിരാമി മോഹൻ. ബി ​

സംസ്ഥാനത്ത് കുറച്ചുദിവസമായി ചർച്ച സ്ത്രീധനവും അതിന്റെ പേരിലുള്ള ആത്മഹത്യകളുമാണ്. കൊല്ലം സ്വദേശിനിയായ വിസ്മയയുടെ മരണത്തെ തുടർന്നാണ്  സ്ത്രീധന പീഡനവും മരണവുമൊക്കെ വീണ്ടും ചർച്ചയാവുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു സ്വകാര്യ ചാനൽ നടത്തിയ തത്സമയ ഫോൺ ഇൻ പരിപാടിക്കിടയിൽ വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് നടത്തിയ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.

ഇന്നു രാവിലെ മുതൽ ട്രെൻഡിങ് ആയ ഒരു വീഡിയോ എം സി ജോസെഫൈനിന്റെ ധാർഷ്ട്യം മലയാളി സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടുകയായിരുന്നു. കേരളത്തിന്റെ വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീയിൽ നിന്നും പരാതി സ്വീകരിച്ച് പരിഹാരം നിർദ്ദേശിക്കുന്നതാണ്. താൻ ഇരിക്കുന്ന സ്ഥാനം ഏതാണെന്ന് മറന്നു കൊണ്ടുള്ള ജോസഫൈന്റെ ഈ പ്രതികരണമാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്...

ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ഉപദ്രവിക്കുന്നു എന്ന് പരാതി പറയാൻ എറണാകുളത്തു നിന്നും വിളിച്ച യുവതിയോടാണ് ജോസഫൈൻ ഇത്തരത്തിൽ പെരുമാറിയത്.

തന്റെ പ്രശ്നങ്ങൾ എല്ലാം യുവതി പറഞ്ഞു കഴിഞ്ഞപ്പോൾ...നിങ്ങൾ ഇക്കാര്യം പോലീസിൽ പറഞ്ഞോ എന്ന് ജോസഫൈൻ ചോദിക്കുന്നു... ആരോടും ഇതേപ്പറ്റി പറഞ്ഞിട്ടില്ല എന്ന യുവതിയുടെ മറുപടി കേട്ടതോടെ 'എന്നാൽ അനുഭവിച്ചോ' എന്ന്  അധ്യക്ഷ ...
 സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഒരു സ്ഥാനത്തിരുന്നുകൊണ്ട് മറ്റൊരു യുവതിയെ കൂടി കൊലക്കയറിന്റെ  മുന്നിലേക്ക് തള്ളി വിടും വിധമാണ് ജോസഫൈനിന്റെ ഈ പ്രതികരണം.

ഭർത്താവുമായി യോജിച്ച് ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്ത്രീധനവും നഷ്ടപരിഹാരവും തിരിച്ച് കിട്ടാൻ നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കാനും വനിത കമീഷൻ അധ്യക്ഷ ഉപദേശം നൽകുന്നുണ്ട്. വേണമെങ്കിൽ വനിതകമീഷനിൽ പരാതി നൽകാനും എം.സി ജോസഫൈൻ പറയുന്നുണ്ട്.

ആഹ് ബെസ്റ്റ്...

ഈ നിങ്ങൾ തന്നെയല്ലേ അവിടെയും... ഇത്രയും ജനങ്ങൾ തത്സമയം കണ്ടുകൊണ്ടിരിക്കുന്ന വേദിയിൽ ഇത്തരത്തിലാണ് നിങ്ങളുടെ പ്രതികരണമെങ്കിൽ... അവിടെ എന്തായിരിക്കും...

നിരന്തരമായ അവഹേളനങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയമാക്കപ്പെടുന്ന അരികുവൽക്കരിക്കപ്പെട്ട പെൺകുട്ടികൾക്കും, സ്ത്രീകൾക്കും  നീതി ലഭിക്കാൻ നമ്മുടെ നീതി നിർവഹണ സംവിധാനങ്ങൾക്ക് പരിമിതികൾ ഉണ്ടെന്ന ബോധ്യത്തിൽ നിന്നാണ്  വനിതാകമ്മീഷൻ എന്ന സംവിധാനം രൂപവൽക്കരിച്ചത്.

