Movie prime

ക്ഷയരോഗം: കൃത്യമായ ചികിത്സ പ്രധാനം 

 
ശരിയായ രീതിയിലല്ലാത്ത ചികിത്സയും ടിബിയുടെ കാര്യത്തില്‍ ഗുരുതരമാണ്.
സയോണ തോമസ്

ക്ഷയരോഗ നിര്‍മാര്‍ജനത്തിനായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കഠിനശ്രമം നടത്തുമ്പോഴും ക്ഷയരോഗം നമ്മുടെ നാട്ടില്‍ സാധാരണ രോഗങ്ങളില്‍ ഒന്നായി തുടരുകയാണ്. സമൂഹം ഇതേകുറിച്ച് ബോധവാന്മാരല്ലാത്തതാനു രോഗം നിലനില്‍ക്കുന്നതിനു പ്രധാന കാരണം. അനാവശ്യമായ സാമൂഹിക അവജ്ഞ ഏറ്റു വാങ്ങുന്ന ഒരു രോഗമായി ഇന്ന് ക്ഷയരോഗം മാറിയിട്ടുണ്ട്. അതിനാല്‍തന്നെ രോഗം ഉണ്ടെന്നു വെളിപ്പെടുത്താന്‍ മാത്രമല്ല രോഗം ഉണ്ടായിരുന്നുവെന്നും അത് പൂര്‍ണമായും ചികില്‍സിച്ചു ഭേദമായി എന്നുപോലും വെളിപ്പെടുത്തുന്നതിന് ഇന്നു വ്യക്തികള്‍ മടിക്കുന്നു. അതേസമയം അമിതാഭ് ബച്ചന്‍ താന്‍ ക്ഷയരോഗ ബാധിതനായിരുന്നുവെന്നും കൃത്യമായ ചികിത്സയിലൂടെ രോഗം പൂര്‍ണമായും സുഖപ്പെട്ടുവെന്നും ലോകത്തോട് പറഞ്ഞത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ സാമ്പത്തികവും സാമൂഹികവുമായും താഴേത്തട്ടിലുള്ളവര്‍ക്ക് മാത്രം വരുന്ന രോഗമാണ് ടിബി എന്ന ഒരു തെറ്റിധാരണ ഇന്നും ജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ ആര്‍ക്കും പിടിപെടാവുന്ന ഒരു സാധാരണ രോഗമാണ് ഇന്ന് ക്ഷയരോഗം.

എന്തുകൊണ്ട് പകരുന്നു

ക്ഷയരോഗമുണ്ടെന്നു പുറത്തു പറയുന്നത് അപമാനകരമാണെന്ന ചിന്ത സമയത്തു ചികിത്സ തേടുന്നതിനു തടസമാകുന്നുണ്ട്. കൃത്യമായ ചികിത്സ തേടാന്‍ രോഗികള്‍ മടിക്കുന്നതു രോഗം കൂടുതല്‍ ആളുകളിലേക്കു പകരുന്നതിനും കാരണമാകുന്നു. ക്ഷയരോഗം ബാധിച്ചവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നതു രോഗം മറ്റുള്ളവരിലേക്കും പകരുന്നതിന് കാരണമാകും. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗമാണു പ്രധാനമായും  മറ്റുള്ളവരിലേക്കു പടരുന്നത്. ശ്വാസകോശ ക്ഷയരോഗ ബാധിതര്‍ ചുമച്ചു തുപ്പുന്ന കഫത്തിനുള്ളിലെ രോഗാണുക്കള്‍ വായുവിലേക്കു പടരുന്നു. ഈ വായു ശ്വസിക്കുന്നവരുടെ ശരീരത്തിനുള്ളിലേക്കു രോഗാണുക്കള്‍ പ്രവേശിക്കുന്നു. ടിബി ബാധിച്ച എല്ലാവരിലും രോഗലക്ഷണം പ്രകടമാകണമെന്നില്ല എന്നതും ചികിത്സ വൈകുന്നതിനു കാരണമാകാം. അതിനാല്‍ രോഗം ഉണ്ടെന്നറിയാതെ രോഗാണുവാഹകരാകുന്നവരുമുണ്ട്. ചികിത്സ എടുക്കാത്ത ഒരു രോഗി പ്രതിവര്‍ഷം 10 മുതല്‍ 15  പേരിലേക്കെങ്കിലും രോഗം പകര്‍ത്തുമെന്നാണു കണക്ക്. ടിബിയുടെ രോഗാണുക്കള്‍ ഉള്ളില്‍ എത്തിയാല്‍ ഉടനെതന്നെ ഒരാള്‍ക്ക് രോഗം ഉണ്ടാകും എന്നു കരുതാനാകില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണഗതിയില്‍ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം മറ്റു രോഗാണുക്കളെ എന്നത് പോലെ ക്ഷയ രോഗാണുക്കളെയും ചെറുക്കാന്‍ സന്നദ്ധം ആവുന്നു. രോഗാണുക്കള്‍ രോഗപ്രതിരോധ സംവിധാനത്തെ ഇല്ലാതാക്കുമ്പോഴാണ് രോഗം പ്രകടമാവുക.

രോഗ നിര്‍ണയം എങ്ങനെ

ക്ഷയ രോഗം കണ്ടെത്തുന്നതിനുള്ള പ്രധാന മാര്‍ഗം കഫ പരിശോധനയാണ്. രണ്ടാഴ്ചയില്‍ കൂടുതല്‍ ചുമ ഉള്ള ഏതൊരാളും സര്‍ക്കാര്‍ അംഗീകൃത ഗുണനിലവാരം ഉറപ്പു വരുത്തിയ കഫ പരിശോധാ ലാബില്‍ രണ്ടു സാമ്പിള്‍ പരിശോധിക്കണം. ലാബ് സംവിധാനം ഉള്ള മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത പ്രൈവറ്റ് ലാബുകളിലും അംഗീകൃത കഫപരിശോധനാ സംവിധാനമുണ്ട്. ടിബി സ്ഥിരീകരിച്ചാല്‍ കൃത്യസമയത്തു തന്നെ മരുന്നു കഴിക്കണം. കഫ പരിശോധന നെഗറ്റീവ് ആയാലും ഡോക്ടറെ കണ്ടു വേണ്ട ഉപദേശം തേടി മരുന്നു വാങ്ങുന്നതാണ് ഉചിതം. സംശയം തോന്നുന്നപക്ഷം പിന്നീട് ഒരിക്കല്‍ കൂടി കഫ പരിശോധന നടത്തണം. കഫത്തില്‍ രോഗാണുക്കള്‍ കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ ശ്വാസകോശ ക്ഷയരോഗ നിര്‍ണയത്തിന് എക്‌സ്‌റേയും ഉപയോഗപ്പെടുത്താം.

ചികിത്സ എങ്ങനെ

ടിബി ബാധിതനായ ഒരാള്‍ ചികിത്സ ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗാണു വ്യാപനം തടയുന്നു. എന്നാല്‍ ചികില്‍സ മുടക്കുന്നത് രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാക്കും. എച്ച്‌ഐവി പോലുള്ള അസുഖങ്ങള്‍ ടിബി രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു കാരണമാകുന്നുണ്ട്. എച്ച്‌ഐവി ബാധിതര്‍ മരണപ്പെടുന്നതിന് പ്രധാന കാരണം ടിബി രോഗമാണെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ശരിയായ രീതിയിലല്ലാത്ത ചികിത്സയും ടിബിയുടെ കാര്യത്തില്‍ ഗുരുതരമാണ്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന സമയത്ത് കൃത്യമായി മരുന്നു കഴിച്ചില്ലെങ്കില്‍ ഇതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നമ്മെ നയിക്കും. ടിബിയുടെ ബാക്ടീരിയ രോഗപ്രതിരോധ സംവിധാനത്തെയാണ് ബാധിക്കുന്നത്. അതിനാല്‍ ഡോക്ടമാര്‍ നിര്‍ദേശിക്കുന്ന മരുന്ന് ഒരു നേരം മാത്രം മുടങ്ങിയാലും അത് രോഗാണുക്കള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതിന് കാരണമാകും.