കേരള വിമൻസ് കമ്മീഷൻ ആക്ട് 1990, സെക്ഷൻ 5  അനുസരിച്ചു 1996 മാർച്ച് 14 നു സ്ഥാപിതമായ നിയമസ്ഥാപനമാണ് കേരള വനിതാ കമ്മീഷൻ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കാനും പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടികൾക്കായി സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യാനും വനിതാ കമ്മീഷന് അധികാരമുണ്ട്. ഉത്തരവാദിത്തമുണ്ട്.

അത്തരം ഒരു സ്ഥാപനത്തിന്റെ അധ്യക്ഷ എന്ന പദവിയിൽ ഉള്ള ഒരാൾ... ഒന്നും അല്ലെങ്കിലും ഒരു സ്ത്രീയാണ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്.

ഇതിനെതിരെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി ...


 ഭര്‍തൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം എന്നായിരുന്നു എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രതികരണം.

സ്ത്രീകളെ മനസിലാക്കാത്ത വനിത കമീഷൻ അധ്യക്ഷയെ എന്തിന് സഹിക്കണമെന്ന് എം.എൽ.എയും ആർ.എം.പി നേതാവുകമായ കെ.കെ രമ പ്രതികരിച്ചു...

പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം? എന്ന് ദീപ നിഷാന്ത് ചോദിക്കുന്നു...

ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധമില്ലെങ്കിൽ ഇറങ്ങിപ്പോകണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്.

വനിതാ കമ്മീഷൻ അധ്യക്ഷയായ എം.സി ജോസഫൈൻ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നുവെന്ന് സംവിധായകൻ ആഷിക് അബുവും പ്രതികരിച്ചു .

 വിവേകവും ക്ഷമയും ഉള്ള ആരെയെങ്കിലും ആ സ്ഥാനത്തു ഇരുത്തൂ എന്ന അപേക്ഷയുമായി സുധാ മേനോനും രംഗത്തെത്തി...

 വനിതാ കമ്മീഷൻ അധ്യക്ഷയായിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാൻ സാധിക്കും എന്ന് വി ടി ബൽറാം പരിഹസിച്ചു....

എം സി ജോസഫൈനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.#gobackjosephine എന്ന ക്യാംപയിനും സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ടുണ്ട്.

ഇതാദ്യമല്ല ജോസഫൈൻ വിവാദങ്ങളുടെ ഭാഗമാകുന്നത് അവർ വനിതാകമ്മീഷൻ അധ്യക്ഷയായ ശേഷം നിരവധി തവണയാണ് വിവാദങ്ങൾ സൃഷ്ടിച്ചത്.  CPM നേതാവിനെതിരായ പീഡനാരോപണത്തിൽ പാർട്ടിക്ക് സമാന്തരമായി പോലീസും കോടതിയുമുണ്ടെന്ന് മുമ്പൊരിക്കൽ പറഞ്ഞയാളാണ് ജോസഫൈൻ. ..

 പത്തനംതിട്ട സ്വദേശിയായ 89 വയസ്സുള്ള പരാതിക്കാരിയോട് ഹിയറിങ്ങിന് നേരിട്ട് ഹാജരാകാൻ പറഞ്ഞതും....89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞത്. പരാതി കൊടുത്താൽ വിളിപ്പിക്കുന്നിടത്ത് എത്തണം.' എന്ന് പറഞ്ഞു കയർത്തതും വലിയ വിവാദമായിരുന്നു....

പല ഭാഗത്തു നിന്നും കടുത്ത വിമർശനമാണ് ജോസഫൈനെതിരെ ഉയർന്നു കേൾക്കുന്നത്. വനിത കമ്മിഷൻ അധ്യക്ഷയെന്ന നിലയിൽ തുടരാൻ ഇനി അവർ യോഗ്യ അല്ലെന്ന നിലപാടിലാണ് വിവിധ രാഷ്ട്രീയ കക്ഷികൾ...

ആശ്രയമാവേണ്ടവർ ആട്ടിയകറ്റുമ്പോൾ  സാധാരണക്കാർക്ക്,മറ്റാരും ആശ്രയമില്ലാത്തവർക്ക് അവരുടെ മുന്നിലുള്ള വഴി എന്താണ്? ഇനി മരണം കൊണ്ട് മാത്രമാണോ ഇത്തരക്കാർക്ക് നീതി ലഭിക്കുക?